/sathyam/media/media_files/2025/06/09/YKewP0HR8l9cLAG2XZeZ.jpg)
തിരുവനന്തപുരം: വന്യമൃഗ ശല്യം നേരിടുന്ന മലയോര ജില്ലകളിലെ മുപ്പതു ലക്ഷത്തിലേറെ ജനങ്ങളുടെ രക്ഷയ്ക്കായി സർക്കാർ കൊണ്ടുവരുന്ന ബിൽ വെള്ളാനയായേക്കാനാണ് സാദ്ധ്യതയേറെ.
ജനവാസമേഖലയിലിറങ്ങി ആളുകളെ ആക്രമിച്ച് പരിക്കേൽപ്പിച്ചാൽ ഉടൻ തന്നെ ആ വന്യമൃഗത്തെ കൊല്ലാൻ ഉത്തരവിടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരം നൽകുന്നതിനുള്ള വ്യവസ്ഥയുള്ള വന്യജീവി സംരക്ഷണം (കേരള ഭേദഗതി) എന്ന ബില്ലാണ് അടുത്ത ദിവസം തന്നെ നിയമസഭയിൽ അവതരിപ്പിക്കുക. എന്നാൽ ഈ ബില്ലിന്റെ നിയമ സാധുത തുലാസിലാണ്.
1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി വരുത്താനാണ് ബിൽ തയ്യാറാക്കിയത്. എന്നാൽ കേന്ദ്രനിയമത്തിൽ സംസ്ഥാനത്തിന് ഭേദഗതി വരുത്താൻ അധികാരമില്ലെന്നാണ് നിയമവിദഗ്ദ്ധർ പറയുന്നത്.
നിയമസഭ ബിൽ പാസാക്കിയാലും ഗവർണർ അനുമതി നൽകാതെ കേന്ദ്രത്തിന്റെ പരിഗണനയ്ക്ക് അയച്ചേക്കും. കേന്ദ്രനിയമത്തിന് വിരുദ്ധമായ വ്യവസ്ഥകളായതിനാൽ ബില്ലിന് രാഷ്ട്രപതി അനുമതി നൽകാൻ സാദ്ധ്യതയുമില്ല.
മനുഷ്യരെയും വീട്ടുമൃഗങ്ങളേയും ആക്രമിക്കുന്ന വന്യമൃഗങ്ങളെ വെടിവെക്കാനും കൊല്ലാനും അനുമതി നൽകുന്ന ബില്ല് മലയോരത്തെ ജനതയ്ക്ക് ആശ്വാസമാവുന്നതാണ്. എന്നാൽ ബില്ല് നിയമമാവാതിരുന്നാൽ ആശ്വാസത്തിന് വകയുമില്ല.
ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരത്തിൽ ഒരു ഭേദഗതി കൊണ്ടുവരുന്നത്. ജനവാസ മേഖലയിലിറങ്ങുന്ന മൃഗങ്ങളെ കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് ഉത്തരവിടാൻ അധികാരം നൽകുന്നതാണ് നിയമഭേദഗതി.
നിയമം പാസായാൽ വന്യജീവി ആക്രമണത്തിൽ ആർക്കെങ്കിലും ഗുരുതര പരിക്ക് പറ്റിയാൽ ബന്ധപ്പെട്ട ജില്ലാ കളക്ടറോ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററോ അക്കാര്യം ചീഫ് വൈൽഡ് ലൈഫ് വാർഡന് റിപ്പോർട്ട് ചെയ്താൽ അദ്ദേഹത്തിന് മറ്റ് നടപടിക്രമങ്ങൾക്ക് വേണ്ടി സമയം പാഴാക്കാതെ തന്നെ ആ വന്യമൃഗത്തെ കൊല്ലുന്നതിന് ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കാനാകും. വനമേഖലയിലെ ജനങ്ങളുടെ ദീർഘകാലമായുള്ള ആവശ്യമാണിത്.
നിലവിൽ ജനവാസ കേന്ദ്രത്തിലിറങ്ങുന്ന മൃഗങ്ങളെ മയക്കുവെടി വയ്ക്കാൻ പോലും നിരവധി നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്. അതിനാലാണ് മിക്കയിടത്തും ജനങ്ങൾ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നേരേ സംഘടിതമായി പ്രതിഷേധിക്കുന്നത്.
കേന്ദ്ര നിയമത്തിലെയും കേന്ദ്രസർക്കാർ പുറപ്പെടുവിച്ച സ്റ്റാന്റേർഡ് ഓപ്പറേറ്റിംഗ് പ്രൊസിജീയറിലെയും അപ്രായോഗികവും കാലതാമസം വരുത്തുന്നതുമായ നടപടിക്രമങ്ങൾ ഒഴിവാക്കാനുള്ളതാണ് നിയമഭേദഗതി. നിലവിൽ വന്യജീവികൾ രണ്ടു പട്ടികയിലാണുള്ളത്.
ഒന്നാം പട്ടികയിൽ കടുവ,സിംഹം,തുടങ്ങി ഒട്ടുമിക്ക വന്യജീവികളുമുണ്ട്. കാട്ടുപന്നി പോലുള്ളവ രണ്ടാം പട്ടികയിലുമാണ്. നിലവിലെ കേന്ദ്രനിയമത്തിൽ മനുഷ്യരെ ആക്രമിക്കുന്ന പട്ടികഒന്നിലെ ജീവികളെ കൊല്ലുന്നതിന് നരഭോജിയായും പട്ടിക ഒന്നിലെ ജീവികളെ കൊല്ലുന്നതിന് ക്ഷുദ്രജീവിയായും പ്രഖ്യാപിക്കണം. ഇതിന് കേന്ദ്രസർക്കാരിന് മാത്രമാണ് അധികാരം.
ഈ അധികാരം സംസ്ഥാനത്തിന് കൈമാറുന്നതാണ് സംസ്ഥാന നിയമസഭയിൽ കൊണ്ടുവരുന്ന വനംവന്യജീവി സംരക്ഷണ നിയമഭേദഗതി. ഇത് നിയമമാവുന്നതോടെ മനുഷ്യരെ ആക്രമിച്ച് കൊന്ന് തിന്നുന്ന വന്യജീവികളേയും കൃഷിക്ക് നാശമുണ്ടാക്കുന്ന വന്യജീവികളേയും കൊല്ലാനും നിയന്ത്രിക്കാനും സംസ്ഥാനത്തിന് അധികാരം കിട്ടും.
പട്ടിക രണ്ടിലെ വന്യമൃഗങ്ങളുടെ എണ്ണം വർദ്ധിച്ചാൽ അവയുടെ ജനന നിയന്ത്രണം നടത്തൽ, മറ്റ് സ്ഥലങ്ങളിലേയ്ക്ക് നാടുകടത്തൽ എന്നിവയ്ക്കും ബില്ലിൽ വ്യവസ്ഥയുണ്ട്. ഇങ്ങനെ ചെയ്യുന്നതിന് കേന്ദ്ര സർക്കാരിന്റെ അനുമതി വാങ്ങണമെന്ന വ്യവസ്ഥ പാലിക്കേണ്ടതില്ല. അതിന്റെ ഇറച്ചി കഴിക്കുന്നതിനും തടസ്സമുണ്ടാകുന്നതല്ല.
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാരിന്റെ നിവേദനങ്ങൾ വഴിയും സംസ്ഥാന നിയമസഭയുടെ പ്രമേയം വഴിയും കേന്ദ്ര സർക്കാരിനോട് പലതവണ ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം അനുമതി നൽകിരുന്നില്ല. ഈ സാഹചര്യത്തിലാണ് നിയമഭേദഗതി കൊണ്ടുവന്നത്.
കേന്ദ്രനിയമത്തിന് വിരുദ്ധമായ വ്യവസ്ഥകളോടെ സംസ്ഥാന സർക്കാർ നിയമഭേദഗതി കൊണ്ടുവന്നാലും നിലനിൽക്കുക കേന്ദ്രനിയമമായിരിക്കും. ഇത്തരം ബില്ലുകൾ സാധാരണ ഗതിയിൽ ഗവർണർ അംഗീകരിക്കാതെ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കുകയാണ് പതിവ്.
രാഷ്ട്രപതി ഈ ബിൽ കേന്ദ്രത്തിലെ ബന്ധപ്പെട്ട വകുപ്പിന് കൈമാറും. കേന്ദ്ര വകുപ്പിന്റെ പരിശോധനയ്ക്ക് ശേഷം രാഷ്ട്രപതിക്ക് കേന്ദ്രസർക്കാർ ബില്ലിനെക്കുറിച്ചുള്ള ശുപാർശ കൈമാറും. ഇതനുസരിച്ച് ബില്ലിന് രാഷ്ട്രപതി അനുമതി നൽകുകയോ നിരാകരിക്കുകയോ ആണ് ചെയ്യുക. ഇക്കാര്യം ഗവർണറെ പിന്നീട് രേഖാമൂലം അറിയിക്കും. പിന്നാലെ ബില്ലും തിരിച്ചയയ്ക്കും.