/sathyam/media/media_files/2025/09/15/champions-boat-league-2-2025-09-15-22-48-24.jpg)
തിരുവനന്തപുരം: സംസ്ഥാന വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) അഞ്ചാം സീസണിന്‍റെ മൈക്രോസൈറ്റും പ്രൊമോഷണല്‍ വീഡിയോയും ടൂറിസം-പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് പുറത്തിറക്കി.
ആലപ്പുഴ ജില്ലയിലെ കൈനകരിയില്‍ സെപ്റ്റംബര്‍ 19 നാണ് ഐപിഎല്‍ ക്രിക്കറ്റ് മാതൃകയിലുള്ള ചുണ്ടന്‍ വള്ളങ്ങളുടെ ലീഗ് മത്സരമായ ചാമ്പ്യന്‍സ് ബോട്ട് ലീഗ് ആരംഭിക്കുന്നത്.
മൂന്ന് മാസം നീളുന്ന 14 മത്സരങ്ങളുള്ള സിബിഎല്‍ ഡിസംബര്‍ ആറിന് കൊല്ലത്തെ പ്രസിഡന്‍റ്സ് ട്രോഫിയോടെ സമാപിക്കും. വിജയികള്‍ക്ക് 5.63 കോടി രൂപ സമ്മാനമായി ലഭിക്കും.
കേരളത്തിന്‍റെ പാരമ്പര്യ സാംസ്കാരിക, കായിക വിനോദമായ വള്ളംകളിയുടെ അഭിനിവേശവും പൈതൃകവും ആഘോഷിക്കുന്ന ഒന്നാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗ് എന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
മലബാര്‍ മേഖലയില്‍ കൂടുതല്‍ മത്സരവേദികള്‍ വരുന്നതോടെ സിബിഎല്ലിന് ധാരാളം കാണികളുണ്ടാകും. വിനോദസഞ്ചാരികളെ കൂടുതലായി കേരളത്തിലേക്ക് ആകര്‍ഷിക്കാനും സാധിക്കും.
വള്ളംകളികളുടെ ചരിത്രം, മത്സരിക്കുന്ന ക്ലബുകളുടെയും ടീമുകളുടെയും പ്രൊഫൈലുകള്‍ തുടങ്ങിയ ആകര്‍ഷകമായ ഉള്ളടക്കത്താല്‍ സമൃദ്ധമാണ് മൈക്രോസെറ്റ്.
മത്സരങ്ങളുടെ തീയതികള്‍, സമയക്രമം, വേദികള്‍, പൂര്‍ത്തിയായ മത്സരഫലങ്ങള്‍, മത്സരഅറിയിപ്പുകള്‍ എന്നിങ്ങനെ നിരവധി അപ്ഡേറ്റുകള്‍ മൈക്രോസെറ്റില്‍ ലഭിക്കും. മികച്ച നിലവാരത്തിലുള്ള ഫോട്ടോ, വീഡിയോ ഗാലറി എന്നിവയും ഇതിലുണ്ട്.
ഭാവിയില്‍ ആഭ്യന്തര- അന്തര്‍ദേശീയ സഞ്ചാരികള്‍ക്കായി ഓണ്‍ലൈന്‍ ടൂര്‍ ബുക്കിംഗ് സംവിധാനം സാധ്യമാകുന്ന വിധത്തിലാണ് മൈക്രോസെറ്റ് രൂപകല്പന ചെയ്തിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ചാമ്പ്യന്‍സ് ബോട്ട് ലീഗിന്‍റെ പ്രാധാന്യവും വ്യാപ്തിയും പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി കേരള ടൂറിസം വെബ്സൈറ്റിനുള്ളിലാണ് പ്രത്യേക മൈക്രോസൈറ്റ് വികസിപ്പിച്ചത്.
https://www.keralatourism.org/champions-boat-league/ ലിങ്ക് വഴി മൈക്രോസൈറ്റ് സന്ദര്‍ശിക്കാം. ചാമ്പ്യന്‍സ് ബോട്ട് ലീഗിന്‍റെ ടൂറിസം സാധ്യതകളും ഊര്‍ജവും ആവേശവും ചരിത്രവും പ്രദര്‍ശിപ്പിക്കുന്നതാണ് പ്രൊമോഷണല്‍ വീഡിയോ.
തെക്കന്‍ കേരളത്തെ കേന്ദ്രീകരിച്ചാണ് സിബിഎല്‍ മത്സരങ്ങളില്‍ ഭൂരിഭാഗവും. മലബാര്‍ മേഖലയിലും മധ്യ കേരളത്തിലും മൂന്ന് മത്സരങ്ങള്‍ വീതം നടക്കും.
കോട്ടയം താഴത്തങ്ങാടി, എറണാകുളം ജില്ലയിലെ പിറവം, മറൈന്‍ ഡ്രൈവ്, തൃശ്ശൂര്‍ കോട്ടപ്പുറം, ആലപ്പുഴ ജില്ലയിലെ പുളിങ്കുന്ന്, കരുവാറ്റ, പാണ്ടനാട്, കായംകുളം, കൊല്ലം ജില്ലയിലെ കല്ലട എന്നിവിടങ്ങള്‍ക്കൊപ്പം വടക്കന്‍ കേരളത്തില്‍ കാസര്‍ഗോഡ് ചെറുവത്തൂര്‍, കണ്ണൂര്‍ ധര്‍മ്മടം, കോഴിക്കോട് ബേപ്പൂര്‍ എന്നിവിടങ്ങളിലും സിബിഎല്‍ മത്സരങ്ങള്‍ നടത്തുന്നുണ്ട്. കാസര്‍കോട്ട് ആദ്യമായാണ് സിബിഎല്‍ മത്സരങ്ങള്‍ നടക്കുന്നത്.
സിബിഎല്ലിന്‍റെ വിപുലമായ നടത്തിപ്പുമായി ബന്ധപ്പെട്ട സംസ്ഥാനതല സംഘാടക സമിതി യോഗം ടൂറിസം സെക്രട്ടറി കെ. ബിജുവിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്നു. എംഎല്‍എ മാരായ അനൂപ് ജേക്കബ്, എം. രാജഗോപാലന്‍, എം. മുകേഷ്, പി. പി ചിത്തരഞ്ജന്‍, എച്ച്. സലാം എന്നിവര്‍ പങ്കെടുത്തു.
ഇത്തവണത്തെ നെഹ്റു ട്രോഫി വള്ളംകളിയില്‍ ആദ്യസ്ഥാനങ്ങളിലെത്തിയ പുന്നമട ബോട്ട് ക്ലബ്, നിരണം ബോട്ട് ക്ലബ്, പള്ളാത്തുരുത്തി ബോട്ട് ക്ലബ്, വില്ലേജ് ബോട്ട് ക്ലബ്, ചങ്ങനാശ്ശേരി ബോട്ട് ക്ലബ്, കാരിച്ചാല്‍ ചുണ്ടന്‍ ബോട്ട് ക്ലബ്, ഇമ്മാനുവല്‍ ബോട്ട് ക്ലബ്, ടൗണ്‍ ബോട്ട് ക്ലബ്, തെക്കേക്കര ബോട്ട് ക്ലബ് എന്നീ ക്ലബുകളാണ് സിബിഎല്ലില്‍ മത്സരിക്കുക.
ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ക്ലബിന് 25 ലക്ഷവും രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് 15 ലക്ഷവും മൂന്നാം സ്ഥാനത്തെത്തുന്ന ക്ലബിന് 10 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും.
ഓരോ മത്സരവേദികളിലും വിജയികളാകുന്നവരില്‍ ഒന്നാം സ്ഥാനക്കാര്‍ക്ക് അഞ്ച് ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് മൂന്ന് ലക്ഷവും മൂന്നാം സ്ഥാനക്കാര്‍ക്ക് ഒരു ലക്ഷം രൂപയും ലഭിക്കും. ബോണസായി ഓരോ ടീമിനും നാല് ലക്ഷം രൂപ വീതവും നീക്കിവച്ചിട്ടുണ്ട്.
ചെറുവള്ളങ്ങളുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനക്കാര്‍ക്ക് മൂന്ന് ലക്ഷം രൂപയും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തുന്ന ടീമുകള്‍ക്ക് യഥാക്രമം 1.50 ലക്ഷവും 50,000 രൂപയും വീതം ലഭിക്കും. ഈ വിഭാഗത്തില്‍ ബോണസായി ഓരോ ടീമിനും ഒരു ലക്ഷം രൂപ വീതവും നീക്കിവച്ചിട്ടുണ്ട്.
ധര്‍മ്മടം (കണ്ണൂര്‍) താഴത്തങ്ങാടി (കോട്ടയം, സെപ്റ്റംബര്‍ 27), ചെറുവത്തൂര്‍ (കാസര്‍കോട്, ഒക്ടോബര്‍ 2 ), പിറവം(ഒക്ടോബര്‍ 4), മറൈന്‍ ഡ്രൈവ് (എറണാകുളം, ഒക്ടോബര്‍ 11), ബേപ്പൂര്‍(കോഴിക്കോട് ഒക്ടോബര്‍ 19), കോട്ടപ്പുറം (തൃശ്ശൂര്‍, ഒക്ടോബര്‍ 25), പുളിങ്കുന്ന് (നവംബര്‍ 1), കരുവാറ്റ(നവംബര്‍ 8) പാണ്ടനാട്(നവംബര്‍ 15) കായംകുളം(നവംബര്‍ 22, ആലപ്പുഴ),കല്ലട (കൊല്ലം, നവംബര്‍ 29) എന്നിവിടങ്ങളിലാണ് മറ്റു മത്സരങ്ങള്‍.
കഴിഞ്ഞ നാല് സീസണിലും പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വള്ളങ്ങളാണ് വിജയികളായത്. അഞ്ചാം സീസണില്‍ തുഴയ്ക്ക് തീപിടിക്കുന്ന മത്സരങ്ങളാണ് വള്ളംകളി പ്രേമികള്‍ പ്രതീക്ഷിക്കുന്നത്.
സിബിഎല്ലിനുള്ള അടിസ്ഥാന സൗകര്യങ്ങളും പ്രചാരണവും ടൂറിസം ഡയറക്ടറേറ്റ് ഒരുക്കും. സിബിഎല്ലിന്‍റെ മികച്ച നടത്തിപ്പിന് സിബിഎല്‍ ലിമിറ്റഡ് രൂപീകരിച്ചിരുന്നു.