നാടുനീളെ പോലീസ് അതിക്രമങ്ങൾ തിരിച്ചടിയാവുമെന്ന് സർക്കാരിന് ഭയം. നിയമസഭയിൽ വിഷയം ആളിക്കത്തിച്ച് പ്രതിപക്ഷം. 2 എംഎൽഎമാർ സമരം തുടങ്ങിയത് അപ്രതീക്ഷിത തിരിച്ചടിയായി. ഒന്നര വർഷത്തിലേറെ സംരക്ഷിച്ചിരുന്ന പീച്ചി സിഐയെ സസ്പെൻഡ് ചെയ്ത് തലയൂരി സർക്കാർ. കുഴപ്പക്കാരായ പോലീസുകാർക്കെതിരേ കൂടുതൽ നടപടി വരും. പോലീസ് മർദ്ദന വിഷയത്തിൽ തിരുത്തലുമായി പിണറായി സർക്കാർ

ക്രൂരമർദ്ദനങ്ങളെ മുഖ്യമന്ത്രി ന്യായീകരിക്കുകയാണെന്നും ഇത് രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കിയ സ്റ്റാലിന്റെ റഷ്യയല്ല, ജനാധിപത്യ കേരളമാണെന്ന് ഓർക്കണമെന്നും സ്റ്റാലിൻ ചമയാൻ ശ്രമിച്ചാൽ മുഖ്യമന്ത്രിയെ ചോദ്യംചെയ്യുമെന്നും സതീശൻ പറഞ്ഞു.

New Update
pinarai verses vd
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: പോലീസിന്റെ അതിക്രമങ്ങളെക്കുറിച്ച് നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിനു പിന്നാലെ അടിയന്തര ശിക്ഷാ നടപടികളുമായി സർക്കാർ.

Advertisment

പോലീസ് മർദ്ദനത്തിൽ നടപടി ഇല്ലാത്തതിൽ പ്രതിഷേധിച്ച് 2 പ്രതിപക്ഷ എം.എൽ.എമാർ സഭാകവാടത്തിൽ അനിശ്ചിതകാല സത്യാഗ്രഹം പ്രഖ്യാപിച്ചതോടെ വിഷയം തിരിച്ചടിയാവുമെന്ന് സർക്കാർ ഭയക്കുന്നു.


അതാണ് സഭാസമ്മേളനം അവസാനിച്ച പാടേ പീച്ചി പൊലീസ് സ്റ്റേഷനിൽ ഹോട്ടലുടമയുടെ മകനെയും ജീവനക്കാരെയും ക്രൂരമായി മർദ്ദിച്ച ഇൻസ്പെക്ടർ പി.എം.രതീഷിനെ സസ്പെൻഡ് ചെയ്തത്. ദക്ഷിണമേഖലാ ഐ.ജി എസ്. ശ്യാംസുന്ദറാണ് സസ്പെൻഡ് ചെയ്തത്.

രതീഷ് പീച്ചി എസ്.ഐയായിരിക്കെയാണ് മർദ്ദനമുണ്ടായത്. സി.ഐയായി സ്ഥാനക്കയറ്റം ലഭിച്ച രതീഷ് എറണാകുളം കടവന്ത്രയിൽ ക്രമസമാധാന ചുമതലയിലായിരുന്നു.


മർദ്ദനദൃശ്യങ്ങൾ അടുത്തിടെ പുറത്തുവന്നിരുന്നു. മർദ്ദനത്തിലെടുത്ത 2 കേസുകൾ മണ്ണുത്തി എസ്.എച്ച്.ഒ അന്വേഷിക്കുകയാണ്. വകുപ്പുതല അന്വേഷണത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് സസ്പെൻഷൻ.


രതീഷിന് നേരത്തേ കാരണം കാണിക്കൽ നോട്ടീസ് നൽകിയെങ്കിലും 8 മാസമായിട്ടും മറുപടി ലഭിച്ചിരുന്നില്ല. ഐ.ജി വീണ്ടും നോട്ടീസ് നൽകിയിരുന്നു. ഇനി കാത്തിരിക്കേണ്ടെന്ന ആഭ്യന്തര വകുപ്പിന്റെ നിർദ്ദേശത്തെതുടർന്നാണ് നടപടി.

2023 മേയ് 24ന് പീച്ചി സ്റ്റേഷനിലാണ് ഹോട്ടൽ ഉടമയായ കെ പി ഔസേപ്പിന്റെ മകനും ജീവനക്കാർക്കും മർദ്ദനമേറ്റത്. ഹോട്ടലിലെ ബിരിയാണിയെ ചൊല്ലി പാലക്കാട് സ്വദേശിയുമായുണ്ടായ തർക്കത്തിനു പിന്നാലെയായിരുന്നു ഇത്.

പരാതി പറയാനെത്തിയ ഹോട്ടൽ മാനേജറേയും ഡ്രൈവറേയും രതീഷ് മുഖത്തടിക്കുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ ഔസേപ്പിനേയും മകനേയും രതീഷ് ഭീഷണിപ്പെടുത്തി.


പരാതിക്കാരനായ ദിനേശിന്റെ സഹോദരീപുത്രന് പ്രായപൂർത്തിയായിട്ടില്ലെന്നും വധശ്രമത്തിനൊപ്പം പോക്സോ കേസും ചുമത്തുമെന്നായിരുന്നു എസ്ഐയുടെ ഭീഷണി.


പണം നൽകി കേസ് ഒത്തുതീർപ്പാക്കണമെന്ന് രതീഷ് പറഞ്ഞതായി ഔസേപ്പ് ആരോപിച്ചിരുന്നു. പൊലീസ് നിർദേശ പ്രകാരം അഞ്ച് ലക്ഷം രൂപ നൽകിയാണ് കേസ് ഒത്തുതീർപ്പാക്കിയത്.

ഇതിൽ മൂന്ന് ലക്ഷം പൊലീസിനും രണ്ട് ലക്ഷമാണ് തനിക്ക് ലഭിക്കുക എന്നാണ് പാലക്കാട് സ്വദേശിയായ പരാതിക്കാരൻ പറഞ്ഞതെന്നും ഔസേപ്പ് വെളിപ്പെടുത്തിയിരുന്നു. 


പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾക്കായി ഔസേപ്പ് ശ്രമം നടത്തിയിരുന്നെങ്കിലും പൊലീസ് നൽകാൻ കൂട്ടാക്കിയിരുന്നില്ല. വിവരാവകാശ നിയമപ്രകാരം നടത്തിയ നിയമപോരാട്ടങ്ങൾക്കൊടുവിലാണ് ഔസേപ്പിന് ദൃശ്യങ്ങൾ ലഭ്യമായത്.


അതേസമയം, മുഖ്യമന്ത്രി പിണറായിവിജയനും പ്രതിപക്ഷനേതാവ് വി.ഡി.സതീശനും തമ്മിൽ ഇന്നലെ നിയമസഭയിലുണ്ടായത് അതിരൂക്ഷമായ വാക്പോരായിരുന്നു.

ക്രൂരമർദ്ദനങ്ങളെ മുഖ്യമന്ത്രി ന്യായീകരിക്കുകയാണെന്നും ഇത് രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കിയ സ്റ്റാലിന്റെ റഷ്യയല്ല, ജനാധിപത്യ കേരളമാണെന്ന് ഓർക്കണമെന്നും സ്റ്റാലിൻ ചമയാൻ ശ്രമിച്ചാൽ മുഖ്യമന്ത്രിയെ ചോദ്യംചെയ്യുമെന്നും സതീശൻ പറഞ്ഞു.

vd satheesan niyamasabha

ചെറുപ്പംമുതൽ താൻ ജീവിക്കുന്നത് സ്റ്റാലിന്റെ റഷ്യയിലല്ലെന്നും നെഹ്റുവിന്റെ കോൺഗ്രസ് ഭരണത്തിലാണ് തനിക്കുനേരേ അതിക്രമമുണ്ടായതെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു.

വല്ലവന്റെയും മക്കളെ തല്ലിച്ചതച്ചിട്ട് നാണമില്ലാതെ ന്യായീകരിക്കുകയാണ്. പൊലീസിനെ തിരുത്താതെ ദൃശ്യങ്ങൾ പിടിച്ചുവയ്ക്കാനാണ് ശ്രമിച്ചത്.


സിപിഎം ലോക്കൽ സെക്രട്ടറിയുടെ കരണക്കുറ്റിക്കടിച്ചു. ദലിത് സ്ത്രീയോടു കക്കൂസിലെ വെള്ളമെടുത്തു കുടിക്കാൻ പറഞ്ഞു. അന്തിക്കാട്ട് തോർത്തിൽ കരിക്ക് കെട്ടി മർദ്ദിച്ചു. ആ പൊലീസുകാരൻ ആക്ഷൻ ഹീറോ ബിജുവാണോ ? കരിക്കും പെപ്പർ സ്‌പ്രേയും എന്നാണ് പൊലീസിന്റെ ആയുധമാക്കിയത് ? 


ഡിവൈഎഫ്‌ഐ നേതാവിനെ തല്ലിക്കൊന്നിട്ട് നടപടിയെടുക്കാത്ത മുഖ്യമന്ത്രിയാണോ യൂത്ത്ർകോൺഗ്രസ് നേതാവിന്റെ പരാതിയിൽ നടപടിയെടുക്കുന്നത് ? മർദ്ദനങ്ങളെക്കുറിച്ച് ഉന്നതഉദ്യോഗസ്ഥർക്ക് അറിയാമായിരുന്നു. വിവരങ്ങൾ മുഖ്യമന്ത്രിയെ അറിയിക്കുന്നില്ലെങ്കിൽ ഇന്റലിജൻസ് പിരിച്ചുവിടണം. അല്ലെങ്കിൽ മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണം.

ചങ്കുതകർന്നു പോവുന്ന ദൃശ്യങ്ങൾ വിവരാവകാശ നിയമത്തിന്റെ ശക്തികൊണ്ടു മാത്രമാണ് പുറത്തുവന്നത്. മർദ്ദനവിവരങ്ങൾ പുറത്തുവന്നിട്ടും മുഖ്യമന്ത്രി പൊതുസമൂഹത്തോടു മറുപടി പറയാൻ തയ്യാറല്ല.

കേരളത്തിന്റെ ചരിത്രത്തിൽ ഇതുവരെ ഏതെങ്കിലുമൊരു മുഖ്യമന്ത്രി ഇതുപോലെ മിണ്ടാതിരുന്നിട്ടുണ്ടോ ? സ്കോട്ട്ലാൻഡ് യാർഡിനെ വെല്ലുന്ന പൊലീസായിരുന്നു.


പ്രതിപക്ഷനേതാവിന്റെ വീട്ടിലേക്ക് മാർച്ച് നടത്തിയവർ അതിക്രമം കാട്ടിയിട്ടും പൊലീസ് കണ്ടുനിന്നു. പാർട്ടിക്കാരെ പൊലീസിന് പേടിയാണ്. അങ്ങയുടെ കസേരയിലൊരു കോൺഗ്രസ് നേതാവായിരുന്നെങ്കിൽ അത്തരമൊരു സംഭവമുണ്ടാവുമായിരുന്നില്ല. പൊലീസിൽ രാഷ്ട്രീയം കുത്തിക്കയറ്റി - സതീശൻ പറഞ്ഞു. 


തല്ലിച്ചതയ്ക്കാനും വെടിവച്ച് കൊല്ലാനുമുള്ള സേനയാണ് പൊലീസ് എന്ന മനോഭാവത്തിലാണ് യു.ഡി.എഫ് പൊലീസിനെ കൈകാര്യം ചെയ്തത്. അതു പോലയല്ല ഞങ്ങൾ. പൊലീസിനു ജനോന്മുഖ ഭാവം വന്നിരിക്കുകയാണ്.

താത്കാലിക രാഷ്ട്രീയ ലാഭത്തിനു വേണ്ടി അതിനെ മറ്റ് രീതിയിൽ ചിത്രീകരിക്കാൻ ശ്രമിക്കരുത്. പൊലീസ് ഗുണ്ടകൾക്ക് അകമ്പടി പോയത് യു.ഡി.എഫ് കാലത്താണ്.

pinarai vijayan niyamasabha

അതിക്രമം എവിടെയുണ്ടായാലും സംരക്ഷണമുണ്ടാവില്ല. കർശന നടപടിയെടുക്കും. പൊലീസിന് പുതിയമുഖം നൽകിയ 2006ലെ ജനമൈത്രി തുടരാൻ പറ്റിയ ഭരണസംവിധാനം പിന്നീടുണ്ടായത് 2016ലാണ്.


ഒരാളുടെ കുറ്റത്താൽ പൊലീസിന്റെയാകെ മികവ് ഇടിഞ്ഞെന്ന് പറയാനാവുമോ ? ജനങ്ങളുടെ ശത്രുക്കളായി പൊലീസിനെ മാറ്റുന്ന പഴയ സംസ്കാരം ഇപ്പോഴില്ല. കോൺഗ്രസ് എല്ലാക്കാലത്തും കുറ്റക്കാരെ സംരക്ഷിച്ചിരുന്നു.


കുറ്റമറ്റ രീതിയിലാണ് പൊലീസ് മുന്നേറുന്നത്. നിരവധി അംഗീകാരങ്ങൾ ലഭിക്കുന്നു. പൊലീസ് കംപ്ലെയിന്റ്സ് അതോറിട്ടിയിലെത്തുന്ന പരാതികൾ കുറയുകയാണ്. പരാതികൾക്കിടയാക്കുന്ന സാഹചര്യം സംസ്ഥാനത്തില്ലെന്നതിന്റെ തെളിവാണിത്.

പൊലീസ് വലിയ സേനയാണ്. ഏതെങ്കിലും ചിലയാളുകൾ തെറ്റായ കാര്യങ്ങൾ ചെയ്താൽ സംരക്ഷിക്കേണ്ട ബാധ്യത സർക്കാരിനില്ല. കോൺഗ്രസ് നിലപാട് ഇതല്ല.


ഏറ്റവും കൂടുതൽ മർദനത്തിന് ഇരയാകേണ്ടി വന്നത് ഞങ്ങളുടെ സഖാക്കളാണ്. പൊലീസ് അതിക്രമങ്ങൾക്കെതിരെ കർക്കശ നടപടിയെന്നതാണ് ഇടതുനയം - മുഖ്യമന്ത്രി മറുപടി നൽകി.


തന്റെ പ്രസംഗം തടസപ്പെടുത്തിയാൽ മുഖ്യമന്ത്രിയും സഭയിൽ സംസാരിക്കില്ലെന്നും വി.ഡി സതീശൻ പറഞ്ഞു. അടിയന്തരപ്രമേയ ചർച്ചയിൽ സതീശൻ പ്രസംഗം തുടങ്ങിയപ്പോഴേ ഭരണപക്ഷത്തുനിന്ന് ബഹളമുണ്ടായി. അപ്പോഴായിരുന്നു സതീശന്റെ തിരിച്ചടി.

ഇതോടെ ഭരണ-പ്രതിപക്ഷ അംഗങ്ങൾ എഴുന്നേറ്റുനിന്ന് ബഹളംതുടങ്ങി. സ്പീക്കർ ഇടപെട്ടാണ് ശാന്തമാക്കിയത്.

Advertisment