/sathyam/media/media_files/ItR00f7gaiSTpvdXRjxA.jpg)
തിരുവനന്തപുരം: രാജ്യത്ത് വോട്ട് കൊള്ള ആരോപിച്ച് രാഹുൽ ഗാന്ധി ബി.ജെ.പിക്കെതിരെ പ്രചാരണം നടത്തുമ്പോൾ തൃശ്ശൂർ മണ്ഡലത്തിൽ വോട്ട് കൊള്ള ആരോപിച്ച് സീറോ മലബാർ സഭ രംഗത്ത്.
അതിരൂപതാ മുഖമാസികയായ കത്തോലിക്കാ സഭയുടെ സെപ്റ്റംബർ ലക്കത്തിലെ ലേഖനത്തിലാണ് ആരോപണം. ഇടതിന്റെയും കോൺഗ്രസിന്റെയും മണ്ഡലത്തിലെ സംഘടന ദൗർബല്യം മനസ്സിലാക്കി ആർഎസ്എസ് നടത്തിയ ആസൂത്രിത നീക്കമാണ് ഈ വോട്ട് കൊള്ള എന്നാണ് ലേഖനത്തിൽ പറയുന്നത്.
വോട്ടർപട്ടികയിലെ കൊള്ള മറച്ചു പിടിക്കാൻ ക്രിസ്ത്യൻ പള്ളികളിലേക്കും, കരുവന്നൂർ തട്ടിപ്പിന്റെ ഇരകളുടെ വീടുകളിലേക്കും, കോളനികളിലേക്കും സുരേഷ് ഗോപിയെ പറഞ്ഞുവിട്ടത് ആർ.എസ്.എസിന്റെ ഗൂഢ തന്ത്രമാണ്.
ചില മെത്രാന്മാർ ഈ തന്ത്രത്തിൽ വീണു പോകുകയും കാസ കുത്തിവെക്കുന്ന വിഷബീജത്തിന്റെ ഉറവിടം മനസ്സിലാക്കാതെയും പ്രവർത്തിക്കുന്നുണ്ട്. ഇവരോട് ഹാ ! കഷ്ടം എന്നാണ് പറയാനുള്ളതെന്നും ലേഖനം വിമർശിക്കുന്നു.
2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ ഒരു ലക്ഷത്തി നാൽപ്പത്തിയാറായിരത്തി അറുനൂറ്റി എഴുപത്തിമൂന്ന് വോട്ടുകൾ ആണ് കൂടിയത്. 10.99% വർധനവ്. സുരേഷ് ഗോപി വിജയിച്ചതാകട്ടെ 74,686 വോട്ടിന്.
ഈ പുതിയ ഒരു ലക്ഷം വോട്ടുകൾ എങ്ങനെ വന്നു എന്ന് തൃശ്ശൂർ അതിരൂപത മുഖമാസികയായ കത്തോലിക്കാ സഭയിലെ ലേഖനം ചോദിക്കുന്നു. തൃശ്ശൂരിന് പുറത്തുള്ള ഒരു ലക്ഷത്തോളം ആളുകളെ വോട്ടർ പട്ടികയിൽ കുത്തിതിരികിയാണ് ഈ വിജയം നേടിയതെന്ന് കത്തോലിക്കാ സഭയിലെ ലേഖനം ആരോപിക്കുന്നു.
സംഘപരിവാർ സംഘടനകൾക്ക് വർഗീയ അന്ധതയാണ്. ഇന്ത്യയിൽ ഇന്ന് നിരപരാധികളെ കൊടുക്കാൻ ഏറ്റവും വലിയ ആയുധമാണ് മാവോയിസ്റ്റ് ബന്ധം. ഇതെടുത്ത് മിഷണറിമാർക്ക് നേരെ ഉപയോഗിക്കുകയാണെന്നും വിമർശനമുണ്ട്.
ഇന്ത്യയിൽ നിലനിൽക്കുന്ന ജാതിവ്യവസ്ഥയും ദാരിദ്ര്യവും കാണാതെ മിഷനറിമാരെ തേടിപ്പിടിച്ച് ആക്രമിക്കുന്നത് എന്തിനെന്ന ചോദ്യവും മുഖപ്രസംഗത്തിൽ ഉയർത്തുന്നു. ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ തലവനായ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്താണ് കത്തോലിക്കാ സഭ മാസിക പ്രസിദ്ധീകരിക്കുന്ന അതിരൂപതയുടെ ആർച്ച് ബിഷപ്പ്.