പുന:സംഘടന എങ്ങുമെത്തിയില്ല. കുത്തഴിഞ്ഞ് സംഘടനാ സംവിധാനം. സർക്കാരിനെതിരെ പോരാടേണ്ട സമയത്ത് കോൺഗ്രസിനുള്ളിൽ ചേരിതിരിവ്. പ്രതിപക്ഷനേതാവിന്റെ തീരുമാനങ്ങളെ ചോദ്യം ചെയ്ത് പാർട്ടിയിലെ ഒരു വിഭാഗം. ഉറച്ച നിലപാടില്ലാതെ കെപിസിസി അദ്ധ്യക്ഷൻ. മൂന്നാം പിണറായി സർക്കാരിന് കോൺഗ്രസുകാർ തന്നെ വഴിയൊരുക്കുമെന്ന് പാർട്ടിക്കുള്ളിൽ വിമർശനം

പുന:സംഘടനാ ചർച്ചകളിൽ കെ.പി.സി.സി അദ്ധ്യക്ഷൻ മുഖം തിരിക്കുന്നുവെന്ന് പ്രതിപക്ഷനേതാവിനെ പിന്തുണയ്ക്കുന്നവർ പറയുമ്പോൾ വി.ഡി സതീശനാണ് ഒഴിഞ്ഞുമാറുന്നതെന്ന് സണ്ണി ജോസഫിന്റെ അനുകൂലികളും വ്യക്തമാക്കുന്നു. 

New Update
vd satheesan sunny joseph-2
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിലെ ചേരിതിരിവും പടലപിണക്കവും മൂന്നാം പിണറായി സർക്കാരിന് വഴിയൊരുക്കുമെന്ന് പാർട്ടിക്കുള്ളിൽ വിമർശനം. 

Advertisment

പത്ത് വർഷമായി അധികാരത്തിൽ നിന്നും മാറി നിൽക്കുന്ന സംസ്ഥാന കോൺഗ്രസിനുള്ളിൽ സ്ഥിതിഗതികൾ അത്ര ശുഭകരമല്ലെന്ന റിപ്പോർട്ടുകൾ പുറത്ത് വരുമ്പോൾ യു.ഡി.എഫിലുള്ള ഘടകകക്ഷികളും അസ്വസ്ഥരാണ്. 


ഇടതു സർക്കാരിനെതിരെ ഉണ്ടെന്ന് തങ്ങൾ അവകാശപ്പെടുന്ന ഭരണവിരുദ്ധ വികാരം മുതലാക്കാൻ പ്രതിപക്ഷത്തിനാവുന്നില്ലെന്ന വിമർശനവും പാർട്ടിയിലും മുന്നണിയിലും ഉയരുന്നുണ്ട്.


കഴിഞ്ഞ നിയസഭാ തിരഞ്ഞെടുപ്പിലെ വമ്പൻ തോൽവിക്ക് ശേഷം തലമുറമാറ്റമെന്ന് അവകാശപ്പെട്ടാണ് പ്രതിപക്ഷനേതൃസ്ഥാനത്തും പാർട്ടി അദ്ധ്യക്ഷസ്ഥാനത്തും പുതിയ നിയമനങ്ങൾ നടന്നത്. 

പ്രതിപക്ഷനേതാവായി വി.ഡി സതീശനും കെ.പി.സി.സി അദ്ധ്യക്ഷനായി കെ.സുധാകരനും ചുമതലയേറ്റെടുത്ത ശേഷം നടന്ന ഉപതിരഞ്ഞെടുപ്പുകളിലടക്കം പാർട്ടിക്ക് മികച്ച വിജയമാണുണ്ടായത്. 

k sudhakaran2


തിരഞ്ഞെടുപ്പു മാനേജ്‌മെന്റിൽ മികവ് പുലർത്തിയ പ്രതിപക്ഷനേതാവിനെ ഭരണപക്ഷനേതാക്കൾ പോലും അസൂയയേതാടെയാണ് കണ്ടിരുന്നത്. ഇതിന് പിന്നാലെ വന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും പാർട്ടി മിന്നുന്ന വിജയമാണ് സംസ്ഥാനത്ത് കാഴ്ച്ച വെച്ചത്. 


കെ.സുധാകരൻ വന്നപ്പോൾ തലപ്പത്ത് നിയമിച്ച 23 ജനറൽ സെക്രട്ടറിമാരിൽ ഏതാനും പേർ മാത്രമാണ് കർമ്മരംഗത്തുള്ളത്. മൂന്നര വർമൊയി കെ.പി.സി.സിക്ക് ട്രഷറർ പോലുമില്ലാത്ത അവസ്ഥയാണുള്ളത്. 

പിന്നീട് സുധാകരൻ മാറി സണ്ണി ജോസഫ് കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്ത് എത്തിയപ്പോൾ വർക്കിംഗ് പ്രസിഡന്റുമാരായി ഷാഫി പറമ്പിലും പി.സി വിഷ്ണുനാഥും കെ.പി അനിൽകുമാറും വന്നതൊഴിച്ചാൽ മറ്റൊരു മാറ്റവും സംഘടനാതലത്തിൽ നടന്നിട്ടില്ല. 


ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ പാർട്ടിയിൽ പുന:സംഘടന നടത്തണമെന്ന ആവശ്യമുയർന്നതും പുതിയ അദ്ധ്യക്ഷൻ വന്ന ശേഷം ചില ചർച്ചകൾ നടന്നതുമൊഴിച്ചാൽ മറ്റൊന്നും ഇതുവരെ നടന്നിട്ടുമില്ല. 


ഇതിനിടെ ഭരണപക്ഷമായ സി.പി.എമ്മും സംസ്ഥാനത്ത് മൂന്നാം ശക്തിയായി മാറിക്കൊണ്ടിരിക്കുന്ന ബി.ജെ.പിയും അവരുടെ സംഘടനാതല അഴിച്ചുപണികൾ പൂർത്തിയാക്കി നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങിക്കഴിഞ്ഞു. 

sunny joseph vd satheesan

പുന:സംഘടനാ ചർച്ചകളിൽ കെ.പി.സി.സി അദ്ധ്യക്ഷൻ മുഖം തിരിക്കുന്നുവെന്ന് പ്രതിപക്ഷനേതാവിനെ പിന്തുണയ്ക്കുന്നവർ പറയുമ്പോൾ വി.ഡി സതീശനാണ് ഒഴിഞ്ഞുമാറുന്നതെന്ന് സണ്ണി ജോസഫിന്റെ അനുകൂലികളും വ്യക്തമാക്കുന്നു. 


പരസ്പരം പഴിചാരി പാർട്ടി സംഘടനാ സംവിധാനത്തിന്റെ ദുർബലാവസ്ഥ പരിഹരിക്കാനുള്ള നീക്കങ്ങൾക്ക് രണ്ട് വിഭാഗങ്ങളും തടയിട്ടുവെന്നും പാർട്ടിയിൽ നിന്നു തന്നെ വിമർശനമുയർന്നിട്ടുണ്ട്.


തിരഞ്ഞെടുപ്പു വർഷത്തിലേക്ക് കടക്കുന്ന അവസരത്തിൽ പോലും കോൺഗ്രസിനുള്ളിൽ നേതാക്കൾ തമ്മിലുള്ള ചേരിതിരിവ് തുടരുകയാണ്. 

പാലക്കാട് എം.എൽ.എയായ രാഹുൽ മാങ്കൂട്ടവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് അവസാനമായി നേതാക്കൾ ചേരിതിരിഞ്ഞ് നിലപാടെടുത്തിരിക്കുന്നത്. 


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നിലപാടെടുത്ത പ്രതിപക്ഷനേതാവിനെതിരെയാണ് ഷാഫി പറമ്പിലും പി.സി വിഷ്ണുനാഥുമടക്കം നേതൃത്വം നൽകുന്ന ഒരു വിഭാഗം നിലപാടെടുത്തിരിക്കുന്നത്. അദ്ദേഹത്തെ പാർട്ടിയിൽ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളും സജീവമാണ്. 


രാഹുലിനെ ചൊല്ലിയുള്ള തർക്കങ്ങൾ സർക്കാരിനെതിരായ പോരാട്ടങ്ങൾ നടത്തേണ്ട പാർട്ടിയെ പിന്നോട്ട് വലിക്കുകയാണ്. 

പത്ത് വർഷമായി അധികാരത്തിൽ നിന്നും മാറി നിൽക്കുന്ന യു.ഡി.എഫ് തിരിച്ചുവരുന്നുവെന്ന പ്രതീതി സൃഷ്ടിക്കാൻ ഇടക്കാലത്ത് കഴിഞ്ഞുവെങ്കിലും നിലവിലെ സ്ഥിതിഗതികൾ ശുഭകരമല്ലെന്ന് തന്നെയാണ് പാർട്ടിക്കുള്ളിലെ സംസാരം.

Advertisment