മൂന്നാമതും ഭരണം പിടിക്കാൻ കച്ചകെട്ടി എൽഡിഎഫ്. വിവിധ വകുപ്പുകളുടെ പോരായ്മകൾ ചർച്ച ചെയ്യാൻ എൽഡിഎഫ്. അയ്യപ്പസംഗമവും ന്യൂനപക്ഷസംഗമവും സോഷ്യൽ എൻജിനിയറിംഗ് മെച്ചപ്പെടുത്തുമെന്നും വിശ്വാസം. കോൺഗ്രസ് വിരുദ്ധ സംഘപരിവാർ വോട്ടുകൾ ഇക്കുറി തങ്ങൾക്ക് ലഭിക്കുമെന്ന ഉറപ്പിൽ സിപിഎം. മുന്നണിയിൽ നിന്നും കക്ഷികൾ കളം മാറാതിരിക്കാനും ജാഗ്രത

സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും അടിസ്ഥാന വർഗത്തെ ഒപ്പം നിർത്താൻ സാമൂഹിക ക്ഷേമപെൻഷനിൽ വർധന വരുത്താനുള്ള ആലോചനയും കുടിശിക തീർത്ത് പെൻഷൻ നൽകാനുള്ള ആലോചനയും തകൃതിയായി നടക്കുകയാണ്. 

New Update
pinarai vijayan ayyappa sangamam
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാമതും ഭരണം പിടിക്കുകയെന്ന ലക്ഷ്യത്തോടെ ഇടതുമുന്നണി രാഷ്ട്രീയ കരുനീക്കങ്ങൾക്ക് തുടക്കം കുറിച്ചതായി സൂചന. ഇതിന്റെ ആദ്യപടിയായി സർക്കാരിന്റെ വിവിധ വകുപ്പുകളുടെ പ്രവർത്തനം എൽ.ഡി.എഫ് യോഗം ചേർന്ന് വിലയിരുത്താനും തീരുമാനിച്ചു കഴിഞ്ഞു. 

Advertisment

ഇതിന് പുറമേ സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്ന ആഗോള അയ്യപ്പ സംഗമവും ന്യൂനപക്ഷ സംഗമവും സി.പി.എമ്മിന്റെയും എൽ.ഡി.എഫിന്റെയും സോഷ്യൽ എൻജിനിയറിംഗിനെ പരിപോഷിപ്പിക്കുമെന്നും ഇടതുമുന്നണി നേതൃത്വം വിലയിരുത്തുന്നു. 


ഭരണവിരുദ്ധവികാരത്തെ മറികടക്കാൻ കർമ്മപദ്ധതി തയ്യാറാക്കിയാവും ഇടതുപക്ഷം തിരഞ്ഞെടുപ്പിനെ നേരിടുക. 


സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും അടിസ്ഥാന വർഗത്തെ ഒപ്പം നിർത്താൻ സാമൂഹിക ക്ഷേമപെൻഷനിൽ വർധന വരുത്താനുള്ള ആലോചനയും കുടിശിക തീർത്ത് പെൻഷൻ നൽകാനുള്ള ആലോചനയും തകൃതിയായി നടക്കുകയാണ്. 

ജനങ്ങളിലേക്ക് സർക്കാരിന്റെ ഭാഗത്ത് നിന്നും നേരിട്ടുള്ള ധനസഹായം വ്യാപകമായി എത്തിക്കുകയെന്ന ലക്ഷ്യമാണ് നിലവിൽ സി.പി.എമ്മിനുള്ളത്. 

രാജ്യത്ത് ആകെയുള്ള കമ്മ്യൂണിസ്റ്റ് സർക്കാരിനെ നിലനിർത്താൻ എല്ലാവരും ഒറ്റക്കെട്ടായി നിലയുറപ്പിക്കണമെന്ന സന്ദേശമാണ് കഴിഞ്ഞ മുന്നണി യോഗത്തിൽ ഉയർന്നിട്ടുള്ളത്.


നിലവിൽ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ നടക്കുന്ന ആഗോള അയ്യപ്പ സംഗമവും സർക്കാരിന്റെ ന്യൂനപക്ഷവകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കാനിരിക്കുന്ന ന്യൂനപക്ഷ സംഗമവും തങ്ങളുടെ സോഷ്യൽ എൻജിനിയറിംഗിനെ മെച്ചപ്പെടുത്തുമെന്നും സി.പി.എം പ്രതീക്ഷിക്കുന്നു. 


ഇതിന് പുറമേ കൃഷി നശിപ്പിക്കുന്ന വന്യജീവികളെ വെടിവെച്ചു കൊല്ലാൻ അനുമതി നൽകുന്ന ബില്ലും സർക്കാർ ഈ നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും. 

മലയോര ജനതയുടെ എക്കാലത്തെയും ആവശ്യം നിയമനിർമ്മാണത്തിലൂടെ സാധ്യമാക്കുന്ന സർക്കാർ അവിടെയും തങ്ങൾക്ക് മുമ്പിൽ കൊട്ടിയടയ്ക്കപ്പെട്ട വാതിൽ തുറക്കാനുള്ള അവസരമാണ് ഒരുക്കുന്നത്. 

നിലവിൽ എൽ.ഡി.എഫിലെ ഘടകകക്ഷികളിൽ ഒരു കാര്യത്തിലും ഭിന്നതയില്ലാത്തതും സർക്കാരിന് ഗുണകരമാണ്. ഇടതുപക്ഷവോട്ടുകളിലെ ചോർച്ചയ്ക്ക് തടയിടാനും കോൺഗ്രസ് വിരുദ്ധ സംഘപരിവാർ വോട്ടുകൾ തങ്ങളുടെ ക്യാമ്പിലേക്ക് എത്തിക്കാനും സി.പി.എം നീക്കം തുടങ്ങിക്കഴിഞ്ഞു. 


ഇതിനിടെ മുന്നണിയിൽ നിന്നും ഘടകകക്ഷികൾ പുറത്ത് പോകാതിരിക്കാനുള്ള ജാഗ്രതയും സി.പി.എം പുലർത്തുന്നുണ്ട്. 


സി.പി.ഐ സമ്മേളനത്തിൽ സർക്കാരിനും മുഖ്യമ്രന്തിക്കും ആഭ്യന്തര വകുപ്പിനുമെതിരെ കടുത്ത വിമർശനമുയർന്നെങ്കിലും അത് ചായക്കോപ്പയിലെ കൊടുങ്കാറ്റായി മാറി. 

ഘടകകക്ഷികളെ അടർത്തിയെടുക്കാൻ യു.ഡി.എഫ് നടത്തുന്ന നീക്കങ്ങൾ മുൻകൂർ നിരീക്ഷിക്കാനും സി.പി.എം തീരുമാനിച്ചു കഴിഞ്ഞു. വിഷയാധിഷ്ഠിതമായി ഒരു ഘടകകക്ഷിയും വിട്ടുപോകാതിരിക്കാനുള്ള മുൻകരുതലും സി.പി.എം സ്വീകരിക്കുന്നുണ്ട്. 


മറുവശത്ത് പ്രധാനപ്രതിപക്ഷമായ കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നേതാക്കൾ തമ്മിലുള്ള കിടമത്സരവും വിവിധ വിഷയങ്ങളിലുള്ള ചേരിതിരിവും തങ്ങൾക്ക് ഗുണകരമാവുമെന്ന വിലയിരുത്തലും സി.പി.എം നടത്തുന്നു. 


ശുഷ്‌ക്കമായ സംഘടനാ സംവിധാനവും ഘടകകക്ഷികളുടെ അപര്യാപ്തതയും ഇത്തവണയും യു.ഡി.എഫിന് വിനയാകുമെന്നാണ് അവരുടെ വിലയിരുത്തൽ.

Advertisment