/sathyam/media/media_files/2024/10/22/zilfmixiOQpHVHf9Ay0Z.jpg)
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആഗോള അയ്യപ്പ സംഗമത്തിൽ നിന്ന് പന്തളം രാജകുടുംബം വിട്ട് നിൽക്കുമെന്ന നിലപാട് സർക്കാരിന് തിരിച്ചടിയായി. കൊട്ടാര കുടുംബാംഗങ്ങളായ രണ്ടുപേരുടെ നിര്യാണത്തെത്തു ടർന്നുള്ള അശുദ്ധി നിലനിൽക്കുന്നുവെന്ന് വിശദീകരണം.
എന്നാൽ, ഇക്കാര്യം അറിയിച്ചുകൊണ്ട് കൊട്ടാരം നിർവാഹക സംഘം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ സർക്കാരിന്റേയും ദേവസ്വം ബോർഡിന്റെയും നിലപാടുകളുമായി ബന്ധപ്പെട്ട് കടുത്ത വിയോജിപ്പും എതിർപ്പും പ്രതിഷേധവും രേഖപ്പെടുത്തിയിട്ടുണ്ട്. അയ്യപ്പന്റെ പിതൃസ്ഥാനീയരായ കൊട്ടാരം പ്രതിനിധികളുടെ വിയോജിപ്പ് സർക്കാരിന് കനത്ത പ്രഹരമാവും സമ്മാനിക്കുക.
അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് ദേവസ്വം പ്രതിനിധികൾ ക്ഷണിക്കാനെത്തിയ വേളയിൽ തന്നെ കൊട്ടാരം നിർവാഹക സംഘം തങ്ങളുടെ നിലപാട് വ്യക്തമാക്കിയതാണെന്ന് കൊട്ടരം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.
രണ്ട് വിഷയങ്ങളാണ് പ്രധാനമായും ഇവർ ചൂണ്ടിക്കാണിച്ചത്. 2018-ൽ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകൾ പരിപൂർണമായി പിൻവലിക്കുക, യുവതീപ്രവേശന വിഷയത്തിൽ സർക്കാർ നിലപാട് തിരുത്തി സത്യവാങ്മൂലം നൽകണം എന്നായിരുന്നു ആവശ്യം.
എന്നാൽ, സർക്കാർ ഇതിൽ നിന്ന് പിന്നോട്ട് പോകുന്നില്ല എന്ന് വാർത്തകളിലൂടെ അറിയാൻ സാധിച്ചുവെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു. ദേവസ്വം ബോർഡിന്റേയും സർക്കാരിന്റെയും നിലപാടിനോട് കടുത്ത പ്രതിഷേധവും ഭക്തർ എന്ന നിലയിൽ വേദനയ്ക്കിടയാക്കുന്നതുമാണെന്ന് കുറിപ്പിൽ പറഞ്ഞു.
ഇതുകൂടാതെ കുടുംബാംഗങ്ങളായ രണ്ടുപേരുടെ നിര്യാണത്തെത്തുടർന്ന് അശുദ്ധി നിലനിൽക്കുന്നതിനാൽ അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട പരിപാടികളിൽ നിന്നും വിട്ടുനിൽക്കുമെന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
2016ൽ അരങ്ങേറിയ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ആദ്യം വിശ്വാസസംരക്ഷണ ജാഥ നടത്തിയ നായർ സർവ്വീസ് സൊസൈറ്റി അയ്യപ്പ സംഗമത്തിന് പ്രതിനിധിയെ അയയ്ക്കാമെന്ന് സർക്കാരിനെ അറിയിച്ചിട്ടുണ്ട്.
വിവിധ താലൂക്ക് യൂണിയനുകളുടെ നേതൃത്വത്തിൽ നടന്ന ജാഥയിൽ ഒട്ടേറെ പേർക്കെതിരെ സർക്കാർ കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. അതൊന്നും ഇതുവരെ പിൻവലിച്ചിട്ടുമില്ല. എന്നാൽ സർക്കാരിന് അനുകൂലമായ എൻ.എസ്.എസ് നിലപാട് രാഷ്ട്രീയ കേരളത്തെ അമ്പരപ്പിച്ചിട്ടുണ്ട്. എൻ.എസ്.എസിന്റെ സഹകരണം തങ്ങളുടെ നേട്ടമായി സർക്കാരും ബോർഡ്ഡും ഉയർത്തിക്കാട്ടുകയും ചെയ്തിരുന്നു.