വിദ്യാർത്ഥി സംഘടനയിൽ നേതാവായി വിലസാൻ മദ്ധ്യവയസായിട്ടും കോളേജ് കുമാരനായി വിലസുന്ന നേതാക്കൾക്ക് തടയിട്ട് കേരള സർവകലാശാല. ക്രിമിനൽ കേസുള്ള ഒറ്റയാൾക്കും പ്രവേശനം നൽകരുതെന്ന് പ്രിൻസിപ്പൽമാർക്ക് നിർദ്ദേശം. കോപ്പിയടിച്ച് പിടിച്ചതിന് ഡീബാർ ചെയ്തവരും പുനപ്രവേശനം നേടുന്നു. വിദ്യാർത്ഥി നേതാക്കൾക്കെതിരേ കേസുണ്ടോയെന്ന് യൂണിവേഴ്സിറ്റിയും അന്വേഷിക്കും

ബിരുദ കോഴ്സുകൾക്ക് ഒഴിവുള്ള സീറ്റുകളിൽ കോളേജുകൾ നേരിട്ട് പ്രവേശനം നൽകുമ്പോൾ ക്രിമിനൽ കേസുകളിൽ പെട്ട ആരെയും പ്രവേശിപ്പിക്കരുതെന്ന് കോളേജുകൾക്ക് കർശന നിർദ്ദേശം നൽകി.  

New Update
kerala university

തിരുവനന്തപുരം: വിദ്യാർത്ഥി നേതാവായി വിലസാൻ മുൻകാലങ്ങളിൽ പഠനം അവസാനിപ്പിച്ചവരും ഉപേക്ഷിച്ചവരും കോളേജുകളിൽ കയറിക്കൂടുന്നതിന് തടയിട്ട് കേരള യൂണിവേഴ്സിറ്റി. 

Advertisment

ബിരുദ കോഴ്സുകൾക്ക് ഒഴിവുള്ള സീറ്റുകളിൽ കോളേജുകൾ നേരിട്ട് പ്രവേശനം നൽകുമ്പോൾ ക്രിമിനൽ കേസുകളിൽ പെട്ട ആരെയും പ്രവേശിപ്പിക്കരുതെന്ന് കോളേജുകൾക്ക് കർശന നിർദ്ദേശം നൽകി.  

വിദ്യാർത്ഥി സംഘടന പ്രവർത്തനങ്ങൾ  ലക്ഷ്യം വെച്ച്  മുൻപ് പഠനം ഉപേക്ഷിച്ച വിദ്യാർത്ഥികൾ കോളേജുകളിൽ  പുനഃപ്രവേശനം നേടുന്ന സാഹചര്യത്തിലാണിത്.  


ക്രിമിനൽ കേസുകളിൽപെട്ട വിദ്യാർഥികൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്താൻ വൈസ്ചാൻസലർ ഡോ.മോഹനൻ കുന്നുമ്മേലിന്റെ അദ്ധ്യക്ഷതയിൽ ചേ‌ർന്ന സിൻഡിക്കേറ്റ് ഉപസമിതിയാണ് തീരുമാനിച്ചത്.


പെൺകുട്ടികളെ ആക്രമിക്കുക, കോളേജ് വസ്തുവകകൾ നശിപ്പിക്കുക എന്നിവയുടെ പേരിൽ നിരവധി വിദ്യാർത്ഥികൾ ക്രിമിനൽകേസുകളിൽ പെടാറുണ്ട്. പുതിയ യുജിസി റെഗുലേഷൻ പ്രകാരം കോളേജ് പ്രവേശനത്തിനുള്ള പരമാവധി പ്രായപരിധി പിൻവലിച്ചതോടെ ആർക്കും എപ്പോൾ വേണമെങ്കിലും കോളേജുകളിൽ തുടർപഠനത്തിന് തടസ്സമില്ല. 

ഈ സാഹചര്യത്തിൽ കോളേജിൽ ചേരുന്ന വിദ്യാർത്ഥികൾ അവരെ പരീക്ഷകളിൽ ഡീബാർ ചെയ്തിട്ടില്ലെന്നും, ക്രിമിനൽ കേസുകളിൽ പ്രതികളല്ലെന്നുമുള്ള  സത്യവാങ്മൂലം നൽകുന്നെങ്കിൽ മാത്രം  പ്രവേശനം നൽകിയാൽ മതിയാകും. 


തുടർ അന്വേഷണത്തിൽ, സത്യവാങ്മൂലം ലംഘിച്ച് പ്രവേശനം നേടുന്ന വിദ്യാർത്ഥികളുടെ പ്രവേശനം റദ്ദാക്കാൻ പ്രിൻസിപ്പൽമാർക്ക് അധികാരം ഉണ്ടായിരിക്കും. കോളേജ് കൗൺസിലിന് ഇക്കാര്യത്തിൽ അന്തിമ തീരുമാനം സ്വീകരിക്കാനാവും. വിദ്യാർഥികൾക്ക് പരാതിയുണ്ടെങ്കിൽ യൂണിവേഴ്സിറ്റിയെ സമീപിക്കാം.


പല കോളേജുകളിലും കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ്പഠനം ഉപേക്ഷിച്ച  മുതിർന്ന വിദ്യാർത്ഥികൾ പുനഃപ്രവേശനം നേടുന്നതെന്ന് പ്രിൻസിപ്പൽമാർ സർവ്വകലാശാലയുടെ  ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. 

മൊബൈലിലൂടെ കോപ്പിയടിച്ചതിനു ഡീബർ ചെയ്ത കാര്യവട്ടം ഗവ. കോളേജിലെ എസ്.എഫ്.ഐ നേതാവിന് അവിടെത്തന്നെ ബിരുദകോഴ്സിൽ പുന:പ്രവേശനം നൽകിയത് വിവാദമായിരുന്നു. 

ഈ പ്രവേശനം സർവകലാശാല റദ്ദാക്കിയിരുന്നു. 2016ൽ ബിഎസ്‌സി സ്റ്റാറ്റിസ്റ്റിക്സിന് ചേർന്ന നേതാവ് കഴിഞ്ഞ മാർച്ചിൽ സപ്ലിമെന്ററി പരീക്ഷ എഴുതവേ കോപ്പിയടിച്ചതായി കണ്ടെത്തി. തുടർന്ന് 2027വരെ ഡീബാർ ചെയ്തു.


കഴിഞ്ഞ ദിവസം സ്പോട്ട് അഡ്‌മിഷനിൽ നാലുവർഷ കോഴ്സായ ബിഎസ്‌സി കെമിസ്ട്രിക്ക് കാര്യവട്ടം കോളേജിൽ പ്രവേശനം നൽകി. ഡീബാർ വിവരം മറച്ചുവച്ചായിരുന്നു പ്രവേശനം നേടിയത്. എസ്.എഫ്.ഐയുടെ മുൻ ഏരിയാ സെക്രട്ടറിയാണ് ഈ നേതാവ്. 


മാർച്ചിലെ പരീക്ഷയെഴുതവേ ഇയാളിൽ നിന്ന് ഇൻവിജിലേറ്റർ ഒരു ഫോൺ പിടിച്ചെടുത്തു. വിവരം കഴക്കൂട്ടം പൊലീസിലറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയിൽ ഇയാളിൽ നിന്ന് മറ്റൊരു ഫോൺ കൂടി പിടിച്ചെടുത്തു. 

ചോദ്യപേപ്പർ വാട്സാപ്പ് വഴി പുറത്ത് അയച്ചു കൊടുക്കുകയും സുഹൃത്ത് ഉത്തരങ്ങൾ വാട്ട്സാപ്പിൽ അയയ്ക്കുകയും ചെയ്തതായി കണ്ടെത്തിയിരുന്നു. സർവകലാശാലയുടെ സ്ഥിരം അച്ചടക്കസമിതിയാണ് 2വർഷം വിലക്കേർപ്പെടുത്തിയത്.

കെമിസ്ട്രിക്ക് പ്രവേശനം ലഭിച്ചതോടെ സ്റ്റാറ്റിസ്റ്റിക്സ് കോഴ്സ് പഠിച്ച കാലയളവ് ക്യാൻസൽ ചെയ്യണമെന്ന് പ്രിൻസിപ്പലിന് നേതാവ് അപേക്ഷ നൽകി.

Advertisment