/sathyam/media/media_files/2025/09/18/j-arun-babu-2025-09-18-15-19-26.jpg)
തിരുവനന്തപുരം: എ.ഐ.എസ്.എഫ് മുൻ സംസ്ഥാന സെക്രട്ടറി ജെ.അരുൺബാബുവിന്റെ ബി.ജെ.പി പ്രവേശം ചർച്ചയാവുന്നു. ഇക്കഴിഞ്ഞ സമ്മേളനകാലം കഴിഞ്ഞിട്ടും അരുൺബാബുവിന് സി.പി.ഐ പദവികൾ നൽകാതിരുന്നതോടെയാണ് അദ്ദേഹം പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്നത്. സി.പി.ഐയിൽ കാനം വിരുദ്ധ ചേരിയിൽ നിലയുറപ്പിച്ചിരുന്ന അരുണിനെ കാനത്തിന്റെ കാലത്ത് തന്നെ ഒതുക്കാൻ തുടങ്ങിയിരുന്നു.
എ.ഐ.എസ്.എഫിന്റെ സംസ്ഥാന സെക്രട്ടറി പദമൊഴിഞ്ഞ ശേഷം മറ്റൊരു പാർട്ടി പദവിയിലേക്കോ പാർലമെന്ററി സംവിധാനത്തിലേക്കോ അരുണിനെ സി.പി.ഐ പരിഗണിച്ചിരുന്നില്ല.
സി.പി.ഐയിൽ പ്രകാശ് ബാബുവിന്റെ അടുത്ത ആളായി അറിയപ്പെട്ടിരുന്ന അരുൺ അദ്ദേഹം ഒതുക്കപ്പെട്ടതോടെയാണ് പാർട്ടിയിൽ നിന്നും പതിയെ തഴയപ്പെടുകയായിരുന്നു.
കഴിഞ്ഞ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് സോണിന്റെ കീഴിൽ വരുന്ന അഞ്ച് വാർഡുകളുടെ ചുമതല ഇടതുമുന്നണി ഇദ്ദേഹത്തിനാണ് നൽകിയിരുന്നത്.
പ്രവർത്തനമികവ് പരിഗണിച്ചായിരുന്നു നീക്കം. എന്നാൽ പാർട്ടി സംഘടനാ ചുമതലകളിൽ തന്നെ നിയോഗിക്കാത്തതിൽ അരുണിന് അതൃപ്തിയുണ്ടായിരുന്നു.
പിന്നീട് നെടുമങ്ങാട് മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് മത്സരിക്കാൻ ആഗ്രഹിച്ചെങ്കിലും പാർട്ടി സീറ്റ് നൽകിയില്ല. മണ്ഡലത്തെ പ്രതിനിധീകരിച്ച ജി.ആർ അനിൽ മന്ത്രിയാവുകയും ചെയ്തു.
തുടർന്ന് സംഘടനാ തലത്തിലും പാർലമെന്ററി തലത്തിലും പദവികളിലേക്ക് പരിഗണിക്കാതിരുന്നതോടെ അരുൺ പാർട്ടിയിൽ നിശ്ബദനാവുകയും ചെയ്തു.
അതിന് ശേഷം ഈ സമ്മേളന കാലയളവിൽ വിലവിധയിടങ്ങളിലെ സമ്മേളനങ്ങളിൽ അദ്ദേഹം പങ്കെടുത്തിരുന്നു. കാനത്തിന്റെ കാലം കഴിഞ്ഞിട്ടും അദ്ദേഹത്തോട് അടുത്തു നിൽക്കുന്ന വിഭാഗം തന്നോട് കാട്ടുന്ന അവഗണനയിൽ പ്രതിഷേധിച്ചാണ് അരുൺ ബാബു പാർട്ടി വിട്ടത്.
ഇത്തവണ പാർട്ടി തനിക്ക് സംഘടനാ ചുമതലകൾ നൽകുമെന്ന് അരുൺ പ്രതീക്ഷിച്ചിരുന്നു. എന്നാൽ അതുണ്ടായില്ല. സജീവ പാർട്ടി പ്രവർത്തനത്തിൽ നിന്നും കാനത്തിന്റെ കാലത്ത് മാറ്റി നിർത്തപ്പെട്ടപ്പോൾ പല ബിസിനസുകൾ ചെയ്യാൻ അദ്ദേഹം നോക്കിയെങ്കിലും അവയെല്ലാം പരാജയപ്പെട്ടു.
ഏറ്റവും അവസാനം സി.പി.ഐയിലെ വെറുപ്പും അപഹസിക്കലും സഹിക്ക വയ്യാതെയാണ് അദ്ദേഹം പാർട്ടിയുമായുള്ള ബന്ധം വിച്ഛേദിച്ചതെന്നാണ് അദ്ദേഹത്തോട് അടുത്ത് നിൽക്കുന്നവർ പറയുന്നത്.
ചെറുപ്പക്കാരായുള്ള നേതാക്കൾ തുടർച്ചയായി പാർട്ടി വിടുന്നതിൽ സംസ്ഥാനത്തെ ഒരു വിഭാഗം അവരുടെ പ്രതിഷേധം കേന്ദ്രനേതൃത്വത്തെ അറിയിച്ചു കഴിഞ്ഞിട്ടുണ്ട്.