വിശ്വാസികളുടെ വോട്ടുറപ്പിക്കാൻ ആഗോള അയ്യപ്പ സംഗമം നടത്തുന്നതിനിടെ ശബരിമലയിലെ നാലു കിലോ സ്വർണം കാണാതായ ചർച്ച സർക്കാരിന് തിരിച്ചടി. ശബരിമല വികസനത്തിന് 350 കോടിയുടെ പദ്ധതികൾക്ക് പണം കണ്ടെത്താനോ അയ്യപ്പ സംഗമം ? 25 രാജ്യങ്ങളിൽ നിന്നുൾപ്പെടെയുള്ള 3,500 പ്രതിനിധികളെ എത്തിച്ച് ഇന്‍റര്‍നാഷണലാക്കാൻ സർക്കാർ. ഖജനാവിലെ കോടികൾ പൊടിച്ച് വിശ്വാസികളുടെ വോട്ടുറപ്പിക്കുന്ന തന്ത്രം ഇങ്ങനെ

ശബരിമല സ്പെഷൽ കമ്മിഷണറെ അറിയിക്കാതെയാണ് സ്വർണപ്പാളി ചെന്നൈയിലേക്ക് കൊണ്ടുപോയത്. സ്ട്രോംഗ് റൂമിലെ ശില്പങ്ങളിൽ നിന്ന് സ്വർണമെടുത്താൽ ചെലവു കുറയ്‌ക്കാമെന്ന സ്പോൺസറുടെ കത്തും ദുരൂഹമാണ്.

New Update
agola ayyappa sangamam
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളുടെ സ്വർണപ്പാളികളും താങ്ങുപീഠങ്ങളും നവീകരിച്ചതിലൂടെ നാലു കിലോ സ്വർണം അടിച്ചുമാറ്റിയെന്ന് നിയമസഭയിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപണമുന്നയിച്ചതോടെ നാളെ തുടങ്ങുന്ന ആഗോള അയ്യപ്പ സംഗമം വിവാദങ്ങളിൽ കുരുങ്ങുകയാണ്.

Advertisment

ശബരിമല അയ്യപ്പനെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയാണെന്നും വിശ്വാസ സംരക്ഷണമെന്ന പേരിൽ അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത് കാപട്യമാണെന്നും കെ.സി വേണുഗോപാലും വ്യക്തമാക്കി. തട്ടിപ്പാണെന്ന് ബി.ജെ.പിയും നിലപാടെടുത്തു. ഇതോടെ വിശ്വാസികളുടെ വോട്ടുറപ്പിക്കാൻ ലക്ഷ്യമിട്ട് നടത്തുന്ന അയ്യപ്പസംഗമം തിരിച്ചടിയാവുമോയെന്ന ആശങ്കയിലാണ് സർക്കാർ.


ശബരിമല വികസനത്തിനുള്ള 355 കോടിയുടെ പദ്ധതികൾ ചർച്ച ചെയ്യാനാണ് അയ്യപ്പ സംഗമം നടത്തുന്നതെന്നാണ് സർക്കാരിന്റെ വാദം. 25 രാജ്യങ്ങളിൽ നിന്നുൾപ്പെടെയുള്ള 3,500 പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. ഹിൽടോപ്പിൽ 2 പന്തലുണ്ട്. പാനൽ ചർച്ചയ്ക്കായി 4,500 ചരുരശ്ര അടി, ഭക്ഷണശാലയ്ക്കായി 7,000 ചതുരശ്ര അടി പന്തലുകൾ നിർമിച്ചിട്ടുണ്ട്.

agola ayyappa sangamam-2

ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചുള്ള പ്രദർശന മേളയ്ക്കായി 2000 ചതുരശ്രയടി വിസ്തൃതിയിൽ മറ്റൊരു പന്തലുമുണ്ട്. 300 ടൺ ശേഷിയുള്ള ശീതീകരണ സംവിധാനമാണ് ഓരോ പന്തലിലും ഒരുക്കിയിട്ടുള്ളത്.


പമ്പ ഹിൽടോപ് പാർക്കിങ് ഗ്രൗണ്ടിൽ നിന്നു ഗണപതികോവിലിലേക്കു സുരക്ഷാ പാലം (50 കോടി), സന്നിധാനത്ത് പുതിയ പ്രസാദ മണ്ഡപം, തന്ത്രി, മേൽശാന്തി മഠങ്ങൾ ഉൾപ്പെടെയുള്ള തിരുമുറ്റം വികസനം, പിൽഗ്രിം അമിനിറ്റി സെന്റർ (9.95 കോടി), നിലയ്ക്കൽ അടിസ്ഥാന താവളത്തിൽ സുരക്ഷാ ഇടനാഴി, റോഡുകളെ പരസ്പരം ബന്ധിപ്പിക്കുന്ന പാലങ്ങൾ (180 കോടി) ഉൾപ്പെടെ വികസന പദ്ധതികൾക്ക് പണം കണ്ടെത്തുകയാണ് ലക്ഷ്യം. തിരുവനന്തപുരം എൻജിനീയറിങ് കോളജ് തയാറാക്കിയ പദ്ധതിയാണ് നടപ്പാക്കുക.


എന്നാൽ ശബരിമല വികസനത്തിനായി നടത്തുന്ന അയ്യപ്പ സംഗമത്തിന് തൊട്ടുമുൻപ് നാലുകിലോ സ്വർണം കാണാതായത് സർക്കാരിനെ പ്രതിരോധത്തിലാക്കുകയാണ്. ശബരിമല സ്പെഷൽ കമ്മിഷണറെ അറിയിക്കാതെയാണ് സ്വർണപ്പാളി ചെന്നൈയിലേക്ക് കൊണ്ടുപോയത്. സ്ട്രോംഗ് റൂമിലെ ശില്പങ്ങളിൽ നിന്ന് സ്വർണമെടുത്താൽ ചെലവു കുറയ്‌ക്കാമെന്ന സ്പോൺസറുടെ കത്തും ദുരൂഹമാണ്.

agola ayyappa sangamam-3

2019 ജൂലായ് 19നാണ് ഇളക്കിയത്. മഹസറിൽ തൂക്കം 25.400കിലോ. സ്വർണം പൂശിയത് മറച്ചുവച്ച് ചെമ്പുപാളികൾ എന്നെഴുതി. വിജിലൻസിന്റെ സാന്നിദ്ധ്യമുണ്ടായില്ല. അകമ്പടിയില്ലാതെ കൊണ്ടുപോയി.പിറ്റേന്ന് പീഠങ്ങൾ ഇളക്കി. തൂക്കം 17.400കിലോയായിരുന്നു.


സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ചത് ആഗസ്റ്റ് 29ന്. രേഖപ്പെടുത്തിയ തൂക്കം 38.258 കിലോയും ഏതാനും മില്ലിഗ്രാമും മാത്രം. സ്വർണം പൂശിയശേഷം 38.653 കിലോയായെന്ന് സ്ഥാപനത്തിന്റെ രേഖകളിൽ. വർദ്ധന 394 ഗ്രാം മാത്രം. 40 വർഷം വാറന്റിക്ക് ചതുരശ്രയടിക്ക് എട്ടു ഗ്രാം വീതം 800 ഗ്രാമിലധികം സ്വർണം പൂശേണ്ടതുണ്ട്. ഇതിന്റെ പകുതിയിൽ താഴെയാണ് ഉപയോഗിച്ചത്.


എന്നാൽ ആഗോള അയ്യപ്പ സംഗമം നടത്താൻ ഹൈക്കോടതിയും സുപ്രീംകോടതിയും അനുമതി നൽകിയത് സർക്കാരിന് ആശ്വാസമാണ്. ഹൈക്കോടതിയുടെ ഉപാധികൾ പാലിക്കണം. മറിച്ച് എന്തെങ്കിലുമുണ്ടായാൽ ഉത്തരവാദിത്വം ദേവസ്വം ബോർഡിനാണ്. ഇടപെടാൻ ഹൈക്കോടതിക്ക് കഴിയും.

സ്വർണം കാണാതായത് സംബന്ധിച്ച ആരോപണം ഇന്ന് നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസായി എത്തിയെങ്കിലും സ്പീക്കർ അനുവദിച്ചില്ല. ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. പിന്നാലെ പ്രതിപക്ഷം നിയമസഭയിൽ നിന്ന് വാക്കൗട്ട് നടത്തി.

vd satheesan assembly


കോടതിയുടെ പരിഗണനയിലുള്ള നിരവധി വിഷയങ്ങൾ നിയമസഭയിൽ അടിയന്തര പ്രമേയമായി അവതരിപ്പിക്കാൻ അനുവദിച്ച കീഴ്‌വഴക്കമുണ്ടെന്ന് സതീശൻ ചൂണ്ടിക്കാട്ടി. അയ്യപ്പന്റെ സ്വർണം കാണാതായത് ഭക്തരേയും വിശ്വാസികളേയും വിഷമത്തിലാക്കിയ വിഷയമാണ്. വിജിലൻസ് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണ്. അതീവ ഗൗരവത്തോടെയാണ് വിഷയത്തെ കാണേണ്ടത് - സതീശൻ പറഞ്ഞു.


മൂന്ന് ആഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ച വിഷയമായതിനാലാണ് പരിഗണിക്കാൻ കഴിയാത്തതെന്നു മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ആഗോള അയ്യപ്പസംഗമം അട്ടിമറിക്കാൻ ശ്രമിച്ചതു പരാജയപ്പെട്ടതിനാലുള്ള കൊതിക്കെറുവാണ് പ്രതിപക്ഷത്തിന്. അതിനാലാണ് കോടതിയിലിരിക്കുന്ന വിഷയം മന:പൂർവ്വം കൊണ്ടുവന്ന് ബഹളമുണ്ടാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

2019ലെ പ്രശ്നമാണിതെന്നും അയ്യപ്പസംഗമത്തിന് മങ്ങലേൽപ്പിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും മന്ത്രി വി.എൻ.വാസവനും പറഞ്ഞു. ഹൈക്കോടതി ഉത്തരവു പ്രകാരമുള്ള അന്വേഷണം നടക്കുന്നതിനിടെ നിയമസഭ ചർച്ച ചെയ്താൽ അത് കോടതിയലക്ഷ്യമാവുമെന്നും വാസവൻ പറഞ്ഞു.

Advertisment