/sathyam/media/media_files/x3kRB9iKqECJC4ubbQJT.jpg)
തിരുവനന്തപുരം: സർക്കാരിനെ ഇകഴ്ത്താനും രാഷ്ട്രീയ വിവാദങ്ങൾ മറയ്ക്കാനും പോലീസിനെതിരേ രാഷ്ട്രീയക്കാർ തിരിയുന്നതായി കുറ്റപ്പെടുത്തി പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ പ്രമേയം പാസാക്കി.
പോലീസിംഗ് എന്നത് ഇതര തൊഴിൽ സാഹചര്യങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. പോലീസ് ഉദ്യോഗസ്ഥന്മാർ ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടയിൽ ഏറ്റവും കൂടുതൽ ഇടപെടേണ്ടിവരുന്നത് കുറ്റവാളികളോടും കുറ്റകൃത്യങ്ങളോടുമാണ്.
സമൂഹത്തിൻ്റെ സ്വൈരജീവിതത്തിന് തന്നെ ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രവർത്തികളിൽ ഏർപ്പെടുന്നവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്ത് നിയമത്തിന് മുൻപിൽ കൊണ്ടുവരുന്നത്.
അത്തരം പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകേണ്ടവരിൽ ചിലർ തന്നെ പലപ്പോഴും ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് തടസങ്ങൾ സൃഷ്ടിക്കുന്ന സാഹചര്യവും ഉണ്ടാകുന്നു.
ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ളവരെ പോലും കസ്റ്റഡിയിൽ എടുക്കുമ്പോൾ അത് തടയാൻ ശ്രമിച്ച് പോലീസ് ഉദ്യോഗസ്ഥന്മാരെ കയ്യേറ്റം ചെയ്യുന്ന സാഹചര്യങ്ങളും ഉണ്ടാകുന്നു.
ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടയിൽ ജീവൻ തന്നെ നഷ്ടപ്പെട്ട പോലീസുദ്യോഗസ്ഥരും നിരവധിയാണ്. കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വച്ച് ജിബിൻ ജോർജ് എന്ന ക്രിമിനൽ തട്ടുകടയിൽ വഴക്കുണ്ടാകുന്നതുകണ്ട് തടയാൻ ചെന്ന കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഡ്രൈവർ സി.പി.ഒ ശ്യാമപ്രസാദിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയിട്ട് അധികനാളായില്ല.
കൊല്ലത്ത് ആട് ആൻ്റണിയാൽ കൊലചെയ്യപ്പെട്ട മണിയൻ പിള്ള, തിരുവനന്തപുരത്ത് പഴവങ്ങാടിയിൽ ക്രിമിനലുകൾ കുത്തിക്കൊന്ന വിജയൻ, മലപ്പുറത്ത് വെടിയേറ്റ് മരിച്ച വിജയകൃഷ്ണൻ, ഫോർട്ടുകൊച്ചിയിൽ കുത്തേറ്റ് മരിച്ച ലോനപ്പൻ തുടങ്ങി ഒട്ടേറെ പോലീസ് ജീവനുകളാണ് റിസ്കേറിയ ഈ ജോലിക്കിടയിൽ നഷ്ടപ്പെട്ടിട്ടുള്ളത്.
ഇത്തരം സന്ദർഭങ്ങളിൽ പോലും വിവേകത്തോടെ നിയമപരമായി മാത്രമാണ് പോലീസ് പ്രവർത്തിച്ചുവരുന്നത്. എന്നാൽ അത്യപൂർവ്വം ചില പോലീസ് ഉദ്യോഗസ്ഥർ വൈകാരികമായി തിരികെ മർദ്ദിക്കുന്ന സാഹചര്യവും ഉണ്ടാകുന്നു.
ഇത്തരം സന്ദർഭങ്ങളിൽ മറുപക്ഷത്ത് എത്ര വലിയ സാമൂഹ്യ വിരുദ്ധനായാലും അയാൾ മഹത്വവൽക്കരിക്കപ്പെടുകയും പോലീസ് ഉദ്യോഗസ്ഥർ ക്രൂശിക്കപ്പെടുകയും ചെയ്തു വരുന്നു എന്നതും യാഥാർത്ഥ്യമാണ്.
എത്ര കൊടുംകുറ്റവാളിയായാലും അവരെ നിയമത്തിൻ്റെ മുന്നിൽ എത്തിക്കുക എന്നത് മാത്രമാകണം പോലീസ് ദൗത്യം. ശിക്ഷിക്കാനുള്ള അധികാരം ജുഡീഷ്യറിക്ക് മാത്രമാണ്.
വൈകാരികതയിലേക്ക് ഒരിക്കലും സഞ്ചരിക്കാതെ വിവേകത്തോടെ നിയമപരമായി മാത്രം പ്രവർത്തിക്കണമെന്ന് മുഴുവൻ പോലീസ് ഉദ്യോഗസ്ഥന്മാരോടും അഭ്യർത്ഥിക്കുകയാണ്.
പോലീസിനെതിരായ ആരോപണങ്ങൾ ചിലർ ഉയർത്തുമ്പോൾ അത് വീണുകിട്ടുന്ന സുവർണ്ണാവസരം എന്ന നിലയിൽ ഉത്തരവാദിത്വപ്പെട്ടവർ ഏറ്റെടുക്കുന്നത് ഉചിതമാണോ എന്ന പരിശോധനയും ഉണ്ടാകണം.
ആരോപണമുയർത്തുന്നതാര് ? ആരോപണത്തിൽ വസ്തുത ഉണ്ടോ ? എന്തിനാണ് പോലീസുമായി ഇടപെടേണ്ടി വന്നത് ? അയാളുടെ മുൻകാല ചെയ്തികൾ എന്ത് എന്നു പോലും പരിശോധിക്കാതെ ഭരണകൂടത്തെ ഇകഴ്ത്തുവാൻ പോലീസിനെതിരെ തിരിയുന്ന രീതി അത്യന്തം ഖേദകരമാണ്.
ഇപ്പോൾ പോലീസിനെതിരെ ഉയർന്നു വന്ന ആരോപണങ്ങൾ മുമ്പും ഒറ്റയ്ക്ക് ഒറ്റയ്ക്ക് ചർച്ച ചെയ്യപ്പെട്ട ആരോപണങ്ങളാണ്. കഴിഞ്ഞ ഇരുപത് വർഷക്കാലമായി ഉണ്ടായിട്ടുള്ള ഇത്തരം ചില സംഭവങ്ങൾ ഒരുമിച്ചെടുത്തുകൊണ്ട് ഇന്ന് സംഭവിച്ച രീതിയിൽ ചർച്ചകളാക്കുന്ന രീതിയാണ് വർത്തമാനകാല കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത്.
കൃത്യമായ ചില അജണ്ടകളിൽ നിന്നുകൊണ്ടുള്ള ദുഷ്പ്രചരണം മാത്രമാണിത്. ഉയർന്നുവന്ന ആരോപണങ്ങളിൽ പലതും പോലീസ് ഉദ്യോഗസ്ഥർ നിയമപരമായും നീതിപൂർവ്വവും പ്രവർത്തിച്ചതിൻ്റെ ഭാഗമായി തിരിച്ചടികൾ നേരിട്ടവരിൽ ചിലരാണ് ഉയർത്തുന്നത് എന്നത് പോലും മനസിലാക്കുന്നില്ല.
പ്രതിവർഷം കേരളത്തിൽ ഏഴ് ലക്ഷത്തോളം കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്നു. അതിനുമപ്പുറം മുപ്പത് ലക്ഷത്തോളം പരാതികളാണ് കേസിലേക്കെത്താതെ എല്ലാ വർഷവും കേരളത്തിലെ പോലീസ് സ്റ്റേഷനുകളിൽ പരിഹരിക്കപ്പെടുന്നത്. നിസാര വിഷയങ്ങൾ കോടതികളിലേക്ക് എത്താതെ ഇരുകൂട്ടരോടും സംസാരിച്ച് പരിഹരിക്കുന്ന ഏറ്റവും വലിയ പ്രവർത്തനമാണ് ഇതിലൂടെ നടന്നു വരുന്നത്.
തൊഴിലിടങ്ങളിൽ കൂലി നൽകാതെ ചതിക്കപ്പെടുന്ന പട്ടിണി പാവങ്ങൾക്ക് ആശ്വാസമാകുക, ചെറിയ ചെറിയ സിവിൽ തർക്കങ്ങൾ ക്രിമിനൽ കേസുകളിലേക്ക് എത്താതെ രമ്യമായി പരിഹരിക്കുക, പൊതുശല്യക്കാരെ താക്കീത് ചെയ്ത് സമാധാനാന്തരീക്ഷം സൃഷ്ടിക്കുക തുടങ്ങി ഒട്ടേറെ വിഷയങ്ങൾ പ്രതിദിനം പോലീസ് സ്റ്റേഷനുകളിൽ ചെയ്തുവരുന്നുണ്ട്.
ഇത്തരം പ്രവർത്തികൾ ആവർത്തിക്കാതിരിക്കാൻ ചിലപ്പോഴെങ്കിലും ചിലരോടെങ്കിലും പോലീസ് ഉദ്യോഗസ്ഥന്മാർക്ക് കയർത്ത് സംസാരിച്ച് താക്കീത് ചെയ്യേണ്ടതായും വരുന്നുണ്ട്.
ഇങ്ങനെ പൊതുനന്മയും പൊതുസമാധാനവും സൃഷ്ടിക്കാൻ ആത്മാർത്ഥമായി ചെയ്തുവരുന്ന ഇത്തരം പ്രവർത്തനങ്ങൾ പോലും വർത്തമാനകാല സാഹചര്യത്തിൽ പോലീസ് ഉദ്യോഗസ്ഥർക്ക് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
ആവശ്യമായ നിയമ പിൻബലമില്ലാതെ കാലങ്ങളായി ചെയ്തു വരുന്ന ഇത്തരം നടപടികൾ ഭാവിയിൽ പോലീസ് ഉദ്യോഗസ്ഥർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും എന്നത് കൂടിയാണ് സമീപദിവസങ്ങളിൽ ഉയർന്നുവന്ന ചില ആരോപണങ്ങൾ കാണുമ്പോൾ ബോധ്യപ്പെടുന്നത്. സമൂഹ നന്മയ്ക്കായി പോലീസ് ചെയ്തുവരുന്ന പ്രവർത്തനങ്ങൾ പോലീസിനെതിരായി ചിത്രീകരിക്കുന്നു.
ഈ സാഹചര്യത്തിൽ പോലീസ് സ്റ്റേഷനുകളിൽ എത്തുന്ന പരാതികളിൽ കോഗ്നിസിബിൾ ആയ ഒരു കുറ്റകൃത്യം ഉണ്ടെങ്കിൽ നിർബന്ധമായും കേസെടുക്കുന്നതിനും മറ്റ് പരാതികൾ പോലീസ് സ്റ്റേഷനുകളിൽ എടുക്കാതെ ബന്ധപ്പെട്ട വകുപ്പുകൾ കൈകാര്യം ചെയ്യുന്ന ഓഫീസുകളിലേക്ക് അയക്കുകയും ചെയ്യുന്നതിനുള്ള നിലപാട് അധികാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകണം എന്നു കൂടി അഭ്യർത്ഥിക്കുകയാണ്.
നമ്മുടെ കേരളത്തിലെ സമസ്ത വിഭാഗങ്ങളേയും വിലയിരുത്തിയാൽ പോസിറ്റീവായ മാറ്റങ്ങളിലൂടെ ഏറ്റവും കൂടുതൽ നവീകരിക്കപ്പെട്ട വിഭാഗമാണ് പോലീസ്.
ഈ മാറ്റം രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും ഉണ്ടായിട്ടുമില്ല. ജനമൈത്രീ സുരക്ഷാ പദ്ധതി ഉൾപ്പെടെയുള്ള സോഷ്യൽ പോലീസിംഗിലേക്ക് മാറിയ നമ്മുടെ പോലീസിനെ പൊതുസമൂഹം കുടുതൽ ചേർത്ത് പിടിച്ചു കഴിഞ്ഞിരിക്കുന്നു.
ഇത്തരം ഗുണകരമായ പരിഷ്കരണവും അതിലൂടെ സൗഹാർദ്ദപരമായ പ്രവർത്തന രീതിയിലേക്കും മാറിയപ്പോൾ അത് ഒരു ദൗർബല്യമായി കണ്ട് പോലീസിനെ ആക്രമിക്കുന്ന പ്രവണത കേരളത്തിൽ വർദ്ധിച്ചു വരുന്നു.
ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് തടസം സൃഷ്ടിച്ചതിനും പോലീസ് ഉദ്യോഗസ്ഥന്മാരെ ആക്രമിച്ചതിനും ഏറ്റവും കൂടുതൽ കേസുകൾ ഉണ്ടാകുന്ന സംസ്ഥാനമായി കേരളം മാറുന്നു.
സമയ ക്ലിപ്തതയില്ലാതെ ഒട്ടേറെ സമ്മർദ്ദങ്ങൾ അനുഭവിച്ചുകൊണ്ട് ജോലി ചെയ്തുവരുന്ന പോലീസ് ഉദ്യോഗസ്ഥർക്കുനേരെ അസഭ്യവർഷങ്ങൾ നടത്തി നിരന്തരം കയ്യേറ്റങ്ങൾ നടത്തുന്ന ദേശീയപാർട്ടിയുടെ ഒരു നേതാവിനെ പ്രബുദ്ധകേരളം കണ്ടുകൊണ്ടിരിക്കുന്നു.
അണികൾക്കിടയിൽ താൽക്കാലിക ആവേശമുണ്ടാക്കാൻ ഇവർക്ക് കഴിയുമെങ്കിലും പോലീസ് ഉദ്യോഗസ്ഥന്മാരെ കയ്യേറ്റം ചെയ്യാനുള്ള ഒരു പരോക്ഷ ആഹ്വാനമായി മാത്രമേ ഇതിനെ കാണാൻ കഴിയൂ.
പ്രതിഷേധങ്ങളും പ്രകടനങ്ങളും കുടുംബാംഗങ്ങൾ ഉൾപ്പെടെ താമസിക്കുന്ന സ്വകാര്യ ഭവനങ്ങളിലേക്ക് മാറുന്ന കാഴ്ചയ്ക്കും നാം സാക്ഷിയാകുന്നു.
അങ്ങനെ സ്വന്തം വീട്ടിലേക്ക് പ്രതിഷേധമാർച്ച് നടത്തിയതിനെതിരെ പൊട്ടിത്തെറിച്ച രാഷ്ട്രീയ നേതാവിൻ്റെ അണികൾ തന്നെ പോലീസ് ഉദ്യോഗസ്ഥന്മാരുടെ വീടുകളിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത് അത്യന്തം ഖേദകരമാണ്.
ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കേണ്ട വിഭാഗമാണ് പോലീസ്. സമരരീതികളിലെ അപചയങ്ങളുടെ ഭാഗമാണെങ്കിലും ഏതെങ്കിലും പ്രസ്ഥാനങ്ങൾ ആരുടെയെങ്കിലും സ്വകാര്യ ഭവനങ്ങളിലേക്ക് മാർച്ച് നടത്തിയാൽ പോലീസ് സംവിധാനം അത് തടഞ്ഞ് സുരക്ഷിതത്വം ഉറപ്പാക്കുക തന്നെ വേണം.
എന്നാൽ ആരെങ്കിലും പോലീസ് ഉദ്യോഗസ്ഥരുടെ വീട്ടിലേക്കാണ് മാർച്ച് നടത്തുന്നതെങ്കിൽ അത് തടയാൻ പോലീസുദ്യോഗസ്ഥരെ നിയോഗിക്കരുത് എന്ന് സംസ്ഥാന പോലീസ് മേധാവിയോട് അഭ്യർത്ഥിക്കുകയാണ്. അത്തരം പ്രവർത്തനാനന്തരം നിയമപരമായ നടപടികൾ സ്വീകരിക്കുകയാണ് വേണ്ടത്.
ചില രാഷ്ട്രീയ പ്രസ്ഥാനങ്ങൾ അവരിൽ ചിലരുടെ പ്രവർത്തിദോഷങ്ങൾ വിവാദമാകുമ്പോഴും അവർക്കിടയിലെ തമ്മിലടികൾ അപകടകരമാകുമ്പോഴും അതിൽ നിന്നുള്ള മോചനത്തിന് പോലീസിനെതിരായ വാർത്തകൾ സൃഷ്ടിക്കുന്ന രീതിയും കണ്ടുവരുന്നു.
സമീപകാലത്ത് കേരളത്തിലെ പോലീസ് സംവിധാനത്തിനെതിരെ ചിലർ ഉയർത്തിക്കൊണ്ടുവന്ന ആരോപണങ്ങളിൽ പലതും സമാനരൂപത്തിലുള്ളതാണ്.
പൊതുസമൂഹത്തിന്റെ പരിച്ഛേദം തന്നെയാണ് നമ്മുടെ പോലീസ് സേനയും. സാമൂഹ്യബോധവും ജനാധിപത്യബോധവും ഇല്ലാത്ത അത്യപൂർവ്വം ചിലരെങ്കിലും ഈ സേനയുടെ ഭാഗമായി വന്നുചേർന്നിട്ടുണ്ട്.
കേരളത്തിൻ്റെ പൊതുസാഹചര്യത്തിന് യോജിക്കാത്ത, പോലീസിന്റെ പൊതുസമീപന രീതിക്ക് വിരുദ്ധമായ ചില പ്രവർത്തികൾ അത്തരക്കാരിൽ ചിലരിൽ നിന്നെങ്കിലും ഉണ്ടാകുന്നുമുണ്ട്.
ക്രമസമാധാന പരിപാലനവും കുറ്റാന്വേഷണവും എന്ന പരമ്പരാഗത പോലീസ് രീതികൾക്കപ്പുറം പൊതുസമൂഹത്തിൻ്റെ ജീവനും സ്വത്തും അന്തസ്സും മനുഷ്യാവകാശവും സംരക്ഷിക്കുക എന്ന കടമ കൂടി നിറവേറ്റേണ്ട വിഭാഗമാണ് പോലീസ്. അതിന് വിരുദ്ധമായ പ്രവർത്തികൾ ചെയ്യുന്നവരെ തിരുത്താൻ അവസരം നൽകാറുണ്ട്.
തിരുത്താൻ കഴിയാത്തവരെ പോലീസ് വകുപ്പിൽ നിന്ന് പുറത്താക്കുകയും ചെയ്തു വരുന്നു. പോലിസ് വകുപ്പിനെ നവീകരിക്കുന്നതിനുള്ള ഇത്തരം നടപടികളെ പോലീസ് സംഘടനകൾ എന്നും പിന്തുണച്ചിട്ടേയുള്ളൂ.
മനുഷ്യാവകാശലംഘനങ്ങൾ പോലീസ് കസ്റ്റഡിയിൽ ഉണ്ടാകാൻ പാടില്ല എന്ന ഉറച്ച നിലപാട് തന്നെയാണ് പോലീസ് സംഘടനകൾക്കുള്ളത്. തെറ്റ് ചെയ്യുന്നവരെ ഒരിക്കലും പിന്തുണയ്ക്കുന്ന സമീപനവും പോലീസ് സംഘടനകളുടെ ഭാഗത്തുനിന്ന് ഉണ്ടാകാറില്ല.
അങ്ങനെ ഉണ്ടായ ഒരു ഉദാഹരണം പോലും ചൂണ്ടിക്കാണിക്കാൻ ആർക്കും കഴിയുകയുമില്ല. ശരിക്കൊപ്പം മാത്രമാണ് പോലീസ് സംഘടനകൾ എന്നും സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.
പൊതുസമൂഹത്തിന്റെ സുരക്ഷയും കരുതലും തന്നെയാവണം പോലീസ് സേനയുടെ പ്രഥമ ലക്ഷ്യം. അതിനുവേണ്ട പ്രവർത്തനങ്ങൾ വീഴ്ചയില്ലാതെ നിയമപരമായി നിറവേറ്റുവാൻ മുഴുവൻ സേനാംഗങ്ങളോടും അഭ്യർത്ഥിക്കുകയാണ്.
അതോടൊപ്പം പോലീസ് പ്രവർത്തനങ്ങളിൽ നിലനിൽക്കുന്ന മേൽ സൂചിപ്പിച്ച അപാകതകൾ പരിഹരിക്കുന്നതിന് മേൽ നടപടികൾ ഉണ്ടാകണമെന്ന് സംസ്ഥാന പോലീസ് മേധാവിയോടും, ബഹു. സംസ്ഥാന സർക്കാറിനോടും അഭ്യർത്ഥിക്കുകയാണ്.
ഈ നാടിൻ്റെ നന്മയ്ക്കായി അക്ഷീണം പ്രവർത്തിക്കുന്ന പോലീസ് സേനയുടെ ശരിയായ പ്രവർത്തനങ്ങൾക്ക് പൊതുസമൂഹത്തിൻ്റെ പരിപൂർണ പിന്തുണ ഉണ്ടാകണമെന്നും അഭ്യർത്ഥിക്കുന്നു - പ്രമേയത്തിൽ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us