റേഷൻ കാർഡ് വോട്ട് ചെയ്യാനുള്ള രേഖയാക്കാനാവുമോ ? രേഖകളില്ലാത്ത ആദിവാസികൾക്കും ദളിതർക്കും വോട്ടവകാശം ഇല്ലാതാവുമോ ? 2003നു ശേഷം ജനിച്ചവർ മാതാപിതാക്കളുടെ പൗരത്വ രേഖ നൽകിയില്ലെങ്കിൽ ഒഴിവാക്കപ്പെടുമോ ? ന്യൂനപക്ഷങ്ങളെയും ദരിദ്രരെയും ആദിവാസികളെയും വോട്ടർ പട്ടികയിൽ നിന്ന് പുറന്തള്ളാനാണോ നീക്കം ? കേരളത്തിൽ വോട്ടർ പട്ടികയുടെ തീവ്ര പരിഷ്കരണം വേണ്ടെന്ന് ഒറ്റക്കെട്ടായി നിയമസഭ

വോട്ടര്‍ പട്ടിക പ്രത്യേക തീവ്ര പുനഃപരിശോധനയ്ക്ക് വിധേയമാക്കുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നീക്കം ദേശീയ പൗരത്വ രജിസ്റ്ററിന്‍റെ വളഞ്ഞ വഴിയിലൂടെയുള്ള നടപ്പാക്കലാണെന്ന ആശങ്ക വ്യാപകമാണ്. 

New Update
Resolution passed
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: ബീഹാർ മോഡലിൽ വോട്ടർ പട്ടികയിൽ തീവ്ര പുനപരിശോധന നടത്തുന്നതിനെ ഏകകണ്ഠമായി എതിർത്ത് കേരള നിയമസഭ. തിടുക്കപ്പെട്ട് വോട്ടർ പട്ടിക പുതുക്കുന്നത് ദുരുദ്ദേശപരവും അശാസ്ത്രീയവും ജനവിധി അട്ടിമറിക്കാൻ ലക്ഷ്യമിട്ടുള്ളതുമാണെന്ന് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിൽ പറയുന്നു. 

Advertisment

വോട്ടര്‍ പട്ടിക പ്രത്യേക തീവ്ര പുനഃപരിശോധനയ്ക്ക് വിധേയമാക്കുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നീക്കം ദേശീയ പൗരത്വ രജിസ്റ്ററിന്‍റെ വളഞ്ഞ വഴിയിലൂടെയുള്ള നടപ്പാക്കലാണെന്ന ആശങ്ക വ്യാപകമാണ്. 

ബീഹാറില്‍ നടന്ന വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയ ഇത്തരം ആശങ്കകളെ ശരിവെക്കുന്നതുമാണ്. പുറന്തള്ളലിന്‍റെ രാഷ്ട്രീയമാണ് ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്കരണത്തില്‍ കാണുന്നത്. 


വോട്ടര്‍പട്ടികയില്‍ നിന്നും യുക്തിരഹിതമായ ഒഴിവാക്കലാണ് ബീഹാറില്‍ നടന്നത്. അതേ രീതിയാണ് ദേശീയ അടിസ്ഥാനത്തില്‍ ലക്ഷ്യമിടുന്നത് എന്ന സംശയവും രാജ്യവ്യാപകമായി നിലവിലുണ്ടെന്നും പ്രമേയത്തിൽ പറയുന്നു.


ബീഹാര്‍ വോട്ടർ പട്ടിക പുതുക്കലിന്റെ ഭരണഘടനാ സാധുത സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കെത്തന്നെ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കുന്ന കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ കൂടി തിടുക്കപ്പെട്ട് ഇതേ പ്രക്രിയ കൊണ്ടുവരുന്നതിനെ നിഷ്കളങ്കമായി കാണാന്‍ കഴിയില്ല. 

ദീര്‍ഘകാല തയ്യാറെടുപ്പും കൂടിയാലോചനയും ആവശ്യമായ തീവ്ര പരിശോധന ഇത്തരത്തില്‍ തിടുക്കത്തില്‍ നടത്തുന്നത് ജനവിധി അട്ടിമറിക്കാനാണെന്ന ഭയം തെരഞ്ഞെടുപ്പ് കമ്മീഷനെ സംശയത്തിന്‍റെ നിഴലിലാക്കിയിരിക്കുന്നു. 


കേരളത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തുതന്നെ നടക്കാനിരിക്കയാണ്. അത് കഴിഞ്ഞാലുടന്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഈ സാഹചര്യത്തില്‍ തിടുക്കപ്പെട്ട് എസ്ഐആര്‍ നടത്തുന്നത് ദുരുദ്ദേശ്യപരമാണ്.


ഇതിനുമുമ്പ് 2002-ലാണ് കേരളത്തില്‍ വോട്ടര്‍ പട്ടികയുടെ തീവ്ര പുനഃപരിശോധന നടന്നത്. ഇപ്പോള്‍ പുനഃപരിശോധന നടത്തുന്നത് 2002 അടിസ്ഥാനമാക്കിയാണെന്നതും അശാസ്ത്രീയമാണ്. 

1987-നു ശേഷം ജനിച്ചവര്‍ അവരുടെ പിതാവിന്‍റെയോ മാതാവിന്‍റെയോ പൗരത്വരേഖ കൂടി നല്‍കിയാലേ വോട്ടറാകു എന്ന നിബന്ധന നമ്മുടെ പ്രായപൂര്‍ത്തി വോട്ടവകാശത്തെ ഹനിക്കുന്ന തീരുമാനമാണ്. 

2003-നു ശേഷം ജനിച്ചവര്‍ പിതാവിന്‍റെയും മാതാവിന്‍റെയും പൗരത്വരേഖകള്‍ സമര്‍പ്പിച്ചാല്‍ മാത്രമേ വോട്ടറാവൂ എന്നും നിഷ്ക്കര്‍ഷയുണ്ട്. 


രേഖകളില്ലാത്തതിന്‍റെ പേരില്‍ വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കുന്നത്, ഭരണഘടനയുടെ അനുച്ഛേദം 326 പൗരന്മാര്‍ക്ക് ഉറപ്പുനല്‍കുന്ന സാര്‍വത്രിക വോട്ടവകാശത്തിന്‍റെ പൂര്‍ണമായ ലംഘനമാണ്. 


സമൂഹത്തിലെ പാര്‍ശ്വവല്‍കൃത വിഭാഗങ്ങളില്‍ ഉള്ളവരാണ്  ഇത്തരം നിബന്ധനകള്‍ മൂലം വോട്ടവകാശത്തില്‍ നിന്നും പുറത്താവുകയെന്നാണ് ഈ മേഖലയിലെ വിദഗ്ധരുടെ പഠനങ്ങള്‍ കാണിക്കുന്നത്. 

ന്യൂനപക്ഷ സമുദായങ്ങള്‍, പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങൾ,  സ്ത്രീകള്‍, ദരിദ്രകുടുംബങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇതില്‍ ബഹുഭൂരിപക്ഷവും ഉള്‍പ്പെടുക. വോട്ടര്‍ പട്ടികയിലുള്ള പ്രവാസി വോട്ടര്‍മാരുടെ വോട്ടവകാശം തുടര്‍ന്നും നിലനിര്‍ത്തേണ്ടതുണ്ട്.


പൗരത്വത്തെ മതാധിഷ്ഠിതമാക്കുന്ന പൗരത്വ ഭേദഗതി നിയമത്തെ പൊടിതട്ടിയെടുക്കാനുള്ള ശ്രമം നടത്തുന്നവര്‍ തീവ്ര പരിശോധനയെ ഏതുവിധമാവും ഉപയോഗിക്കുക എന്നതും ജനാധിപത്യം നേരിടുന്ന വെല്ലുവിളിയാണ്. 


മൗലികാവകാശത്തെ ഹനിക്കുന്ന ഇത്തരം നടപടികളില്‍ നിന്നും പിന്തിരിഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുതാര്യമായി വോട്ടര്‍പ്പട്ടിക പുതുക്കല്‍ നടത്തണം എന്ന് ഈ നിയമസഭ ഏകകണ്ഠമായി  ആവശ്യപ്പെടുന്നു- പ്രമേയത്തിൽ പറയുന്നു.

പ്രമേയ അവതരണത്തിന് പിന്നാലെ പ്രതിപക്ഷത്തു നിന്ന് സംസാരിച്ചവരെല്ലാം മുഖ്യമന്ത്രിയെ ഇക്കാര്യത്തിൽ പ്രശംസിച്ചു. മാത്രമല്ല, മുസ്ലീം ലീഗിലെ എൻ.ഷംസുദ്ദീൻ അവതരിപ്പിച്ച രണ്ട് ഭേദഗതികൾ മുഖ്യമന്ത്രി അംഗീകരിക്കുകയും ചെയ്തു. 

വോട്ടറാവാനുള്ള 12 രേഖകളാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചട്ടുള്ളതെന്നും ഇതിൽ റേഷൻ കാർഡ് ഉൾപ്പെടുത്തിയിട്ടില്ലെന്നും പി.സി വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി. പക്ഷേ ഇക്കാര്യം പ്രമേയത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം മുഖ്യമന്ത്രി അംഗീകരിച്ചില്ല

Advertisment