ആശയവിനിമയമില്ല. അതൃപ്തിയിൽ എൻഎസ്എസ്. വിശ്വാസ സംരക്ഷണ കാര്യത്തിൽ യുഡിഎഫ് ആശയവിനിമയം നടത്തുന്നില്ല. അതൃപ്തി പ്രകടിപ്പിച്ച് സുകുമാരൻ നായർ. അയ്യപ്പസംഗമ ബഹിഷ്‌ക്കരണത്തിൽ കൂടിയാലോചന നടക്കാത്തതിൽ നീരസം. പരിഹരിക്കാൻ കൊണ്ടുപിടിച്ച ശ്രമവുമായി കോൺഗ്രസ്

ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുടെ കാലഘട്ടത്തിൽ വരെ ശബരിമലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ എൻ.എസ്.എസ് നേതൃത്വവുമായി ചർച്ച ചെയ്യുന്ന കീഴ്‌വഴക്കം കോൺഗ്രസിനുണ്ടായിരുന്നു.

New Update
g sukumaran nair nss
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: വിശ്വാസസംരക്ഷണ കാര്യത്തിൽ തങ്ങളോട് യു.ഡി.എഫ് ആശയവിനിമയം നടത്താത്തതിൽ എൻ.എസ്.എസ് നേതൃത്വത്തിന് അതൃപ്തി.

Advertisment

ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണ നൽകിയ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുമായി ആശയവിനിമയം നടത്താനെത്തിയ കോൺഗ്രസ് നേതാക്കളോടാണ് അദ്ദേഹം അതൃപ്തി പങ്കുവെച്ചതായുള്ള സൂചനകൾ പുറത്ത് വരുന്നത്. 


ദേവസ്വം ബോർഡ് സംഘടിപ്പിച്ച ആഗോള അയ്യപ്പസംഗമം ബഹിഷ്‌ക്കരിക്കാൻ കോൺഗ്രസും യു.ഡി.എഫും തീരുമാനിച്ചിരുന്നു. എന്നാൽ ഇക്കാര്യം എൻ.എസ്.എസുമായി ചർച്ച നടത്താത്തതിൽ ജനറൽ സെക്രട്ടറിക്ക് നീരസമുണ്ട്. 


ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുടെ കാലഘട്ടത്തിൽ വരെ ശബരിമലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ എൻ.എസ്.എസ് നേതൃത്വവുമായി ചർച്ച ചെയ്യുന്ന കീഴ്‌വഴക്കം കോൺഗ്രസിനുണ്ടായിരുന്നു. അത് പിന്നീട് ഉണ്ടായിട്ടില്ലെന്നതാണ് സുകുമാരൻ നായരുടെ നീരസത്തിന് കാരണമായിട്ടുള്ളതെന്ന സൂചനകളാണ് പുറത്തേക്ക് വരുന്നത്.

ramesh chennithala oommen chandy

ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോൾ യുവതീപ്രവേശന വിഷയത്തിൽ കോടതിയിൽ കൂട്ടിച്ചേർക്കപ്പെട്ട സത്യവാങ്മൂലം നൽകിയത് എൻ.എസ്.എസുമായി ആലോചിച്ചായിരുന്നു. അവരുടെ കൂടി അഭിപ്രായം കേട്ട ശേഷമായിരുന്നു അന്ന് നടപടി. 


പിന്നീട് സർക്കാർ അധികാരത്തിൽ നിന്ന് പോയ ശേഷം നടന്ന യുവതീപ്രവേശന വിഷയത്തിൽ കോൺഗ്രസ് പ്രതിപക്ഷത്തായിരുന്നു. സമരരീതിയെപ്പറ്റിയും എൻ.എസ്.എസുമായി ഉമ്മൻ ചാണ്ടിയും മറ്റുള്ളവരും സംഘടനാ നേതൃത്വവുമായി ആശയവിനിമയം നടത്തിയിരുന്നുവെന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്.


ഈ നിലയിലുള്ള ഒരു ആശയവിനിമയം നടത്താൻ നിലവിലെ നേതൃത്വത്തിന് കഴിയാതെ പോയതാണ് സുകുമാരൻ നായരെ ചൊടിപ്പിച്ചതിന് പിന്നിലെന്നും പറയപ്പെടുന്നു. ഇതിനിടെ എൻ.എസ്.എസ് ജനറൽ സെക്രട്ടറിയുമായി കൂടിക്കാഴ്ച്ച നടത്താൻ വിവിധ നേതാക്കളാണ് ചങ്ങനാശ്ശേരിയിലെ എൻ.എസ്.എസ് ആസ്ഥാനത്തെത്തിയത്.

മുൻ രാജ്യസഭാ ഡെപ്യൂട്ടി സ്പീക്കറും നിലവിൽ രാഷ്ട്രീയകാര്യസമിതിയംഗവും എൻ.എസ്.എസിന്റെ എക്കാലത്തെയും വിശ്വസ്തനുമായ പി.ജെ കുര്യൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ തുടങ്ങിയവരാണ് ഇതിനിടയിൽ നേതൃത്വത്തെ സന്ദനർശിച്ചത്. യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി, മറ്റ് നേതാക്കൾ, എം.എൽ.എമാർ തുടങ്ങിയവർ അദ്ദേഹത്തെ ഉടനെ കാണുമെന്നും സൂചനകളുണ്ട്.

Advertisment