നിയമസഭ പിടിക്കാൻ കോൺഗ്രസ്. ടീം കനഗോലുവുമായി എംഎൽഎമാരുടെ കൂടിക്കാഴ്ച്ച. മണ്ഡലത്തിൽ സജീവമാകണം. സാമൂഹ്യമാദ്ധ്യമങ്ങൾ പരമാവധി ഉപയോഗിക്കാനും നിർദ്ദേശം നൽകി കനഗോലു സംഘം

പത്ത് വർഷമായി സംസ്ഥാനത്ത് അധികാരത്തിൽ നിന്നും പുറത്തിരുന്ന കോൺഗ്രസ് സമഗ്രമായ തിരിച്ചുവരവിനാണ് തയ്യാറെടുക്കുന്നത്. മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കണമെന്നാണ് കനഗോലുവിന്റെ നിർദ്ദേശം. 

New Update
sunil kanugolu
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ സംസ്ഥാനത്ത് കോൺഗ്രസ് തയ്യാറെടുപ്പുകൾ തുടങ്ങി. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക വസതിയിൽ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ കനഗോലുവിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. 

Advertisment

മുഴുവൻ കോൺഗ്രസ് എം.എൽ.എമാരും പങ്കെടുത്ത യോഗത്തിൽ അതത് മണ്ഡലങ്ങളിൽ കൂടുതൽ സജീവമാകാൻ കനഗോലു ടീം നിർദ്ദേശം നൽകി. 

പത്ത് വർഷമായി സംസ്ഥാനത്ത് അധികാരത്തിൽ നിന്നും പുറത്തിരുന്ന കോൺഗ്രസ് സമഗ്രമായ തിരിച്ചുവരവിനാണ് തയ്യാറെടുക്കുന്നത്. മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കണമെന്നാണ് കനഗോലുവിന്റെ നിർദ്ദേശം. 


മണ്ഡലത്തിൽ എല്ലായിടത്തും ഓടിയെത്തണമെന്നും അഞ്ച് വർഷം ജനങ്ങളെ ചേർത്ത് പിടിച്ചതിനുമപ്പുറം അവരിലേക്ക് കൂടുതൽ ഇറങ്ങിച്ചെല്ലെണമെന്നുമാണ് കനഗോലു സംഘത്തിന്റെ ഉപദേശം. 


ഭരണത്തിന്റെ ആനുകൂല്യം മുതലെടുത്ത് ഇടത് എം.എൽ.എമാർ സ്വന്തം മണ്ഡലങ്ങളിൽ സജീവമാകാൻ തുടങ്ങിക്കഴിഞ്ഞിട്ടുണ്ടെന്നും വിലയിരുത്തപ്പെട്ടു.

ഇനി മുതൽ ഓരോ എം.എൽ.എയ്ക്കും പ്രത്യേകമായി ഓരോ ടീമംഗമുണ്ടാവും. ഇതിനായി ഓരോരുത്തർക്കും ചുമതല നൽകി കാര്യങ്ങൾ കൂടുതൽ ഊർജ്ജിതമാക്കി. 

മുമ്പ് നടന്ന വയനാട്, കോഴിക്കോട് ചിന്തൻ ശിബിരങ്ങളിലെടുത്ത തീരുമാനങ്ങളുടെ നടപ്പാക്കൽ എങ്ങുമെത്തിയിട്ടില്ല.


ഏറ്റവും അവസാനം നിയമസഭാ തിരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജമാക്കാൻ കോഴിക്കോട് നടന്ന ചിന്തൻ ശിബിരത്തിന് ശേഷം 26 തീരുമാനങ്ങളാണ് അന്നത്തെ കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ പ്രഖ്യാപിച്ചത്. ഇതിൽ ഒരെണ്ണം പോലും നടപ്പായിട്ടുണ്ടോ എന്നതും സംശയമാണ്.


സംഘടനയുടെ പ്രഖ്യാപിത നയങ്ങളും എതിരാളികളുടെ ശക്തിയുമടക്കം പ്രവർത്തകരെ പഠിപ്പിക്കാൻ പരിശീലന ക്ലാസുകൾ ആരംഭിക്കുമെന്നും ഇതിനായി പ്രത്യേക സിലബസ് തയ്യാറാക്കി കെപിസിസി, ഡിസിസി തലത്തിൽ ട്രെയിനിങ് ഡിപ്പാർട്ട്‌മെന്റുകൾ തുറക്കും. എല്ലാ പാർട്ടി പ്രവർത്തകർക്കും പരിശീലനം നിർബന്ധമാക്കുമെന്നും പറഞ്ഞിരുന്നു. ഇതൊന്നും നടപ്പായിട്ടില്ല.

മുഴുവന്‍ പ്രഖ്യാപനങ്ങളും ചുവടെ:

1. തുടർഭരണം കേരളത്തിനു സർവനാശം ഉണ്ടാക്കി, സംസ്ഥാനത്തിനും ജനതയ്ക്കും ഉണ്ടാക്കിയ പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങൾ കോൺഗ്രസും യുഡിഎഫും ഏറ്റെടുക്കും.

2. യുഡിഎഫിന്റെ ജനകീയ അടിത്തറ വിപുലപ്പെടുത്തും.

3. ഇടതുപക്ഷ ആശയങ്ങളും പരിപാടികളുമുള്ള സംഘടനകൾക്ക് ഇന്ന് കേരളത്തിലെ തീവ്രവലതുപക്ഷ നയങ്ങൾ പിന്തുടരുന്ന മുന്നണിയിൽ അധികകാലം നിൽക്കാനാകില്ല. സ്വത്വം നഷ്ടപ്പെടുത്തി അധികാരപങ്കാളിത്തം എന്ന ഏക അജണ്ടയിൽ അജണ്ടയിൽ തൃപ്തരാകാത്ത കക്ഷികൾ കേരളത്തിലുണ്ട്. അവർക്ക് മുന്നണിവിട്ടു വരേണ്ടിവരും. യുഡിഎഫ് അവരെ സ്വാഗതം ചെയ്യും.

4. കേരളത്തിൽ കെഎസ്ആർടിസി അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ അടച്ചുപൂട്ടൽ ഭീഷണി നേരിടുകയാണ്. ഉയർന്നുവരുന്ന തൊഴിലാളി സമരങ്ങളെ കെപിസിസി പിന്തുണയ്ക്കും.

5. സംഘപരിവാറിന്റെയും സിപിഎമ്മിന്റെയും വിനാശകരമായ നയങ്ങളെ ആശയപരമായി പ്രതിരോധിക്കണം.

6. കാര്യക്ഷമമായ സംഘടനയായി കോൺഗ്രസിനെ വളർത്തിയെടുക്കാൻ സാധിക്കണം.

7. കെപിസിസി മുതൽ ബൂത്ത് കമ്മിറ്റികളിൽ വരെ പുനസംഘടന പൂർത്തിയാക്കും.

8. പാർട്ടി ഭാരവാഹികളുടെ എണ്ണം പുനക്രമീകരക്കും.

9. ഒന്നിലേറെ മണ്ഡലം കമ്മിറ്റിക്കുള്ള പഞ്ചായത്ത്, മുനിസിപ്പൽ പ്രദേശങ്ങളിൽ പ്രവർത്തനം വിലയിരുത്തി ആവശ്യമെങ്കിൽ പുനക്രമീകരണം നടത്തും.

10. കെപിസിസി രാഷ്ട്രീയകാര്യ സമിതി മാതൃകയിൽ ജില്ലാ, നിയോജക മണ്ഡല തലങ്ങളിൽ സമിതികൾ രൂപീകരിക്കും.

11. പാർട്ടി അച്ചടക്കം ഉറപ്പുവരുത്തുന്നതിന് ജില്ലാ തലങ്ങളിൽ സംവിധാനം.

12. എല്ലാ പാർട്ടി പ്രവർത്തകർക്കും പരിശീലനം നിർബന്ധമാക്കും. ഇതിനായി വിപുലമായ ട്രെയിനിങ് ഡിപ്പാർട്ട്‌മെന്റുകൾ കെപിസിസി, ഡിസിസി തലത്തിൽ തുറക്കും. ഇതിനായി പ്രത്യേക സിലബസ് തയ്യാറാക്കും.

13. യുവാക്കൾക്കും വനിതകൾക്കും പിന്നാക്ക വിഭാഗങ്ങൾക്കും എല്ലാ തലത്തിലും പ്രാതിനിധ്യം ഉറപ്പാക്കും.

14. ഒഐസിസിയെ പുനരാവിഷ്‌കരിക്കും. എല്ലാ വിദേശരാജ്യങ്ങളിലെയും കമ്മറ്റികൾ അംഗത്വ വിതരണം നടത്തി സമയബന്ധിതമായി പുനസംഘടിപ്പിക്കാൻ നടപടി സ്വീകരിക്കും.

16. പാർട്ടി പ്രക്ഷോഭങ്ങൾ കാലാനുസൃതായി പരിഷ്‌കരിക്കും. പ്രാകൃത സമരരീതികൾ മാറ്റണം. എല്ലാ പാർട്ടി അംഗങ്ങളും പ്രക്ഷോഭങ്ങളുടെ ഭാഗമാകണം.

17. കെപിസിസികളിലും ഡിസിസികളിലും ഇലക്ഷൻ ഡിപ്പാർട്ട്‌മെന്റുകൾ ആരംഭിക്കും.

18. എല്ലാതലങ്ങളിലുമുള്ള പാർട്ടി കമ്മിറ്റികൾക്കും ഭാരവാഹികൾക്കും അസൈൻമെന്റുകൾ നൽകുന്നതിനും പ്രവർത്തനം വിലയിരുത്തുന്നതിനും കെപിസിസിയിൽ പ്രത്യേക സംവിധാനം ഉണ്ടാകും.

19. ബൂത്ത് തലത്തിൽ ഫുൾ ടൈം പ്രവർത്തകരെ കണ്ടെത്തി പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കും.

20. കെപിസിസിയുടെ സാഹിനി തീയറ്റേഴ്‌സ് പ്രവർത്തനം പുനരാരംഭിക്കും.

21. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പരിഗണന നൽകണം.

22. ബൂത്ത് തലം മാത്രമല്ല, സിഒസി വരെ സംഘടനാ സംവിധാനം ശക്തമാക്കാനുള്ള ശ്രമകരമായ ദൗത്യത്തിനാണ് അടുത്ത ആറുമാസം തെരഞ്ഞെടുത്തിരിക്കുന്നത്.

23. കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരെ പൊളിറ്റിക്കലാക്കും. സംഘടനയുടെ പ്രഖ്യാപിത നയങ്ങളെ കുറിച്ചും എതിരാളികളുടെ ശക്തിയെ കുറിച്ചും പ്രവർത്തകർ അറിയണം. ഇതിനായി നിരന്തര പരിശീലനം നടത്തണം. ജനാധിപത്യത്തിലും ഭരണഘടനാമൂല്യങ്ങളിലും വിശ്വാസമുള്ള മതേതര നിലപാടുകൾ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ പ്രവർത്തകരായി അവരെയെല്ലാം മാറ്റിയെടുക്കണം.

24. കാലാവസ്ഥാ വ്യതിയാനത്തിന്റെ അപകടകരമായ നാളുകളിൽ പ്രകൃതിയെ പ്രണയിക്കുകയും അതിനെ സംരക്ഷിക്കാൻ ഏതറ്റം വരെ പോകുകയും ചെയ്യാൻ തയ്യാറാകണം.

25. ഉറച്ച സ്ത്രീപക്ഷ നിലപാടുകളാകണം കോൺഗ്രസിന്റെ നിലപാടുകൾ.

26. പട്ടികജാതി, പട്ടികവർഗത്തിൽ പെട്ടവരെയും മത്സ്യത്തൊഴിലാളികളെയും കർഷകരെയും പാർശ്വവത്കരിക്കപ്പെട്ട എല്ലാവരെയും ഹൃദയത്തോടു ചേർത്തുനിർത്തണം.

Advertisment