അനാവശ്യ സമരങ്ങളിൽ നിന്ന് പിന്മാറി ചർച്ചയുടെ വഴിയിലേക്ക് വരണം. വെല്ലുവിളികളുടെയും സമരങ്ങളുടെയും പാതയല്ല നമുക്ക് വേണ്ടത്. ചർച്ചകളിലൂടെ കൂട്ടായി പ്രശ്നങ്ങൾ പരിഹരിക്കാം. എയ്ഡഡ് സ്കൂൾ നിയമന പ്രശ്നത്തിൽ ക്രിസ്ത്യൻ സഭകളെ അനുനയിപ്പിക്കാൻ സര്‍ക്കാർ. തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ സഭകളെ പിണക്കുന്നതിലെ അപകടം മണത്ത് സർക്കാർ

ഈ വിഷയവുമായി ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും ചർച്ച നടത്താൻ സർക്കാർ തയ്യാറാണ്. അനാവശ്യ സമരങ്ങളിൽ നിന്ന് പിന്മാറി ചർച്ചയുടെ വഴിയിലേക്ക് വരണമെന്ന് ബന്ധപ്പെട്ടവരോട് അഭ്യർത്ഥിക്കുന്നു - ശിവൻകുട്ടി പറഞ്ഞു.

New Update
v sivankutty
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: ക്രിസ്ത്യൻ മാനേജ്മെൻ്റുകൾ ഭിന്നശേഷി നിയമനത്തിൽ ഇടഞ്ഞതോടെ സമവായത്തിൻ്റെ പാത തുറന്ന് സര്ക്കാർ. ഭിന്നശേഷി നിയമനത്തിൽ എൻ. എസ്.എസ് കേസിലെ സുപ്രീം കോടതി വിധി എൻ.എസ്.എസ്സിന് മാത്രം ബാധകമാണെന്നാണ് സര്ക്കാർ നിലപാട്. 

Advertisment

ഇക്കാര്യത്തിൽ മന്ത്രി ശിവൻകുട്ടി ക്രിസ്ത്യൻ എയ്ഡഡ് മാനേജ്മെൻ്റുകൾക്ക് എതിരായി ചില പരാമർശങ്ങൾ നടത്തിയതാണ് ക്രിസ്ത്യൻ മാനേജ്‌മെൻ്റുകളെ ചൊടിപ്പിച്ചത്. 


മന്ത്രിക്ക് എതിരെ ദീപിക മുഖപ്രസംഗം പോലും എഴുതി. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ വരാനിരിക്കെ ക്രിസ്ത്യൻ സഭകളെ പിണക്കുന്നത് പന്തിയല്ലെന്ന് കണ്ടാണ് ചർച്ചകൾക്ക് മന്ത്രിയുടെ ശ്രമം. 

എയിഡഡ് സ്കൂൾ നിയമനങ്ങളുമായി ബന്ധപ്പെട്ട് ചില മാനേജ്മെന്റുകൾ ഉയർത്തുന്ന പ്രതിഷേധങ്ങളും സമരങ്ങളും സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. 

ഈ വിഷയത്തിൽ സർക്കാരിന്റെ നിലപാട് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു എന്ന ആമുഖത്തോടെയാണ് മഞ്ഞുരുക്കാനുള്ള മന്ത്രി ശിവൻകുട്ടിയുടെ പ്രസ്താവന.


കേരളത്തിലെ എല്ലാ എയിഡഡ് സ്കൂൾ മാനേജ്മെന്റുകളും 1958-ലെ കേരള വിദ്യാഭ്യാസ ആക്ടും 1959-ലെ കേരള വിദ്യാഭ്യാസ ചട്ടങ്ങളും അനുസരിച്ച് പ്രവർത്തിക്കാൻ നിയമപരമായി ബാധ്യസ്ഥരാണ്. 


ഈ നിയമവ്യവസ്ഥയെ മറികടക്കാൻ ആർക്കും സാധ്യമല്ല. സർക്കാരിന്റെ എല്ലാ നടപടികളും ഈ നിയമങ്ങളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തിൽ മാത്രമുള്ളതാണ്.

എയിഡഡ് സ്കൂളുകളിൽ അധ്യാപകരെയും ജീവനക്കാരെയും നിയമിക്കാനുള്ള അധികാരം മാനേജ്മെന്റുകൾക്കാണ്. സർക്കാർ ആ നിയമനങ്ങൾക്ക് അംഗീകാരം നൽകുക മാത്രമാണ് ചെയ്യുന്നത്. 

അതിനാൽ, നിയമനങ്ങളുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് കോടതിയെ സമീപിക്കേണ്ടത് മാനേജ്മെന്റുകൾ തന്നെയാണ്. സർക്കാരിന്റെ മേൽ പഴിചാരി രക്ഷപ്പെടാൻ ശ്രമിക്കുന്നത് ശരിയായ നടപടിയല്ല.


ഭിന്നശേഷിക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട് 2021-ൽ ഹൈക്കോടതിയിൽ ഒരു കേസ് നിലവിൽ വന്നിരുന്നു. അന്നുമുതൽ 2025 വരെ ഈ വിഷയത്തിൽ ക്രിയാത്മകമായ നടപടികൾ സ്വീകരിക്കുന്നതിൽ മാനേജ്മെന്റുകൾ എന്ത് ചെയ്തു എന്ന് വ്യക്തമാക്കണം.


നാലുവർഷത്തോളം ഒരു നടപടിയും സ്വീകരിക്കാതെ, ഇപ്പോൾ സർക്കാരിനെ കുറ്റപ്പെടുത്തുന്നത് വസ്തുതകളെ മറച്ചുവെക്കാനാണ്.

കോടതി വിധികളെയും സംസ്ഥാനത്തിന്റെ അഡ്വക്കേറ്റ് ജനറൽ നൽകിയ നിയമോപദേശങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് ഈ വിഷയത്തിന് രാഷ്ട്രീയ നിറം നൽകാനുള്ള ശ്രമം വിലപ്പോവില്ല. 

അവസരം കിട്ടുമ്പോഴൊക്കെ എൽ.ഡി.എഫ് സർക്കാരിനെതിരെ സ്ഥാനത്തും അസ്ഥാനത്തും പ്രതിഷേധിക്കുന്നവർ തന്നെയാണ് ഇപ്പോഴത്തെ പ്രതിഷേധങ്ങൾക്ക് പിന്നിലും എന്ന് സർക്കാർ തിരിച്ചറിയുന്നുണ്ട്.


വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും താൽപര്യങ്ങൾ സംരക്ഷിക്കാൻ ഈ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അതോടൊപ്പം സ്വകാര്യ മാനേജ്മെന്റുകളുടെ നിയമപരമായ അവകാശങ്ങളെയും സർക്കാർ മാനിക്കുന്നു. 


എന്നാൽ, നിയമം ലംഘിക്കാനുള്ള ഒരു നീക്കത്തെയും അംഗീകരിക്കാൻ കഴിയില്ല. വെല്ലുവിളികളുടെയും സമരങ്ങളുടെയും പാതയല്ല നമുക്ക് വേണ്ടത്. ചർച്ചകളിലൂടെ കൂട്ടായി പ്രശ്നങ്ങൾ പരിഹരിക്കുകയാണ് ജനാധിപത്യപരമായ രീതി. 

ഈ വിഷയവുമായി ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും ചർച്ച നടത്താൻ സർക്കാർ തയ്യാറാണ്. അനാവശ്യ സമരങ്ങളിൽ നിന്ന് പിന്മാറി ചർച്ചയുടെ വഴിയിലേക്ക് വരണമെന്ന് ബന്ധപ്പെട്ടവരോട് അഭ്യർത്ഥിക്കുന്നു - ശിവൻകുട്ടി പറഞ്ഞു.


എയ്ഡഡ് സ്കൂൾ നിയമനങ്ങളിലെ ഭിന്നശേഷി സംവരണത്തിലെ സുപ്രീംകോടതി ഉത്തരവ് എൻ.എസ്.എസിന്റെ സ്കൂളുകൾക്ക് മാത്രം ബാധകമാണെന്ന നിയമോപദേശമാണ് അഡ്വക്കേറ്റ് ജനറൽ സർക്കാരിന് നൽകിയിട്ടുള്ളതെന്ന് മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞിരുന്നു. 


മറ്റ് മാനേജ്മെന്റുകൾക്കും ഇത് ബാധകമാണോയെന്ന് വ്യക്തത വരുത്താൻ വീണ്ടും നിയമോപദേശം തേടും. സുപ്രീംകോടതി വിധി അനുസരിച്ചു ഭിന്നശേഷി സംവരണം പാലിച്ച് നിയമനം സമയബന്ധിതമായി നടത്താൻ ജില്ലാതല സമിതി രൂപീകരിച്ചു. 

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്ന് ഭിന്നശേഷി വിഭാഗത്തിലെ ഉദ്യോഗാർഥികളുടെ പട്ടിക ലഭ്യമാക്കി. ജില്ലാതല സമിതി മുഖേനയുള്ള ആദ്യത്തെ നിയമനം ഒക്ടോബർ 25നകം പൂത്തിയാക്കും. ജില്ലാതല സമിതി വഴി നിയമനം വർഷത്തിൽ രണ്ടു തവണ നടത്തും. 


എയ്ഡഡ് മേഖലയിൽ 2016മുതൽ ഇതുവരെ 1,12,650 അദ്ധ്യാപക, അനദ്ധ്യാപക നിയമനങ്ങൾ നടത്തി. 36318 സ്ഥിരം തസ്തിക അനുവദിച്ചു. 2021-25ൽ നടത്തിയ 60500 നിയമനങ്ങളിൽ 1503 ഭിന്നശേഷി വിഭാഗത്തിലാണ്. 


55 നിയമനങ്ങൾ ഉടൻ നടത്തും. 1300ലേറെ ഒഴിവ് ജില്ലാ സമിതികളിലേക്ക് റിപ്പോർട്ട് ചെയ്തു. പരാതികൾ പരിഹരിക്കാൻ നവംബർ പത്തിനകം അദാലത്ത് നടത്തുമെന്നും മന്ത്രി വ്യക്തമാക്കിയത്.

Advertisment