/sathyam/media/media_files/2025/10/02/wayanad-township-2025-10-02-16-01-03.jpg)
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് ജനുവരിയിൽ തന്നെ ചൂരൽമല, മുണ്ടക്കൈ പുനരധിവാസം അതിവേഗത്തിൽ പൂർത്തിയാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
ദുരന്തമുണ്ടായി ഒരു വർഷത്തോളമെടുത്താണ് പുനരധിവാസം തുടങ്ങിയതെങ്കിലും നടപടികൾ അതിവേഗം പൂർത്തിയാക്കി തിരഞ്ഞെടുപ്പിലെ മുഖ്യ പ്രചാരണ വിഷയമാക്കാനാണ് നീക്കം.
രാജ്യത്തെ നടുക്കിയ ദുരന്തത്തിൽ സർവതും നഷ്ടമായവർക്ക് സർക്കാർ താങ്ങും തണലുമായി നിന്ന് പുനരധിവാസമൊരുക്കിയെന്ന പ്രചാരണ വിഷയം തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് ഗുണകരമാവുമെന്നാണ് വിലയിരുത്തൽ.
മാർച്ചിൽ നിയമസഭാ തിരഞ്ഞെടുപ്പിന് വിജ്ഞാപനം വരും. അതിനു മുൻപ് ടൗൺഷിപ്പ് ഉദ്ഘാടനം ചെയ്യാനാണ് നീക്കം. നിർമ്മാണ കരാറെടുത്ത ഊരാളുങ്കൽ സൊസൈറ്റി ധൃതഗതിയിൽ നിർമ്മാണം മുന്നോട്ടുകൊണ്ടുപോവുകയാണ്. അവർക്ക് മുൻകൂറായി സർക്കാർ പണം നൽകുന്നുണ്ട്.
പുനരധിവാസത്തിനായി ടൗൺഷിപ്പ് നിർമ്മിക്കുന്നതിനായി എൽസ്റ്റോൺ എസ്റ്റേറ്റിൽ നിന്ന് 64.4705 ഹെക്ടർ ഏറ്റെടുത്താണ് നിർമ്മാണം. മൂന്ന് ഘട്ടങ്ങളായി ജില്ലാ ദുരന്തനിവാരണ അതോറിട്ടി 402 ഗുണഭോക്താക്കളുടെ പുനരധിവാസ ലിസ്റ്റ് തയ്യാറാക്കി.
അപ്പീൽ അപേക്ഷകൾ കൂടി പരിഗണിച്ച് 49 പേരെ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. 295 ഗുണഭോക്താക്കൾ വീടിന് സമ്മതപത്രം നൽകിയിട്ടുണ്ട്. പുനരധിവാസ പ്രവർത്തനങ്ങൾക്കായി 260.56 കോടി രൂപയുടെ തുടർ സഹായധനം കേന്ദ്രസർക്കാർ ഇന്നലെ അനുവദിച്ചിരുന്നു.
പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ 2262 കോടി രൂപയുടെ മെമ്മോറാണ്ടം സമർപ്പിച്ചിരുന്നു. 526 കോടി രൂപയാണ് ഇതുവരെ കേന്ദ്രത്തിൽ നിന്ന് ലഭിച്ചതെന്നും ഇത് സംസ്ഥാനം ആവശ്യപ്പെട്ട സഹായമല്ല മറിച്ച് വായ്പയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
പുനരധിവാസത്തിനുള്ള ടൗൺഷിപ്പിൽ 351.48 കോടിയുടെ പദ്ധതിക്കാണ് മന്ത്രിസഭായോഗം ഭരണാനുമതി നൽകിയിട്ടുള്ളത്. കൽപ്പറ്റ എൽസ്റ്രോൺ എസ്റ്റേറ്റിലാണ് ടൗൺഷിപ്പ്.
കിഫ്‌കോൺ സാങ്കേതിക അനുമതി നൽകണമെന്ന നിബന്ധനയോടെയാണ് ഭരണാനുമതി നൽകിയത്. 402 കുടുംബങ്ങളെയാണ് പുനരധിവസിപ്പിക്കേണ്ടത്. ഒരു കുടുംബത്തിന് ഏഴു സെന്റ് സ്ഥലത്ത് 1000 ചതുരശ്ര അടി വിസ്തീർണമുള്ള വീടാണ് നിർമ്മിച്ചു നൽകുന്നത്.
വീട് നിർമ്മാണത്തിന് സ്‌പോൺസർമാരുണ്ട്. ടൗൺഷിപ്പിലേക്കുള്ള റോഡ്, പാലം, വൈദ്യുതി, കുടിവെള്ളം, ആരോഗ്യ കേന്ദ്രം, വിദ്യാലയം, മാർക്കറ്റ്, കമ്മ്യൂണിറ്റി ഹാൾ അടക്കമുള്ളവയുടെ നിർമ്മാണത്തിനാണ് 351.48കോടിയുടെ പദ്ധതി.
ഉരുൾ ദുരന്തബാധിതരായ ആദിവാസി കുടുംബങ്ങൾക്കായി കണ്ടെത്തിയ ഭൂമിക്ക് അവകാശരേഖ നൽകാനും തീരുമാനിച്ചിട്ടുണ്ട്. 5 ഹെക്ടർ ഭൂമിക്കാണ് അവകാശ രേഖ അനുവദിക്കുക.
മുണ്ടക്കൈ പുനരധിവാസ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള പുഞ്ചിരിമട്ടം ഉന്നതിയിലെ 5 കുടുംബങ്ങളെയും, പുതിയ വില്ലേജ് ഉന്നതിയിലെ 3 കുടുംബങ്ങളെയും വയനാട് ടൗൺഷിപ്പ് പ്രോജക്ട് മാതൃകയിലുള്ള വീടുകൾ നിർമ്മിച്ച് പുനരധിവസിപ്പിക്കും.
നിലവിൽ പുനരധിവാസ പട്ടികയിൽ ഉൾപ്പെടാത്ത എറാട്ടുകണ്ടം ഉന്നതിയിലെ 5 കുടുംബങ്ങളെ മുണ്ടക്കൈ ലിസ്റ്റിൽ ഉൾപ്പെടുത്തും. ഇവർക്ക് 10 സെന്റ് വീതം ഭൂമിയും വീടും അനുവദിക്കും.
298 പേരുടെ ജീവനും അവിടെ ബാക്കിയായവരുടെ ജീവിതവുമാണ് ഉരുൾപൊട്ടൽ ദുരന്തം കവർന്നത്. ഭൂവുടമകൾ കോടതി കയറിയത് ടൗൺഷിപ് ഭൂമി ഏറ്റെടുക്കുന്നതിനു കാലതാമസമുണ്ടാക്കി.
70 ദിവസത്തിനുള്ളിൽ മാതൃകാവീട് പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും ഒരു വർഷം തികയുന്നതിന്റെ തലേന്നാളാണ് പൂർത്തിയായത്.
ടൗൺഷിപ് ഗുണഭോക്താക്കളുടെ അന്തിമപട്ടികയും ഏറെ വൈകി. ദുരന്തഭൂമിയെ വാസയോഗ്യം, വാസയോഗ്യമല്ലാത്തത് എന്നു തരംതിരിച്ചതോടെ പല ദുരന്തബാധിതരും ടൗൺഷിപ് പദ്ധതിക്കു പുറത്തായി.
ദുരന്തബാധിതരെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 772.11 കോടി രൂപ സംഭാവനയായി ലഭിച്ചിട്ടും ഒരുവർഷം വരെ ചെലവഴിച്ചത് 108.19 കോടി മാത്രമാണ്.
ഉരുൾപൊട്ടലിൽ കൃഷിഭൂമി നഷ്ടപ്പെട്ടവർക്കുള്ള നഷ്ടപരിഹാരം അകലെയാണ്. വ്യാപാരമേഖലയിലുണ്ടായ കോടികളുടെ നഷ്ടം പരിഹരിച്ചിട്ടില്ല.
ടൗൺഷിപ്പ് നിർമ്മാണം അതിവേഗത്തിൽ പൂർത്തിയാക്കാൻ കരാറെടുത്ത ഊരാളുങ്കൽ സൊസൈറ്റിക്കു മൊബിലൈസേഷൻ അഡ്വാൻസായി കോടികളാണ് നൽകുന്നത്.
ആദ്യം അനുവദിച്ച 20കോടിക്ക് പുറമെ 39.8 കോടി രൂപ അടുത്തിടെ നൽകി. 299 കോടിയുടെ ടൗൺഷിപ് പദ്ധതിയിൽ 59.8 കോടി രൂപ ഊരാളുങ്കലിനു മുൻകൂറായി ലഭിക്കും.
പ്രോജക്ട് മാനേജ്മെന്റ് കൺസൽറ്റൻസി ഇല്ലാതെ നേരിട്ടു നിർമാണപ്രവൃത്തി ഏറ്റെടുക്കുന്ന അക്രഡിറ്റഡ് ഏജൻസികൾക്കു പദ്ധതിത്തുകയുടെ 20% അഡ്വാൻസായി നൽകാമെന്ന ധനകാര്യവകുപ്പിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മുൻകൂറായി പണം നൽകുന്നത്.
ടൗൺഷിപ്പിൽ നിർമ്മിക്കുന്ന 410 വീടുകളിൽ പത്തോളം വീടുകളുടെ കോൺക്രീറ്റ് പൂർത്തിയായിട്ടുണ്ട്. 100 വീടുകളുടെ തറ നിർമ്മിക്കുകയാണ്. മാർച്ച് 27നാണു ടൗൺഷിപ് നിർമ്മാണത്തിനു തറക്കല്ലിട്ടത്.