/sathyam/media/media_files/2025/10/02/mb-rajesh-beverages-2025-10-02-17-26-12.jpg)
തിരുവനന്തപുരം: ഓരോ ഓണക്കാലത്തും പുതിയ റെക്കോർഡുകളിട്ട് മദ്യവിൽപ്പന സംസ്ഥാനത്ത് കുതിച്ചുയരുമ്പോഴും മദ്യവില്പനയിൽ കുറവുണ്ടായെന്നാണ് സർക്കാർ വാദം.
മദ്യാസക്തി കുറയ്ക്കാനുള്ള വിമുക്തി മിഷൻ നിലവിൽവന്നതിന് ശേഷമാണ് ഈ കുറവ് പ്രകടമാവുന്നതെന്നാണ് സർക്കാർ വിശദീകരിക്കുന്നത്.
2011 - 12ൽ 339.6 ലക്ഷം കെയ്സ് മദ്യം വിറ്റപ്പോൾ 2024 - 25ൽ 330.7 ലക്ഷം കെയ്സ് മാത്രമാണ് വിറ്റത്. 2015 - 16ലാണ് ഏറ്റവും കൂടുതൽ കെയ്സ് മദ്യം വിറ്റത് - 355.95 ലക്ഷം. അതാണ് 339.6 ലക്ഷമായി കുറഞ്ഞതെന്ന് മന്ത്രി എം.ബി.രാജേഷ് വിശദീകരിക്കുന്നു.
എന്നാൽ ഇക്കെല്ലത്തെ ഓണക്കാലത്ത് മാത്രം മദ്യവിൽപ്പന 842.07 കോടി രൂപയിലെത്തി. കഴിഞ്ഞ വർഷം ഓണം വിൽപ്പന 776 കോടിയായിരുന്നു. കഴിഞ്ഞ വർഷം 126 കോടി രൂപയായിരുന്ന ഉത്രാടം വിൽപ്പന 137 കോടി രൂപയായി.
സംസ്ഥാനത്തെ ആറ് കടകൾ ഒരു കോടിയിലധികം വരുമാനം നേടി. 67 ലക്ഷം രൂപയുടെ പ്രീമിയം ഇനങ്ങളാണ് സൂപ്പർ പ്രീമിയം ഷോപ്പുകൾ വിറ്റഴിച്ചത്.
കൊല്ലത്തെ കരുനാഗപ്പള്ളിയിൽ 1.46കോടി, ആശ്രാമത്ത് 1.24കോടി, എടപ്പാളിൽ 1.11കോടി മദ്യം വിറ്റുപോയി. ചാലക്കുടിയും (107.39) ഇരിഞ്ഞാലക്കുടയും (102.97) ഇത്തവണ യഥാക്രമം തൊട്ടു പിന്നിലാണ്. കൊല്ലം ജില്ലയിലെ തന്നെ കുണ്ടറ ഷോപ്പാണ് (100.110 ഒരു കോടി പിന്നിട്ട ആറാമത്തെ ഷോപ്പ്.
ഏപ്രിൽ ഒന്നു മുതൽ സെപ്തംബർ നാലുവരെ 8962.97 കോടി രൂപയുടെ മദ്യം വിറ്റഴിച്ചെന്നാണ് കണക്ക്. സർക്കാരിന് നികുതിയിനത്തിൽ ലഭിച്ചത് 7892.17 കോടി.
കഴിഞ്ഞവർഷം ഇക്കാലയളവിലെ വിൽപ്പന 8267.74 കോടിയായിരുന്നു. നികുതിയിനത്തിൽ ഖജനാവിലെത്തിയത് 7252.96 കോടിയും. ഓണക്കാലത്തെ 12 ദിവസത്തിലെ കച്ചവടം 920.74 കോടിയാണ്. ഇതാണ് യാഥാർത്ഥ്യമെന്നിരിക്കെയാണ് മദ്യവിൽപ്പന കുറയുകയാണെന്ന സർക്കാരിന്റെ അവകാശവാദം.
സംസ്ഥാനത്ത് 309 ബെവ്‌കോ ഔട്ട്ലെറ്റുകളാണുള്ളത്. എന്നാൽ തമിഴ്നാട്ടിൽ മദ്യശാലകൾ ഇതിന്റെ 10 ഇരട്ടിയും കർണാടകയിൽ 15 ഇരട്ടിയുമാണുള്ളത്.
ബെവ്കോയ്ക്ക് സംസ്ഥാനത്ത് 278 ഔട്ട്ലെറ്റുകളും 155 സെൽഫ് സർവീസ് ഔട്ട്ലെറ്റുകളുമാണ് ഉള്ളത്. ബെവ്‌കോയുടെ റെക്കോഡ് വില്‍പ്പനയും അധിക വരുമാനവും കണക്കിലെടുത്ത് ഇക്കൊല്ലം ജീവനക്കാർക്ക് 1,02,500 രൂപയാണ് ഓണം ബോണസ് നൽകിയത്.
കഴിഞ്ഞവർഷം 95,000 രൂപയായിരുന്നു. അതിന് മുമ്പത്തെ വർഷം 90,000 രൂപയായിരുന്നു. മദ്യവിൽപ്പനയും അതേത്തുടർന്നുള്ള ലാഭവും കുത്തനേ കൂടുകയാണെന്ന് ഇതിൽ നിന്നുതന്നെ വ്യക്തമാണ്.
ഓണക്കാലത്ത് മാത്രമല്ല പുതുവത്സരാഘോഷത്തിലും മദ്യവിൽപ്പന ഒട്ടും കുറവല്ല. കഴിഞ്ഞ പുതുവർഷാഘോഷത്തിന് 108 കോടിയുടെ മദ്യമാണ് വിറ്റത്. എറണാകുളത്തായിരുന്നു ഏറ്റവും വിൽപ്പന.
ക്രിസ്മസ് - പുതുവത്സര സീസണിൽ 715.05 കോടിയുടെ മദ്യമാണ് വിൽപ്പന നടത്തിയത്. മുൻ വർഷത്തേക്കാൾ 2.28 കോടിയുടെ വർദ്ധനവാണ് ഇക്കൊല്ലമുണ്ടായത്.
ഓൺലൈൻ മദ്യവിൽപ്പന നടപ്പിലാക്കി 500 കോടിയുടെ അധിക വരുമാനമുണ്ടാക്കാനുള്ള ബെവ്കോ എം.ഡിയുടെ ശുപാർശ സർക്കാരിന്റെ പരിഗണനയിലാണ്.
ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ റസ്‌റ്റോറന്റുകളിൽ ടാപ്പിലൂടെ ഇൻസ്റ്റന്റ് ബിയർ കൊടുക്കാനുള്ള പദ്ധതിയും അണിയറയിലുണ്ട്. ചെറിയ ബ്രൂവെറികളിൽ തത്സമയ ബിയർ നിർമിക്കാൻ അനുവദിക്കണമെന്നും ബെവ്കോ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളത്തിൽ ആവശ്യത്തിന് മദ്യശാലകൾ ഇല്ല. ഓൺലൈൻ മദ്യവിൽപ്പനയെന്ന ആശയം നടപ്പിലായാൽ 500 കോടി അധിക വരുമാനം ലഭിക്കും. 283 മദ്യഷോപ്പുകൾ മാത്രമാണ് കേരളത്തിലുള്ളത്. കർണാടകയിലും തമിഴ്നാട്ടിലും 5000ൽപരം ഷോപ്പുകളാണുളളത്. അതുകൊണ്ടാണ് കേരളത്തിൽ മദ്യശാലകൾക്ക് മുന്നിൽ തിരക്ക് ഉണ്ടാകുന്നത്.
യുകെയിലാണ് കേരളത്തെക്കാൾ മദ്യ ലഭ്യതയുള്ളത്. പക്ഷേ അവിടത്തെ ക്രൈം റേറ്റ് കുറവാണ്. മദ്യപാനമാണ് ക്രൈമിന് കാരണമെന്ന് പൂർണമായും പറയാനാകില്ല - ഇതാണ് ബിവറേജസ് കോർപറേഷന്റെ വാദം.