പുന:സംഘടനയിൽ അന്തിമപട്ടിക ഹൈക്കമാന്‍റിന് നൽകി കെപിസിസി. 48 ജനറൽ സെക്രട്ടറിമാരും 9 ഉപാധ്യക്ഷൻമാരും ട്രഷററും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചന. കെപിസിസി സെക്രട്ടറി, ഡിസിസി അദ്ധ്യക്ഷന്‍മാർ എന്നിവർ പട്ടികയിലില്ല. അപസ്വരങ്ങളില്ലാതാക്കാൻ എഐസിസിയുടെ നീക്കം

ജനറൽ സെക്രട്ടറിമാരും വൈസ് പ്രസിഡന്റുമാരും ട്രഷററുമുൾപ്പെടെ 58 പേരുടെ പട്ടിക നിലവിൽ സമർപ്പിക്കുമ്പോൾ ഡി.സി.സി അദ്ധ്യക്ഷൻമാരുടെ മാറ്റവും കെ.പി.സി.സി സെക്രട്ടറിമാരുടെ നിയമനവും അനിശ്ചിതാവസ്ഥയിലാണ്. 

New Update
congress re organization
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: കോൺഗ്രസ് പുന:സംഘടനയിൽ നിർണ്ണായക നീക്കവുമായി കെ.പി.സി.സി. 48 ജനറൽ സെക്രട്ടറിമാരും 9 ഉപാധ്യക്ഷൻമാരും ട്രഷററും അടങ്ങുന്ന പട്ടിക ഹൈക്കമാന്റിന് സമർപ്പിച്ചുവെന്നാണ് പുറത്ത് വരുന്ന സൂചനകൾ. 

Advertisment

കെ.പി.സി.സി സെക്രട്ടറിമാരുടെ നിയമനം സംബന്ധിച്ചും ഡി.സി.സി അദ്ധ്യക്ഷമാരുടെ മാറ്റം സംബന്ധിച്ചും തർക്കം തുടരുന്നുവെന്നാണ് പുറത്ത് വരുന്ന വാർത്തകൾ. 


പട്ടിക സംബന്ധിച്ച അപസ്വരങ്ങൾ ഇല്ലാതാക്കാൻ എല്ലാ നേതാക്കൻമാരോടും ചർച്ച നടത്തിയ ശേഷമാണ് പട്ടിക സമർപ്പിച്ചിട്ടുള്ളത്. പരമാവധി അസ്വാരസ്യങ്ങൾ ഇല്ലാതെ പട്ടിക പുറത്തെത്തിക്കാനാണ് നീക്കമുള്ളത്.


ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ പാർട്ടിയിൽ പുന:സംഘടന നടത്തണമെന്ന മുറവിളി ഉയർന്നിരുന്നു. എന്നാൽ പല കാരണങ്ങൾ കൊണ്ട് ഇത് മാറ്റിവെയ്ക്കപ്പെടുകയായിരുന്നു. 

ജനറൽ സെക്രട്ടറിമാരും വൈസ് പ്രസിഡന്റുമാരും ട്രഷററുമുൾപ്പെടെ 58 പേരുടെ പട്ടിക നിലവിൽ സമർപ്പിക്കുമ്പോൾ ഡി.സി.സി അദ്ധ്യക്ഷൻമാരുടെ മാറ്റവും കെ.പി.സി.സി സെക്രട്ടറിമാരുടെ നിയമനവും അനിശ്ചിതാവസ്ഥയിലാണ്. 

കെ.സുധാകരൻ അദ്ധ്യക്ഷനായി ചുമതലയേറ്റപ്പോഴും ജനറൽ സെക്രട്ടറിമാരുടെ നിയമനം മാത്രമാണ് നടന്നത്. 23 ജനറൽ സെക്രട്ടറിമാരെയാണ് നിയമിച്ചതെങ്കിൽ നിലവിൽ പട്ടിക 48 എത്തി നിൽക്കുകയാണ്. 


ജംബോ കമ്മിറ്റി വേണ്ടെന്ന ഹൈക്കമാന്റിന്റെ തീരുമാനത്തിന് ഘടക വിരുദ്ധമായാണ് കാര്യങ്ങൾ അരങ്ങേറുന്നത്. സെക്രട്ടറിമാർക്ക് പകരം 140 മണ്ഡലങ്ങളിലും കെ.പി.സി.സി കോർഡിനേറ്ററുമാരെ നിയമിക്കാനാണ് നീക്കങ്ങൾ നടക്കുന്നത്.


ഡി.സി.സി അദ്ധ്യക്ഷൻമാരുടെ പുന:സംഘടനയും വൈകുകയാണ്. നിലവിൽ തിരുവനന്തപുരം, കോട്ടയം, കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിലാണ് തർക്കം നിലനിൽക്കുന്നതെന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. 

ചില ജില്ലകളിൽ പ്രസിഡന്റുമാർക്ക് മാറ്റമുണ്ടാവില്ലെന്നും അറിയാൻ കഴിഞ്ഞിട്ടുണ്ട്. മികച്ച സംഘടനാശേഷിയും പ്രവർത്തന പരിചയവും ഉള്ളവരെയാണ് ഡി.സി.സി അദ്ധ്യക്ഷ പദവിയിലേക്ക് പരിഗണിക്കുന്നത്. 

കെ.പി.സി.സി സെക്രട്ടറിയായി കഴിവ് തെളിയിച്ചവരെയാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നും മാനദണ്ഡങ്ങൾ നോക്കിയാണ് നിയമനമെന്നുമാണ് മുമ്പ് പറഞ്ഞിരുന്നത്. 

പുതിയ പട്ടിക പുറത്തിറങ്ങുമ്പോൾ മാനദണ്ഡങ്ങൾ പാലിക്കാതെയിരുന്നാൽ പാർട്ടിയിൽ നിന്നും കടുത്ത വിമർശനമാവും ഉയരുക. മല്ലികാർജ്ജുന ഖാർഗെ ആശുപത്രി വിട്ടെങ്കിലും അദ്ദേഹം ജോലിയിൽ പ്രവേശിച്ചാൽ ഉടൻ പട്ടിക പുറത്ത് വന്നേക്കും.

Advertisment