മീൻപിടുത്ത ബോട്ടുകളിൽ കടൽകടന്ന് ശ്രീലങ്കൻ അഭയാർത്ഥികൾ കേരളത്തിലേക്ക് ഒഴുകുന്നു. ലക്ഷ്യം കാനഡയിലേക്കും ഓസ്ട്രേലിയയിലേക്കും അനധികൃതമായി കടക്കൽ. പൊഴിയൂർ മുതൽ കാസർകോട് കുമ്പള വരെ 595 കിലോമീറ്റർ തീരമുള്ള കേരളത്തിന് വലിയ ഭീഷണി. അഭയാ‌ർത്ഥികൾ കടക്കുന്നത് ഭക്ഷണവും സുരക്ഷിതമായ ജീവിതവും തേടി. കേരളത്തിൽ നിന്ന് വിദേശത്തേക്ക് കടത്താൻ മനുഷ്യക്കടത്ത് സംഘങ്ങൾ. അഭയാർത്ഥി പ്രവാഹം കേരളത്തിന് തലവേദനയാവുമോ ?

തമിഴ്നാട്ടിലെ രാമേശ്വരത്തേക്ക് എത്തുകയാണ് ലങ്കക്കാർക്ക് എളുപ്പമെങ്കിലും, ശ്രീലങ്കൻ അഭയാർത്ഥികൾ ബോട്ടുകളിലെത്തി വിഴിഞ്ഞത്തേക്ക് നീന്തിക്കയറിയ നിരവധി സംഭവങ്ങൾ മുൻപുണ്ടായിട്ടുണ്ട്. 

New Update
sreelankan refujies
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയും മോശം ജീവിത സാഹചര്യങ്ങളും കാരണം ശ്രീലങ്കൻ അഭയാർത്ഥികൾ കേരളത്തിലേക്ക് ഒഴുകുന്നു. 

Advertisment

ശ്രീലങ്കൻ അഭയാർത്ഥികളെ കേരളത്തിലേക്ക് കടത്തിക്കൊണ്ടു വന്നെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം ശക്തികുളങ്ങരയിൽ 15 പേരുമായെത്തിയ ബോട്ട് പിടികൂടി. മത്സ്യബന്ധന ബോട്ടുകളിൽ ശ്രീലങ്കയിൽ നിന്ന് കേരളത്തിലേക്ക് വൻതോതിൽ ആളുകളെ കടത്തുന്നുണ്ട്.


കാർത്തിക എന്ന ബോട്ടിൽ ശ്രീലങ്കൻ അഭയാർത്ഥികൾ കേരള തീരത്തേക്ക് വരുന്നുവെന്നായിരുന്നു രഹസ്യ വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ കേരള തീരത്തെ എല്ലാ ഹാർബറുകളിലും ലാൻഡിംഗ് സെന്ററുകളിലും പരിശോധന നടത്തിയിരുന്നു. 


ഇതിനിടയിൽ തൃശൂർ അഴീക്കോടും കൊല്ലം ശക്തികുളങ്ങരയിലും കാർത്തികയെന്ന പേരിലുള്ള ബോട്ട് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തൃശ്ശൂരിൽ പിടികൂടിയ ബോട്ടിലുള്ളവരെയും ചോദ്യം ചെയ്തുവരികയാണ്. ശക്തികുളങ്ങരയിൽ പിടിച്ചെടുത്ത ബോട്ടിന് ഫിഷിംഗ് ലൈസൻസില്ല. ശക്തികുളങ്ങര സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്.

സാമ്പത്തിക പ്രതിസന്ധിയിൽ കൂപ്പുകുത്തിയ ശ്രീലങ്കയിൽ നിന്ന് ഭക്ഷണവും സുരക്ഷിതമായ ജീവിതവും തേടിയാണ് അഭയാർത്ഥികൾ ഇന്ത്യയിലേക്കെത്തുന്നത്. 


രഹസ്യാന്വേഷണ മുന്നറിയിപ്പിനെത്തുടർന്ന് വിഴിഞ്ഞം അടക്കമുള്ള തീരമേഖലകളിൽ ജാഗ്രതയുണ്ട്. തീരദേശപൊലീസും തീരസംരക്ഷണസേനയും നാവികസേനയും പട്രോളിംഗ് ഊർജ്ജിതമാക്കിയിട്ടുണ്ട്. 


ആഭ്യന്തര സ്ഥിതി രൂക്ഷമായതോടെ കടൽകടന്ന് ഇന്ത്യയിലേക്കെത്താൻ മനുഷ്യക്കടത്ത് സംഘങ്ങളുടെ സഹായത്തോടെ നിരവധിപേർ യാത്രതുടങ്ങിയെന്നാണ് വിവരം.

തമിഴ്നാട്ടിലെ രാമേശ്വരത്തേക്ക് എത്തുകയാണ് ലങ്കക്കാർക്ക് എളുപ്പമെങ്കിലും, ശ്രീലങ്കൻ അഭയാർത്ഥികൾ ബോട്ടുകളിലെത്തി വിഴിഞ്ഞത്തേക്ക് നീന്തിക്കയറിയ നിരവധി സംഭവങ്ങൾ മുൻപുണ്ടായിട്ടുണ്ട്. 

വലിയ ബോട്ടുകളിൽ നിന്ന് ആളുകളെ ചെറുവള്ളങ്ങളിൽ കരയിലെത്തിക്കാനും തലസ്ഥാനത്ത് സംഘങ്ങളുണ്ട്. ഈ സാഹചര്യത്തിലാണ് സംയുക്തപരിശോധനകൾ ഊർജ്ജിതമാക്കിയത്. 


തിരുവനന്തപുരത്തു നിന്ന് ശ്രീലങ്കയിലേക്ക് 380.19 കിലോമീറ്റർ ദൂരമേയുള്ളൂ. ഓസ്ട്രേലിയയിലേക്കും മറ്റും മനുഷ്യക്കടത്ത് നടത്തുന്ന സംഘങ്ങൾ നേരത്തേ ശ്രീലങ്കക്കാരെ ബോട്ടുകളിൽ വിഴിഞ്ഞം തീരത്ത് എത്തിച്ചിരുന്നു.


കടൽമാർഗ്ഗം കാനഡയിലേക്ക് കടക്കാൻ തമിഴ്നാട്ടിൽ നിന്ന് എത്തിയ ശ്രീലങ്കൻ അഭയാർത്ഥികളെ 2022 സെപ്തംബറിൽ സിറ്റി പൊലീസ് കൊല്ലം തീരത്ത് വച്ച് പിടികൂടിയിട്ടുണ്ട്.  

2012ൽ കൊല്ലത്ത് നിന്ന് ബോട്ടിൽ ആസ്ട്രേലിയയിലേക്ക് കടക്കാൻ ശ്രമിക്കവേ 133 ശ്രീലങ്കൻ അഭയാർത്ഥികളെ മറൈൻ എൻഫോഴ്സ്മെന്റും കോസ്റ്റ് ഗാർഡും സംയുക്തമായി പിടികൂടിയിരുന്നു. അതിന് മുമ്പ് ഒരു സംഘം വിജയകരമായി ആസ്ട്രേലിയയിലേക്ക് കടന്നിരുന്നു.  

2010 മേയ് 7നും മനുഷ്യക്കടത്ത് കേസ് കൊല്ലത്ത് രജിസ്റ്റർ ചെയ്തിട്ടുണ്ട്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ കൊല്ലത്ത് ലോഡ്ജിൽ നിന്ന് ശ്രീലങ്കൻ സ്വദേശികളായ 28 പുരുഷന്മാരും 5 സ്ത്രീകളും 5 കുട്ടികളും അടക്കം 38 പേരെയാണ് അന്ന് പിടികൂടിയത്. 


പൊഴിയൂർ മുതൽ കാസർകോട് കുമ്പള വരെ 595 കിലോമീറ്റർ തീരദേശമുള്ള കേരളത്തിന് കടൽവഴിയുള്ള ഭീഷണിയേറെയാണ്.


വിഴിഞ്ഞത്ത് വലിയ ബോട്ടുകൾ തീരത്ത് അടുക്കില്ല. പക്ഷെ, ശ്രീലങ്കൻ അഭയാർത്ഥികൾ ബോട്ടുകളിലെത്തി വിഴിഞ്ഞത്തേക്ക് നീന്തിക്കയറിയ നിരവധി സംഭവങ്ങൾ മുൻപുണ്ടായിട്ടുണ്ട്. ഉൾക്കടലിലെ വലിയ ബോട്ടുകളിൽ നിന്ന് ആളുകളെ ചെറുവള്ളങ്ങളിൽ കരയിലെത്തിക്കാനും സംഘങ്ങളുണ്ട്.

Advertisment