/sathyam/media/media_files/2025/10/07/suresh-krishna-inauguration-2025-10-07-13-17-15.jpg)
തിരുവനന്തപുരം: അര നൂറ്റാണ്ടുകാലം ഇന്ത്യൻ സിനിമയുടെ ഭാഗമായിരുന്ന അതുല്യ അഭിനേത്രി പത്മശ്രീ സുകുമാരിയുടെ ഓർമ്മകൾ അനശ്വരമാക്കാൻ നൂറുൽ ഇസ്ലാം സർവ്വകലാശാലയുടെ കന്യാകുമാരി ക്യാംപസിൽ "സുകുമാരി മ്യൂസിയം" യാഥാർത്ഥ്യമായി.
നൂറുൽ ഇസ്ലാം സർവ്വകലാശാലയുടെ കന്യാകുമാരി ജില്ലയിലെ തക്കല ക്യാംപസ് അങ്കണത്തിൽ ഏഴ് ഏക്കറിൽ ഒരുങ്ങുന്നത് വെറുമൊരു മ്യൂസിയമല്ല, കലയുടെയും സംസ്കാരത്തിന്റെയും കലവറയാണ്. മ്യൂസിയത്തിൻ്റെ ഒന്നാംഘട്ട പ്രവർത്തനവും, അത്യാധുനിക ഡബിംഗ് - എഡിറ്റിംഗ് സ്യൂട്ടിൻ്റെ ഉദ്ഘാടനവും നടൻ സുരേഷ് കൃഷ്ണ നിർവ്വഹിച്ചു. പത്മശ്രീ മമ്മൂട്ടിയാണ് സുകുമാരി മ്യൂസിയത്തിന് കഴിഞ്ഞ വർഷം തറക്കല്ലിട്ടത്.
മ്യൂസിയത്തിന് പുറമേ ഏരീസ് ഗ്രൂപ്പിൻ്റെ 120 സീറ്റിംഗ് മൾട്ടിപ്ലക്സ് തിയേറ്റർ, ഡബ്ബിങ് & എഡിറ്റിംഗ് സ്യൂട്ട്, ട്യൂൺസ് ഇൻക്യുബേഷൻ സെൻ്റർ, വിഎഫ്എക്സ്/ അനിമേഷൻ സ്റ്റുഡിയോ, അത്യാധുനിക പഠനമുറികൾ ഉൾപ്പടെയുള്ള സിനിമ സംവിധാനങ്ങൾ സജ്ജമാവുകയാണ് ഇവിടെ.
​കേരളക്കര സ്വന്തം മകളായി വാഴ്ത്തിയെങ്കിലും, സുകുമാരി അമ്മയുടെ വേരുകൾ തമിഴ്നാട്ടിലാണ്. കലാരംഗത്ത് അവർ നൽകിയ അതുല്യമായ സംഭാവനകളെ ആദരിക്കുന്നതിന്റെ ഭാഗമായാണ് നിഷ് സർവ്വകലാശാല ഈ ഉദ്യമം ഏറ്റെടുത്തിരിക്കുന്നതെന്ന് ഉദ്ഘാടന വേളയിൽ നിംസ് മെഡിസിറ്റി എം.ഡിയും നൂറുൽ ഇസ്‌ലാം സർവ്വകലാശാല പ്രൊ ചാൻസലറുമായ എം.എസ് ഫൈസൽ ഖാൻ വ്യക്തമാക്കി.
അമ്മയെപ്പോലെ സ്നേഹമയിയായ അഭിനേത്രി ആയിരുന്നു സുകുമാരി. മകനെപ്പോലെ വാത്സല്യം വാരിക്കോരി തന്നിരുന്നു. സുകുമാരി മ്യൂസിയം എന്ന ഈ വലിയ സംരംഭം തന്നെ അത്ഭുതപ്പെടുത്തുന്നു എന്ന് മ്യൂസിയം ഉദ്ഘാടനം നിർവ്വഹിച്ച് സുരേഷ് കൃഷ്ണ പറഞ്ഞു. ആദ്യമായിട്ടാണ് മരണാനന്തര ബഹുമതിയായി ഇത്രയും വലിയൊരു സ്മാരകം ഒരു അഭിനേത്രിയുടെ പേരിൽ ഉയരുന്നത്. അത്യാധുനിക ഡബിംഗ് & എഡിറ്റിംഗ് സ്യൂട്ടിൻ്റെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു.
സുകുമാരി അസുഖ ബാധിതയായപ്പോൾ ആദ്യമായി വിളിച്ചത് തന്നെയാണെന്നും ആശുപത്രിയിലെത്തിക്കുകയും രണ്ട് ദിവസം ഉറക്കമൊഴിഞ്ഞ് പരിചരിക്കുകയും ചെയ്തു. ആശുപത്രിയിൽ നിന്ന് പോയി മമ്മൂട്ടി ചിത്രമായ രാജമാണിക്യത്തിൽ താൻ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴും ആശങ്ക സുകുമാരിയമ്മയുടെ ആരോഗ്യത്തെ കുറിച്ചായിരുന്നു. പിന്നെയാണ് നിംസിൽ ചികിത്സയ്ക്കായി സുകുമാരിയമ്മ എത്തുന്നത് എന്നും സുരേഷ് കൃഷ്ണ വികാരാധീനനായി പറഞ്ഞു.
സൂപ്പർ സ്റ്റാർ ഒന്നുമല്ലാത്ത ഒരു അഭിനേത്രിക്കു മാത്രമായി ഒരു ഫിലിം സ്കൂൾ അതും ഡിഗ്രി കോഴ്സുകൾ ഉൾപ്പെടെ ആരംഭിച്ച നിംസ് എഡ്യുക്കേഷൻ ട്രസ്റ്റിനെ കുറിച്ച് അഭിമാനം തോന്നുന്നു. ഇപ്പോഴിതാ ഒരു നടിയുടെ പേരിൽ ഒരു മ്യൂസിയവും. ചലച്ചിത്രങ്ങളും അഭിനേതാക്കളും കെടാത്ത ജ്വാലയാണെന്ന് ഇതിൽ നിന്നു മനസിലാകുന്നു. താൻ ഉൾപ്പെടുന്ന ഫിലിം ഫ്രറ്റേണിറ്റിയുടെ എല്ലാ സഹായവും സുരേഷ് കൃഷ്ണ സുകുമാരി സ്കൂൾ ഓഫ് മൾട്ടിമീഡിയ & ഫിലിം ടെക്നോളജിക്ക് വാഗ്ദാനം ചെയ്തു.
സിനിമ, നാടകം, ടെലിവിഷൻ എന്നീ രംഗങ്ങളിൽ സുകുമാരി അമ്മ അണിഞ്ഞ വേഷങ്ങൾ, അവർക്ക് ലഭിച്ച പത്മശ്രീ ഉൾപ്പെടെയുള്ള ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ, ഓർമ്മച്ചിത്രങ്ങൾ, വ്യക്തിഗത വസ്തുക്കൾ എന്നിവയെല്ലാം സ്മരണയോടെ ഈ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
ഇതിനോടകം തന്നെ സുകുമാരി അമ്മയുടെ പേരിൽ നൂറുൽ ഇസ്‌ലാം സർവ്വകലാശാലയിൽ സിനിമ ലോകത്തേയ്ക്ക് പുതുതലമുറയെ വാർത്തെടുക്കാൻ സുകുമാരി സ്കൂൾ ഓഫ് മൾട്ടിമീഡിയ & ഫിലിം ടെക്നോളജിയിൽ ഫിലിം മേക്കിംഗ്, അനിമേഷൻ & ഡിജിറ്റൽ ഡിസൈൻ, എഡിറ്റിംഗ് & സൗണ്ട് ഡിസൈൻ & വിഷ്വൽ കമ്മ്യൂണിക്കേഷൻ തുടങ്ങി ബിരുദ ബിരുദാനന്തര കോഴ്സുകളിൽ നിരവധി വിദ്യാർത്ഥികൾ പ്രവേശനം നേടി പഠിച്ചു വരികയുമാണ്.
അറിവിനപ്പുറം ചലച്ചിത്ര വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ഒരു പാഠശാലയായിരിക്കും ഈ മ്യൂസിയം. ഭരതനാട്യം അഭ്യസിച്ചുതുടങ്ങിയ ബാല്യകാലം മുതൽ, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിലായി ആയിരത്തിലധികം സിനിമകളിൽ നിറഞ്ഞാടിയ അവരുടെ അഭിനയ ജീവിതത്തിന്റെ നാൾവഴികൾ ഇവിടെ പുനഃസൃഷ്ടിക്കപ്പെടും.
​ഈ മ്യൂസിയം വെറുമൊരു സ്മാരകമന്ദിരം മാത്രമല്ല, സുകുമാരി എന്ന നടിയുടെ സൂക്ഷ്മഭാവങ്ങളുടെ അഭിനയകല പുതിയ തലമുറയ്ക്ക് പഠിക്കാനുള്ള ഒരവസരം കൂടിയാണ്. ഈ വിദ്യാഭ്യാസ സ്ഥാപനം, കലയ്ക്കും സംസ്കാരത്തിനും വേണ്ടിയുള്ള ഒരു സമർപ്പണത്തിലൂടെ പത്മശ്രീ സുകുമാരി അമ്മയുടെ അനശ്വരമായ ഓർമ്മകൾക്ക് കാവലാളായി മാറുകയാണ്. അവരുടെ ജീവിതം, ഇന്ത്യൻ കലാരംഗത്ത് ഒരു നക്ഷത്രം പോലെ എന്നും പ്രകാശിച്ചു നിൽക്കും എന്നതിന്റെ പ്രഖ്യാപനമായി ഈ മ്യൂസിയത്തിൻ്റെ തറകല്ലിട്ടത് പത്മശ്രീ ഭരത് മമ്മൂട്ടിയാണ്.
നിംസിൽ ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചെത്തിയ സുകുമാരി നിംസ് മെഡിസിറ്റിക്ക് നൽകിയതാണ് പത്മശ്രീ ഉൾപ്പടെയുള്ളവ. സംവിധായകൻ സന്തോഷ് വിശ്വനാഥ്, നൂറുൽ ഇസ്‌ലാം സർവ്വകലാശാല വൈസ് ചാൻസലർ ഡോ. ടെസ്സി തോമസ്, സുകുമാരി സ്കൂൾ ഓഫ് മൾട്ടിമീഡിയ & ഫിലിം ടെക്നോളജി അധ്യാപകരും വിദ്യാർത്ഥികളും ചടങ്ങിൽ സന്നിഹിതരായി.