/sathyam/media/media_files/2025/10/07/unnikrishnan-potty-2-2025-10-07-17-51-19.jpg)
തിരുവനന്തപുരം: ശബരിമലയിലെ നാലു കിലോ സ്വർണം കാണാതായതിനെക്കുറിച്ച് ഒന്നരമാസം കൊണ്ട് പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് ഹൈക്കോടതിയിൽ നൽകുമ്പോൾ കുടുങ്ങുന്നത് ആരൊക്കെയായിരിക്കുമെന്നാണ് ഇനിയുള്ള സസ്പെൻസ്.
ശബരിമലയിൽ സർക്കാർ വഴിവിട്ട ഇടപെടലുകൾ നടത്തിയിട്ടില്ലെന്നും പ്രതിപക്ഷം പുകമറ സൃഷ്ടിക്കുകയാണെന്നുമാണ് നിയമസഭയിൽ മന്ത്രി വാസവൻ അടക്കം ആവർത്തിക്കുന്നത്. സ്വർണം പൂശിയ 1998മുതൽ ഇതുവരെയുള്ള വസ്തുതകൾ അന്വേഷണത്തിൽ പുറത്തുവരണമെന്നും സർക്കാർ ആവർത്തിക്കുന്നു.
നാളെ നിയമസഭയിൽ ചർച്ചയ്ക്ക് തയ്യാറാവാൻ പ്രതിപക്ഷത്തെ മന്ത്രി കെ.എൻ. ബാലഗോപാൽ വെല്ലുവിളിച്ചിട്ടുണ്ട്. ചർച്ച ചെയ്താൽ വസ്തുതകൾ പുറത്തു വരുമെന്നും പുകമറ ഇല്ലാതാവുമെന്നുമാണ് സർക്കാർ പറയുന്നത്.
എന്നാൽ അത്രയേറെ നിസാരമല്ല കാര്യങ്ങളെന്നാണ് ഇതുവരെ പുറത്തുവന്ന വിവരങ്ങളിൽ നിന്ന് വിലയിരുത്തേണ്ടത്. ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപ്പാളി മാത്രമല്ല, ശ്രീകോവിലിന്റെ കട്ടിളയും അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയെന്ന് പുതിയ വെളിപ്പെടുത്തലുകളുണ്ടായി.
അടുത്തിടെ കൊടിമരം അടക്കം അറ്റകുറ്റപ്പണിക്ക് പുറത്തേക്ക് കൊടുത്തയച്ചു. ഇതിലെല്ലാം ആരോപണം ഉന്നയിക്കുകയാണ് പ്രതിപക്ഷം. എ.ഡി.ജി.പി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ അന്വേഷണത്തിൽ ക്രമക്കേടുകളെല്ലാം വെളിച്ചത്തു വരുമെന്നാണ് വിലയിരുത്തൽ.
2019ൽ ചെന്നൈയിലേക്ക് കൊണ്ടുപോയ അത്രയും സ്വർണം തിരിച്ചെത്തിയില്ലെന്ന് സംശയലേശമന്യേ പറയാമെന്ന് കോടതി പറഞ്ഞതോടെ സ്വർണം അടിച്ചുമാറ്റിയെന്ന് ഉറപ്പായിട്ടുണ്ട്.
അതേസമയം, ഉണ്ണികൃഷ്ണൻ പോറ്റിയെയും ഏതാനും ജീവനക്കാരെയും മാത്രം കരുവാക്കി തട്ടിപ്പ് ഒതുക്കിത്തീർക്കാനുള്ള ശ്രമങ്ങളും സജീവമാണ്. ഇതിന്റെ ആദ്യപടിയാണ് സ്വർണപ്പാളി ചെമ്പാണെന്ന് മഹസറിലെഴുതിയ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തത്.
ആഗോള അയ്യപ്പ സംഗമത്തിന്റെ മൂന്നുദിവസം മുൻപ് ഉണ്ണികൃഷ്ണൻ പോറ്റി ചാനലിലൂടെ 4 കിലോസ്വർണം കാണാതായെന്ന് ആരോപണമുന്നയിച്ചിരുന്നെന്നും വിജിലൻസ് അന്വേഷണത്തിൽ പോറ്റിയുടെ സഹോദരിയുടെ വീട്ടിൽ നിന്ന് 4 കിലോയുള്ള പീഠം കണ്ടെത്തിയെന്നും സർക്കാർ വിശദീകരിക്കുന്നു.
ഇത് സ്വർണമാണോ ചെമ്പാണോയെന്ന് അന്വേഷണത്തിൽ തെളിയണം. വിജയ് മല്യ സ്വർണം പൂശിയ പാളികൾ ചെമ്പാണെന്ന് മഹസറിൽ ദേവസ്വം സെക്രട്ടറി രേഖപ്പെടുത്തിയതെന്തിനെന്നും അന്വേഷിക്കണം.
2023ൽ ഹൈക്കോടതി മേൽനോട്ടമേറ്റെടുക്കും വരെ മരാമത്ത് വകുപ്പാണ് സ്വർണത്തിന്റെ അളവുകളടക്കം രേഖപ്പെടുത്തിയിരുന്നതെന്നാണ് ദേവസ്വം വകുപ്പ് പറയുന്നത്.
1998-99ൽ ശ്രീകോവിലടക്കം സ്വർണം പൊതിഞ്ഞതിന്റെ തരംതിരിച്ചുള്ള വിവരങ്ങൾ സ്പോൺസറായ യുണൈറ്റഡ് ബ്രൂവറീസിന്റെ ഫിനാൻസ് മാനേജർ അയച്ച കത്തിലുണ്ട്. ആകെ 30.3 കിലോ സ്വർണമാണ് അന്ന് ഉപയോഗിച്ചത്. ദ്വാരപാലക ശില്പങ്ങൾക്ക് 1.5 കിലോ വേണ്ടിവന്നു.
എന്നാൽ 2019ൽ ചെന്നൈയിലെത്തിച്ച് സ്വർണം പൂശിയപ്പോൾ 394 ഗ്രാം മാത്രമാണ് ഉപയോഗിച്ചത്. കുറച്ച് സ്വർണം തന്റെ പക്കൽ ബാക്കിയുണ്ടെന്നു കാണിച്ച് ഉണ്ണികൃഷ്ണൻ പോറ്റി 2019 ഡിസംബർ 9ന് അന്നത്തെ ദേവസ്വം പ്രസിഡന്റിന് കത്തയച്ചു.
ബോർഡുമായി സഹകരിച്ച്, അർഹയായ ഒരു പെൺകുട്ടിയുടെ വിവാഹത്തിന് ഈ സ്വർണം ഉപയോഗിക്കുന്നതിൽ പോറ്റി അഭിപ്രായം തേടി. പരിചയത്തിലുള്ളതോ ബന്ധുത്വമുള്ളതോ ആയ പെൺകുട്ടിയെന്നാണ് പറയുന്നത്.
വിഷയത്തിൽ തിരുവാഭരണം കമ്മിഷണറുടെ മറുപടിക്കായി ദേവസ്വം സെക്രട്ടറി മറ്റൊരു കത്തയച്ചതായും കണ്ടെത്തി. ശേഷിക്കുന്ന സ്വർണം മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പദ്ധതിയിട്ടെന്ന വിവരം ഞെട്ടിപ്പിക്കുന്നതാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇത് വമ്പൻ തട്ടിപ്പുകളിലേക്കാണ് വിരൽ ചൂണ്ടുന്നത്.
സാമ്പത്തിക ലാഭത്തിന് വേണ്ടി, സ്വർണം പൊതിഞ്ഞ ഒറിജിനൽ ദ്വാരപാലക ശില്പങ്ങൾ 2019ൽ സ്പോൺസർ വില്പന നടത്തിയോ എന്നുവരെ സംശയിക്കാമെന്ന് കോടതി പറഞ്ഞിട്ടുണ്ട്.
ചെമ്പുപാളികളാണ് കൊടുത്തുവിട്ടതെന്ന് മഹസറിൽ അന്ന് ഉദ്യോഗസ്ഥർ തെറ്റായി രേഖപ്പെടുത്തിയത് ദുരുദ്ദേശ്യത്തോടെയാണ്. സ്വർണം പൂശാൻ ചുമതലപ്പെടുത്തിയ സ്മാർട് ക്രിയേഷൻസ് 2024ൽ ദേവസ്വത്തിനയച്ച കത്തിൽ, ദ്വാരപാലക ശില്പങ്ങൾ പോറ്റിയുടെ പക്കൽ നേരിട്ട് കൊടുത്തുവിടാനാണ് പറയുന്നത്. ഇതും സംശയകരമാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, സ്വർണ്ണപ്പാളി സ്വർണം പൂശിയതിന്റെ വാറണ്ടി ഉണ്ണികൃഷ്ണൻ പോറ്റിയുടെ പേരിലാക്കാൻ അനുവദിച്ചതാരാണെന്നും അയാളുടെ കൈവശം ഇത് കൊടുത്തുവിട്ടതെന്തിനാണെന്നും അന്വേഷിക്കണമെന്നാണ് സർക്കാരിന്റെ വാദം.
40 വർഷമായി അവിടത്തെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് പോറ്റിയാണ്. ദേവസ്വംബോർഡ് പ്രസിഡന്റായിരുന്ന എ.പദ്മകുമാറിനെ ഇപ്പോൾ കുറ്റക്കാരനാക്കാനാവില്ലെന്നും സർക്കാർ വ്യക്തമാക്കുന്നു.