/sathyam/media/media_files/2025/10/07/air-india-express-2025-10-07-18-04-43.jpg)
തിരുവനന്തപുരം: ഗൾഫിലെ സാധാരണക്കാരായ പ്രവാസികളുടെ നെഞ്ചിടിപ്പേറ്റുകയാണ് എയർഇന്ത്യ എക്സ്പ്രസ്. ഗൾഫിലെ സ്കൂൾ അവധിക്കാലത്ത് നാട്ടിലേക്ക് കുടുംബസമേതം യാത്രയ്ക്കുള്ള ഒരുക്കത്തിലായിരുന്നവർക്ക് ഇരുട്ടടി പോലെയാണ് ഈ മാസം മുതൽ എയർഇന്ത്യ എക്സ് പ്രസ് സർവീസുകൾ വെട്ടിക്കുറച്ചത്.
കേരളത്തിലെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കുള്ള 80 സർവീസുകളാണ് എയർഇന്ത്യ എക്സ് പ്രസ് ഒഴിവാക്കിയത്. കുറഞ്ഞ നിരക്കിൽ നാട്ടിലേക്ക് പോവാൻ പ്രവാസികൾ ആശ്രയിച്ചിരുന്നത് എയർഇന്ത്യ എക്സ് പ്രസിനെയാണ്.
എന്നാൽ എയർഇന്ത്യ എക്സ് പ്രസ് സർവീസുകൾ കുറച്ചതോടെ മറ്റ് വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് വൻതോതിൽ കൂട്ടുകയാണ്. ഇതിനകം 40 ശതമാനംവരെ നിരക്കുയർന്നു. നവംബറിൽ സ്കൂൾഅവധി തുടങ്ങുന്നതോടെ പുതുവത്സരക്കാലത്ത് നാട്ടിലേക്കുള്ള യാത്ര ചെലവേറിയതായിരിക്കും.
യു.എ.ഇയിൽ നിന്നാണ് ഏറെ സർവീസുകളും വെട്ടിച്ചുരുക്കിയത്. തിരുവനന്തപുരത്ത് നിന്ന് അബുദാബി, ദുബായ്, കൊച്ചിയിൽ നിന്ന് സലാല, റിയാദ്, കണ്ണൂരിൽ നിന്ന് ബഹറിൻ, ജിദ്ദ, ദമാം, കുവൈറ്റ് സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.
കണ്ണൂരിൽ വിദേശവിമാനക്കമ്പനികളില്ലാത്തതിനാൽ ഇനി ഇൻഡിഗോയെ മാത്രം ആശ്രയിച്ചായിരിക്കും അവിടെ നിന്നുള്ള യാത്ര. കരിപ്പൂരിൽ 25 സർവീസുകളാണ് ഇല്ലാതാവുന്നത്.
എയർഇന്ത്യഎക്‌സ്‌പ്രസ് ഒഴിയുന്നതോടെ പ്രവാസികൾക്ക് വിദേശവിമാനക്കമ്പനികളെ ആശ്രയിക്കേണ്ടിവരും. ബഹറിൻ, ഒമാൻ, സൗദി, കുവൈറ്റ് എന്നിവിടങ്ങളിലേക്കും യാത്രാദുരിതമേറും.
പ്രവാസികളുടെ പ്രശ്നത്തിൽ സർക്കാർ ഇടപെട്ടതോടെ എയർഇന്ത്യ എക്സ്പ്രസ് അധികൃതർ കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. 2026 ഓടെ കേരളത്തിലേക്കുള്ള അന്താരാഷ്ട്ര സർവ്വീസുകളുടെ എണ്ണം 231 ആയും ആഭ്യന്തര സർവ്വീസുകളുടെ എണ്ണം 245 ആയും വർദ്ധിപ്പിക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്.
ശൈത്യകാല ഷെഡ്യൂളിൽ കേരളത്തിൽ നിന്നുള്ള വിമാന സർവ്വീസുകളിൽ താൽക്കാലിക വെട്ടിക്കുറവ് മാത്രമാണ് വരുത്തിയതെന്നും പലതും തിരിച്ചുകൊണ്ടു വരുമെന്നുമാണ് വിമാനക്കമ്പനിയുടെ ഉറപ്പ്.
ഒക്ടോബർ അവസാനം മുതൽ മാർച്ച് 26 വരെ നീണ്ടു നിൽക്കുന്ന ശൈത്യകാല ഷെഡ്യൂളിൽ എയർ ഇന്ത്യ എക്സ്പ്രസ് കേരളത്തിൽ നിന്നുള്ള വിമാന സർവ്വീസുകളിൽ ഗണ്യമായ കുറവ് വരുത്തിയത് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
എന്നാൽ ശൈത്യകാലങ്ങളിൽ ഉരേന്ത്യൻ സംസ്ഥാനങ്ങളിലെ കൂടിയ ആവശ്യം പരിഗണിച്ചാണ് ഷെഡ്യൂളുകളുടെ എണ്ണത്തിൽ വ്യത്യാസം വരുത്തിയതെന്നാണ് കമ്പനിയുടെ വിശദീകരണം.
ഗൾഫ് മേഖലയിൽ രണ്ടര ദശലക്ഷത്തിലധികം പ്രവാസികളാണ് കേരളത്തിൽ നിന്നുള്ളത്. കണ്ണൂർ, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിൽ നിന്ന് റദ്ദാക്കിയ വിമാനങ്ങൾ പുനഃസ്ഥാപിക്കണം. കേരളത്തിൽ വേരുകളുള്ള ദേശീയ വിമാന കമ്പനി എന്ന നിലയിൽ എയർ ഇന്ത്യ എക്സ് പ്രസ് സംസ്ഥാനത്തോട് വിവേചനം കാണിക്കുന്നില്ല എന്ന് ഉറപ്പാക്കണം.
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആഴ്ചയിൽ 42 വിമാന സർവ്വീസുകളുടെ കുറവുണ്ട്. കോഴിക്കോടും കൊച്ചിയിലും നിന്നുള്ള വിമാനങ്ങളുടെ എണ്ണത്തിലും കുറവു വരുത്തി. കേരളത്തിന്റെ പൊതു അടിസ്ഥാന സൗകര്യങ്ങളോട് വിവേചനം കാണിക്കുന്നതും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഫുജൈറ, മെദീന, മാലി, സംഗപൂർ, ലണ്ടൻ, ബാങ്കോക്ക് എന്നിവിടങ്ങളിലേക്ക് പുതിയ സർവ്വീസുകൾ തുടങ്ങുമെന്നും എയർഇന്ത്യ പ്രതിനിധികൾ അറിയിച്ചു. ബംഗ്ലുരൂ വഴിയോ സിംഗപ്പൂർ വഴിയോ ഓസ്‌ട്രേലിയ ജപ്പാൻ സർവ്വീസ് ആരംഭിക്കുന്നതും പരിഗണിക്കും.
ഓണം, ക്രിസ്മസ്, പുതുവർഷം തുടങ്ങിയ സീസണുകളിൽ അധിക വിമാനങ്ങൾ ഗൾഫ് മേഖലയിൽ സർവ്വീസ് നടത്താൻ നടപടിയെടുക്കും. തിരുവനന്തപുരത്തിനും ഡൽഹിക്കും ഇടയിൽ ബിസിനസ് ക്ലാസുള്ള വിമാനം പരിഗണിക്കും.
തിരുവനന്തപുരം ദുബായ് പോലുള്ള സെക്ടറുകളിൽ കുറവ് വരുത്തിയ വിമാനങ്ങൾ ഈ സീസണിൽ തന്നെ മടക്കിക്കൊണ്ടു വരും. തിരുവനന്തപുരം, കണ്ണൂർ എയർപോർട്ടുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എയർപോർട്ട് അധികാരികളുമായി ചർച്ച ചെയ്ത് പരിഹരിക്കുന്നതിന് അഡീഷണൽ ചീഫ് സെക്രട്ടറി കെ. ആർ ജ്യോതിലാലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.