/sathyam/media/media_files/2025/10/08/rubber-karshaka-march-2-2025-10-08-21-07-01.jpg)
തിരുവനന്തപുരം: 2026 -ൽ യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ റബ്ബറിന്റെ അടിസ്ഥാനവില കിലോഗ്രാമിന് 250 രൂപയാക്കി പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രസ്താവിച്ചു.
അതിനു വേണ്ട നടപടിക്രമങ്ങൾ മൂന്നു മാസത്തിനുള്ളിൽ പൂർത്തിയാക്കി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉല്പാദന ചിലവ് കണക്കാക്കി അതിന്റെ 50% കൂടി ചേർത്ത് അടിസ്ഥാനവില നിശ്ചയിക്കണമെന്നാണ് സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
എന്നാൽ ഇപ്പോൾ പഴയ വില പോലും നൽകാതെ കർഷകരെ ദ്രോഹിക്കുകയാണെന്നും, ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ റബ്ബർ വില സ്ഥിരതാ പദ്ധതി നോക്കുകുത്തിയാക്കി റബർ കർഷകരോട് ശത്രുതാപരമായി സർക്കാർ പെരുമാറുകയാണെന്നും സതീശൻ ആരോപിച്ചു.
റബ്ബറിന്റെ പുതു കൃഷിയ്ക്കും, ആവർത്തന കൃഷിക്കു മുള്ള ചിലവ് അനുദിനം വർദ്ധിച്ചിട്ടും നാമമാത്രമായ വർദ്ധനവേ സബ്സിഡിയിൽ വരുത്തിയിട്ടുള്ളൂ.
കർഷകർക്ക് വേണ്ടിയല്ല കോർപ്പറേറ്റുകൾക്ക് വേണ്ടി കർഷക നിയമങ്ങളും, തൊഴിലാളികളെ മറന്ന് തൊഴിലുടമകൾക്ക് വേണ്ടി തൊഴിൽ നിയമങ്ങളും കൊണ്ടുവരുന്ന തലതിരിഞ്ഞ രീതിയാണ് കേന്ദ്ര സർക്കാർ അവലംബിക്കുന്നതെന്നും ഇത് അടിസ്ഥാന മേഖലയെ തകർത്തിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
റബ്ബർ വില അനുദിനം ഇടിയുന്ന സാഹചര്യത്തിൽ, റബ്ബറിന് കിലോഗ്രാമിന് 250 രൂപ അടിസ്ഥാന വിലയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് 'വിലയില്ലെങ്കിൽ റബ്ബറില്ല' എന്ന മുദ്രാവാക്യം ഉയർത്തി റബർ ഉൽപാദക സംഘങ്ങളുടെ ദേശീയ കൂട്ടായ്മ (എൻസിആർപിഎസ്) തിരുവനന്തപുരം സെക്രട്ടറിയേറ്റ് നടയിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി ഡി സതീശൻ.
എൻസിആർപിഎസ് പ്രസിഡന്റ് എബ്രഹാം വർഗീസ് കാപ്പിൽ അദ്ധ്യക്ഷത വഹിച്ച ധർണ്ണയിൽ, എംഎൽഎമാരായ മോൻസ് ജോസഫ്, സെബാസ്റ്റ്യൻ കുളത്തുങ്കൽ, കുറുക്കോളി മൊയ്തീൻ, മുൻ എം എൽ എ ജോസഫ് എം. പുതുശ്ശേരി, എൻ ഹരി, എൻസിആർപിഎസ് ജനറൽ സെക്രട്ടറി ബാബു ജോസഫ്, രക്ഷാധികാരി അഡ്വ. സുരേഷ് കോശി, വൈസ് പ്രസിഡന്റ് അപ്പുക്കുട്ടൻ നായർ നെടുമങ്ങാട്, എം സുബൈർ എന്നിവർ പ്രസംഗിച്ചു.
പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച റബ്ബർ കർഷകരുടെ പ്രതിഷേധ മാർച്ചിന് ജോർജ് കൊട്ടാരം, ജോഷി ജോൺ, അഡ്വ. ഗോപാലകൃഷ്ണൻ, മുഹമ്മദ് മാസ്റ്റർ മണ്ണാർക്കാട്, തോമസ് വർഗീസ്, സാബു സെബാസ്റ്റ്യൻ, ടി കെ സാജു, ഷാജി ചിറക്കടവ്, കെ എസ് മാത്യു, അബ്ദുൽകരീം, ബിന്നി ചോക്കാട്ട്, ടി സി ചാക്കോ, പി എൻ മാത്യു, സുധാകരൻപിള്ള, തങ്കച്ചൻ മാത്യു, ടി പി ഗോപാലകൃഷ്ണൻ നിലമ്പൂർ തുടങ്ങിയവർ നേതൃത്വം നൽകി.