/sathyam/media/media_files/2025/10/09/vandebharath-2025-10-09-16-42-10.jpg)
തിരുവനന്തപുരം: കേരളത്തിൽ ട്രെയിൻ യാത്രയുടെ മുഖച്ഛായ മാറ്റിയ വന്ദേഭാരത് എറണാകുളം - ബാംഗ്ലൂർ റൂട്ടിൽ പുതുതായി സർവീസ് തുടങ്ങുന്നത് ബി.ജെ.പി സംസ്ഥാനത്ത് പ്രചാരണ വിഷയമാക്കി മാറ്റും. മലയാളികൾക്ക് അതിവേഗ ട്രെയിൻ യാത്ര ഉറപ്പാക്കുന്ന മൂന്ന് വന്ദേഭാരതാണ് കേന്ദ്രം അനുവദിച്ചത്.
എന്നാൽ ട്രാക്ക് വികസനത്തിന് ഭൂമി ഏറ്റെടുത്ത് നൽകാതെ കേരളം ഉഴപ്പുകയാണെന്ന പ്രചാരണമായിരിക്കും ബിജെപി നടത്തുക. പാലക്കാട്, തൃശൂർ നഗരസഭകളിൽ ഭരണം പിടിക്കാൻ ലക്ഷ്യമിടുന്ന ബി.ജെ.പിക്ക് എറണാകുളത്ത് നിന്നും തൃശൂർ, പാലക്കാട് വഴിയുള്ള മൂന്നാം വന്ദേഭാരത് വോട്ടുസമാഹരണത്തിനുള്ള വഴിയായി മാറുമെന്നാണ് വിലയിരുത്തൽ. എറണാകുളം - ബാംഗ്ലൂർ വന്ദേഭാരതിന് പിന്നാലെ തിരുവനന്തപുരം - ബാംഗ്ലൂർ വന്ദേഭാരത് സ്ലീപ്പർ ട്രെയിനും കേരളത്തിന് അനുവദിക്കും.
ബാംഗ്ലൂരിലേക്കാണ് കേരളത്തിൽ നിന്ന് ഏറ്റവുമധികം യാത്രക്കാരുള്ളത്. നൂറുകണക്കിന് സ്വകാര്യ ബസുകളാണ് നിത്യേന ബാംഗ്ലൂരിലേക്ക് സർവീസ് നടത്തുന്നത്. ട്രെയിനുകളിൽ മാസങ്ങൾക്ക് മുൻപേ സീറ്റ് കാലിയാവും. കെ.എസ്.ആർ.ടി.സി സർവീസുകളും പര്യാപ്തമല്ല. ഈ സാഹചര്യത്തിലാണ് അതിവേഗം ബാംഗ്ലൂരിലെത്താനുള്ള വന്ദേഭാരത് വരുന്നത്.
പുതിയ വന്ദേഭാരത് ട്രെയിൻ അനുവദിച്ചതായി കേന്ദ്ര റെയിൽ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചതായി സംസ്ഥാന ബി.ജെ.പി.അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് പ്രഖ്യാപിച്ചത്. നവംബർ പകുതിയോടെ സർവ്വീസ് ആരംഭിക്കും.
കേന്ദ്ര റെയിൽവേ മന്ത്രിയുമായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നടത്തിയ ഓൺലൈൻ യോഗത്തിലാണ് തീരുമാനമെടുത്തത്. കേരളത്തിന് മൂന്നാമത് വന്ദേഭാരത് അനുവദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറയുന്നതായും രാജീവ് വ്യക്തമാക്കിയത് വന്ദേഭാരത് തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമായി മാറ്റുമെന്നതിന്റെ സൂചനയാണ്.
മലയാളിയുടെ യാത്രാ നിലവാരം ഉയർത്തിയത് വന്ദേഭാരതാണെന്ന് നിസംശയം പറയാം. അൽപ്പം ടിക്കറ്റ് നിരക്ക് കൂടുതലാണെങ്കിലും അതിവേഗവും സുഖകരവുമായ യാത്രയാണ് വന്ദേഭാരതിൽ. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും സംസ്ഥാന മന്ത്രിമാരുമെല്ലാം വന്ദേഭാരതിലെ സ്ഥിരം യാത്രക്കാരാണ്.
കേരളത്തിലോടുന്ന വന്ദേഭാരതുകളിൽ ഒക്യുപെൻസി നിരക്ക് 170 ശതമാനമാണ്. അതായത് മൊത്തം സീറ്റിംഗ് കപാസിറ്റിയെക്കാള്‍ 70 ശതമാനം അധികം പേർ യാത്ര ചെയ്യുന്നുണ്ട്. എറണാകുളം - തൃശൂർ - പാലക്കാട് - കോയമ്പത്തൂർ - തിരുപ്പൂർ - ഈറോഡ് - സേലം വഴി ബംഗളൂരു റൂട്ടിലാണ് പുതിയ വന്ദേഭാരത് സർവീസ്.
ഐടി മേഖലയിൽ ജോലി ചെയ്യുന്നവർക്ക് സർവീസ് ഏറെ പ്രയോജനം ചെയ്യും. നിലവിൽ ഉൽസവ സീസണിലും വിശേഷ ദിവസങ്ങളിലും ബെംഗളൂരുവിലേയ്ക്കു വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ബസുകൾ അമിത നിരക്ക് ഈടാക്കുന്ന സ്ഥിതിയുണ്ട്. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച ശേഷമാകും വന്ദേഭാരതിന്റെ സമയക്രമം അടക്കം തീരുമാനിക്കുക.
പാലക്കാട് മുതൽ കോയമ്പത്തൂർ വരെയുള്ള ഭാഗങ്ങളിൽ രാത്രിയിൽ വേഗനിയന്ത്രണമുണ്ട്. ഈ സാഹചര്യത്തിൽ വൈകിട്ട് ആറു മണിക്ക് മുമ്പ് ഈ ഭാഗം കടക്കേണ്ടതുണ്ട്. അങ്ങനെയെങ്കിൽ വെളുപ്പിന് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് ഉച്ചയോടെ കൊച്ചിയിലെത്തി അപ്പോൾ തന്നെ മടങ്ങുന്ന രീതിയിലാവും സർവീസ്.
കേരളത്തിലെ ട്രെയിൻ യാത്ര ദുരിതപൂർണമാണ്. കാലൂന്നാൻ പോലുമാകാതെ, ഞെരുങ്ങിയമർന്ന് ശ്വാസം മുട്ടിക്കുന്ന തിരക്കിലാണ് ഓരോ ട്രെയിനും കടന്നുപോവുന്നത്. വഴിനീളെയുള്ള പിടിച്ചിടൽ യാത്രദുരിതം വർദ്ധിപ്പിക്കും.
യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും രാജ്യത്തുതന്നെ മുൻനിരയിലുള്ള സംസ്ഥാനമാണ് കേരളം. ദീർഘദൂര യാത്ര മാത്രമല്ല, ഹ്രസ്വദൂര യാത്രയും ദുരിതപൂർണമാണ്. എസി കോച്ചുകളുടെ എണ്ണം കൂട്ടുകയും ജനറൽ കോച്ചുകളുടെ എണ്ണം കുറയ്ക്കുകയും ചെയ്തത് പതിവുയാത്രക്കാർക്കു തിരിച്ചടിയായി.
മെമു അടക്കം കൂടുതൽ ട്രെയിനുകൾ അനുവദിക്കാൻ തടസമായി നിൽക്കുന്നത് ട്രാക്ക് വികസനം സാദ്ധ്യമാവാത്തതാണെന്നാണ് കേന്ദ്രം പറയുന്നത്. ഇതിനായി സംസ്ഥാനം ഭൂമിയേറ്റെടുത്ത് കൈമാറുന്നതിൽ വീഴ്ച വരുത്തുന്നു.
തിരുവനന്തപുരം - കന്യാകുമാരി, ആലപ്പുഴ എന്നിവിടങ്ങളിലെ ഇരട്ടപ്പാതകൾക്കായുള്ള ഭൂമി റെയിൽവേ സ്വന്തം ചെലവിലാണ് ഏറ്റെടുത്തത്. അങ്കമാലി - എരുമേലി ശബരി പാതയ്ക്കായി ഭൂമിയേറ്റെടുക്കാൻ കേന്ദ്രം ആവശ്യപ്പെട്ടിട്ടും സംസ്ഥാനം വഴങ്ങുന്നില്ല.
ഇതെല്ലാം തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്രചരിപ്പിച്ച് സംസ്ഥാന സർക്കാരിനെതിരായ ജനവികാരം ശക്തമാക്കാനാണ് ബിജെപി നീക്കം. ഇതിനുള്ള ആദ്യ ചുവടാണ് ബാംഗ്ലൂരിലേക്കുള്ള മൂന്നാം വന്ദേഭാരത് കേരളത്തിന് അനുവദിച്ചത്.