/sathyam/media/media_files/2025/10/11/ed-pinarai-2025-10-11-15-59-11.jpg)
തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിക്കൽ ഇടപാടിൽ ഹാജരാകാൻ മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരണിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അയച്ച സമൻസ് പുറത്തുവന്നതോടെ തെളിയുന്നത് ലൈഫ് മിഷനിൽ അടക്കം നടന്ന വമ്പൻ കോഴക്കളികളുടെ അണിയറക്കഥകളാണ്.
2003 ഫെബ്രുവരിയിൽ സമൻസ് അയച്ചെങ്കിലും തുടർനടപടികളൊന്നും ഉണ്ടാകാതിരുന്നത് ഉന്നത രാഷ്ട്രീയ ഇടപെടലിന്റെ ഭാഗമായാണെന്നും ആക്ഷേപമുയരുന്നു. വിവേക് ഇതുവരെ ഇ.ഡിക്ക് മുന്നിൽ ഹാജരായിട്ടില്ലെന്നാണ് അറിയുന്നത്.
ലൈഫ് കോഴക്കേസിലെ അന്വേഷണം മുഖ്യമന്ത്രിയുടെ മകനിലേക്കും ക്ലിഫ് ഹൗസിലേക്കും നീണ്ടിരുന്നു എന്നതിന്റെ തെളിവാണ് ക്ലിഫ് ഹൗസ് വിലാസത്തിൽ ഇ.ഡി അയച്ച സമൻസ്.
കള്ളപ്പണം കോഴയായി സ്വീകരിക്കുന്നതും അത് വെളുപ്പിച്ചെടുക്കാൻ ശ്രമിക്കുന്നതും 7 വർഷംവരെ തടവും 5 ലക്ഷം പിഴയും കിട്ടാവുന്ന വകുപ്പുകളാണ്.
കോടികളുടെ കോഴയിടപാടാണ് ലൈഫ് മിഷനിൽ നടന്നത്. യു.എ.ഇ ആസ്ഥാനമാക്കിയായിരുന്നു തട്ടിപ്പുകളുടെ ആസൂത്രണം. യു.എ.ഇ കോൺസുലേറ്റ് പണം മുടക്കിയ വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് ഇടപാടിൽ ബിൽഡറെ പരിചയപ്പെടുത്തിയതിന് തനിക്ക് കമ്മീഷൻ കിട്ടിയതായി സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായർ വെളിപ്പെടുത്തിയിരുന്നു.
വിദേശസഹായ നിയന്ത്രണചട്ടം ലംഘിച്ച് എമിറേറ്റ്സ് റെഡ്ക്രസന്റിൽ നിന്ന് സ്വീകരിച്ച ഇരുപതു കോടിയിൽ 4.48 കോടിയുടെ കോഴയിടപാട് നടന്നെന്നാണ് അന്വേഷണ ഏജൻസികൾ കണ്ടെത്തിയത്.
വടക്കാഞ്ചേരിക്ക് പുറമെ മറ്റുപദ്ധതികളിലും ടെൻഡറിനു മുൻപ് വിവരങ്ങൾ കമ്പനികൾക്ക് ചോർത്തിനൽകി. ലൈഫിലെ 36പദ്ധതികളിൽ 26ലും രണ്ട് കമ്പനികൾക്ക് ടെൻഡർ ലഭിച്ചതായും സി.ബി.ഐ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
ലൈഫിലേത് അധോലോക ഇടപാടുകളാണെന്നാണ് സിബിഐ പറയുന്നത്. ലൈഫ് മിഷനുമായുള്ള ധാരണാപത്രത്തിന്മേലാണ് 20 കോടിയെത്തിയത്. ധാരണാപത്രമില്ലെങ്കിൽ കോഴയിടപാടും അസാദ്ധ്യമായിരുന്നു. ധാരണാപത്രം ലൈഫിന്റെ ഭാഗമാണ്. ഒപ്പിട്ട സിഇഒ യു.വി.ജോസും അംഗീകരിച്ച ഉദ്യോഗസ്ഥരും സർക്കാരിന്റെ ഭാഗമാണ്.
ലൈഫ്മിഷൻ ചെയർമാനായ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിലാണ് ഒപ്പിട്ടത്. ഇവരെയെല്ലാം ചോദ്യംചെയ്യേണ്ടതുണ്ട്. കോഴപ്പണം ആർക്കൊക്കെ കിട്ടിയെന്നും കണ്ടെത്തണം - ഇങ്ങനെയായിരുന്നു അന്ന് സി.ബി.ഐയുടെ നിലപാടെങ്കിലും പിന്നീട് ഉന്നതതല ഇടപെടലിനെത്തുടർന്ന് എല്ലാം ഒതുക്കപ്പെടുകയായിരുന്നു.
വിദേശസഹായം സ്വീകരിക്കാൻ സർക്കാർ ഉപയോഗിച്ച ബിനാമി സ്ഥാപനമാണ് നിർമ്മാണകമ്പനിയായ യൂണിടാക്കെന്നും വിദേശസഹായ നിയമലംഘനത്തിന്റെ ഒരു ഭാഗം മാത്രമാണ് കണ്ടെത്തിയിട്ടുള്ളതെന്നും കള്ളപ്പണം വെളുപ്പിക്കലടക്കം ലക്ഷ്യമിട്ട് അധോലോക ബന്ധമുള്ള ഇടപാടുകൾ നടന്നിട്ടുണ്ടെന്നും സി.ബി.ഐ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
4.48 കോടിരൂപ കമ്മിഷനായി നൽകിയെന്ന് യൂണിടാക് എം.ഡി സന്തോഷ് ഈപ്പൻ സി.ബി.ഐക്ക് മൊഴി നൽകിയിട്ടുണ്ട്. സി.എ.ജി ഓഡിറ്റ്, വിദേശസഹായ നിയന്ത്രണ നിയമം എന്നിവ മറികടന്ന് കോഴയിടപാടിനാണ് യൂണിടാകിനെ ഉപയോഗിച്ചതെന്നും 10 ദശലക്ഷം ദിർഹം ലൈഫ് മിഷന്റെ അക്കൗണ്ടിലെത്തിയിരുന്നെങ്കിൽ ടെൻഡറിലൂടെ മാത്രം നിർമ്മാണം നൽകാനാവില്ലായിരുന്നെന്നും സി.ബി.ഐ കണ്ടെത്തിയതാണ്.
സ്വർണക്കടത്ത് പ്രതികൾക്കും സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥർക്കും ഈ പണം കൈക്കൂലിയായി നൽകി. ലൈഫ് മിഷൻ ഉദ്യോഗസ്ഥർ സ്വർണക്കടത്ത് കേസ് പ്രതി സരിത്തിന് ഇ-മെയിലയച്ചത് ഇതിന് തെളിവാണെന്നും സി.ബി.ഐ ചൂണ്ടിക്കാട്ടുന്നു.
ലൈഫ് നടപടികൾക്ക് സർക്കാർ അനുമതി വാങ്ങിയിട്ടില്ലെന്നും യു.എ.ഇയിലെ റെഡ് ക്രസന്റുമായി കരാർ ഒപ്പിട്ടതിൽ വീഴ്‌ചയുണ്ടായെന്നുമാണ് കേന്ദ്രനിലപാട്.
ലൈഫ് കോഴക്കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്നും കോഴയ്ക്ക് രൂപരേഖയുണ്ടാക്കിയത് അവിടെയാണെന്നും പ്രതിപക്ഷം നിയമസഭയിൽ ആരോപിച്ചിരുന്നതാണ്.
മുഖ്യമന്ത്രിയും ശിവശങ്കറും കോൺസുൽ ജനറലും സ്വപ്നയും ക്ലിഫ്ഹൗസിൽ യോഗം ചേർന്നതായി മാത്യുകുഴൽനാടൻ ആരോപിച്ചിരുന്നു. ഇത് പച്ചക്കള്ളമാണെന്നും തന്നെ ആരും കണ്ടിട്ടോ സംസാരിച്ചിട്ടോ ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞപ്പോൾ, ശിവശങ്കറിന്റെ വാട്സ്ആപ് ചാറ്റുകൾ വീണ്ടെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടുള്ള കാര്യങ്ങളാണ് താൻ പറഞ്ഞതെന്ന് കുഴൽനാടൻ തിരിച്ചടിച്ചിരുന്നു.
അധികാരം ദുർവിനിയോഗം ചെയ്ത് മുഖ്യമന്ത്രി ആസൂത്രിത കൊള്ളയും അഴിമതിയുമാണ് നടത്തിയതെന്നായിരുന്നു പ്രതിപക്ഷ ആരോപണം. കോഴയിടപാടിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് പ്രതിപക്ഷനേതാവ് വി.ഡി.സതീശനും ചൂണ്ടിക്കാട്ടി.
ഭരണാധികാരികൾക്ക് പങ്കില്ലെങ്കിൽ കോഴനൽകിയ ആൾക്കൊപ്പം നിന്ന് സി.ബി.ഐയെ എതിർക്കുന്നതെന്തിന് ? 46 ശതമാനം കോഴയാണ് ലൈഫ് ഇടപാടിലുണ്ടായത്. സ്വപ്ന ഇടനിലക്കാരി മാത്രമാണെന്നും മുഖ്യപങ്ക് മുഖ്യമന്ത്രിയുടെ ഓഫീസിനാണെന്നും സതീശൻ വ്യക്തമാക്കി.
പ്രളയബാധിതർക്ക് വീടുകളും ആശുപത്രികളും നിർമ്മിക്കാൻ സർക്കാരിന് കിട്ടിയ ഒരുകോടി ദിർഹത്തിന്റെ സംഭാവന സ്വകാര്യ കരാറുകാരിലേക്കെത്തിക്കാൻ ക്രിമിനൽ ഗൂഢാലോചന നടന്നതായി ഇ.ഡി പറയുന്നു.
യുഎഇയിലെ ജീവകാരുണ്യ സംഘടനയായ റെഡ്ക്രെസന്റും സർക്കാരുമായി ധാരണാപത്രമൊപ്പിട്ടതിനു പിന്നാലെ, യുഎഇ കോൺസൽ ജനറലുമായി കരാറുണ്ടാക്കാൻ സ്വകാര്യകമ്പനികളെ അനുവദിച്ചു.
സി.എ.ജി ഓഡിറ്റൊഴിവാക്കി കോഴ തട്ടാനുള്ള തന്ത്രമായിരുന്നു ഇത്. സർക്കാരും റെഡ്ക്രസന്റുമായുള്ള ധാരണാപത്രത്തിലെ വ്യവസ്ഥയനുസരിച്ച് മൂന്നാമതൊരു കക്ഷിയുമായി കരാറുണ്ടാക്കാൻ ഇരുകക്ഷികൾക്കും സ്വാതന്ത്ര്യമുണ്ട്. സ്വകാര്യകമ്പനിയെ തിരുകിക്കയറ്റാനുള്ള തന്ത്രമായിരുന്നു ഇത്.
നിർമ്മാണകരാർ കോൺസുൽജനറലും സ്വകാര്യ കമ്പനിയും തമ്മിലാക്കി സർക്കാർ ഏജൻസി മാറിനിന്നതോടെ സി.എ.ജിക്ക് ഓഡിറ്റ് അസാദ്ധ്യമായി. സർക്കാർ ഭൂമിയിൽ നടക്കുന്ന നിർമ്മാണംപോലും പരിശോധിക്കാനാവാതായി.
ധാരണാപത്രം അനുസരിച്ചുള്ള തുടർകരാറുകളൊപ്പിടാതെ, വിദേശസഹായം യൂണിടാക് ബിൽഡേഴ്സ്, യെസിൻ വെഞ്ചേഴ്സ് കമ്പനികളുടെ അക്കൗണ്ടിലെത്തിച്ച് നയതന്ത്രപരിരക്ഷയുള്ള കോൺസുൽ ജനറലുമായി കരാറുണ്ടാക്കുകയായിരുന്നു.