വെട്ടും തടയും പലത് കഴിഞ്ഞു ! ബിനു ചുള്ളിയിലിനും അബിന്‍ വര്‍ക്കിക്കും സാധ്യത കുറഞ്ഞു ? ഒ.ജെ ജനീഷ് പുതിയ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായേക്കും. യൂത്ത് കോണ്‍ഗ്രസിലെ 'ജനപ്രിയ' താരമായ ബിനുവിന് പാരയായത് 'ഐ' ഗ്രൂപ്പിന്‍റെ രാജിഭീഷണി. അബിന് തടയിട്ടത് ഷാഫിയും രാഹുലും സാമുദായിക പരിഗണനകളും. സ്ത്രീ വിഷയത്തില്‍ അകപ്പെട്ട് രാഹുല്‍ ഒഴിഞ്ഞ പദവിയില്‍ ഇനി ആരെന്ന് ഉടനറിയാം !

യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ടിന്‍റെ പിന്‍ബലമില്ലാതെ തന്നെ രാഹുല്‍ മാങ്കൂട്ടത്തിലിനു പിന്നില്‍ രണ്ടാമതെത്തിയ അബിന്‍ വര്‍ക്കിക്കാണ് സ്വാഭാവികമായി അവസരം ലഭിക്കേണ്ടിയിരുന്നത്.

New Update
binu chulliyil oj janeesh abin varkey

തിരുവനന്തപുരം: സ്ത്രീവിഷയങ്ങളില്‍ ആരോപണ വിധേയനായി പുറത്തുപോകേണ്ടിവന്ന രാഹുല്‍ മാങ്കൂട്ടത്തിലിനു പകരം പുതിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനെ ഉടന്‍ പ്രഖ്യാപിച്ചേക്കും. നിലവിലെ വൈസ് പ്രസിഡന്‍റ് ഒ.ജെ ജനീഷ് പുതിയ പ്രസിഡന്‍റാകുമെന്നാണ് സൂചന.

Advertisment

നിലവിലെ സീനിയര്‍ വൈസ് പ്രസിഡന്‍റ് അബിന്‍ വര്‍ക്കി, ദേശീയ ജനറല്‍ സെക്രട്ടറി ബിനു ചുള്ളിയില്‍ എന്നിവരുടെ പേരുകളായിരുന്നു സജീവ പരിഗണനയില്‍ ഉണ്ടായിരുന്നത്.


എന്നാല്‍ മുതിര്‍ന്ന നേതാക്കള്‍ തന്നെ ഇവര്‍ക്കെതിരെ രംഗത്തുവന്നതോടെ മൂന്നാമതൊരാള്‍ എന്ന പരിഗണനയാണ് ഒ.ജെ ജനീഷിന് തുണയായിട്ടുള്ളത്. ഈഴവ സമുദായാംഗമെന്നതും തൃശൂര്‍ ജില്ലയില്‍നിന്നുള്ള ജനീഷിന് തുണയായി.


യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ടിന്‍റെ പിന്‍ബലമില്ലാതെ തന്നെ രാഹുല്‍ മാങ്കൂട്ടത്തിലിനു പിന്നില്‍ രണ്ടാമതെത്തിയ അബിന്‍ വര്‍ക്കിക്കാണ് സ്വാഭാവികമായി അവസരം ലഭിക്കേണ്ടിയിരുന്നത്.

shafi parambil

എന്നാല്‍ രാഹുലിനെതിരായ ആരോപണങ്ങള്‍ പുറത്തുവന്നതിലും പ്രചരിപ്പിക്കപ്പെട്ടതിലും അബിന് പങ്കുണ്ടെന്ന ഷാഫി ഗ്രൂപ്പിന്‍റെ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് അബിനെ പരിഗണിക്കേണ്ടതില്ലെന്ന തീരുമാനം.


രമേശ് ചെന്നിത്തലയുടെ നോമിനികൂടിയായ അബിന്‍ പ്രസിഡന്‍റായാല്‍ ഷാഫി ഗ്രൂപ്പ് നിസഹകരിക്കുമെന്ന ഭീഷണി ഒരുവശത്തും സാമുദായിക പരിഗണനകള്‍ മറ്റൊരുവശത്തും പരിഗണിക്കപ്പെട്ടതോടെ അബിന്‍ പുറത്തായി.


ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള അബിന്‍ പ്രസിഡന്‍റായാല്‍ കെപിസിസിയുടെയും കെഎസ്‍യുവിന്‍റെയും ഒപ്പം യൂത്ത് കോണ്‍ഗ്രസ് തലപ്പത്തും ഒരേ സമുദായക്കാര്‍ എന്ന ആരോപണം ഉയരും.

ramesh chennithala

യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയും സംഘടനയിലെ ഏറ്റവും ജനകീയ അടിത്തറയുള്ള നേതാവുമായ ബിനു ചള്ളിയിലിന് പാരയായത് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയുടെ കടുത്ത എതിര്‍പ്പാണ്.


ആലപ്പുഴ ജില്ലക്കാരനും ചെന്നിത്തലയുടെ ബൂത്തുകാരനും കൂടിയാണ് ബിനു. പക്ഷേ കെസി വേണുഗോപാലുമായി അടുപ്പം സൂക്ഷിക്കുന്ന ബിനുവിനെ അംഗീകരിക്കില്ലെന്ന നിലപാടാണ് ഐ ഗ്രൂപ്പ് സ്വീകരിച്ചത്.


സംഘടനാ തെരഞ്ഞെടുപ്പില്‍ ബിനു മല്‍സരിച്ചില്ലെന്നതും സാങ്കേതിക വാദമായി ഇവര്‍ എടുത്തുകാട്ടി. അതേസമയം, പാര്‍ട്ടിയിലും യൂത്ത് കോണ്‍ഗ്രസിലും പാര്‍ട്ടിക്ക് പുറത്തും ബിനുവിന്‍റെ ജനകീയതയുടെ ഏഴയലത്ത് വരില്ല, രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെടെയുള്ളവര്‍.

images(432) KC VENUGOPAL

പക്ഷേ ബിനുവിനെ പ്രസിഡന്‍റാക്കിയാല്‍ ഐ ഗ്രൂപ്പു ഭാരവാഹികളെല്ലാം രാജിവയ്ക്കുമെന്ന ഭീഷണികൂടി വന്നതോടെയാണ് മാറി ചിന്തിക്കാന്‍ നേതൃത്വം തയ്യാറായത്.


ഇതോടെയാണ് ഈഴവ വിഭാഗത്തില്‍നിന്നുള്ള ഒ.ജെ ജനീഷിന് സാധ്യത വര്‍ധിച്ചത്. മുന്‍ ഐ ഗ്രൂപ്പുകാരനാണെങ്കിലും കെസി വേണുഗോപാലുമായി അടുപ്പം സൂക്ഷിക്കുന്ന നേതാവാണ് ജനീഷ്.


യൂത്ത് കോണ്‍ഗ്രസ് തൃശൂര്‍ ജില്ലാ പ്രസി‍ന്‍റായിരിക്കെ ശക്തമായ പ്രവര്‍ത്തനം കാഴ്ചവച്ചതിന്‍റെ മികവും ജനീഷിനുണ്ട്. തീരുമാനം അടുത്തയാഴ്ച ഉണ്ടാകുമെന്നാണ് സൂചന.

Advertisment