/sathyam/media/media_files/2025/10/11/mar-thomas-tharayil-pinarai-vijayan-g-sukumaran-nair-vd-satheesan-sunny-joseph-jose-k-mani-2025-10-11-20-49-56.jpg)
തിരുവനന്തപുരം: സുപ്രധാന തെരഞ്ഞെടുപ്പുകള്‍ അരികിലെത്തിയിട്ടും സംഘടനാ ഭാരവാഹികളെപ്പോലും പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ് പകച്ചു നില്ക്കുമ്പോള്‍ സാമുദായിക സംഘടനകളെ ഉള്‍പ്പെടെ ചേര്‍ത്തു നിര്‍ത്തി അമ്പരപ്പിക്കുന്ന രാഷ്ട്രീയ നീക്കങ്ങളുമായി ഇടതുപക്ഷം.
ഒരിക്കലും കോണ്‍ഗ്രസിനെ കൈവിട്ടിട്ടില്ലാത്ത എന്‍എസ്എസിനേപ്പോലും തങ്ങള്‍ക്ക് അനുകൂലമാക്കിയ അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങളിലൂടെയാണ് മൂന്നാം പിണറായി ഭരണം ലക്ഷ്യമാക്കി ഇടതുപക്ഷം കരുക്കള്‍ നീക്കുന്നത്.
ഭിന്നശേഷി നിയമന വിഷയത്തില്‍ സര്‍ക്കാരുമായി കൊമ്പുകോര്‍ത്ത ക്രൈസ്തവ സഭകളെ അനുനയിപ്പിക്കാന്‍ വിദ്യാഭ്യാസ മന്ത്രിയെ ചങ്ങനാശേരി അരമനയിലേയ്ക്ക് അയച്ച് അനുനയ സന്ദേശം നല്‍കി കഴിഞ്ഞു.
കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എംപിയുടെ മധ്യസ്ഥതയിലാണ് സഭയുമായി വീണ്ടും സര്‍ക്കാര്‍ അനുനയത്തിനൊരുങ്ങുന്നത്.
മാത്രമല്ല, ക്രൈസ്തവ വിശ്വാസികളെ ഒന്നടങ്കം ഒപ്പം നിര്‍ത്താന്‍ പര്യാപ്തമായ കിടിലന്‍ പ്രഖ്യാപനങ്ങളും ക്രൈസ്തവ സമൂഹത്തിനായി ഒരുങ്ങുന്നു എന്നതാണ് റിപ്പോര്‍ട്ടുകള്‍.
കോണ്‍ഗ്രസ് - എമ്മിനെ മുന്നണിയില്‍ ഉറപ്പിച്ചു നിര്‍ത്തുകയും ക്രൈസ്തവ സമൂഹത്തിന്‍റെ പിന്തുണ ഉറപ്പിക്കുകയും ചെയ്താല്‍ തുടര്‍ഭരണം എന്ന ലക്ഷ്യം അകലെയല്ലെന്ന വിലയിരുത്തലിലാണ് സിപിഎം.
അത് ലക്ഷ്യം വച്ചാണ് വിശ്വാസികളുടെ പിന്തുണ ഉറപ്പിക്കും വിധം ക്രൈസ്തവ സമൂഹത്തെ ലക്ഷ്യം വച്ചുള്ള വമ്പന്‍ പ്രഖ്യാപനത്തിന് ഒരുക്കങ്ങള്‍ നടത്തുന്നത്. സമീപകാലത്ത് ക്രൈസ്തവ സഭകള്‍ മുന്നോട്ടുവച്ച ഒട്ടുമിക്ക ആവശ്യങ്ങളിലും പരിഹാരം കാണാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടുണ്ടെന്നത് സഭകള്‍ക്കും ആശ്വാസമാണ്.
ആഗോള അയ്യപ്പ സംഗമത്തിലൂടെ ഭൂരിപക്ഷ സമൂഹത്തെ ആകര്‍ഷിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിരുന്നു. എന്നാല്‍ ശബരിമലയിലെ സ്വര്‍ണമോഷണം അപ്രതീക്ഷിതമായി വന്നുപെട്ടത് ആ നീക്കത്തിന്‍റെ മാറ്റ് കുറച്ചെങ്കിലും പ്രശ്നം പരിഹരിക്കാനുള്ള തീവ്ര നീക്കത്തിലാണ് ഇടതുപക്ഷം.
അതിനിടയിലാണ് കെപിസിസി അധ്യക്ഷനേക്കാള്‍ തീവ്ര കോണ്‍ഗ്രസ് പക്ഷക്കാരനായ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായരുടെ മലക്കം മറിച്ചില്‍ സംസ്ഥാന രാഷ്ട്രീയത്തെ അമ്പരപ്പിച്ചത്.
ആഗോള അയ്യപ്പ സംഗമത്തെ പരസ്യമായി പിന്തുണച്ച സുകുമാരന്‍ നായര്‍ സര്‍ക്കാരിനും സര്‍ക്കാരിന്‍റെ പിന്നാലെ കൂടിയിരിക്കുന്ന വെള്ളാപ്പള്ളി നടേശനും പോലും പിന്തുണ പ്രഖ്യാപിച്ചത് സമീപകാലത്ത് സിപിഎം നടത്തിയ ഏറ്റവും വലിയ രാഷ്ട്രീയ നീക്കമായിരുന്നു.
ഇതിനു പുറമെ ചില മുസ്ലിം വിഭാഗങ്ങളെക്കൂടി ഒപ്പം നിര്‍ത്താനുള്ള ശ്രമങ്ങളും സിപിഎം ആരംഭിച്ചിട്ടുണ്ട്.
ആഞ്ഞുപിടിച്ചാല്‍ മൂന്നാം തുടര്‍ഭരണം നേടാമെന്ന പ്രതീക്ഷ ഇത്തരത്തില്‍ സിപിഎമ്മിന് നല്‍കിയത് കോണ്‍ഗ്രസ് നേതൃത്വം തന്നെയാണ്. 4 വര്‍ഷമായിട്ടും സംഘടനാ ഭാരവാഹികളെ പ്രഖ്യാപിക്കാന്‍ കഴിഞ്ഞിട്ടില്ല. ഡിസിസി പ്രസിഡന്‍റുമാര്‍ നില്‍ക്കണോ, പോകണോ എന്നറിയാത്ത അവസ്ഥയിലാണ്.
അടുത്തിടെ നേതൃതലത്തില്‍ മാത്രം നടത്തിയ പുനസംഘടന പോലും വെളുക്കാന്‍ തേച്ചത് പാണ്ടായതുപോലായി. യുവനിരയെ നേതൃത്വത്തിലേയ്ക്ക് കൊണ്ടുവന്നതോടെ അവര്‍ പാര്‍ട്ടിയെ വളര്‍ത്താനല്ല, സ്വയം വളരാനുള്ള തന്ത്രങ്ങളുടെ പണിപ്പുരയിലാണ്.
പാര്‍ട്ടിയിലെ അഴുക്കുചാലുകളെ വിശുദ്ധീകരിക്കാനുള്ള തീവ്ര ശ്രമമാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ചീഞ്ഞുനാറിയ ആരോപണങ്ങളിലൂടെ പുറത്തു വന്നത്.
നിലപാടും പ്രാഗത്ഭ്യവുമുള്ള നേതാക്കളെ മൂലയ്ക്കിരുത്തി ഇത്തരം ചീഞ്ഞുനാറിയ വ്യക്തിത്വങ്ങളെ മഹത്വവല്‍ക്കരിക്കാനുള്ള പിആര്‍ ആഘോഷങ്ങളിലാണ് യുവനേതാക്കളുടെ ശ്രദ്ധ. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒരു തരത്തിലും വച്ചുപൊറുപ്പിക്കാനാകാത്ത സ്വഭാവ വൈകൃതങ്ങളുള്ള ചില യുവനേതാക്കളെ ഒടുവില്‍ ചുമക്കേണ്ടിവരുന്ന ഗതികേടിലാണ് കോണ്‍ഗ്രസ്.
പാര്‍ട്ടിയിലെ ഒരു തലമുറ മുഴുവന്‍ സംഘടനയില്‍ ഒരു പരിഗണനയും കിട്ടാതെ പരിഭവത്തിലാണ്. വര്‍ഷങ്ങള്‍ മുമ്പേ നടക്കേണ്ട പുനസംഘടന രണ്ടാമത്തെ കെപിസിസി പ്രസിഡന്‍റ് വന്നിട്ടും നടത്താന്‍ കഴിയുന്നില്ല.
പ്രതിപക്ഷ പ്രവര്‍ത്തനം ഊര്‍ജസ്വലമാകേണ്ട സമയത്ത് വേറെ പണിക്കുപോയ പദവിപോയ പ്രസിഡന്‍റിനു പകരം പുതിയ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
ഒരു വിഭാഗം നേതാക്കള്‍ ഏറെ ശ്രമകരമായ ദൗത്യമായി പാര്‍ട്ടിയിലെ കുപ്പകളെ ഒരുവിധം ഒഴിവാക്കിയപ്പോള്‍ ഗ്രൂപ്പും മറുഗ്രൂപ്പുമായി ഇന്നലെ കിളുത്ത പുതിയ നേതാക്കള്‍ വരെ രംഗത്താണ്.
രാത്രി വെളുക്കുംവരെ സ്ത്രീകളെ ഫോണ്‍വിളിക്കുന്നെന്ന് ആരോപണം നേരിട്ട നേതാവ് വരെ മുഖ്യമന്ത്രിയെങ്കിലും ആകണമെന്നാണ് ചെറിയ മോഹം. ആകെ മൊത്തത്തില്‍ സ്വപ്നലോകത്തെ ബാലഭാസ്കരന്മാരാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നിറയെ.
സര്‍ക്കാര്‍ വിരുദ്ധ വോട്ടുകളുടെ മറവില്‍ സ്വയമങ്ങ് അധികാരത്തിലെത്താമെന്നാണ് ഇവരുടെ സ്വപ്നം. ആ സമയത്ത് ഇടതുപക്ഷം തെരഞ്ഞെടുപ്പിനുള്ള തീവ്ര ഒരുക്കത്തിലുമാണ്.