/sathyam/media/media_files/2025/10/13/a-padmakumar-2025-10-13-18-41-13.jpg)
തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തിൽ കേസ് രജിസ്റ്റർ ചെയ്തതോടെ കുടുങ്ങിയത് സിപിഎം. ഉദ്യോഗസ്ഥ തലത്തിലുള്ള ഗൂഢാലോചന എന്ന പാർട്ടി വാദത്തെ ദേവസ്വം വിജിലൻസ് പൊളിച്ചടുക്കിയതോടെയാണ് സിപിഎമ്മും സർക്കാരും ഒരേപോലെ പ്രതിരോധത്തിൽ ആയത്.
മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റും ആറന്മുള മുൻ എംഎൽഎയും പത്തനംതിട്ടയിലെ മുതിർന്ന സിപിഎം നേതാവുമായ പത്മകുമാർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് ആയ കാലയളവിൽ ആണ് ശബരിമലയിൽ സ്വർണ്ണക്കൊള്ള നടന്നതെന്ന കണ്ടെത്തലാണ് പാർട്ടിയെ പ്രതിരോധത്തിൽ ആക്കിയത്.
പത്മകുമാറിനൊപ്പം അന്ന് ദേവസ്വം ബോർഡ് അംഗങ്ങളായിരുന്ന സിപിഐ നേതാവ് ശങ്കർദാസ്, സിപിഎം നേതാവ് രാഘവൻ എന്നിവരും പ്രതിപട്ടികയിൽ ഉൾപ്പെട്ടതോടെയാണ് സിപിഎമ്മിനും സിപിഐക്കും പിണറായി സർക്കാരിനും ഉത്തരം മുട്ടുന്നത്.
ഹൈക്കോടതി ദേവസ്വം ബഞ്ചിന്റെ ഇടക്കാല ഉത്തരവ് വരുന്നതിന് മുന്‍പുവരെ അക്കാലത്തെ ഉദ്യോഗസ്ഥര്‍ ഗൂഢാലോചന നടത്തിയെന്ന തരത്തിലാണ് വാദം ഉയർന്നിരുന്നത്.
നിയമസഭയിൽ ഉള്‍പ്പെടെ പ്രതിപക്ഷം ഉയര്‍ത്തിയ പ്രക്ഷോഭങ്ങളെ സിപിഎം അതേ നിലയിലാണ് നേരിട്ടതും. എന്നാല്‍ ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ട് പുറത്തുവരികയും ഹൈക്കോടതി ഉത്തരവ് പ്രകാരം പ്രത്യേക അന്വേഷണസംഘം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തതോടെ കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞു.
ഇപ്പോള്‍ സി.പി.എമ്മും സി.പി.ഐയും ഉള്‍പ്പെടെയുള്ള ഇടതുമുന്നണിയിലെ പ്രമുഖകക്ഷികളും ആകെ പ്രതിസന്ധിയിലായി.
കുറ്റം ചെയ്തവർക്കെതിരെ കർശന നിലപാട് എടുക്കും എന്നാണ് ദേവസം മന്ത്രി വി എൻ വാസവൻ ആവർത്തിച്ച് വ്യക്തമാക്കുന്നത്. തദ്ദേശ നിയമസഭ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കുന്നത് കൊണ്ട് തന്നെ അന്വേഷണത്തിൽ ഏതെങ്കിലും തരത്തിലുള്ള വീഴ്ച ഉണ്ടായാൽ അതും പ്രതിപക്ഷം പ്രചാരണായുധമാക്കും.
നിലവിൽ പ്രത്യേക അന്വേഷണസംഘം നടത്തുന്ന അന്വേഷണത്തിൻ്റെ റിപ്പോർട്ട് അതുകൊണ്ടുതന്നെ നിർണായകമാണ്. നിയമ നടപടിക്ക് പുറമേ പത്മകുമാറിനും മുൻ ദേവസ്വം ബോർഡ് അംഗമായ രാഘവനും എതിരെ സിപിഎം സംഘടനാ തലത്തിലുള്ള അച്ചടക്ക നടപടി എടുക്കാൻ സമ്മർദ്ദത്തിലാണ്.
കഴിഞ്ഞ സംസ്ഥാന സമ്മേളനം മുതല്‍ പാര്‍ട്ടിയുടെ കണ്ണിലെ കരടാണ് എ. പത്മകുമാര്‍. അതുകൊണ്ടുതന്നെ അദ്ദേഹത്തിനെതിരെ നടപടി ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്.
സി.പി.എമ്മിന്റെ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരിക്കെ 2017 നവംബറിലാണ് എ.പത്മകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ പ്രസിഡന്റായി നിയമിക്കപ്പെട്ടത്.
ശബരിമല സ്ത്രീപ്രവേശന വിഷയം ഉയര്‍ന്നുവന്നപ്പോള്‍ ബോര്‍ഡിന്റെ ചുമതലക്കാരനായിരുന്നു എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ ആക്രമണത്തിന് വിധേയനായ വ്യക്തിയുമാണ് അദ്ദേഹം.
വീണാ ജോര്‍ജ്ജിന് കൂടുതല്‍ പരിഗണന പാര്‍ട്ടി നല്‍കുന്നുവെന്ന പേരില്‍ കഴിഞ്ഞ സംസ്ഥാന സമ്മേളന കാലത്ത് പാർട്ടിക്കെതിരെ അതൃപ്തി പരസ്യമാക്കി പത്മകുമാര്‍ രംഗത്തുവന്നിരുന്നു. അന്നുമുതല്‍ പാര്‍ട്ടിയുടെ കണ്ണിലെ കരടുമാണ് അദ്ദേഹം.
പിന്നീട് പിന്‍വലിച്ച് മാപ്പുപറഞ്ഞെങ്കിലും അത് ഉയര്‍ത്തിവിട്ട വിവാദം പാര്‍ട്ടിക്ക് ദോഷമായെന്ന വിലയിരുത്തല്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റിക്കുമുണ്ട്. ഇതൊക്കെ പരിഗണിച്ചുകൊണ്ടാണ് ജില്ലാ കമ്മറ്റിയംഗമായ പത്മകുമാറിനെതിരെ നടപടിയെക്കുറിച്ച് പാര്‍ട്ടി ആലോചിക്കുന്നത്.
ശക്തമായ പ്രചാരണം നടത്തിയിരുന്നതിനാല്‍ ഇപ്പോള്‍ ശബരിമലയിലെ ഈ സ്വര്‍ണ്ണപാളിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അദ്ദേഹം പ്രതിയാകുമ്പോള്‍ പാര്‍ട്ടിക്കെതിരായ ആക്രമണത്തിന് ശക്തികൂടുമെന്നാണ് പൊതുവിലുള്ള വിലയിരുത്തലും.
അതുകൊണ്ടുതന്നെ പത്മകുമാറിനെതിരെ നടപടി സ്വീകരിച്ചുകൊണ്ട് മുഖം രക്ഷിക്കാനായിരിക്കും സി.പി.എമ്മും സര്‍ക്കാരും ശ്രമിക്കുക.