സ്വർണക്കൊള്ളയിൽ അന്വേഷണത്തിന് കേന്ദ്രഏജൻസികളെത്തും. പ്രാഥമിക അന്വേഷണം തുടങ്ങി ഇ.ഡി. സിബിഐയും പിന്നാലെയെത്തും. ആരോപണം നേരിടുന്ന ദേവസ്വം ബോർഡ് അംഗത്തെ രക്ഷിക്കാൻ മകനായ ഐപിഎസുകാരൻ രംഗത്തിറങ്ങുമെന്ന് ആക്ഷേപം. സിബിഐ അന്വേഷണം തേടി ഗവർണറെ കണ്ട് ബിജെപി. 4 സംസ്ഥാനങ്ങളിലെ അന്വേഷണത്തിൽ ക്രൈംബ്രാഞ്ചിന് പരിമിതികളേറെ. സ്വർണക്കൊള്ളയിൽ സിബിഐ വന്നാൽ കളിമാറും

ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളിൽ നിന്നും ശ്രീകോവിലിന്റെ കട്ടിളയിൽ നിന്നും കവർന്നെടുത്ത കിലോക്കണക്കിന്സ്വർണം കണ്ടെടുക്കുകയാണ് മറ്റൊരു വെല്ലുവിളി.

New Update
ed cbi
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ള‌യിൽ 2 കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് വഴിയൊരുങ്ങുകയാണ്. നിലവിൽ പുരോഗമിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഏറെ പരിമിതികളുണ്ട്. 

Advertisment

കേരളത്തിനു പുറമെ തമിഴ്നാട്, ആന്ധ്ര, കർണാടക, തെലങ്കാന അടക്കം സംസ്ഥാനങ്ങളിൽ അന്വേഷണം നടത്തേണ്ടതുണ്ട്. ഇതിന് ക്രൈംബ്രാഞ്ചിന് കഴിയുമോയെന്നത് സംശയകരമാണ്. മാത്രമല്ല, തട്ടിപ്പുകാരുടെ വിദേശ ബന്ധങ്ങളും വിദേശ യാത്രകളും അന്വേഷിക്കേണ്ടതുമുണ്ട്. 


ഈ സാഹചര്യത്തിൽ അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറാനുള്ള സാദ്ധ്യത ഏറെയാണ്. നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ ഭാഗമായുള്ള എഫ്.ഐ.ആറിനു പിന്നാലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക അന്വേഷണം തുടങ്ങിക്കഴിഞ്ഞു. കള്ളപ്പണ, ഹവാലാ ഇടപാടുകളെക്കുറിച്ച് ഇ.ഡിയും കേസെടുത്ത് അന്വേഷിച്ചേക്കും.


ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളിൽ നിന്നും ശ്രീകോവിലിന്റെ കട്ടിളയിൽ നിന്നും കവർന്നെടുത്ത കിലോക്കണക്കിന്സ്വർണം കണ്ടെടുക്കുകയാണ് മറ്റൊരു വെല്ലുവിളി. ഉണ്ണികൃഷണൻ പോറ്റി എത്തിച്ച പാളികളിൽ നിന്ന് സ്വർണം നീക്കിയെന്നാണ് ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് സി.ഇ.ഒ പങ്കജ് ഭണ്ഡാരിയുടെ മൊഴി. 

unnikrishnan potty

കട്ടിളയുടെ പാളികൾ സ്വർണം പൂശിയതിനുശഷം ബാക്കിവന്ന 474.9 ഗ്രാം സ്വർണം ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് കൈമാറിയതായാണ് മൊഴി. ഈ സ്വർണം കണ്ടെടുക്കക ശ്രമകരമായിരിക്കും. എന്നാൽ സന്നിധാനത്ത് നിന്ന് കൊണ്ടുപോയ 14 ഭാഗങ്ങളായുള്ള സ്വർണപ്പാളികൾ തമിഴ്നാട്, കർണാടക, ആന്ധ്ര എന്നിവിടങ്ങളിലെത്തിച്ചത് മുറിച്ച് വിൽക്കാനായിരുന്നെന്നും ക്രൈംബ്രാഞ്ച് സംശയിക്കുന്നു. 


39 ദിവസം കഴിഞ്ഞാണ് സ്വർണംപൂശാനായി പാളി ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ചത്. പൂർണമായും ചെമ്പായിരുന്നെന്ന് സ്മാർട്ട് ക്രിയേഷൻസിന്റെ എംഡിയും അഭിഭാഷകനും ആദ്യം പറഞ്ഞിരുന്നു. ഇപ്പോൾ അവർ നിലപാട് മാറ്റി. 


പഴയപാളിയുടെ പകർപ്പിൽ അച്ച് തയ്യാറാക്കി അതേപോലെ പുതിയ ചെമ്പു പാളിയുണ്ടാക്കി സ്വർണം പൂശിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ അനുമാനം. പാളികൾ മുറിച്ച് സമ്പന്നരായ ഭക്തർക്ക് വിറ്റതാണെന്നും സംശയമുണ്ട്. ഇതെല്ലാം കണ്ടെത്തണമെങ്കിൽ സി.ബി.ഐ അന്വേഷണം വേണ്ടിവരും.

സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി നേതാക്കൾ ഗവർണറെ കണ്ടിട്ടുണ്ട്. കേന്ദ്ര ഏജൻസിയുടെ അന്വേഷണം തേടി ഹൈക്കോടതിയിൽ ഹർജിയുമുണ്ട്. നിരവധി ഹിന്ദു സംഘടനകൾ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നുണ്ട്. 

സി.ബി.ഐയ്ക്ക് നേരിട്ട് കേരളത്തിലെ കേസ് ഏറ്റെടുക്കാനാവില്ല. അതിന് സർക്കാരിന്റെ അനുമതി വേണ്ടിവരും. എന്നാൽ ഹൈക്കോടതിക്ക് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടാനാവും. 


ഹൈക്കോടതിയുടെ നിർദേശപ്രകാരം ശബരിമലയിൽ അമിക്കസ് ക്യൂറി റിട്ട.ജസ്റ്റിസ് കെ.ടി.ശങ്കരൻ്റെ നേതൃത്വത്തിൽ സ്ട്രോംഗ് റൂം തുറന്ന് പരിശോധന പുരോഗമിക്കുകയാണ്. ഇതിലും ക്രമക്കേടുകളേറെ കണ്ടെത്തിയതായാണ് സൂചന. 


രജിസ്റ്ററും മഹസറും സ്റ്റോക്കും തമ്മിൽ വൈരുദ്ധ്യമുള്ളതായി അമിക്കസ് ക്യൂറി കണ്ടെത്തിയെന്നാണ് അറിയുന്നത്. അങ്ങനെയെങ്കിൽ ഇതേക്കുറിച്ചുള്ള വിശദാന്വേഷണത്തിന് സി.ബി.ഐയ്ക്കേ കഴിയൂ. 

സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി,ശബരിമല അയ്യപ്പസേവാസമാജം എന്നിവയുടെ നേതൃത്വത്തിൽ15ന് സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധം നടത്തുന്നുണ്ട്. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്നാണ് കോൺഗ്രസിന്റെയും ആവശ്യം.


ശബരിമല സ്വർണക്കവർച്ച കേസിൽ സി.പി.എം നേതാവ് എ. പത്മകുമാർ പ്രസിഡന്റായിരുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ ഭരണസമിതിയെ പ്രതിചേർത്തിട്ടുണ്ട്. ഇതോടെ പത്മകുമാറും അന്നത്തെ ബോർഡ് അംഗങ്ങളായ കെ.പി. ശങ്കരദാസും എൻ.വിജയകുമാറും പൊലീസ് നടപടികൾ നേരിടേണ്ടിവരും. 


a padmakumar-2

ഇതിൽ കെ.പി. ശങ്കരദാസിന്റെ മകനാണ് ഡി.ഐ.ജി ഹരിശങ്കർ. ഐ.പി.എസ് ഉദ്യോഗസ്ഥനായ മകൻ ബോർഡംഗത്തെ രക്ഷിക്കാൻ കളത്തിലിറങ്ങുമോ എന്നാണ് ഇനി അറിയേണ്ടത്. ഇതേക്കുറിച്ചുള്ള ആശങ്കകളും ശക്തമാണ്. ഡിഐജി ഹരിശങ്കറിന്റെയും പിതാവ് ശങ്കരദാസിന്റെയും പങ്ക് അന്വേഷിക്കണമെന്ന് ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല ആവശ്യപ്പെടുന്നുണ്ട്. 

തട്ടിപ്പ് നടക്കുമ്പോൾ ഹരിശങ്കർ കോട്ടയം എസ്.പിയായിരുന്നു. കനക ദുർഗയെയും ബിന്ദു അമ്മിണിയയു മലകയറ്റാൻ സർവ്വ സന്നാഹവും നടത്തിയത് ഹരിശങ്കറാണെന്നും ശശികല ആരോപിക്കുന്നു. പോലീസിന്റെ ആവശ്യപ്രകാരം ഫേസ്ബുക്ക് ശശികലയുടെ പോസ്റ്റ് നീക്കം ചെയ്തിട്ടുണ്ട്.


സ്വർണം കവർന്ന കേസിൽ അന്വേഷണം ഹൈദരാബാദിലേക്കും നീളുകയാണ്. ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി സുഹൃത്തും ഹൈദരാബാദിൽ സ്വർണപ്പണികൾ ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയുമായ നാഗേഷ് എന്നയാളുടെ സഹായത്തോടെയാണ് സ്വർണം മോഷ്ടിച്ചതെന്നാണ് സംശയം. 


കൂടുതൽ വിവരങ്ങൾക്കായി ഇയാളെയും ചോദ്യം ചെയ്യും. 2019 നവംബർ 19 നും 20നുമായി ഇളക്കിയെടുത്ത ദ്വാരപാലക ശിൽപപാളികളും വാതിൽപ്പടികളും സന്നിധാനത്ത് നിന്ന് ഏറ്റുവാങ്ങിയത് ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ സുഹൃത്തുക്കളായ കർണാടക സ്വദേശി ആർ രമേഷും, അനന്ത സുബ്രഹ്മണ്യവുമാണ്. 

ഇവ ആദ്യം അനന്തസുബ്രഹ്മണ്യത്തിന്റെ വീടായ ബംഗളൂരുവിലേക്ക് കൊണ്ടുപോയി.അവിടെ ഏതാനും ദിവസം സൂക്ഷിച്ച് പാളികൾ നാഗേഷിന്റെ സ്ഥാപനത്തിൽ എത്തിച്ചു. 39 ദിവസത്തോളം കൈവശം വച്ച ശേഷം 2019 ജൂലൈ 29 നാണ് നാഗേഷിന്റെ നേതൃത്വത്തിൽ സ്വർണം ചെന്നൈ സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ചത്. 

GOLD-PLSTE

ഇതിനിടയ്ക്ക് കൃത്രിമം നടന്നോയെന്നാണ് സംശയം. ബോർഡ് ഉത്തരവ് പ്രകാരം സ്വർണം പൂശുന്നതിന് മേൽനോട്ടം വഹിക്കാൻ തിരുവാഭരണം കമ്മീഷണറെ ചുമതലപ്പെടുത്തിയിരുന്നതിനാൽ 2019 ജൂലൈ 29 ന് കമ്മീഷണർ ആർ.ജി രാധാകൃഷ്ണൻ സ്മാർട്ട് ക്രിയേഷനിലെത്തിയിരുന്നു. 


രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ദ്വാരപാലക ശിൽപപാളികളും തൂക്കിനോക്കി. സ്വർണം പൂശും മുമ്പ് തയ്യാറാക്കിയ മഹസറിൽ തൂക്കം രേഖപ്പെടുത്തിയത് 38.258 കിലോ എന്നാണ്. സ്വർണം പൂശിയശേഷം സ്മാർട്ട് ക്രിയേഷൻസിൽവെച്ച് വീണ്ടും സ്വർണപ്പാളികൾ തൂക്കി. അപ്പോൾ ഭാരം 38.653 കിലോഗ്രാം ആയിരുന്നു. 


സ്വർണം പൂശിയതോടെ 394 ഗ്രാമിന്റെ വർദ്ധനയാണുണ്ടായത്. അപ്പോഴും ആകെ തൂക്കത്തിൽ 4.147 കിലോഗ്രാമിന്റെ കുറവുണ്ടായി. ശിൽപപാളികളും കട്ടിളപ്പാളികളും അപ്പാടെ മാറ്റിയിരിക്കാം എന്നാണ് സംശയം. ഇതേക്കുറിച്ചെല്ലാം വിശദാന്വേഷണത്തിന് സി.ബി.ഐ വേണമെന്നാണ് പരക്കെ ആവശ്യമുയരുന്നത്.

Advertisment