/sathyam/media/media_files/2025/06/10/xMRbdI56Iu9IbuJYJjml.jpg)
തിരുവനന്തപുരം: മകനെയും മകളെയും കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ അമിത ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത് എന്തിന്റെ ബലത്തിലാണെന്ന ചർച്ചയിലാണ് കേരളത്തിലെ രാഷ്ട്രീയ രംഗം.
മുഖ്യമന്ത്രിയുടെ മകൻ വിവേകിന് കള്ളപ്പണ വിനിമയ നിരോധന നിയമപ്രകാരം സമൻസ് അയച്ചതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) സ്ഥിരീകരിച്ചിട്ടുണ്ട്. സമൻസ് എസ്എൻസി ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ടാണെന്നാണെന്നാണ് ഇ.ഡി പറയുന്നത്.
മകൾ വീണ കരിമണൽ കമ്പനിയിൽ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തിൽ കേന്ദ്രഏജൻസിയായ എസ്.എഫ്.ഐ.ഒയുടെ അന്വേഷണം നേരിടുകയാണ്. ഈ സാഹചര്യത്തിലും തനിക്ക് ദുഷ്‌പേരുണ്ടാക്കുന്ന തരത്തിൽ മക്കൾ പ്രവർത്തിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറയാനുള്ള സാഹചര്യത്തെക്കുറിച്ചാണ് ചർച്ചകൾ.
മുഖ്യമന്ത്രിയുടെ മക്കൾക്കെതിരേ അന്വേഷണം നടത്തുന്ന രണ്ട് കേന്ദ്ര ഏജൻസികളും ധനകാര്യ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ളതാണ്. കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമനുമായി അടുത്ത ബന്ധത്തിലാണ് മുഖ്യമന്ത്രി.
ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി തോമസാണ് കേന്ദ്രസർക്കാരുമായുള്ള പാലമായി പ്രവർത്തിക്കുന്നത്. അടുത്തിടെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുമൊത്ത് മുഖ്യമന്ത്രി, നിർമ്മലാ സീതാരാമനെ പ്രഭാത ഭക്ഷണത്തിന് ക്ഷണിച്ചിരുന്നു.
കേന്ദ്രസർക്കാരുമായുള്ള ഒത്തുതീർപ്പിനെത്തുടർന്നാണ് മുഖ്യമന്ത്രിയുടെ മകന് ഇ.ഡി അയച്ച സമൻസിൽ തുടർ നടപടികളുണ്ടാവാതിരുന്നതെന്നും മകൾക്കെതിരായ എസ്.എഫ്.ഐ.ഒ അന്വേഷണം പുരോഗമിക്കാത്തതെന്നുമാണ് രാഷ്ട്രീയ രംഗത്തെ വിലയിരുത്തൽ.
ഇക്കാര്യങ്ങളെക്കുറിച്ച് പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബിക്കു പോലും വ്യക്തതയില്ല. ഇ.ഡിയുടെ സമൻസ് ലഭിച്ചെന്ന് കഴിഞ്ഞ ദിവസം പറഞ്ഞ ബേബിയെ വസ്തുതകൾ മനസിലാക്കാതെ പറഞ്ഞതാണെന്ന് മുഖ്യമന്ത്രി തിരുത്തുകയും ചെയ്തിരുന്നു.
എന്റെ രാഷ്ട്രീയത്തിനും ശീലത്തിനും നിരക്കാത്തതൊന്നും മക്കൾ ചെയ്യില്ലെന്നും അതിൽ നല്ല അഭിമാനമുണ്ടെന്നും ഒരു അഴിമതിയും എന്റെ ജീവിതത്തിലുണ്ടാവില്ലെന്ന് ഉറപ്പിച്ച് പറയുന്നെന്നുമാണ് മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞത്.
മുഖ്യമന്ത്രിയുടെ ഈ വീഡിയോ മന്ത്രിമാരടക്കം വൻതോതിൽ പ്രചരിപ്പിക്കുന്നുണ്ട്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഇടതിന്റെ പ്രചാരണായുധമായി ഈ വീഡിയോകൾ മാറുമെന്നാണ് അവരുടെ വിലയിരുത്തൽ.
മക്കളെക്കുറിച്ച് മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ - എന്റെ പൊതുജീവിതം കളങ്കരഹിതമായി കൊണ്ടുപോവാനാണ് ശ്രമം. അതിൽ അഭിമാനമുണ്ട്. കുടുംബം പൂർണമായി അതിനൊപ്പം നിന്നു. രണ്ടു മക്കളും അതേനില സ്വീകരിച്ചു.
മകനെ നിങ്ങളിൽ എത്രപേർ കണ്ടിട്ടുണ്ടെന്നറിയില്ല. അധികാരത്തിന്റെ ഇടനാഴികളിൽ അവനെ കണ്ടിട്ടുണ്ടോ ? ക്ലിഫ് ഹൗസിൽ എത്ര മുറിയുണ്ടെന്ന് പോലും അവനറിയില്ല. അതാണ് എന്റെ മകന്റെ പ്രത്യേതക.
ഒരു ദുഷ്പേരും എനിക്കുണ്ടാക്കുന്ന തരത്തിൽ മക്കൾ പ്രവർത്തിച്ചിട്ടില്ല. മര്യാദയ്ക്ക് ജോലി ചെയ്ത് ജീവിക്കുന്നയാളാണ് മകൻ. ജോലി, വീട് എന്ന പൊതുരീതിയാണ് അവന്റേത്. പൊതുപ്രവർത്തന രംഗത്തുമില്ല. തെറ്റായ കാര്യങ്ങൾ ചെയ്യില്ല.
ഇക്കാര്യത്തിൽ ഏതെങ്കിലും വിധത്തിൽ തന്നെ പ്രസായപ്പെടുത്താമെന്ന് കരുതേണ്ട. തിരഞ്ഞെടുപ്പ് അടുത്തില്ലേ വലിയ ബോംബ് വരാനുണ്ടെന്ന് ഒരാൾ പറഞ്ഞു, ഇതൊരു നനഞ്ഞ പടക്കമായിപ്പോയി. ഇനിയും പലതും വരുമായിരിക്കും.
ഇ.ഡിയുടെ സമൻസിനെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത്- സമൻസ് വന്നെങ്കിൽ ക്ലിഫ്ഹൗസിൽ വരണ്ടേ ? എന്റെ കൈയിൽ വന്നിട്ടില്ല. ഞങ്ങളാരും കണ്ടിട്ടില്ല. മകനും അങ്ങനെയൊന്ന് കിട്ടിയതായി പറഞ്ഞിട്ടില്ല. എന്നെ മറ്റൊരു തരത്തിൽ കാണിക്കാനും സമൂഹത്തിൽ കളങ്കിതനായി ചിത്രീകരിക്കാനുമാണ് ശ്രമം. അങ്ങനെ ആരെങ്കിലും ചിത്രീകരിച്ചാൽ കളങ്കിതനാവുമോ ?
മകൾക്കെതിരായ ആരോപണത്തെ ചിരിച്ചുകൊണ്ടാണ് ഞാൻ നേരിട്ടത്. അത് ഏശിയില്ലെന്ന് വന്നപ്പോൾ മകനെതിരെ വിവാദമുണ്ടാക്കി. ഇതൊന്നും എന്നെയോ മകനെയോ ബാധിക്കില്ല. രാഷ്ട്രീയ ആവശ്യത്തിന് ചില ഏജൻസികളെ കൊണ്ടുവന്ന് അവരിലൂടെ എന്നെ മറ്റൊരു രീതിയിൽ ചിത്രീകരിക്കാൻ ശ്രമിച്ചാൽ വിലപ്പോവില്ല.
ഞാൻ നടത്തിയ രാഷ്ട്രീയ പ്രവർത്തനം സുതാര്യവും കളങ്കരഹിതവുമാണ്. കളങ്കിതനാക്കാൻ ശ്രമം നടന്നപ്പോഴെല്ലാം ശാന്തമായി പ്രതികരിച്ചിട്ടുമുണ്ട്. ഒന്നും എന്നെ ബാധിച്ചിട്ടില്ല. ഉള്ളാലെ ചിരിച്ച് പലതും കേട്ടുനിന്നിട്ടുണ്ട് - അതാണ് രീതി.
പത്തുവർഷമായി മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് ഒട്ടേറെ അഭിമാനകരമായ കാര്യങ്ങൾ ചെയ്തു. നാട്ടിൽ എന്തൊക്കെ സംഭവിക്കുന്നുണ്ടെന്ന് ജനങ്ങൾക്കറിയാം. പദ്ധതികളുടെ കരാർ കിട്ടാൻ പലേടത്തും നിശ്ചിത ശതമാനം വിഹിതം നൽകണം.
കേരളത്തിൽ അങ്ങനെയുണ്ടോ ? അഴിമതി അനുവദിക്കില്ലെന്ന് നിർബന്ധമുണ്ട്. ഉന്നത തലത്തിലെ അഴിമതി പൂർണമായി അവസാനിപ്പിക്കാനായി - മുഖ്യമന്ത്രി വ്യക്തമാക്കി.
ഇ.ഡി സമൻസ് കൊടുത്തത് എവിടെയാണ് ? ആരുടെ കൈയിലാണ് ? ആർക്കാണ് അയച്ചത് ? വാർത്ത നൽകിയ മാദ്ധ്യമത്തിന് ഇ.ഡിയുമായി ബന്ധമെന്താണ് ? പ്രതിപക്ഷ നേതാവടക്കം ഉടനടി പ്രതികരിച്ചല്ലോ ? ഇക്കാര്യത്തിൽ മുഖ്യമന്ത്രി എന്താ പ്രതികരിക്കാത്തത് എന്നാണ് ചോദ്യം.
നിങ്ങൾ അയച്ച കടലാസ് ഇങ്ങോട്ട് താ എന്ന് ഞാൻ പറയണോ ? മാദ്ധ്യമങ്ങളുടെ സ്‌നേഹ വാൽസല്യങ്ങൾ ഏതെല്ലാം രീതിയിൽ അനുഭവിച്ചതാണ് ഞാൻ. അതൊന്നും കൂസലില്ലാതെ നേരിട്ടു. ഇതൊന്നും എന്നെ ഏശില്ല.
എത്ര വർഷമായി ഈ രീതി തുടർന്നിട്ട്. ഇതൊക്കെ ശരിയായ രീതിയിൽ നേരിടാൻ അറിയാം. ഗൂഢാലോചനയെപ്പറ്റി പറയുന്നില്ല. കാര്യങ്ങൾ വ്യക്തമാക്കേണ്ടത് അവരാണ് (ഏജൻസിയും പത്രവും) എന്നും പറഞ്ഞുവയ്ക്കുകയാണ് മുഖ്യമന്ത്രി.