സ്വ‌ർണക്കൊള്ളയുടെ നേരറിയാൻ സി.ബി.ഐ എത്താൻ വഴിതുറക്കുന്നു. കേസ് ഏറ്റെടുക്കാമെന്ന് സി.ബി.ഐയ്ക്ക് കോടതിയെ അറിയിക്കാം. അഞ്ച് സംസ്ഥാനങ്ങളിലെ അന്വേഷണത്തിന് കഴിയുക സി.ബി.ഐയ്ക്ക് മാത്രം. സി.ബി.ഐയെ തുടക്കത്തിലേ എതിർത്ത് സംസ്ഥാന സർക്കാർ. സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യത്തിനു പിന്നിൽ രാഷ്ട്രീയമുണ്ടെന്ന് പ്രതിരോധം. ക്ഷേത്ര സ്വത്തുക്കളുടെ കണക്കെടുപ്പിന് സി.എ.ജിയും വന്നേക്കും

സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് വിശ്വഹിന്ദുപരിഷത്ത് നൽകിയ ഹർജിയിൽ ഹൈക്കോടതി വിശദീകരണം തേടിയിരിക്കുകയാണ്. സംസ്ഥാനത്തിന്റെ പുറത്തും അന്വേഷണം നടത്തേണ്ടതുള്ളതിനാൽ സി.ബി.ഐ വേണമെന്നാണ് ഹർജിയിലെ വാദം.

New Update
cbi
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: ശബരിമലയിലെ കിലോക്കണക്കിന് സ്വർണം കവർച്ച നടത്തിയ കേസിൽ സി.ബി.ഐ അന്വേഷണത്തിന് മുറവിളി ഉയരവേ, പന്ത് ഇപ്പോൾ കേന്ദ്രസർക്കാരിന്റെ കോർട്ടിലാണ്. 

Advertisment

സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് വിശ്വഹിന്ദുപരിഷത്ത് നൽകിയ ഹർജിയിൽ ഹൈക്കോടതി വിശദീകരണം തേടിയിരിക്കുകയാണ്. സംസ്ഥാനത്തിന്റെ പുറത്തും അന്വേഷണം നടത്തേണ്ടതുള്ളതിനാൽ സി.ബി.ഐ വേണമെന്നാണ് ഹർജിയിലെ വാദം. ഇതോടെ കേസ് സി.ബി.ഐ അന്വേഷിക്കേണ്ടതാണെന്ന് സി.ബി.ഐയ്ക്കും കേന്ദ്രത്തിനും ഹൈക്കോടതിയെ അറിയിക്കാനാവും.


സി.ബി.ഐ അന്വേഷണം വേണ്ടെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. ശബരിമലയിലെ സ്വർണപ്പാളി കാണാതായതിനെക്കുറിച്ച് സി.ബി.ഐ അന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ തള്ളിക്കളഞ്ഞിരുന്നു. 


സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യത്തിനു പിന്നിൽ രാഷ്ട്രീയമുണ്ട്. ഹൈക്കോടതി നിർദ്ദേശപ്രകാരം പ്രത്യേക സംഘത്തിന്റെ (എസ്.ഐ.ടി) അന്വേഷണം കുറ്റമറ്റ രീതിയിൽ നടക്കും. ഒരു കുറ്റവാളിയും രക്ഷപെടില്ല. 

ഗൗരവമേറിയ അന്വേഷണം വേണമെന്ന സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും അഭിപ്രായം പരിഗണിച്ചാണ് ഹൈക്കോടതി പ്രത്യേക സംഘത്തെ നിയോഗിച്ചത്. ആര് തെറ്റ് ചെയ്താലും മുഖംനോക്കാതെ നടപടിയെടുക്കും. 

ശബരിമലയിലെ സ്വർണക്കൊള്ളയിൽ അന്വേഷണം കൃത്യമായി നടക്കും. ആരൊക്കെ വിലങ്ങണിഞ്ഞോ അല്ലാതെയോ ജയിലിലേക്ക് പോവുമെന്ന് നോക്കാം. അന്വേഷണം നടക്കുന്നതിനാൽ ഇപ്പോൾ ഇതേക്കുറിച്ച് പ്രതികരിക്കുന്നില്ല. 

ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിൽ ഒരു ആശങ്കയും വേണ്ട. അന്വേഷണം കഴിഞ്ഞിട്ട് കാര്യങ്ങൾ പറയാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.


എന്നാൽ സി.ബി.ഐ അന്വേഷണത്തിന് നിരവധി അനുകൂല സാഹചര്യങ്ങളുമുണ്ട്. സ്വർണക്കൊള്ളയിൽ തമിഴ്നാട്, കർണാടകം, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിൽ അന്വേഷിക്കേണ്ടതുണ്ട്. ഇതിന് ക്രൈംബ്രാഞ്ചിന് പരിമിതികളുണ്ട്. 


പ്രത്യേക അന്വേഷണ സംഘത്തിൽ സി.ഐമാരായ അനീഷ്, ബിജു രാധാകൃഷ്ണൻ എന്നിവരെ ഉൾപ്പെടുത്തിയതിനെ ഹർജിയിൽ ചോദ്യം ചെയ്യുന്നുണ്ട്. സ്വർണപ്പാളികൾ നഷ്ടമായ സമയത്ത് ഇരുവരും ദേവസ്വം വിജിലൻസ് ഓഫീസർമാരായിരുന്നു എന്നതിന്റെ പേരിലാണിത്. 

ഇവരെ ഉൾപ്പെടുത്തിയുള്ള അന്വേഷണം അതിന്റെ ഉദ്ദേശ്യശുദ്ധിയെ തന്നെ ബാധിച്ചേക്കാമെന്നും ഹർജിയിൽ പറയുന്നു. ഹർജി നവംബർ 6ന് വീണ്ടും പരിഗണിക്കുമ്പോൾ സി.ബി.ഐ നിലപാട് അറിയിച്ചേക്കും. 

അങ്ങനെയെങ്കിൽ സ്വർണക്കൊള്ളയിൽ അന്വേഷണം സി.ബി.ഐയ്ക്ക് വിടാനാണ് സാദ്ധ്യത. ശബരിമല സ്വർണ്ണക്കവർച്ചയുടെ മുഴുവൻ വസ്തുതകളും കുറ്റക്കാരെയും കണ്ടെത്താൻ സി.ബി. ഐ അന്വേഷണം നടത്തണമെന്നാണ് ക്ഷേത്ര സംരക്ഷണ സമിതിയുടെയും ആവശ്യം.


സ്വർണപ്പാളികൾ സന്നിധാനത്തു നിന്നു ചെന്നൈയിലേക്ക് കൊണ്ടുപോകുന്നവഴി മറ്റു സംസ്ഥാനങ്ങളിലേക്കും കൊണ്ടുപോയിട്ടുണ്ടെന്ന് തെളിഞ്ഞ സാഹചര്യത്തിലാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് വിശ്വഹിന്ദു പരിഷത്തിന്റെ ഹർജിയിലുണ്ട്. 


ഹൈക്കോടതിയുടെ മേൽനോട്ടം കേസിൽ ഉണ്ടെങ്കിൽ പോലും ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് മുഖ്യമന്ത്രിയാണ്. അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പാർട്ടിക്കാരാണ് കേസിൽ പ്രതികളായ ദേവസ്വം ബോർഡ് അംഗങ്ങൾ എന്നതിനാൽ അന്വേഷണ സംഘത്തിനു മേൽ രാഷ്ട്രീയ സമ്മർദ്ദമുണ്ടാകും. 

ഈ സാഹചര്യത്തിൽ സിബിഐ പോലുള്ള കേന്ദ്ര ഏജൻസി കേസ് അന്വേഷിക്കണമെന്നും ഹർജിയിൽ പറയുന്നു. കേരളത്തിലെ 5 ദേവസ്വങ്ങളുടെയും കീഴിലുള്ള ക്ഷേത്രങ്ങളിൽ സ്വര്‍ണം ഉൾപ്പെടെ വിലപിടിച്ച ഒട്ടേറെ വസ്തുക്കളുണ്ട്. ഇവയുടെ കണക്ക് രേഖപ്പെടുത്തിയിരിക്കുന്നത് ശരിയാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. 

ഈ സാഹചര്യത്തിൽ സിഎജിയുടെ മേൽനോട്ടത്തിൽ ഓഡിറ്റിങ് ആവശ്യമാണെന്നും ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisment