/sathyam/media/media_files/2025/10/15/rajendra-arlekar-dr-p-ravindran-2025-10-15-15-27-10.jpg)
തിരുവനന്തപുരം: കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ്സിൽ നടന്ന ഡിപ്പാർട്മെന്റ് യൂണിയൻ തെരഞ്ഞെടുപ്പ് റദ്ദാക്കാനും, തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ഡിപ്പാർട്ട്മെന്റ് യൂണിയനുകളുടെ പ്രവർത്തനം തൽക്കാലം നിർത്തിവക്കാനും, വിശദമായ അന്വേഷണത്തിന് സീനിയർ അധ്യാപകരുടെ കമ്മിറ്റി രൂപീകരിച്ചുകൊണ്ടും വിസി ഡോ:പി. രവീന്ദ്രൻ ഉത്തരവിട്ടു.
ക്യാമ്പസിൽ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിനെ തുടർന്നുള്ള സംഘർഷം കാരണം അടച്ചിട്ടിരിക്കുന്ന യൂണിവേഴ്സിറ്റി ക്യാമ്പസ്സിൽ നടന്ന വോട്ടെണ്ണൽ നിർത്തിവയ്ക്കാനുള്ള വിസിയുടെ നിർദ്ദേശം അനുസരിച്ച് ബാലറ്റ് പേപ്പറുകൾ യൂണിവേഴ്സിറ്റിയിൽ സീൽ ചെയ്ത് സൂക്ഷിച്ചിരിക്കുകയാണ്.
ബാലറ്റ് പേപ്പറിൽ സീരിയൽ നമ്പരും റിട്ടേണിങ് ഓഫീസറുടെ ഒപ്പും പതിക്കാതെ ബാലറ്റ് പേപ്പറുകൾ നൽകിയത് വോട്ടിങ്ങിൽ കൃത്രിമം കാണിക്കാനാണെന്ന് ഒരു വിഭാഗം വിദ്യാർത്ഥികളുടെ പരാതിയാണ് സംഘർഷത്തിൽ കലാശിച്ചത്.
വിസി, പരാതിയിൽ ബന്ധപ്പെട്ടവരിൽ നിന്ന് വിശദീകരണം തേടിയിരുന്നു. ബാലറ്റ് പേപ്പറുകൾ അച്ചടിക്കുന്ന യൂണിവേഴ്സിറ്റി പ്രസ്സ് അധികൃതർ മുൻകാലങ്ങളിലെ പോലെ ബാലറ്റ് പേപ്പറിൽ സീരിയൽ നമ്പർ പതിച്ചിരുന്നുവെങ്കിലും, വോട്ടർമാരായ വിദ്യാർത്ഥികൾക്ക് നൽകുന്ന ബാലറ്റ് പേപ്പറിലെ സീരിയൽ നമ്പർ നീക്കം ചെയ്യുവാൻ റിട്ടേണിംഗ് ഓഫീസർ ആവശ്യപ്പെട്ടിരുന്നതായി പ്രസ്സ് അധികൃതർ വിസിക്ക് റിപ്പോർട്ട് നൽകിയിരുന്നു.
യൂണിവേഴ്സിറ്റിയിലെ മറ്റു നാല് ഡിപ്പാർട്ട്മെൻറ് തെരഞ്ഞെടുപ്പുകളിലും സമാന രീതിയിൽ സീരിയൽ നമ്പറില്ലാതെയുള്ള പേപ്പറുകളാണ് നൽകിയിരുന്നത്.
തുടർന്നാണ്, തെരഞ്ഞെടുപ്പ് നടപടികൾ സുതാര്യമാകുന്നതിന് സിൻഡിക്കേറ്റ് അംഗീകരിച്ച തെരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് വിരുദ്ധമായി നടത്തിയ വോട്ടെടുപ്പ് റദ്ദാക്കാൻ വിസി ഡോ: പി. രവീന്ദ്രൻ ഉത്തരവിട്ടത്.
അതോടൊപ്പം യൂണിവേഴ്സിറ്റിയുടെ സാറ്റലൈറ്റ് ക്യാമ്പസുകളായ ഐ.ടി.എസ്.ആര്‍ ചെതലയം, ജോൺ മത്തായി സെൻറർ തൃശൂർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി - ഐ.ഇ.ടി എന്നിവിടങ്ങളിൽ വിജയികളായ യൂണിയൻ ഭാരവാഹികളുടെ പ്രവർത്തനം തൽക്കാലം നിർത്തി വയ്ക്കാനും വിസി നിർദ്ദേശം നൽകി.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന അക്രമ സംഭവങ്ങൾ ഉൾപ്പെടെ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സീനിയർ അധ്യാപകരടങ്ങുന്ന അഞ്ച് അംഗ കമ്മിറ്റിയെ വിസി നിയോഗിച്ചിട്ടുണ്ട്. പത്തു ദിവസത്തിനുള്ളിൽ കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കണം. ഡോ. സന്തോഷ് നമ്പി ചെയർമാനായ കമ്മിറ്റിയിൽ ഡോ. എ.എം.വിനോദ് കുമാർ, ഡോ. എൻ മുഹമ്മദ് അലി, ഡോ. പ്രീതി കുറ്റി പുലക്കൽ, ഡോ. കെ.കെ. ഏലിയാസ് എന്നിവർ അംഗങ്ങളാണ്.
കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ് അടച്ചിടാനിടയായ സാഹചര്യം വിശദീകരിക്കാൻ ഗവർണർ ആവശ്യപ്പെട്ടതനുസരിച്ച് വിസി ഡോ: പി. രവീന്ദ്രൻ കഴിഞ്ഞ ദിവസം തൃശ്ശൂരിൽ വച്ച് ഗവർണറെ കണ്ടു ചർച്ച നടത്തി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി സംഘടനകൾ തമ്മിൽ നടന്ന സംഘർഷവും, സാഹചര്യങ്ങളും വിസി ഗവർണറെ ധരിപ്പിച്ചു. ഗവർണറുമായി നടന്ന ചർച്ചകൾക്ക് ശേഷമാണ് വിസി തെരഞ്ഞെടുപ്പ് റദ്ദാക്കികൊണ്ടുള്ള ഉത്തരവിട്ടത്.