/sathyam/media/media_files/2024/11/16/Moy5vP6VMck3ahtjGirh.jpg)
തിരുവനന്തപുരം: കോട്ടയം, ഇടുക്കി, പത്തനംതിട്ട അടക്കം മദ്ധ്യകേരളത്തിലെ ജില്ലകളുടെ സമഗ്ര വികസനത്തിന് വഴിതുറക്കുന്ന അങ്കമാലി- എരുമേലി ശബരി റെയിൽപ്പാത തിരുവനന്തപുരത്തേക്ക് നീട്ടാൻ വഴിയൊരുങ്ങുന്നു.
ഇതിനായി സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് പഠനത്തിന് കെ-റെയിലിനെ നിയോഗിക്കും. പഠനത്തിന് ഫണ്ടും അനുവദിക്കും. ശബരിപാത വിഴിഞ്ഞത്തേക്ക് നീട്ടണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ജി.ആർ. അനിൽ മുഖ്യമന്ത്രിയെ കണ്ട് നിവേദനം നൽകി.
നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ, മലയോര ജില്ലകളിൽ ഏറെ സ്വാധീനമുണ്ടാക്കുന്ന ഈ തീരുമാനം സർക്കാർ ഉടൻ കൈക്കൊള്ളുമെന്നാണ് അറിയുന്നത്.
തുറമുഖ അനുബന്ധ വ്യവസായങ്ങൾ വികസിപ്പിച്ചു ബ്ലൂ ഇക്കോണമി സംസ്ഥാനത്തു മുഴുവൻ വ്യാപിപ്പിക്കാൻ ശബരിറെയിൽ വിഴിഞ്ഞത്തേക്ക് നീട്ടുന്നത് സഹായകമായിരിക്കും.
വിഴിഞ്ഞത്തേക്ക് നീട്ടണമെന്നാണ് ആവശ്യമെങ്കിലും ബാലരാമപുരം സ്റ്റേഷൻ വരെയായിരിക്കും പാത നീട്ടാനാവുക. അവിടെ നിന്ന് വിഴിഞ്ഞം തുറമുഖത്തേക്ക് തുരങ്കപാതയാണ് വിഭാവനം ചെയ്തിരിക്കുന്നത്.
പത്തനംതിട്ട, പുനലൂർ, നെടുമങ്ങാട് വഴി പാത തിരുവനന്തപുരത്തേക്ക് നീട്ടണമെന്നാണ് ആവശ്യം. സംസ്ഥാനത്ത് നിലവിലെ ദേശിയ പാതയും റെയിൽ പാതയും കടന്നു പോകുന്ന ജനസാന്ദ്രത കൂടിയ പടിഞ്ഞാറൻ കേരളത്തിൽ സ്ഥലം കിട്ടാനും തുറമുഖ അനുബന്ധ സംരംഭങ്ങൾക്കായി ആ പ്രദേശങ്ങളെ വികസിപ്പിക്കാനുമുള്ള സാധ്യതകൾ വളരെ പരിമിതമാണ്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ നെടുമങ്ങാട്, പുനലൂർ, പത്തനാപുരം, കോന്നി, റാന്നി, കാഞ്ഞിരപ്പള്ളി, തൊടുപുഴ, കോതമംഗലം താലൂക്കുകളിൽ സർക്കാർ പാട്ടത്തിന് കൊടുത്തിരിക്കുന്നതും അല്ലാത്തതുമായ നിരവധി എസ്റ്റേറ്റുകളുണ്ട്.
ഇവ തുറമുഖ അനുബന്ധമായ സംരംഭങ്ങൾക്കായി ഏറ്റെടുത്താൽ വ്യവസായ വികസനം വേഗത്തിലാവും. മാത്രമല്ല ഈ പ്രദേശങ്ങൾ വൻതോതിൽ വികസിക്കും.
തുറമുഖ അനുബന്ധ സംരംഭങ്ങൾ സംസ്ഥാനത്തൊട്ടാകെ വ്യാപിച്ചാൽ തൊഴിൽ അവസരങ്ങൾ വർദ്ധിക്കും. അങ്കമാലി - ശബരി റെയിൽപാത പത്തനംതിട്ട -പുനലൂർ - നെടുമങ്ങാട് വഴി വിഴിഞ്ഞം തുറമുഖവുമായി ബന്ധിപ്പിച്ചാൽ സംസ്ഥാനത്തെ മൂന്നാമത്തെ റെയിൽവേ ലൈനായി ഇത് മാറും.
അങ്കമാലി- എരുമേലി ശബരി റെയിൽ പാതയിലുള്ള 14 സ്റ്റേഷനുകളുൾപ്പടെ 26 പുതിയ റെയിൽവേ സ്റ്റേഷനുകൾ കേരളത്തിന് ലഭിക്കും. കാട്ടാക്കടയും നെടുമങ്ങാടും, വെഞ്ഞാറമൂടും, കിളിമാനൂരും തിരുവന്തപുരത്തിന്റെ ഉപനഗരങ്ങളായി വികസിക്കും.
ജനസാന്ദ്രമായ പടിഞ്ഞാറൻ മേഖലയെ അപേക്ഷിച്ചു കിഴക്കൻ കേരളത്തിലെ തോട്ടം മേഖലയിൽ കൂടി റെയിൽ പാത നിർമ്മിക്കാൻ സ്ഥലമെടുപ്പ് ചെലവ് വളരെ കുറവായിരിക്കും.
കിഴക്കൻ മേഖലയിൽ ചതുപ്പ് പ്രദേശങ്ങളില്ലാത്തതിനാൽ നിർമ്മാണ ചിലവ് കുറവായിരിക്കും. സംസ്ഥാന തലസ്ഥാനത്തേക്ക് നിലവിലുള്ള റെയിൽവേ ലൈനിൽ തടസ്സമുണ്ടായാൽ ട്രെയിൻ ഗതാഗതം തടസമുണ്ടാകാതിരിക്കാൻ ഗ്രീൻ ഫീൽഡ് റെയിൽവേ ആയി ശബരി റെയിൽവേയെ വികസിപ്പിക്കാനുമാവും.
അമ്പതിനായിരത്തിന് മുകളിൽ ജനസംഖ്യയുള്ള നഗരങ്ങളിലും ജില്ലാ ആസ്ഥാനങ്ങളിലും റെയിൽവേ സൗകര്യം നൽകുന്നതാണ് റെയിൽവേ ബോർഡിൻറെ നയം. ഇതും ശബരി റെയിൽപാത പത്തനംതിട്ട -പുനലൂർ - നെടുമങ്ങാട് വഴി വിഴിഞ്ഞം തുറമുഖത്തേക്ക് വികസിപ്പിക്കുന്നതിന് അനുകൂലമാണ്.
നെടുമങ്ങാട് നഗരത്തിലെ ജനസംഖ്യ 62,000 ആണ്. പത്തനംതിട്ട ജില്ലാ അസ്ഥാനത്തും ശബരി റെയിൽവേ വിഴിഞ്ഞത്തേക്ക് നീട്ടുന്നത് വഴി റെയിൽവേ സൗകര്യം ലഭ്യമാകും.
അങ്കമാലി - എരുമേലി ശബരി റെയിൽവേ പത്തനംതിട്ട - പുനലൂർ- നെടുമങ്ങാട് വഴി വിഴിഞ്ഞം തുറമുഖത്തേക്ക് വികസിപ്പിക്കുന്നതിന് ഡി പി ആർ തയ്യാറാക്കാൻ കേരള റെയിൽവേ ഡെവലപ്പ്മെൻറ് കോർപറേഷനെ (കെ റെയിൽ) കൊണ്ട് സർവ്വേ നടത്തുന്നത് വഴി സാധിക്കും. അങ്കമാലി- എരുമേലി റെയിൽവേയ്ക്ക് കെ- റെയിലാണ് ഡി.പി.ആർ തയ്യാറാക്കിയത്.