/sathyam/media/media_files/2025/10/16/ministrial-disition-2025-10-16-19-27-37.jpg)
തിരുവനന്തപുരം: കെട്ടിടങ്ങളുടെ വിസ്തൃതി പരിഗണിക്കാതെ വനഭൂമിയിൽ പട്ടയം അനുവദിക്കാനുള്ള സർക്കാർ തീരുമാനത്തോടെ ഇടുക്കിയിലെ പട്ടയ പ്രശ്നങ്ങൾക്ക് പൂർണമായി പരിഹാരമാവുമെന്ന് വിലയിരുത്തൽ.
പുതിയ വനഭൂമി പട്ടയത്തിന് അപേക്ഷ സ്വീകരിക്കാനും വിതരണത്തിനും 32 വർഷത്തിനുശേഷം സർക്കാർ നടപടി തുടങ്ങിയിരുന്നു. 1993ലെ പുതിയ ചട്ട പ്രകാരം 1977 ജനുവരി ഒന്നിന് മുമ്പ് വനഭൂമിയിൽ കുടിയേറിയവരുടെ പട്ടയത്തിനുള്ള പുതിയ അപേക്ഷകൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് കഴിയുമായിരുന്നില്ല.
കേന്ദ്രത്തിൽ സംസ്ഥാന സർക്കാർ നടത്തിയ നിരന്തര ഇടപെടൽവഴി കേരളത്തിലെ മലയോര മേഖലയിൽ പട്ടയത്തിന് അപേക്ഷ സ്വീകരിക്കുന്നതിനും സംയുക്ത പരിശോധന നടത്തുന്നതിനും കേന്ദ്ര സർക്കാർ അനുമതിയായിരുന്നു.
സ്വന്തം ഭൂമിയുടെ അവകാശമെന്ന പതിറ്റാണ്ടുകളായുള്ള മലയോര കർഷകരുടെ സ്വപ്‌നം ഇതോടെ യാഥാർത്ഥ്യമാവുമെന്നാണ് വിലയിരുത്തൽ.
1977 ജനുവരി ഒന്നിനു മുൻപ് വനഭൂമി കൈവശം വച്ചിട്ടുള്ളവർക്കാണ് നിലവിൽ പട്ടയം നൽകുന്നത്. റവന്യൂ, വനം വകുപ്പുകളുടെ സംയുക്ത പരിശോധനകൾക്കു ശേഷം കേന്ദ്രസർക്കാരിന്റെ അനുമതിയോടെയാണ് വനഭൂമിക്ക് 1993ലെ ഭൂപതിവു ചട്ടപ്രകാരം പട്ടയം നൽകുന്നത്.
ഭൂമി കൈവശമുള്ളവർ വാണിജ്യ ആവശ്യത്തിനുള്ള കടകളും മറ്റും നിർമ്മിച്ചിരുന്നു. വീട് നിർമ്മാണം, കാർഷികാവശ്യം, ചെറിയകടകൾ എന്നിവയ്ക്കു പട്ടയം നൽകാൻ 2009ൽ റവന്യൂ വകുപ്പ് പ്രത്യേക ഉത്തരവിറക്കി. പിന്നാലെ എത്ര വിസ്തൃതിയുള്ള കടകൾക്ക് വരെ പട്ടയം അനുവദിക്കാമെന്ന് വ്യക്തത ആവശ്യപ്പെട്ട് അന്നത്തെ ഇടുക്കി ജില്ലാ കളക്ടർ സർക്കാരിനു കത്ത് നൽകിയിരുന്നു.
നിയമത്തിൽ പരാമർശമില്ലാത്തതിനാൽ ചെറിയകടകൾക്ക് പട്ടയം നല്കാമെന്ന 2009ലെ സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഇതോടെ വനഭൂമിയിലെ പട്ടയം അനുവദിക്കൽ തടസപ്പെട്ടു. കടകൾക്ക് എത്ര വിസ്തൃതി ആകാമെന്ന വിഷയമാണ് മന്ത്രിസഭ പരിഗണിച്ചത്.
ചട്ടത്തിൽ ഭേദഗതി വരുത്തുകയോ വിസ്തൃതി നോക്കാതെ കടകൾക്ക് പട്ടയം നല്കുകയോ വേണമെന്നായിരുന്നു റവന്യൂ വകുപ്പ് ആവശ്യപ്പെട്ടത്. ഇതേത്തുടർന്നാണ് കൈവശ ഭൂമിയിൽ നിർമ്മാണ പ്രവൃത്തികൾ നടത്തിയിട്ടുണ്ടെങ്കിൽ അതിന്റെ വിസ്തൃതി പരിഗണിക്കാതെ പട്ടയം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചത്.
1977നു മുമ്പ് വനഭൂമി കൈവശം വച്ചിട്ടുള്ള അരലക്ഷം പേർക്കെങ്കിലും ഇനിയും പട്ടയം നൽകാനുണ്ടെന്നും അതിൽ ഭൂരിഭാഗം പേർക്കും ഗുണം ലഭിക്കുന്നതാണ് തീരുമാനമെന്നുമാണ് റവന്യു വകുപ്പ് പറയുന്നത്.
1993ന് മുമ്പ് ലഭിച്ച അപേക്ഷകളിൽ സംയുക്ത പരിശോധനയ്‌ക്കുശേഷം കേന്ദ്രാനുമതി ലഭിച്ച ഭൂമികളിൽ വനഭൂമി പട്ടയം വിതരണം ചെയ്‌തിട്ടുണ്ട്. എന്നാൽ കുടിയേറ്റക്കാരുടെ ബന്ധുക്കളുടെയും ഭൂമി കൈമാറ്റം ചെയ്തവരുടെയും പുതിയ അപേക്ഷകൾ കെട്ടിക്കിടക്കുകയാണ്.
ഈ പ്രശ്‌നപരിഹാരത്തിന് സംസ്ഥാന സർക്കാർ നിരന്തരം ശ്രമിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. വനം വകുപ്പ് ജണ്ട കെട്ടി തിരിച്ചതിനു പുറത്തുള്ള ഭൂമിക്കാണു പട്ടയം നൽകുക.
ഇപ്രകാരം ‘പുരയിടം’, ‘തരിശ്’, ‘നിലം’എന്നു രേഖപ്പെടുത്തിയിട്ടുള്ള ഭൂമി കൈവശം വച്ചിരിക്കുന്നവർക്ക്, 1964ലെ കേരള ഭൂമി പതിവ് ചട്ടങ്ങളിലെ ഒഴിവാക്കൽ പരിധിയിൽ വരാത്തതും ‘സർക്കാർ ഭൂമി’എന്ന പരിധിയിൽ വരുന്നതുമായ ഭൂമിക്കാണു പട്ടയം അനുവദിക്കുക. ഭൂമി പരിധി വ്യവസ്ഥകൾ ബാധകമായിരിക്കും. കലക്ടർമാരെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്.