/sathyam/media/media_files/2025/10/17/pa-salim-palod-ravi-pandalam-sudhakaran-cp-muhammad-2025-10-17-15-20-19.jpg)
തിരുവനന്തപുരം: കെപിസിസിയുടെ പുനസംഘടനാ പട്ടിക പുറത്തിറങ്ങിയപ്പോള്‍ ആകെയുള്ള ആശ്വാസം 'അങ്ങനൊന്ന് സംഭവിച്ചു' എന്നതില്‍ മാത്രം ! ജംബോ ആണെങ്കിലും, ജീവിച്ചിരിപ്പുണ്ടോ.. ഇല്ലയോ.. എന്ന് നാട്ടുകാര്‍ക്ക് അറിയാത്തവരുണ്ടെങ്കിലും, പട്ടിക ഇറങ്ങിയല്ലോ എന്നതാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പൊതുവികാരം.
ഒരു പുരോഗതിയുമില്ലാത്ത ഭാരവാഹി ലിസ്റ്റ് എന്നതാണ് പൊതുവിലയിരുത്തല്‍. പഴയ വൈസ് പ്രസിഡന്‍റുമാരും പഴയ ജനറല്‍ സെക്രട്ടറിമാരുമെല്ലാം ഇപ്പോഴത്തെ ലിസ്റ്റിലുമുണ്ട്. അതില്‍ കുറെപ്പേരെകൂടി ഉള്‍പ്പെടുത്തി അതൊരു ജംബോയാക്കി മാറ്റി.
അടുത്ത തവണ ഒരു കാരണവശാലും യുഡിഎഫ് അധികാരത്തില്‍ മടങ്ങിയെത്തില്ലെന്നുറപ്പുള്ള പാലോട് രവി മുതല്‍ പതിറ്റാണ്ടുകളായി പല പട്ടികകളിലുള്ള പന്തളം സുധാകരന്‍, ഡി സുഗതന്‍, ഫിലിപ്പ് ജോസഫ്, റോയ് കെ പൗലോസ്, സിപി മുഹമ്മദ്, ഷാനവാസ് ഖാന്‍, പിഎ സലിം തുടങ്ങിയവരൊക്കെ വീണ്ടും ജനറല്‍ സെക്രട്ടറിമാരാണ്.
ലിസ്റ്റ് പുറത്തിറക്കിയ നേതാക്കള്‍, 'ജനഗണമന' ഗായകനായ പാലോട് രവിയെ എന്തിനാണ് തിരുവനന്തപുരം ഡിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും രാജിവയ്പിച്ചതെന്നതിന് ഇനി മറുപടി പറയട്ടെ. വരുന്ന തെരഞ്ഞെടുപ്പിലും പാര്‍ട്ടി ജയിക്കില്ലെന്ന് അനുയായികളെ പറഞ്ഞു പഠിപ്പിക്കുന്ന നേതാവിനെ തന്നെ പാര്‍ട്ടി ഉപാധ്യക്ഷനാക്കിയതിന് നേതൃത്വത്തിന് നല്ല നമസ്കാരമെന്നാണ് ചില നേതാക്കള്‍ പ്രതികരിച്ചത്.
പി.എ സലിം, ഡി സുഗതനുമുള്‍പ്പെടെ 58 പേരുടെ ലിസ്റ്റില്‍ കയറിക്കൂടിയവരില്‍ ഒരു ഡസനോളം ജനറല്‍ സെക്രട്ടറിമാരെങ്കിലും കാലങ്ങളായി സജീവ പ്രവര്‍ത്തനം അവസാനിപ്പിച്ച് മടുത്ത് മാറി നില്ക്കുന്നവരാണ്. ഈ വൈകിയ വേളയില്‍ ഇവരെയൊക്കെ തിരികെ വിളിച്ചുകൊണ്ടുവന്ന് പദവി കൈമാറിയത് എന്ത് നേട്ടത്തിനാണെന്നതാണ് ആര്‍ക്കും മനസിലാകാത്തത്. പന്തളം സുധാകരനും സിപി മുഹമ്മദുമൊക്കെ 25 വര്‍ഷങ്ങള്‍ക്കു മുമ്പ് ജനറല്‍ സെക്രട്ടറിമാര്‍ ആയിരുന്നവരാണ്.
13 അംഗ വൈസ് പ്രസിഡന്‍റുമാരുടെ പട്ടികയില്‍ യാക്കോബായ സഭയില്‍ നിന്ന് 3 നേതാക്കള്‍ പട്ടികയിലുണ്ടെങ്കിലും ഒരു സീറോ മലബാര്‍ സഭാംഗത്തിനുപോലും അവസരം ലഭിച്ചില്ല. ടോമി കല്ലാനിയേപ്പോലുള്ള ബെസ്റ്റ് പെര്‍ഫോര്‍മര്‍മാരായ നല്ല നേതാക്കളെ മാറ്റി നിര്‍ത്തിയാണ് 'രവിച്ചേട്ടനെ'യൊക്കെ വൈസ് പ്രസിഡന്‍റുമാരാക്കി ആദരിച്ചത്. പന്തളത്തെയും സിപി മുഹമ്മദിനെയും എകെ മണിയേയുമൊക്കെ കൊണ്ടുവന്ന് രാഷ്ട്രീയകാര്യസമിതിയുടെ ഗൗരവം നഷ്ടപ്പെടുത്തി അതും ജംബോയാക്കി മാറ്റി.
പതിവുപോലെ എ, ഐ ഗ്രൂപ്പുകളൊന്നാകെ വീതം വച്ച് ഭാരവാഹി ലിസ്റ്റ് ഗ്രൂപ്പുകളിയാക്കി മാറ്റിയില്ലെന്നതിലും ആശ്വസിക്കാം.
പഴയ ജനറല്‍ സെക്രട്ടറിമാരെ കുറെപ്പേരെ വീണ്ടും അതേപദവി നല്‍കിയും കുറപ്പേരെ വൈസ് പ്രസിഡന്‍റുമാരും രാഷ്ട്രീയകാര്യസമിതി അംഗങ്ങളുമാക്കിയുമൊക്കെ കളംമാറ്റി നിയമിച്ചതിനു പകരം, പഴയ കെഎസ്‍യു, യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളെ പദവി നല്‍കി അംഗീകരിക്കാന്‍ തയ്യാറായിരുന്നെങ്കില്‍ പാര്‍ട്ടി വളരുമായിരുന്നു.