/sathyam/media/media_files/2025/10/18/sunny-joseph-adoor-prakash-2025-10-18-18-47-52.jpg)
തിരുവനന്തപുരം: കെ.പി.സി.സി ഭാരവാഹികളുടെ ജംബോ പട്ടികയിൽ കടുത്ത അതൃപ്തിയുമായി കേരളത്തിലെ പ്രബല വിഭാഗമായ ഈഴവ സമുദായം രംഗത്തെത്തിയതോടെ പട്ടികയിലെ സാമുദായിക സന്തുലനത്തെച്ചൊല്ലി തർക്കം മുറുകുന്നു.
ഈഴവർ ഉൾപ്പെടെയുള്ള പിന്നാക്ക, പട്ടിക വിഭാഗങ്ങളെ വെട്ടി നിരത്തിയതായി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചു. സംഘടനാ തലത്തിൽ ഇത്ര കടുത്ത അവഗണന നേരിടേണ്ടി വന്നിട്ടില്ലെന്നാണ് ഈ വിഭാഗങ്ങളുടെ പൊതു വികാരമെന്നും അതൃപ്തി പുകയുന്നതായുമാണ് വാർത്ത. ഈഴവ സമുദായത്തിന് മാത്രമല്ല നാടാർ, പട്ടിക വിഭാഗത്തിനും കടുത്ത അവഗണനയാണെന്നും പരാതിയുയർന്നിട്ടുണ്ട്.
ആറ് രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ ഉൾപ്പെടെ 77 ഭാരവാഹികളുടെ പട്ടികയാണ് പുറത്തിറക്കിയത്. കെ.പി.സി.സി വൈസ് പ്രസിഡന്റുമാരുടെ എണ്ണം 5ൽ നിന്ന് 13 ആയും ജനറൽ സെക്രട്ടറിമാരുടെ എണ്ണം 28ൽ നിന്ന് 58 ആയും ഉയർത്തി.
ആറ് പുതിയ രാഷ്ട്രീയകാര്യ സമിതി അംഗങ്ങളിൽ ഈഴവ സമുദായത്തിൽ നിന്ന് ഒരാളുമില്ല. 13 വൈസ് പ്രസിഡന്റുമാരിൽ 3 പേരും 58 ജനറൽ സെക്രട്ടറിമാരിൽ 5 പേരും മാത്രമാണുള്ളത്. നാടാർ സമുദായത്തിൽ നിന്ന് ഒരു ജനറൽ സെക്രട്ടറി മാത്രമാണുള്ളത്.
13 വൈസ് പ്രസിഡന്റുമാരിൽ 3 പേരും, 58 ജനറൽ സെക്രട്ടറിമാരിൽ 5 പേരും മാത്രമാണ് ഈഴവയിൽ നിന്നുള്ളത്. നാടാർ സമുദായത്തിൽ നിന്ന് ഒരു ജനറൽ സെക്രട്ടറി മാത്രം.
തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റിന്റെ ചുമതല കൂടി വഹിക്കുന്ന മുൻ മന്ത്രി എൻ.ശക്തനെ കെ.പി.സിസി വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് തെറിപ്പിച്ചു. ശബ്ദരേഖ ചോർന്നതിന്റെ പേരിൽ ഡി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയ പാലോട് രവിക്ക് കെ.പി.സി.സി വൈസ് പ്രസിഡന്റായി പ്രൊമോഷൻ ലഭിച്ചു.
ഐ.എൻ.ടി.യു.സി നേതൃത്വത്തിലുള്ള നിരവധി തൊഴിലാളി സംഘടനകളുടെ പ്രസിഡന്റായ ജി.സുബോധനെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയിട്ടുമുണ്ട്.
കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗമായിരിക്കെയാണ് എം.ലിജുവിനെ സംഘടനാ ജനറൽ സെക്രട്ടറിയാക്കിയത്. അതിന് മുമ്പുള്ളവർ രണ്ട് സ്ഥാനവും വഹിച്ചിരുന്നെങ്കിലും ലിജുവിനെ കൈയോടെ രാഷ്ട്രീയകാര്യ സമിതിയിൽ നിന്ന് മാറ്റി.
ഇപ്പോഴത്തെ പുനഃസംഘടനയുടെ ഭാഗമായി 13 വൈസ് പ്രസിഡന്റുമാരിൽ ഒരാളായി ഒതുക്കിയതോടെ, സംഘടനാ ജനറൽ സെക്രട്ടറിയെന്ന നിലയിൽ ഉന്നതതല യോഗങ്ങളിൽ പങ്കെടുക്കാൻ കഴിയാതായി.
അതേസമയം ലിജുവിന് ശേഷം കെ.എസ്.യു പ്രസിഡന്റുമാരായ ഷാഫി പറമ്പിലും പി.സി.വിഷ്ണുനാഥും കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമാരാണ്. യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി കെ.പി.സി.സി ഭാരവാഹിയല്ല - ഇങ്ങനെ പോവുന്നു പരാതികൾ.
മുതിർന്ന നേതാവ് കെ.മുരളീധരനും ചാണ്ടി ഉമ്മൻ എം.എൽ.എയും ദേശീയ വ്യക്താവ് ഷമാ മുഹമ്മദുമടക്കം പട്ടികയിൽ അതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ്.
താൻ നിർദ്ദേശിച്ച പേരുകൾ ജനറൽ സെക്രട്ടറി പട്ടികയിൽ ഉൾപ്പെടാത്തതാണ് മുരളീധരനെ ചൊടിപ്പിച്ചത്. പട്ടികയിൽ ഒരിടത്തും തന്റെ പേരു വരാത്തതാണ് ചാണ്ടിഉമ്മന്റെ വിഷമം.
മുരളിയെ കെ.സി വേണുഗോപാൽ നേരിട്ട് ഇടപെട്ട് അനുനയിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന് സ്വാധീനം കിട്ടത്തക്ക വിധമാണ് പട്ടികയുടെ ഘടന.
പത്മജാവേണുഗോപാൽ ബി.ജെ.പിയിലേക്കും പോവുകയും ശൂരനാട് രാജശേഖരൻ മരണപ്പെടുകയും ചെയ്തതോടെ അംഗബലം 33 ആയ രാഷ്ട്രീയകാര്യ സമിതിയിലേക്ക് ആറു പേർകൂടി വന്നതോടെ 39 അംഗങ്ങളായി. വൈസ് പ്രസിഡന്റു പദവിയിൽ നാല് പേരുണ്ടായിരുന്നതാണ് 13 ആയി ഉയർന്നത്.
വി.ടി.ബലറാമിനെയും വി.പി സജീന്ദ്രനെയും നിലനിർത്തിയപ്പോൾ തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് ചുമതലയുള്ള എൻ.ശക്തനെയും വി.ജെ.പൗലോസിനെയുമാണ് ഒഴിവാക്കിയത്. 26 ആയിരുന്ന ജനറൽ സെക്രട്ടറിമാരുടെ എണ്ണമാണ് 59 ലേക്ക് കുത്തനെ ഉയർന്നത്. ഒമ്പത് വനിതകളാണ് പട്ടികയിൽ ഇടം പിടിച്ചത്.
തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് സെക്രട്ടറിമാരെയും ഡി.സി.സി അദ്ധ്യക്ഷന്മാരെയും പ്രഖ്യാപിക്കാൻ സാദ്ധ്യതയില്ലെന്നാണ് വിലയിരുത്തൽ. എന്തായാലും കെ.പി.സി.സി ഭാരവാഹിപട്ടികയെച്ചൊല്ലി വൻ പൊട്ടിത്തെറികൾ വരാനിരിക്കുന്നതായാണ് സൂചന.