/sathyam/media/media_files/2025/10/18/vd-satheesan-sunny-joseph-kc-venugopal-2025-10-18-20-35-06.jpg)
തിരുവനന്തപുരം: പ്രതീക്ഷിച്ചത്ര അപസ്വരങ്ങളില്ലാതെ വൈസ് പ്രസിഡന്‍റുമാരെയും ജനറല്‍ സെക്രട്ടറിമാരെയും പ്രഖ്യാപിക്കാന്‍ കഴിഞ്ഞതോടെ സെക്രട്ടറിമാരുടെയും നിര്‍വാഹകസമിതി അംഗങ്ങളുടെയും കൂടി ലിസ്റ്റ് പുറത്തുവിട്ട് പുനസംഘടന ഉടനെ പൂര്‍ത്തിയാക്കാന്‍ കെപിസിസി നീക്കം.
എണ്ണം അല്പം കൂടിയാലും പരമാവധി എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വിധം പ്രധാന നേതാക്കളുടെയെല്ലാം സഹകരണത്തോടെ തന്നെ ലിസ്റ്റ് പുറത്തിറക്കാനാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.
ലിസ്റ്റിന്‍റെ കരട് രൂപം ഇതിനോടകം തന്നെ നേതൃത്വത്തിന്‍റെ പക്കലുണ്ട്. ജനറല്‍ സെക്രട്ടറിമാരെ പ്രഖ്യാപിച്ചപ്പോള്‍ ഉണ്ടായ പോരായ്മകള്‍ കൂടി പരിശോധിച്ച് അത്തരം പരാതികള്‍ കൂടി പരമാവധി പരിഹരിച്ചാകും ബാക്കിയുള്ള ലിസ്റ്റ് പുറത്തുവരിക എന്നാണ് റിപ്പോര്‍ട്ട്. അതിനൊപ്പം തന്നെ ഡിസിസി പ്രസിഡന്‍റുമാരുടെ പുനസംഘടനകൂടി പൂര്‍ത്തീകരിക്കാനാണ് നീക്കം.
തൃശൂര്‍ ഒഴികെയുള്ള മുഴുവന്‍ ഡിസിസികളും പുനസംഘടിപ്പിക്കണമെന്നും മികച്ച പ്രകടനം കാഴ്ചവച്ച 4-5 ഡിസിസികളെ തുടരാന്‍ അനുവദിച്ച് ബാക്കി മാത്രം പുനസംഘടിപ്പിച്ചാല്‍ മതിയെന്നുമുള്ള അഭിപ്രായങ്ങള്‍ നേതാക്കള്‍ക്കുണ്ട്.
ഇക്കാര്യത്തില്‍ മുതിര്‍ന്ന നേതാക്കളുടെയും ഹൈക്കമാന്‍റിന്‍റെയും കൂടി അഭിപ്രായം ആരാഞ്ഞശേഷമാകും അന്തിമ തീരുമാനം.
വൈസ് പ്രസിഡന്‍റുമാരുടെയും ജനറല്‍ സെക്രട്ടറിമാരുടെയും കൂടി പട്ടിക പുറത്തുവന്നതോടെ പാര്‍ട്ടിയില്‍ പുതു ജീവനായി എന്നാണ് വിലയിരുത്തല്‍. പുതിയ ഭാരവാഹികളുമായി തദ്ദേശ തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കാനാണ് നേതൃത്വത്തിന്‍റെ തീരുമാനം. കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫിന്‍റെ നേതൃത്വത്തില്‍ ഇതിനുള്ള ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്.