/sathyam/media/media_files/2025/10/20/droupadi-murmu-2025-10-20-19-11-05.jpg)
തിരുവനന്തപുരം: കേരളത്തിൽ നാല് ദിവസത്തെ സന്ദർശനത്തിനെത്തുന്ന രാഷ്ട്രപതി ദ്രൗപതി മുർമ്മു താമസിക്കുന്നത് രാജ്ഭവനിലെ പ്രസിഡൻഷ്യൽ സ്യൂട്ടിലായിരിക്കും. അനന്തപുരി സ്യൂട്ട് എന്നും ഇതിന് പേരുണ്ട്. രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും താമസിക്കാൻ രാജ്ഭവൻ വളപ്പിൽ തന്നെയുള്ളതാണിത്.
രാഷ്ട്രപതിയുടെ വരവ് പ്രമാണിച്ച് സ്യൂട്ട് അറ്റകുറ്റപ്പണി നടത്തി നവീകരിച്ചു. തിരുവിതാംകൂർ രാജകുടുംബം ഗസ്റ്റ്ഹൗസായി ഉപയോഗിച്ചിരുന്ന വസതിയാണ് പ്രസിഡൻഷ്യൽ സ്യൂട്ടാക്കി മാറ്റിയത്.
വി.വി.ഐ.പികൾക്ക് താമസിക്കാൻ ആഡംബര സൗകര്യങ്ങളുള്ള വലിയ മുറിയും അതിനോട് ചേർന്ന് നാല് മുറികളുമടങ്ങിയതാണിത്. നിലത്തും ഭിത്തികളിലുമെല്ലാം തടിയുടെ പാനലിംഗും മറ്റ് സൗകര്യങ്ങളുമുണ്ട്.
രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും പുറമേ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്ഭവനിലെത്തിയപ്പോൾ ഒരുദിവസം ഇവിടെ തങ്ങിയിരുന്നു. നാളെ വൈകിട്ട് ആറരയ്ക്ക് രാഷ്ട്രപതി രാജ്ഭവനിലെത്തുക. 23നാണ് മടങ്ങുക.
അതേസമയം, കനത്ത മഴ തുടരുന്നതിനാൽ രാഷ്ട്രപതിയുടെ ശബരിമല ദർശനത്തിൽ അനിശ്ചിതത്വം തുടരുകയാണ്.
22ന് ഉച്ചയ്ക്ക് 11.50ന് രാഷ്ട്രപതി സന്നിധാനത്ത് എത്തും. രാവിലെ 10.20ന് ഹെലികോപ്റ്ററിൽ നിലയ്ക്കൽ ഹെലിപാഡിൽ ഇറങ്ങി അവിടെനിന്ന് റോഡ് മാർഗം പമ്പയിൽ എത്തി പ്രത്യേക വാഹനത്തിൽ സന്നിധാനത്തേക്കു പോകാനാണ് പദ്ധതി.
ഉച്ചപൂജ ദർശനത്തിനുശേഷം സന്നിധാനം ഗെസ്റ്റ് ഹൗസിൽ വിശ്രമം. 3ന് സന്നിധാനത്തുനിന്നു മടങ്ങി 4.10ന് നിലയ്ക്കൽ എത്തി ഹെലികോപ്റ്ററിൽ തിരുവനന്തപുരത്തേക്ക് പോകും.
പുതിയ ഫോർ വീൽ ഡ്രൈവ് ഗൂർഖ എമർജൻസി പ്രത്യേക വാഹനത്തിലാണ് പമ്പയിൽനിന്നു സന്നിധാനത്തേക്കും തിരിച്ചുമുള്ള രാഷ്ട്രപതിയുടെ യാത്ര.
6 വാഹനങ്ങളുടെ അകമ്പടിയുമുണ്ട്. എന്നാൽ കനത്ത മഴ തുടർന്നാൽ യാത്ര സാദ്ധ്യമാവുമോയെന്നാണ് പരിശോധിക്കുന്നത്.
രാജ്ഭവനിൽ വച്ച് ഇരുമുട്ടിക്കെട്ട് നിറച്ചാണ് രാഷ്ട്രപതി ദർശനത്തിന് പോവുന്നത്. രാഷ്ട്രപതി ദ്രൗപതി മുർമു ഇരുമുടിക്കെട്ട് നിറയ്ക്കുന്നത് രാജ്ഭവനിൽ വച്ച്. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറും ഇരുമുടിക്കെട്ട് നിറയ്ക്കും.
ഇവിടെ നിന്ന് ഇരുവരും ഹെലികോപ്ടറിൽ നിലയ്ക്കലെത്തും. തുടർന്ന് റോഡ്മാർഗം പമ്പയിലേക്ക് പോകും. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സന്നിധാനത്ത് അനധികൃതമായി താമസിക്കുന്ന എല്ലാവരെയും മലയിറക്കും.
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പമ്പ–ശബരിമല പാതയിൽ അപകട ഭീഷണിയായി നിന്നിരുന്ന എല്ലാ വൃക്ഷങ്ങളും മുറിച്ചുമാറ്റി. സ്വാമി അയ്യപ്പൻ റോഡിൽ ബാരിക്കേഡുകൾ സ്ഥാപിക്കുകയും മൺകൂനകൾ നീക്കം ചെയ്യുകയും ചെയ്തു.
ദ്രുതകർമസേന, ഡോഗ് സ്ക്വാഡ്, അഡ്വാൻസ് പട്രോളിങ് ടീം, സ്നേക്ക് റെസ്ക്യൂ ടീം, വെറ്ററിനറി ടീം, വൈപ്പർ ടീം എന്നിവയെ സജ്ജമാക്കിയിട്ടുണ്ട്.
രാഷ്ട്രപതി ദ്രൗപതി മുർമ്മുവിന് ഗവർണർ ആർ.വി. ആർലേക്കർ അത്താഴവിരുന്ന് നൽകും. 22ന് രാത്രി എട്ടിന് ഹയാത്ത് റീജൻസിയിലെ വിരുന്നിലേക്ക് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പ്രതിപക്ഷ നേതാവിനെയും ക്ഷണിച്ചു.
തലസ്ഥാനത്തെ എം.പിമാർ, എം.എൽ.എമാർ, വൈസ്ചാൻസലർമാർ, പ്രതിരോധ സേനകളിലെ ഉദ്യോഗസ്ഥർ, ചീഫ് സെക്രട്ടറി, ഡി.ജി.പി, കേന്ദ്ര ഉദ്യോഗസ്ഥർ, മുൻ ഗവർണർമാർ, രാഷ്ട്രീയ കക്ഷി നേതാക്കൾ എന്നിവരടക്കം 165 പേർ പങ്കെടുക്കും.
21ന് വൈകിട്ട് ആറരയ്ക്ക് രാഷ്ട്രപതി രാജ്ഭവനിലെത്തും. അവിടെ അനന്തപുരി സ്യൂട്ടിലാണ് താമസിക്കുക. സസ്യാഹാരമാണ് രാഷ്ട്രപതിക്കായി ഒരുക്കുക. പിറ്റേന്ന് രാവിലെ പത്തരയോടെ ഹെലികോപ്ടറിൽ നിലയ്ക്കലിലേക്ക് പോവും.
അഞ്ചരയോടെ തിരിച്ചെത്തും. 23ന് രാവിലെ രാജ്ഭവനിൽ മുൻ രാഷ്ട്രപതി കെ.ആർ നാരായണന്റെ പ്രതിമ അനാച്ഛാദനം ചെയ്യും. മുഖ്യമന്ത്രിയും മന്ത്രിമാരും ഈ ചടങ്ങിലും പങ്കെടുക്കും.
മുൻ രാഷ്ട്രപതി റാംനാഥ് കോവിന്ദ്, മുൻ കേരള ഗവർണറും ഇപ്പോഴത്തെ ബീഹാർ ഗവർണറുമായ ആരിഫ് മുഹമ്മദ് ഖാൻ അടക്കമുള്ള പ്രമുഖർ അനാച്ഛാദന ചടങ്ങിൽ പങ്കെടുക്കും. 23ന് രാവിലെ 10.05ന് തുടങ്ങുന്ന ചടങ്ങ് ഒന്നര മണിക്കൂർ നീളും. അതിനു ശേഷം വർക്കലയിലേക്ക് പോവും.