/sathyam/media/media_files/2025/10/20/pv-sathyan-im-vijayan-jo-paul-anchery-2025-10-20-20-25-51.jpg)
തിരുവനന്തപുരം: ഒരുകാലത്ത് ഇന്ത്യൻ ഫുട്ബോളിലെ വൻശക്തികളായ കേരളം പഴയകാല പ്രതാപം വീണ്ടെടുക്കാനുള്ള പരിശ്രമത്തിലാണ്.
ഇന്ത്യൻ ഫുട്ബോളിലെ സൂപ്പർ താരങ്ങളെ സംഭാവനചെയ്ത കേരളത്തിന് ഇപ്പോൾ ദേശീയ ടീമിൽ നാമമായ പ്രാതിനിധ്യം മാത്രമേയുള്ളൂ. ഈ കുറവ് പരിഹരിക്കാനും കേരളത്തിൽ ഫുട്ബോളിന് കൂടുതൽ പ്രചാരമുണ്ടാക്കാനും ലക്ഷ്യമിട്ടുള്ള പദ്ധതികൾ നടപ്പാക്കുകയാണ് സർക്കാർ.
ഐ.എം.വിജയനും ജോപോൾ അഞ്ചേരിയും ഷറഫലിയും സത്യനുമൊക്കെ രാജ്യമറിയുന്ന താരങ്ങളായതു പോലെ യുവതലമുറയിൽ നിന്ന് ഫുട്ബോൾ താരങ്ങളെ സൃഷ്ടിക്കാനുള്ള പദ്ധതിയാണിത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് 22 സിന്തറ്റിക് സ്റ്റേഡിയങ്ങൾ പൂർത്തിയായിക്കഴിഞ്ഞു.
ഒളിമ്പിക് മാതൃകയിൽ സംസ്ഥാന സ്കൂൾ കായികമേള തിരുവനന്തപുരത്ത് ആരംഭിക്കുമ്പോൾ കുതിപ്പിന്റെ ട്രാക്കിലാണ് കേരളം. മത്സരങ്ങളിൽ പങ്കെടുക്കുമ്പോൾ മാത്രം സിന്തറ്റിക് ട്രാക്ക് കണ്ടിരുന്ന കുട്ടികളല്ല ഇന്നുള്ളത്.
കഴിഞ്ഞ ഒൻപത് വർഷത്തിനിടെ സംസ്ഥാനത്ത് 20 സിന്തറ്റിക് ട്രാക്കുകളാണ് കായികതാരങ്ങളുടെ പരിശീലനത്തിനും മത്സരങ്ങൾക്കുമായി സംസ്ഥാനത്ത് കായിക വകുപ്പ് നിർമിച്ചത്.
ഇതോടെ ആകെ സിന്തറ്റിക് ട്രാക്കുകളുടെ എന്ന 22 ആയി. അവയിൽ പരിശീലിച്ചും മത്സരിച്ചും കയറിവന്ന പുത്തൻ താരോദയങ്ങൾക്കാണ് കേരളം കൺപാർക്കുന്നത്.
നിലവിൽ 14 ജില്ലകളിലും സിന്തറ്റിക് ട്രക്കുകൾ വന്നു. പാലാ മുനിസിപ്പൽ സ്റ്റേഡിയം, മഹാരാജാസ് കോളേജ് എന്നിവിടങ്ങളിലാണ് നേരത്തെ സിന്തറ്റിക് ട്രാക്ക് ഉണ്ടായിരുന്നത്.
പ്രീതികുളങ്ങര സ്കൂൾ, കോഴിക്കോട് മേപ്പയൂർ, പത്തനംതിട്ട കൊടുമൺ ഇ എം എസ് സ്റ്റേഡിയം, നീലേശ്വരം ഇ എം എസ് സ്റ്റേഡിയം, മലപ്പുറം എടപ്പാൾ ജി എച്ച് എസ് എസ്, വയനാട് ജില്ലാ സ്റ്റേഡിയം, തൃത്താല തിരുമിറ്റക്കോട് സ്റ്റേഡിയം, ഇടുക്കി നെടുങ്കണ്ടം, തലശ്ശേരി വി ആർ കൃഷ്ണയ്യർ സ്റ്റേഡിയം, മലപ്പുറം താനൂർ, ജി വി രാജ സ്പോർട്സ് സ്കൂൾ, ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയം, തൃശൂർ കുന്നംകുളം ജി ബി എച്ച് എസ്സ് എസ്, പരിയാരം മെഡിക്കൽ കോളേജ്, പാലക്കാട് കോട്ടായി സ്കൂൾ, നിലംബർ മാനവേദൻ ജി എച്ച് എസ് എസ്, നാട്ടിക ഫിഷറീസ് സ്കൂൾ, മൂക്കുതല പി സി എൻ ജി എച്ച് എസ് എസ്, കൊല്ലം ഒളിമ്പ്യൻ സുരേഷ് ബാബു ജില്ലാ സ്റ്റേഡിയം എന്നിവയാണ് നിർമിച്ചത്.
കായികമേളകളിൽ നേട്ടങ്ങൾ കൊയ്ത സ്കൂളുകളിലാണ് സ്റ്റേഡിയങ്ങൾ അനുവദിച്ചിട്ടുള്ളത്. ഇത് ആ സ്കൂളിലെയും സമീപ സ്‌കൂളുകളിലെയും കായികതാരങ്ങൾക്ക് ഏറെ സഹായകമായി.
മൺ സ്റ്റേഡിയങ്ങളിൽ പരിശീലനം നേടിയ താരങ്ങൾ സിന്തറ്റിക് ട്രാക്കിൽ മത്സരത്തിനെത്തുമ്പോൾ പലപ്പോഴും ഉദ്ദേശിച്ച പ്രകടനം കാഴ്ചവെക്കാനാകാതെ പ്രയാസപ്പെടാറുണ്ട്. ഇതിനൊരു അറുതിവന്നിരിക്കുകയാണ് നിലവിൽ.
പരിശീലനം നേടിയ അതേ തരം ട്രാക്കിൽ മത്സരിക്കാനുമാകുന്നത് കായികതാരങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നുണ്ട്. മികച്ച ദൂരവും ഉയരവും സമയവും സ്വന്തം പേരിൽ കുറിക്കാനെത്തുന്ന കൗമാരത്തിന്റെ കാൽവേഗങ്ങൾക്ക് കരുത്താവുകയാണ് സർക്കാർ.
ഭാവിതാരങ്ങളെ വളർത്തിയെടുക്കാനുള്ള ‘കിക്കോഫ്’ പദ്ധതിക്കു പിന്നാലെയാണ് ആധുനിക സൗകര്യങ്ങളുള്ള 40 ഫുട്ബോൾ മൈതാനങ്ങൾ നിർമ്മിക്കാനുള്ള പദ്ധതി.
നിലവിലുള്ള മൈതാനങ്ങളിലെ പ്രതലം നവീകരിച്ച് ഫുട്ബോൾ സ്റ്റേഡിയമാക്കി മാറ്റുകയല്ല ലക്ഷ്യം. പകരം അനുബന്ധസൗകര്യങ്ങൾ ഏർപ്പെടുത്തും. ഗ്യാലറിയും നിർമ്മിക്കും.