/sathyam/media/media_files/2025/10/21/infam-parassala-4-2025-10-21-13-07-45.jpg)
പാറശാല: രാജ്യത്തിന്റെ വളര്‍ച്ചയ്ക്കും സുസ്ഥിതിക്കും വേണ്ടി ആത്മാര്‍പ്പണം ചെയ്യുന്ന കര്‍ഷകരെ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കുവാനുമുള്ള കൂടുതല്‍ പദ്ധതികളുമായി എല്ലാതലങ്ങളിലുമുള്ള സര്‍ക്കാരുകള്‍ ഇനിയും കടന്നുവരണമെന്ന് ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍.
ഇന്‍ഫാം പാറശാല കാര്‍ഷികജില്ല സമ്മേളനം ചാരോട്ടുകോണം മാര്‍ ഈവാനിയോസ് പാരിഷ്ഹാളില്‍ ഉദ്ഘാടനം ചെയ്യുക്കുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതിയും മണ്ണും സംരക്ഷിച്ച് രാജ്യത്ത് വരുംതലമുറയുടെ കാവലാളുകളാവേണ്ടവരാണ് കര്‍ഷകരെന്നും അദ്ദേഹം പറഞ്ഞു.
ചുരുങ്ങിയ കാലംകൊണ്ട് പാറശാല കാര്‍ഷികജില്ലയില്‍ നാലു കാര്‍ഷിക താലൂക്കുകളിലായി 35 കാര്‍ഷിക ഗ്രാമങ്ങളിലൂടെ 1513 കര്‍ഷക കുടുംബങ്ങളിലായി 9078 അംഗങ്ങളെ ഉള്‍ച്ചേര്‍ത്തുകൊണ്ട്
ഇന്‍ഫാം എന്ന സംഘടനയെ പാറശാലയില്‍ വളര്‍ത്തിയ രക്ഷാധികാരിയെയും ഡയറക്ടറെയും എക്‌സിക്യൂട്ടീവ് അംഗങ്ങളെയും ദേശീയ ചെയര്‍മാന്‍ ആദരിച്ചു.
പാറശാല രൂപതാധ്യക്ഷന്‍ ഡോ. തോമസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത യോഗത്തില്‍ അധ്യക്ഷതവഹിച്ചു.
എം. വിന്‍സെന്റ് എംഎല്‍എ, ഇന്‍ഫാം പാറശാല കാര്‍ഷികജില്ല ഡയറക്ടര്‍ ഫാ. ജോണ്‍ പുന്നാറ, പാറശാല കാര്‍ഷികജില്ല മുന്‍ ഡയറക്ടര്‍ ഫാ. ജോര്‍ജ് വെട്ടിക്കാട്ടില്‍, കാരോട് പഞ്ചായത്ത് പ്രസിഡന്റ് സി.എ. ജോസ്, ദേശീയ ട്രഷറര്‍ ജയ്സണ്‍ ജോസഫ് ചെംബ്ലായില്‍,
സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എന്‍.എസ്. സനല്‍കുമാര്‍, ഇന്‍ഫാം കാര്‍ഷികജില്ല പ്രസിഡന്റ് എന്‍. ധര്‍മരാജ്, കാര്‍ഷികജില്ല സെക്രട്ടറി സാലി റോജന്‍ എന്നിവര്‍ പ്രസംഗിച്ചു.
യോഗത്തില്‍ ഇന്‍ഫാം മെംബര്‍ഷിപ്പ് കാര്‍ഡ് വിതരണവും മികച്ച കര്‍ഷകരെയും സംരംഭകരെയും ആദരിക്കലും നടന്നു.