ശബരിമലയിലെ സ്വർണക്കൊള്ള വകവയ്ക്കാതെ നിലവിലെ ദേവസ്വം ബോർഡിന്റെ കാലാവധി നീട്ടുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപണമുയർന്ന അംഗത്തിനും കോളടിച്ചു. കാലാവധി നീട്ടൽ ഓർഡിനൻസിൽ ഗവർണർ ഒപ്പിടുമോയെന്ന് സർക്കാരിന് ആശങ്ക. വലിയ പദ്ധതികൾ നടപ്പാക്കാൻ 2 വർഷ കാലാവധി പോരെന്ന് ബോർഡ്. ദേവസ്വം അംഗങ്ങൾക്ക് കിട്ടുക പ്രതിമാസം കാൽലക്ഷം രൂപയും കാറും

നവംബർ 16 നാണ് ശബരിമല മണ്ഡല കാലം തുടങ്ങുന്നത്. മണ്ഡലകാലം തുടങ്ങുന്നതിന് തൊട്ടുമുമ്പ് ഭരണ സമിതി മാറിയാൽ ഒരുക്കങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന കാരണം പറഞ്ഞാണ് കാലാവധി നീട്ടുന്നത്. 

New Update
shabarimala gold
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: ശബരിമല സന്നിധാനത്തെ രണ്ടു കിലോ സ്വർണം അടിച്ചുമാറ്റിയെന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ട് നിലനിൽക്കവേ, സർക്കാരിന് വേണ്ടപ്പെട്ടവരായ നിലവിലെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കാലാവധി നീട്ടാൻ ഓർഡിനൻസിറക്കുന്നു. 

Advertisment

വരുന്ന മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടായേക്കും. നവംബർ 10നാണ് നിലവിലെ ബോർഡ് ഭരണസമിതിയുടെ കാലാവധി അവസാനിക്കുന്നത്. കോൺഗ്രസിൽ നിന്ന് സി.പി.എമ്മിൽ ചേർന്ന പി.എസ്. പ്രശാന്താണ് നിലവിലെ പ്രസിഡന്റ്. 

ps prasanth

പി.എസ്. പ്രശാന്ത് (തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്)


സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടുപ്പമുണ്ടെന്ന് ആരോപണമുയർന്ന എ.അജികുമാർ ബോർഡംഗമാണ്. അദ്ദേഹത്തിന്റെയടക്കം കാലാവധി നീട്ടാനാണ് നീക്കം.


നവംബർ 16 നാണ് ശബരിമല മണ്ഡല കാലം തുടങ്ങുന്നത്. മണ്ഡലകാലം തുടങ്ങുന്നതിന് തൊട്ടുമുമ്പ് ഭരണ സമിതി മാറിയാൽ ഒരുക്കങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന കാരണം പറഞ്ഞാണ് കാലാവധി നീട്ടുന്നത്. 

ഭരണസമിതിയുടെ കാലാവധി നീട്ടുന്നത് പരിഗണനയിലാണെന്ന് ദേവസ്വം മന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. നിലവിലെ രണ്ടുവർഷ കാലാവധി മൂന്നോ നാലോ വർഷമാക്കി ഉയർത്താനാണ് ആലോചന. എന്നാൽ നവംബറിൽ കാലാവധി തീരുന്നത് ഒഴിവാക്കാൻ ജൂൺ മുതലാക്കുന്നതും പരിഗണനയിലുണ്ട്. 

a ajikumar

എ അജികുമാര്‍

ദീർഘകാലപദ്ധതികൾ നടപ്പാക്കുന്നതിന് രണ്ടുവർഷ കാലാവധി തടസ്സമാണെന്നുകാട്ടി ദേവസ്വം വകുപ്പിന് ലഭിച്ച അപേക്ഷകൾ പരിഗണിച്ചാണിത്. 1252 ക്ഷേത്രങ്ങളിലെ വലിയ പദ്ധതികൾ നടപ്പാക്കുന്നതിന് രണ്ടുവർഷ കാലാവധി അപര്യാപ്തമാണെന്ന് ബോർഡ് സർക്കാരിനെ അറിയിച്ചിട്ടുണ്ട്.


ശബരിമല തീർഥാടനകാലം തുടങ്ങുന്നതിനു തൊട്ടുമുൻപുള്ള അധികാരക്കൈമാറ്റം ഒഴിവാക്കി, ബോർഡിന്റെ കാലാവധി ജൂണിൽ അവസാനിക്കുന്ന തരത്തിൽ ചിട്ടപ്പെടുത്തണമെന്ന് സർക്കാരിന് നേരത്തേ ശുപാർശ ലഭിച്ചിരുന്നു. 


2007-ൽ ജി. സുധാകരൻ ദേവസ്വം മന്ത്രിയായിരുന്ന കാലത്താണ് ദേവസ്വം ബോർഡ് അംഗങ്ങളുടെ കാലാവധി നാലിൽനിന്ന് രണ്ടുവർഷമാക്കി കുറച്ചത്. 2014-ൽ ഉമ്മൻചാണ്ടി സർക്കാർ ഇത് മൂന്ന് വർഷമാക്കി. 

2017-ൽ ഒന്നാം പിണറായി സർക്കാർ വീണ്ടും രണ്ടു വർഷമാക്കി കുറച്ചു. ഇതാണ് വീണ്ടും കൂട്ടുന്നത്. പ്രതിമാസം 25,000 രൂപയാണ് ബോർഡ് അംഗങ്ങളുടെ ഓണറേറിയം. ബോർഡിന്റെ വാഹനം നൽകും. പുറമെ ടി.എയും 5000 രൂപ എച്ച്.ആർ.എയും ലഭിക്കും.

അതേസമയം, ദേവസ്വം ബോർഡിന്റെ കാലാവധി കൂട്ടാനുള്ള ഓർഡിനൻസിൽ ഇപ്പോഴത്തെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഗവർണർ ഒപ്പിടുമോയെന്നത് നിർണായകമാണ്. 


മണ്ഡല കാലത്തെ ഒരുക്കങ്ങൾ സുഗമമാക്കാൻ നിലവിലെ ഭരണസമിതി തുടരുന്നതാണ് ഉചിതമെന്നാവും ഓർഡിനൻസിറക്കാനുള്ള കാരണമായി സർക്കാർ ഗവർണറെ അറിയിക്കുക. 


ബോർഡ് അംഗങ്ങളുടെ ഓണറേറിയവും ചെലവുകളും നൽകേണ്ടതിനാൽ ധനകാര്യ മെമ്മോറാണ്ടവും ആവശ്യമാണ്. ഗവർണർ അംഗീകരിച്ചാൽ പി.എസ്. പ്രശാന്ത് പ്രസിഡന്റായ നിലവിലെ ബോർഡിന്റെ കാലാവധി ഒരുവർഷംകൂടി നീട്ടിക്കിട്ടും.

Advertisment