/sathyam/media/media_files/2025/10/22/pinarai-vijayan-inauguration-2025-10-22-15-08-23.jpg)
തിരുവനന്തപുരം: സാക്ഷരതയിലും ഭരണനിർവഹണത്തിലുമെല്ലാം മുന്നേ നടന്ന കേരളം ഒരു നാഴികക്കല്ല് കൂടി പിന്നിടുകയാണ്. കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് മുഖ്യമന്ത്രി പ്രഖ്യാപിക്കും.
അതിദാരിദ്ര്യത്തെ തുടച്ചുനീക്കിക്കൊണ്ട് കേരളം ഒരിക്കൽക്കൂടി ചരിത്രം രചിക്കുകയാണ്. രാജ്യത്ത് ഈ ലക്ഷ്യം കൈവരിക്കുന്ന ആദ്യ സംസ്ഥാനം എന്ന നേട്ടത്തിനൊപ്പം ചൈനയ്ക്ക് ശേഷം ലോകത്ത് ഈ ലക്ഷ്യം കൈവരിച്ച രണ്ടാമത്തെ പ്രദേശമാവാനും കേരളത്തിന് കഴിഞ്ഞു.
നീതി ആയോഗിന്റെ കണക്കുകൾ അനുസരിച്ച് രാജ്യത്ത് ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനമാണ് കേരളം. 2021ൽ ജനസംഖ്യയുടെ 0.7 ശതമാനം മാത്രമായിരുന്നു ദരിദ്രരുടെ അളവായി നീതി ആയോഗ് കണ്ടെത്തിയത്. 2021 ൽ അധികാരത്തിലെത്തിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിലെ ആദ്യ തീരുമാനമായിരുന്നു അതിദരിദ്രരില്ലാത്ത കേരളം യാഥാർഥ്യമാക്കുമെന്നത്.
ശാസ്ത്രീയവും സമഗ്രവുമായ സർവേയിലൂടെ കേരളത്തിലെ 64006 അതിദരിദ്ര്യ കുടുംബങ്ങളെയാണ് കണ്ടെത്തിയത്. ഭക്ഷണം, ആരോഗ്യം, ഉപജീവനം, വാസസ്ഥലം എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കി അതിജീവനം സാധ്യമല്ലാത്ത കുടുംബങ്ങളെയാണ് അതിദരിദ്ര്യ കുടുംബങ്ങളായി കണക്കാക്കുന്നത്.
ഈ ഓരോ മേഖലയിലും ഓരോ കുടുംബത്തിനും ആവശ്യമായ സഹായവും സേവനവുമെത്തിക്കാൻ ഓരോ കുടുംബത്തിനും പ്രത്യേക മൈക്രോപ്ലാൻ രൂപീകരിച്ചായിരുന്നു പ്രവർത്തനങ്ങൾ ഏറ്റെടുത്തത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ മുൻകൈയിൽ എല്ലാ സർക്കാർ സംവിധാനങ്ങളും വകുപ്പുകളും സന്നദ്ധ പ്രവർത്തകരും പൊതുജനങ്ങളുമെല്ലാം അണിനിരന്ന ഒരു മഹത്തായ പ്രവർത്തനമാണ് വിജയകരമായ പരിസമാപ്തിയിലേക്ക് കടക്കുന്നത്.
വോട്ടർ പട്ടികയിൽ പോലും പേരില്ലാത്ത, റേഷൻ കാർഡോ ആധാർ കാർഡോ പോലും ഇല്ലാത്ത ഏറ്റവും അരികുവത്കരിക്കപ്പെട്ട നിരവധി പേരാണ് ഈ പട്ടികയിലുണ്ടായിരുന്നത്. അഭിമാനത്തോടെ അവരെ ജീവിക്കാൻ പ്രാപ്തരാക്കിയ പദ്ധതി എന്ന പേരിലാവും ഇത് ചരിത്രത്തിൽ ഇടംപിടിക്കുന്നത്.
64006 കുടുംബങ്ങളിൽ 4421 കുടുംബങ്ങൾ (ഭൂരിപക്ഷവും ഏകാംഗ കുടുംബങ്ങളാണ്) ഇതിനകം മരണപ്പെട്ടു. വിപുലമായ പരിശോധനയും ബന്ധപ്പെടലും ശ്രമങ്ങളും നടത്തിയെങ്കിലും നാടോടികളായി കഴിയുന്ന 261 കുടുംബങ്ങളെ ഈ പ്രക്രീയയ്ക്കിടയിൽ കണ്ടെത്താനായിട്ടില്ല. ഇവരിൽ മഹാഭൂരിപക്ഷവും മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടിയേറിപ്പാർത്തവരാണ്. ഇവർ തിരിച്ചെത്തിയാൽ ആവശ്യമായ സംരക്ഷണം നൽകാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
ഒരേ കുടുംബത്തിലെ വ്യത്യസ്ത അംഗങ്ങൾ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി പട്ടികയിൽ ഉൾപ്പെട്ട 47 കേസുകളുണ്ട്. ഇവരെ ഒരു കുടുംബമായി പരിഗണിച്ചുള്ള മൈക്രോപ്ലാനാണ് തയ്യാറാക്കിയിരിക്കുന്നത്. ഇങ്ങനെ 4729 കുടുംബങ്ങൾ ഒഴികെ ബാക്കി 59277 കുടുംബങ്ങളാണ് അതിദരിദ്രരായി നിലവിൽ പട്ടികയിലുള്ളത്. ഇവരെയെല്ലാം അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചാണ് നവംബർ ഒന്നിന് അതിദരിദ്രരില്ലാത്ത കേരളം സാധ്യമാക്കുന്നത്.
അതിദരിദ്രരില്ലാത്ത ആദ്യ ജില്ലയായി കോട്ടയത്തെ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ആരോഗ്യം, ഭക്ഷണം, വീട്, വരുമാനം എന്നീ നാല് ഘടകങ്ങൾവെച്ചാണ് കേരളം എല്ലാ ജില്ലകളിലും അതിദരിദ്രരെ കണ്ടത്തി അവരെ അതിൽനിന്ന് മുക്തരാക്കുന്നത്. വരുമാനം മാത്രംനോക്കി സാമ്പിൾ സർവേയിലൂടെ മുമ്പ് നീതി ആയോഗ് എറണാകുളത്തെ ദരിദ്രരില്ലാത്ത ജില്ലയായി കണ്ടെത്തിയിരുന്നു.
എന്നാൽ, വീടുകൾതോറും സർവേ നടത്തി അതിദരിദ്രരെ കണ്ടെത്തി അതിൽനിന്ന് മുക്തമാക്കുന്നത് രാജ്യത്ത് ആദ്യമായിരുന്നു. അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കൽ, പഠന സൗകര്യങ്ങൾ ഒരുക്കൽ, സ്ഥിരമായ ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തൽ, ഭക്ഷണം ഉറപ്പാക്കൽ ,അശരണരുടെ പുനരധിവാസം, തൊഴിൽ കാർഡ് ലഭ്യമാക്കൽ എന്നിങ്ങനെ എല്ലാതലത്തിലും സർക്കാർ കൈത്താങ്ങുറപ്പാക്കുന്നതാണ് അതിദാരിദ്ര്യമുക്ത കേരളം പദ്ധതി.