/sathyam/media/media_files/2025/10/22/p-prasad-elappully-bruvery-project-2025-10-22-16-34-11.jpg)
തിരുവനന്തപുരം: പാലക്കാട്ടെ മദ്യ നിർമ്മാണ ശാലയെച്ചൊല്ലി സി.പി.എം - സി.പി.ഐ മന്ത്രിമാർ ഏറ്റുമുട്ടുന്നു. പാലക്കാട്ട് എലപ്പുള്ളി പഞ്ചായത്തിൽ 636 കോടിചെലവിൽ സ്ഥാപിക്കാനുദ്ദേശിച്ച എഥനോൾ, മദ്യ നിർമാണ ശാലയ്ക്കായി അഞ്ചേക്കർ നെൽവയൽ തരംമാറ്റുന്നതിനെച്ചൊല്ലിയാണ് പുതിയ ഉടക്ക്.
നെൽവയൽ വ്യവസായ ആവശ്യത്തിന് തരംമാറ്റാനുള്ള നടപടികൾ കൃഷി വകുപ്പാണ് തുടങ്ങേണ്ടത്. എന്നാൽ പൊതു ആവശ്യത്തിനല്ലാത്ത മദ്യ നിർമ്മാണത്തിനായി നെൽവയൽ നികത്തൽ അനുവദിക്കാനാവില്ലെന്നാണ് കൃഷി മന്ത്രി സി.പി.ഐക്കാരനായ പി. പ്രസാദിന്റെ നിലപാട്.
അതിനിടെ, ഇന്നലെ ചേർന്ന കേരള സ്റ്റേറ്റ് സിംഗിൾ വിൻഡോ ക്ളിയറൻസ് ബോർഡ് രണ്ടാഴ്ചയ്ക്കകം ഈ നടപടികൾ പൂർത്തിയാക്കാൻ കൃഷി വകുപ്പ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. പക്ഷേ, തുടർ നടപടികൾ വേണ്ടെന്നാണ് കൃഷി മന്ത്രി സെക്രട്ടറിക്ക് നൽകിയിട്ടുള്ള നിർദ്ദേശം.
വിദ്യാഭ്യാസ വകുപ്പിന്റെ പിഎം ശ്രീ പദ്ധതിയിൽ ചേരുന്നതുമായി ബന്ധപ്പെട്ട് സി.പി.ഐ - സി.പി.എം മന്ത്രിമാർ പരസ്യമായി ഏറ്റുമുട്ടിയിരുന്നു. പിന്നാലെയാണ് പാലക്കാട്ടെ മദ്യനിർമ്മാണ ശാലയെച്ചൊല്ലി വീണ്ടും ഏറ്റുമുട്ടൽ.
നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം ഭൂമി തരംമാറ്റത്തിന് അനുമതികളേറെ ആവശ്യമുണ്ട്. പദ്ധതി നടത്തിപ്പിലുള്ള എതിർപ്പ് കൃഷി വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. കാർഷികാവശ്യത്തിന് ഉപയോഗിക്കുന്ന ഭൂമി ഇത്തരം ആവശ്യത്തിന് വിട്ടുനൽകാനാവില്ലെന്ന നിലപാടാണ് തുടക്കം മുതലേ കൃഷിവകുപ്പ് കൈക്കൊണ്ടത്.
എന്നാൽ പദ്ധതി നടത്തിപ്പിന് വേണ്ട അഞ്ച് ഏക്കർ സ്ഥലത്തിന്റെ തരംമാറ്റം വേഗത്തിലാക്കാൻ ഇന്നലത്തെ യോഗത്തിൽ ചീഫ് സെക്രട്ടറി നിർദ്ദേശിച്ചു. ഈ നടപടി പൂർത്തിയാക്കിയാൽ പദ്ധതിക്ക് അനുമതി നൽകുന്നത് വീണ്ടും പരിഗണിക്കാനായിരുന്നു തീരുമാനം. ഇതിനെയാണ് കൃഷി വകുപ്പ് ശക്തമായി എതിർക്കുന്നത്.
ഒയാസിസ് കൊമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് എഥനോൾ, ഇ.എൻ.എ, ഇന്ത്യൻ നിർമിത വിദേശമദ്യ നിർമാണം, ബ്രൂവറി എന്നിവയുൾപ്പെട്ട വമ്പൻ പദ്ധതി സ്ഥാപിക്കാൻ സർക്കാരിനെ സമീപിച്ചത്. എന്നാൽ ഭൂമി തരംമാറ്റി നൽകാൻ കഴിയില്ലെന്ന് വ്യക്തമാക്കി 2024 ആഗസ്റ്റ് 29 ന് കൃഷി വകുപ്പ് ആർ.ഡി.ഒയ്ക്ക് റിപ്പോർട്ട് നൽകിയിരുന്നു.
2008 വരെ ഇവിടെ നെൽകൃഷി ഉണ്ടായിരുന്നതായാണ് കൃഷിവകുപ്പ് വ്യക്തമാക്കിയത്. മാത്രമല്ല രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശമാണ് ഇത്. പ്രാദേശികമായ എതിർപ്പും പദ്ധതിക്കെതിരെ ഉയർന്നിരുന്നു.
കൃഷി വകുപ്പിന് പുറമെ ജലവിഭവ വകുപ്പ്, എക്സൈസ്, പരിസ്ഥിതി തുടങ്ങിയ വകുപ്പുകളുടെ ക്ലിയറൻസും കിട്ടാനുണ്ട്. സംസ്ഥാന തല പരിസ്ഥിതി കമ്മിറ്റിയുടെ ക്ലിയറൻസും ലഭിക്കേണ്ടതുണ്ട്.
നേരത്തേ ഒയാസിസിനെതിരെ മിച്ചഭൂമി കേസെടുക്കാമെന്ന് റവന്യൂ വകുപ്പ് ശുപാർശ ചെയ്തിരുന്നു. ഭൂപരിഷ്കരണ നിയമ പ്രകാരം ഒരു കമ്പനിക്ക് കൈവശം വെക്കാവുന്നത് 15 ഏക്കറാണ്. പാലക്കാട് എലപ്പുള്ളിയിൽ ഓയാസിസ് കമ്പനിയുടെ കൈവശം ഒമ്പത് ആധാരങ്ങളിലായി ഉള്ളത് 23.92 ഏക്കറാണ്.
നേരത്തെ ഭൂമി തരംമാറ്റാനായി നൽകിയ അപേക്ഷയും റവന്യു വകുപ്പ് തള്ളിയിരുന്നു. മദ്യക്കമ്പനി സ്ഥാപിക്കുന്നതിനെതിരെ എലപ്പുള്ളി പഞ്ചായത്ത് പ്രമേയം പാസാക്കിയിരുന്നു. പൊതുമേഖലാ എണ്ണക്കമ്പനികൾക്കു വേണ്ടി എഥനോൾ ഉൽപാദിപ്പിക്കാനാണു കേന്ദ്രം ഒയാസിസ് കമ്പനിയെ ഷോർട് ലിസ്റ്റ് ചെയ്തിട്ടുള്ളത്. ഇതനുസരിച്ച് എഥനോൾ പ്ലാന്റാണ് അവിടെ നിർമിക്കേണ്ടത്.
എന്നാൽ എഥനോളിന്റെയും എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ പ്ലാന്റിന്റെയും മറവിൽ വിദേശമദ്യ ഉൽപാദനത്തിനാണ് കമ്പനിക്ക് സംസ്ഥാന സർക്കാർ അനുമതി നൽകിയത്. പ്രതിദിനം 2.5 ലക്ഷം ലീറ്റർ വീതം സ്പിരിറ്റും എഥനോളും നിർമിക്കാനാണു പദ്ധതി.