/sathyam/media/media_files/2025/10/22/m-mukesh-chintha-jerom-bindu-krishna-2025-10-22-18-27-19.jpg)
തിരുവനന്തപുരം: തുടർച്ചയായി രണ്ട് തിരഞ്ഞെടുപ്പുകളിൽ നടൻ മുകേഷ് വിജയിച്ച് നിയമസഭയിലെത്തിയ കൊല്ലം മണ്ഡലം കോൺഗ്രസിൽ നിന്ന് പിടിച്ചെടുക്കാൻ ആർ.എസ്.പി. വിജയസാദ്ധ്യതയില്ലാത്ത സീറ്റുകൾക്ക് പകരം പാർട്ടിക്ക് സ്വാധീനമുള്ള സീറ്റുകൾ വേണമെന്നാണ് ആവശ്യം.
ഏറെക്കാലം ആർ.എസ്.പി കുത്തകയാക്കി വച്ചിരുന്നതാണ് കൊല്ലം സീറ്റ്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസാണ് കൊല്ലത്ത് മത്സരിച്ചത്. കഴിഞ്ഞ തവണ കോൺഗ്രസിലെ ബിന്ദുകൃഷ്ണയെ 3034 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് മുകേഷ് സി.പി.എം സ്ഥാനാർത്ഥിയായി വിജയിച്ചത്.
2016ൽ 17611 ആയിരുന്നു മുകേഷിന്റെ ഭൂരിപക്ഷമെങ്കിൽ കഴിഞ്ഞ തവണ അത് 3034 ആയി കുറഞ്ഞു. ഇത്തവണ മുകേഷ് മത്സരിക്കുന്നില്ല. പകരം ചിന്താ ജെറോം ആയിരിക്കും സ്ഥാനാർത്ഥിയെന്നാണ് സൂചന. ആഞ്ഞുപിടിച്ചാൽ കൊല്ലത്ത് യു.ഡി.എഫിന് ജയിക്കാവുന്ന സാഹചര്യമാണെന്നാണ് മുന്നണിയുടെ വിലയിരുത്തൽ.
ചവറ, കുന്നത്തൂർ, ഇരവിപുരം, ആറ്റിങ്ങൽ, മട്ടന്നൂർ മണ്ഡലങ്ങളിലാണ് കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിൽ ആർ.എസ്.പി മത്സരിച്ചിരുന്നത്. ഒരിടത്തും ജയിക്കാനുമായില്ല. മട്ടന്നൂർ മണ്ഡലം തങ്ങൾക്ക് കാര്യമായ രാഷ്ട്രീയ സ്വാധീനമില്ലാത്ത മണ്ഡലമാണെന്ന് ആർ.എസ്.പി കോൺഗ്രസിനെ അറിയിച്ചിട്ടുണ്ട്.
ആറ്റിങ്ങലും ആവശ്യമില്ല. ഇതിനു പകരമായി കൊല്ലം മണ്ഡലം തിരികെ വേണമെന്നാണ് ഇപ്പോഴത്തെ ആവശ്യം. 1970 മുതൽ 87 വരെയുള്ള തിരഞ്ഞെടുപ്പുകളിൽ ആർ.എസ്.പിയാണ് ഇവിടെ തുടർച്ചയായി ജയിച്ചുകൊണ്ടിരുന്നത്.
1991-ൽ ആർ.എസ്.പി വിട്ട് കോൺഗ്രസിലേക്ക് ചേക്കേറിയ കടവൂർ ശിവദാസൻ വിജയിച്ചു. 96 ലും 2001 ലും പാർട്ടിക്ക് വിജയം ആവർത്തിക്കാൻ കഴിഞ്ഞെങ്കിലും പാർട്ടിയിലുണ്ടായ ചില ഭിന്നതകൾ കാരണം സീറ്റ് നഷ്ടമായി.
2006-ൽ പാർട്ടിയുടെ ഒരു ഭാഗം ഇടതുപക്ഷത്തായിരുന്നപ്പോൾ സി.പി.എമ്മിലെ പി.കെ.ഗുരുദാസനാണ് മത്സരിച്ച് വിജയിച്ചത്. ബാബുദിവാകരനായിരുന്നു എതിരാളി. 2011-ൽ ആർ.എസ്.പി (ബി) യു.ഡി.എഫിനൊപ്പം ചേർന്നു. പക്ഷെ കൊല്ലം സീറ്റിൽ മത്സരിച്ചത് കോൺഗ്രസായിരുന്നു.
തുടർന്നുള്ള രണ്ട് തിരഞ്ഞെടുപ്പിലും കോൺഗ്രസാണ് കൊല്ലത്ത് മത്സരിച്ചത്. അവസാന രണ്ട് തിരഞ്ഞെടുപ്പിലും പാർട്ടിയുടെ കോട്ടയായ ചവറ മണ്ഡലത്തിൽ ജയിക്കാനുമായില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ കൊല്ലം, ചവറ, ഇരവിപുരം മണ്ഡലങ്ങളിൽ പാർട്ടിക്ക് നല്ല ജയസാദ്ധ്യത ഉണ്ടെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
അതേസമയം, പാർലമെന്റ് തിരഞ്ഞെടുപ്പിൽ കൊല്ലത്ത് സ്ഥാനാർത്ഥിയാക്കിയ മുകേഷിനെ രണ്ടു ടേം വ്യവസ്ഥയുടെ പേരിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കില്ല. ലൈംഗിക പീഡനക്കേസിൽ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ സി.പി.എം ജില്ലാ നേതൃത്വം എം.മുകേഷിന് പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നതിൽ നിന്നും അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയിരുന്നു.
കൊല്ലത്ത് നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന ദിവസം മുകേഷ് എത്താത്തത് ചർച്ചകൾക്ക് വഴിമരുന്നിട്ടിരുന്നു. കുറ്റപത്രം സമർപ്പിച്ച ശേഷം മുകേഷ് കാര്യമായി പൊതുപരിപാടികളിൽ പങ്കെടുത്തിട്ടില്ല. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പിലും കൊല്ലം നിയമസഭാ മണ്ഡലത്തിൽ സിപിഎം ചിഹ്നത്തിൽ മത്സരിച്ചാണ് വിജയിച്ചതെങ്കിലും മുകേഷിന് ഇതുവരെ പാർട്ടി അംഗത്വം നൽകിയിട്ടില്ല.
കൊല്ലത്ത് മത്സരിക്കാൻ ഇത്തവണയും ബിന്ദുകൃഷ്ണ തയ്യാറെടുക്കുന്നതിനിടെയാണ് സീറ്റിനായി ആർ.എസ്.പി അവകാശവാദം ഉന്നയിക്കുന്നത്. കഴിഞ്ഞ തവണ കുണ്ടറ സീറ്റ് വേണ്ടെന്നുവച്ചാണ് ബിന്ദു കൊല്ലത്ത് മത്സരിച്ച് പരാജയപ്പെട്ടത്.
വിജയസാദ്ധ്യത കുറവെന്ന് എഴുതിത്തള്ളിയ കുണ്ടറയിൽ വിഷ്ണുനാഥ് ജയിച്ചുകയറി. അതേസമയം കേരള സർവകലാശാലയിലെ ഗവേഷണ പ്രബന്ധത്തിലെ വാഴക്കുല വിവാദമടക്കം ചിന്തയ്ക്ക് എതിരായി വിവാദങ്ങൾ ഏറെയുണ്ട്.