/sathyam/media/media_files/2025/10/18/vd-satheesan-sunny-joseph-kc-venugopal-2025-10-18-20-35-06.jpg)
തിരുവനന്തപുരം: പാർട്ടി പുനസംഘടനയുടെ ഭാഗമായി കെ.പി.സി.സി വൈസ് പ്രസിഡൻ്റുമാരുടെയും ജനറൽ സെക്രട്ടറിമാരുടെയും പട്ടിക പുറത്തുവന്നതിന് പിന്നാലെ കെപിസിസി സെക്രട്ടറിമാരുടെ പട്ടിക ഉടൻ പുറത്തുവന്നേക്കും.
പുനഃസംഘടനയുടെ ഭാഗമായി സംസ്ഥാനത്ത് ജംബോ കമ്മിറ്റി നിലവിൽ വന്നു എന്ന വിമർശനം നിലനിൽക്കുന്നതിനിടെയാണ് നൂറിലധികം വരുന്ന സെക്രട്ടറിമാരുടെ പട്ടിക പുറത്തിറക്കാൻ നേതൃത്വം തീരുമാനിച്ചിട്ടുള്ളത്.
ജനറൽ സെക്രട്ടറിമാരുടെ പട്ടിക പുറത്തുവന്നതിന് പിന്നാലെ അതൃപ്തി അറിയിച്ച് ചില നേതാക്കൾ രംഗത്ത് വന്നിരുന്നു. സെക്രട്ടറിമാരുടെ പട്ടിക പുറത്തുവിടാത്തതിൽ മുതിർന്ന നേതാക്കളും എതിർപ്പ് അറിയിച്ചിരുന്നു.
തുടർന്നാണ് സെക്രട്ടറിമാരുടെ പട്ടികക്ക് അന്തിമരൂപം നൽകി സംസ്ഥാന നേതൃത്വം ഹൈക്കമാന്റിന് സമർപ്പിച്ചിട്ടുള്ളത്.
നിലവിൽ 59 ജന സെക്രട്ടറിമാരെയാണ് പുനസംഘടന ഭാഗമായി നിയമിച്ചിട്ടുള്ളത്. 1:2 എന്ന് അനുപാതം പാലിച്ചാൽ ആകെ 118 സെക്രട്ടറിമാരാണ് പട്ടികയിൽ ഉൾപ്പെടുക.
എന്തായാലും പട്ടികയിൽ നൂറിലധികം പേരുണ്ടാകുമെന്ന വിവരമാണ് ലഭിക്കുന്നത്.
അതേസമയം സെക്രട്ടറിമാരുടെ പട്ടികയ്ക്കൊപ്പം കെപിസിസി നിർവാഹക സമിതി അംഗങ്ങളുടെ പട്ടിക പുറത്തിറങ്ങില്ല. അടുത്തഘട്ടത്തിൽ പുനഃസംഘടിപ്പിക്കുന്ന ഡിസിസി അധ്യക്ഷൻ മാർക്ക് ഒപ്പമാവും നിർവാഹക സമിതി അംഗങ്ങളുടെ നിയമനവും നടക്കുക എന്നാണ് വിവരം.
നിലവിൽ തൃശ്ശൂർ, വയനാട് ജില്ലകളിൽ ഡിസിസി അധ്യക്ഷന്മാർ മാറിയിരുന്നു. നിലവിലെ അധ്യക്ഷന്മാർ രാജിവച്ചതിനെ തുടർന്ന് പുതിയ ഡിസിസി അധ്യക്ഷന്മാരെ നേതൃത്വം നിയമിക്കുകയായിരുന്നു.
നിലവിൽ തിരുവനന്തപുരത്തും ഡിസിസി അധ്യക്ഷന്റെ ഒഴിവുണ്ട്. താൽക്കാലിക അധ്യക്ഷനായി മുൻ ഡെപ്യൂട്ടി സ്പീക്കറും മുതിർന്ന നേതാവുമായ എൻ ശക്തനെയാണ് നിലവിൽ നിയമിച്ചിരിക്കുന്നത്.
/filters:format(webp)/sathyam/media/media_files/2025/10/23/n-shakthan-2025-10-23-14-29-45.jpg)
സ്ഥാനത്തുനിന്ന് മാറാൻ അദ്ദേഹം താൽപര്യം പ്രകടിപ്പിച്ചു കഴിഞ്ഞു. എന്നാൽ കെപിസിസി സെക്രട്ടറിമാർക്കൊപ്പം ഈ ഒഴിവ് നികത്തില്ല. തുടർന്നുവരുന്ന ഡിസിസി പുനഃസംഘടനയോട് അനുബന്ധിച്ചാവും തിരുവനന്തപുരത്തെ കാര്യങ്ങളും തീരുമാനിക്കപ്പെടുക.
മാനദണ്ഡം അനുസരിച്ച് ഡിസിസി ജനറൽ സെക്രട്ടറിമാരായും ഉപാധ്യക്ഷൻമാരായി പ്രവർത്തിച്ച് മികവ് തെളിയിച്ചവരെയാകും കെപിസിസി സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുക.
നേതാക്കളുമായുള്ള ആശയവിനിമയം പൂർണമായും പൂർത്തിയാക്കിയാണ് പട്ടിക ഹൈക്കമാന്റിന് നൽകിയിട്ടുള്ളത്. ഇന്നുമുതൽ രണ്ടുമൂന്നു ദിവസത്തിനകം പട്ടിക പുറത്തുവിടാനാണ് എഐസിസി തീരുമാനം.
/filters:format(webp)/sathyam/media/media_files/2025/10/23/mariyapuram-sreekumar-champazhanthi-anil-2025-10-23-14-38-44.jpg)
തിരുവനന്തപുരം ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഒന്നിലധികം പേരെ പരിഗണിക്കുന്നുണ്ട്. ചെമ്പഴന്തി അനിൽ, മരിയാപുരം ശ്രീകുമാർ എന്നിവർക്ക് പുറമേ ചില പുതുമുഖങ്ങളെയും തലസ്ഥാന ജില്ലയിൽ പരിഗണിക്കുന്നു. എന്നാൽ അനിലിനാണ് മുൻതൂക്കം.
പേരിനാകരുത് ഭാരവാഹികൾ
കെപിസിസി സെക്രട്ടറിമാരുടെയും നിർവാഹക സമിതിയുടെയും പട്ടിക പുറത്തു വിടുമ്പോൾ എങ്കിലും ഊർജസ്വലരായ നേതാക്കളെ ഉൾപ്പെടുത്തണം എന്നതാണ് പാർട്ടിയിലെ പൊതുവികാരം.
ഇതുവരെ ഇറക്കിയ വർക്കിങ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറിമാർ എന്നിവരുടെ ലിസ്റ്റിൽ ഇടംപിടിക്കാത്ത, സ്ഥിരമായി നാട്ടിൽ പോലും ഇല്ലാത്ത ഇടുക്കിയിലെ മുൻ ഡിസിസി അധ്യക്ഷൻ ഉൾപ്പെടെയുള്ള ചിലർ ഇനിയുള്ള ലിസ്റ്റില്ലെങ്കിലും കയറികൂടാനായി നേതാക്കളുടെ വീടുകൾ തോറും കയറി ഇറങ്ങുന്നുണ്ട്.
വർഷത്തിൽ പകുതിക്കാലം താമസിക്കുന്ന അമേരിക്കയിലൊക്കെ ചെല്ലുമ്പോൾ പ്രവാസികളോടൊക്കെ പറയാൻ നാട്ടിലൊരു പദവി എന്നത് മാത്രമാണ് ഇക്കൂട്ടർക്ക് ആവശ്യം.
മുൻകാലങ്ങളിൽ വഹിച്ചിരുന്ന പദവികളിൽ തുടരാനായും നേതാക്കൾ പരക്കം പായുന്നുണ്ട്. 20 വർഷം മുൻപ് സെക്രട്ടറി മാരായിരുന്നവരും പുതിയ സെക്രട്ടറി മാരുടെ ലിസ്റ്റിലെങ്കിലും കയറി കൂടാനായി രംഗത്തുണ്ട്.
ഇതോടെ കാലങ്ങളായി കെഎസ്‌യു, യൂത്ത് കോൺഗ്രസ് സംഘടനകളിൽ പ്രവർത്തിച്ച് ഒരു പരിഗണനയും ഇല്ലാതെ നിൽക്കുന്ന യുവ നേതാക്കൾ പലരും വീണ്ടും തഴയപ്പെടുന്ന അവസ്ഥയിലാണ്.
പാർട്ടിക്കായി സമര മുഖത്തും പോലീസ് മർദ്ദനങ്ങൾ ഏറ്റുവാങ്ങിയും ത്യാഗങ്ങൾ സഹിച്ച യുവ നേതാക്കളിൽ പലരും ഇപ്പോഴും ലിസ്റ്റിന് പുറത്ത് നിൽക്കുമ്പോഴാണ് പഴയ മുഖങ്ങൾ വീണ്ടും രംഗത്തിറങ്ങിയിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us