/sathyam/media/media_files/2025/10/24/pinarai-vijayan-narendra-modi-2025-10-24-14-30-29.jpg)
തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ പി.എം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതോടെ കേരളത്തിലെ സ്കൂളുകളിൽ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താൻ 1466 കോടി രൂപ ലഭിക്കും.
സംസ്ഥാനത്തെ എല്ലാ ബ്ലോക്കിലും രണ്ടു സ്കൂളുകളായിരിക്കും കേന്ദ്ര പദ്ധതിക്ക് കീഴിൽ വരിക. പണം നൽകുന്നതിന് പകരമായി ദേശീയ വിദ്യാഭ്യാസ നയം കേരളത്തിൽ അതേപടി നടപ്പാക്കേണ്ടി വരുമെന്നതാണ് പി.എം ശ്രീ പദ്ധതിയോടുള്ള എതിർപ്പിന് പ്രധാന കാരണം.
പ്രധാനമന്ത്രി സ്‌കൂൾ ഫോർ റൈസിംഗ് ഇന്ത്യ എന്നതിന്റെ ചുരുക്കപ്പേരാണ് പി.എം. ശ്രീ. പേര് സൂചിപ്പിക്കും പോലെ ഈ പദ്ധതി നടപ്പാക്കിയ സ്കൂളുകളിൽ കേന്ദ്രസർക്കാരിന്റെ നയവും സിലബസും സ്വീകരിക്കേണ്ടി വരും.
സ്വാതന്ത്ര്യ സമര കാലഘട്ടത്തിലേതടക്കം ആർ.എസ്.എസ് അനുകൂല പരാമർശങ്ങളുള്ള ദേശീയ സിലബസ് ഇത്രയും കാലം കേരളത്തിൽ നടപ്പാക്കാതെ പകരം ബദൽ സിലബസാണ് സ്കൂളുകളിൽ പഠിപ്പിച്ചിരുന്നത്.
എന്നാൽ പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കുന്ന സ്കൂളുകളിൽ കേന്ദ്ര വിദ്യാഭ്യാസ നയവും കേന്ദ്രസിലബസും നടപ്പാക്കിയേ പറ്റൂ. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പുരോഗതിയും പി.എം-ശ്രീ സ്‌കൂൾ എന്ന ബോർഡും പ്രധാനമന്ത്രിയുടെ ചിത്രവും സ്കൂളുകളിൽ പ്രദർശിപ്പിക്കണം.
രാജ്യത്ത് നിലവിൽ 13,070 സ്കൂളുകളുകൾ പിഎം ശ്രീയുടെ ഭാഗമായികഴിഞ്ഞു. കേരളം, തമിഴ്‌നാട്, ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ ഒഴികെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും പദ്ധതിയിൽ ഒപ്പുവെച്ചു.
അഞ്ചുവർഷത്തേക്ക് 27,360 കോടി രൂപ ചെലവ് വരുന്ന പദ്ധതിയില് 18,128 കോടി കേന്ദ്രവിഹിതവും 9,232 കോടി സംസ്ഥാനങ്ങളുടെ വിഹിതവുമാണ്.
നിലവിൽ കേരളത്തിലെയും കേന്ദ്രീയ വിദ്യാലയങ്ങൾ, നവോദയ വിദ്യാലയങ്ങളടക്കം രാജ്യത്തെ 12,079 സ്കൂളുകളിൽ പദ്ധതിയുണ്ട്.
കേടുപാടുകളിലാത്ത സ്കൂൾ കെട്ടിടം, തകരാറില്ലാത്ത പ്രവേശന റാമ്പുകൾ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും കുറഞ്ഞത് ഒരു ടോയ്ലെറ്റ് വീതം തുടങ്ങിയ സൗകര്യങ്ങളുള്ള സ്കൂളുകൾക്ക് ഓൺലൈനായി അപേക്ഷിക്കാം.
കേരളത്തിൽ 336 സ്കൂളുകൾക്ക് സഹായം ലഭിക്കും. പദ്ധതിയിൽ കേരളം ഒപ്പുവെക്കാതെ കേന്ദ്രവിഹിതമായി സംസ്ഥാനത്തിന് കിട്ടേണ്ട 1500.27 കോടി നൽകില്ലെന്ന് ഈ മെയ് മാസം കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ വ്യക്തമാക്കിയിരുന്നു. രാവിലെ ഒപ്പ് വെച്ചാൽ വൈകീട്ട് ഫണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
പി.എം. ശ്രീയിൽ ഒപ്പുവച്ചതോടെ സ്‌കൂളിനു മുന്നില്‍ ‘പിഎം ശ്രീ സ്‌കൂള്‍’ എന്ന ബോർഡ് സ്ഥാപിക്കണം. എൻസിഇആർടി സിലബസ് നടപ്പിലാക്കേണ്ടിവരും. പിഎം ശ്രീയിൽ അക്കാദമിക നിരീക്ഷണത്തിന് വിദ്യാസമീക്ഷാകേന്ദ്രം ഉണ്ടാവും.
ഭാവിയിൽ സ്കൂൾ നടത്തിപ്പിന് സ്വകാര്യ പങ്കാളിത്തം വരും. ആർഎസ്എസ് സങ്കൽപത്തിലുള്ള ദേശീയതാ സങ്കൽപങ്ങൾ അടിച്ചേൽപ്പിക്കും, കേന്ദ്രനയം നടപ്പാക്കും, പാഠപദ്ധതിയിലൂടെ ഹിന്ദുത്വ ആശയങ്ങൾ പ്രചരിപ്പിക്കും, സംസ്ഥാനങ്ങളുടെ അധികാരവും നയരൂപീകരണവും നഷ്ടമാവും, പിഎം സ്കൂളുകളിൽ സംസ്ഥാനത്തിന്റെ നിയന്ത്രണം പേരിലൊതുങ്ങും എന്നൊക്കെയാണ് ആരോപണങ്ങൾ.
5+3+3+4 വിദ്യാഭ്യാസ ഘടന പിഎംശ്രീ സ്കൂളിൽ വേണം. ആദ്യഘട്ടം പ്രീസ്ക്യൂൾ മുതൽ എൽകെജി, യുകെജി രണ്ടുവരെ,- രണ്ടാംഘട്ടം മൂന്ന്, നാല്, അഞ്ച് ക്ലാസുകൾ,- ആറ്, ഏഴ്, എട്ട് മൂന്നാംഘട്ടം, ഒൻപതു മുതൽ 12 വരെ നാലാംഘട്ടം എന്ന ഈ ഘടന കേരളം അംഗീകരിച്ചിട്ടില്ല.
കേന്ദ്ര സഹായം കുട്ടികൾക്ക് നിഷേധിക്കേണ്ടതില്ലെന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണ് പി.എം ശ്രീ പദ്ധതിയിൽ കേരളം ഒപ്പിട്ടതെന്നാണ് സർക്കാർ പറയുന്നത്.
കേന്ദ്ര സർക്കാർ ഫണ്ട് എല്ലാവർക്കും അവകാശപ്പെട്ടതാണ്. വെറുതെ 1466 കോടി രൂപ കളയേണ്ട കാര്യമില്ല. കേരളത്തിന്റെ വിദ്യാഭ്യാസ നയത്തിൽ മാറ്റമില്ല. പി.എം. ശ്രീയിൽ ചേർന്നാൽ ദേശീയ വിദ്യാഭ്യാസ നയം അതേപടി സംസ്ഥാനത്ത് നടപ്പാക്കേണ്ടി വരുമെന്നായിരുന്നു മന്ത്രിസഭാ യോഗത്തിൽ റവന്യൂ മന്ത്രി കെ.രാജൻ ചൂണ്ടിക്കാട്ടിയത്.
മന്ത്രിസഭാ യോഗത്തിലോ ഇടതു മുന്നണിയിലോ ചർച്ച ചെയ്യാതെ വിദ്യാഭ്യാസമന്ത്രി ഏകപക്ഷീയമായി അഭിപ്രായങ്ങൾ പറയുന്നത് ശരിയല്ലെന്നും സിപിഐ മന്ത്രിമാർ വ്യക്തമാക്കിയിരുന്നു. ഇത് അവഗണിച്ചാണ് ഇന്നലെ രഹസ്യമായി പദ്ധതിയിൽ ഒപ്പിട്ടത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us