/sathyam/media/media_files/2025/10/24/unnikrishnan-potty-high-court-2025-10-24-16-16-07.jpg)
തിരുവനന്തപുരം: ശബരിമല ശ്രീകോവിലിലെ രണ്ടുകിലോ സ്വർണം കൊള്ളയടിച്ച പശ്ചാത്തലത്തിൽ മേൽശാന്തിമാരുടെ സഹായികളെയും നിരീക്ഷിക്കാൻ ഹൈക്കോടതി. യാതൊരു നിയന്ത്രണവുമില്ലാതെ ശാന്തിക്കാരുടെ സഹായികൾ സന്നിധാനത്തുണ്ട്.
വി.വി.ഐ.പികൾക്ക് പ്രത്യേക ദർശനമൊരുക്കുന്നതിലും മേൽശാന്തിമാരുടെ തീരുമാനങ്ങളെ സ്വാധീനിക്കുന്നതിലുമടക്കം ഇവർക്ക് നിർണായക റോളുണ്ട്. ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ സഹായികളായെത്തുന്നവരുടെ സമ്പൂർണ വിവരങ്ങളും തിരഞ്ഞെടുക്കുന്ന മാനദണ്ഡവും അറിയിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണ്.
സഹായികൾ എത്രപേർ? ആരെല്ലാം? ഇവരെ വർഷങ്ങളായി തുടരുന്നവരുണ്ടോ? പൊലീസ് വെരിഫിക്കേഷനടക്കം നടത്തുന്നുണ്ടോ? തുടങ്ങിയ വിവരങ്ങൾ സമർപ്പിക്കാനാണ് തിരുവിതാംകൂർ ദേവസ്വംബോർഡിനോട് നിർദ്ദേശിച്ചിരിക്കുന്നത്. ബോർഡിന് നിലവിൽ ഇതേക്കുറിച്ച് വ്യക്തമായ ധാരണയില്ലെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
സ്വർണക്കൊള്ളയിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി പരികർമ്മിയായി വന്ന് തട്ടിപ്പുകാരനായി വിലസുകയായിരുന്നു. പോറ്റി 2004മുതൽ 2008വരെ ശബരിമലയിലെ കീഴ്‌ശാന്തിയുടെ പരികർമ്മിയായിരുന്നു.
ശബരിമലയെക്കുറിച്ച് കൃത്യമായ അറിവുണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ശ്രീകോവിൽ മേൽക്കൂരയിലും ചുറ്റിലും 1998ൽ സ്വർണം പതിച്ചതായും അറിയാമായിരുന്നു. 2019 ജൂൺ17ന് പാളികൾ പുതുക്കി നൽകാമെന്ന് പോറ്റി ബോർഡിന് അപേക്ഷ നൽകി. പാളികൾ കർണാടക, തമിഴ്നാട്, ആന്ധ്ര സംസ്ഥാനങ്ങളിലെത്തിച്ചു.
/filters:format(webp)/sathyam/media/media_files/2025/10/18/shabarimala-gold-2025-10-18-17-47-13.jpg)
അന്യസംസ്ഥാനങ്ങളിലടക്കം എത്തിച്ച് പൂജനടത്തിയും പണമുണ്ടാക്കി.സ്മാർട്ട് ക്രിയേഷൻസിൽ തകിടുകളിൽ നിന്ന് സ്വർണം വേർതിരിച്ചെടുത്ത് കൈവശപ്പെടുത്തി. കാണാതായ താങ്ങുപീഠം പോറ്റിയുടെ ബന്ധുവീട്ടിൽ നിന്ന് കണ്ടെടുത്തതായും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിട്ടുണ്ട്.
ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനവുമായി ബന്ധപ്പെട്ട് സ്പെഷൽ കമ്മിഷണറുടെ റിപ്പോർട്ട് പ്രകാരം സ്വമേധയാ എടുത്ത ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. മേൽശാന്തി നിയമന നടപടികൾ സുതാര്യതയോടെ പൂർത്തിയാക്കിയതായി ദേവസ്വം അഭിഭാഷകൻ അറിയിച്ചപ്പോഴാണ് കോടതി സഹായികളെക്കുറിച്ചുള്ള ചോദ്യമുന്നയിച്ചത്.
20 സഹായികളെങ്കിലും ഉണ്ടാകുമെന്നും അതത് വർഷങ്ങളിലെ മേൽശാന്തിമാരാണ് ഇവരെ കണ്ടെത്തുന്നതെന്നും ബോർഡ് വിശദീകരിച്ചു. മേൽശാന്തിമാർക്ക് ഓണറേറിയം മാത്രമാണ് ബോർഡ് നൽകുന്നത്. സഹായികൾക്ക് പ്രതിഫലമില്ലെന്നും അറിയിച്ചു.
തുടർന്നാണ് ശാന്തിക്കാരുടെ സഹായികളായി വർഷങ്ങളായി തുടരുന്നവർ ശബരിമലയിലുണ്ടോ എന്ന് കോടതി ചോദിച്ചത്. ഇക്കാര്യം പരിശോധിച്ച് അറിയിക്കാമെന്ന് ബോർഡ് അറിയിച്ചു. തുടർന്ന് സമ്പൂർണ വിവരങ്ങൾ ഹാജരാക്കാൻ കോടതി ഇടക്കാല ഉത്തരവ് നൽകുകയായിരുന്നു.
മേൽശാന്തിമാരുടെ സഹായിമാരെ കണ്ടെത്തുന്ന മാനദണ്ഡം കോടതിക്കും അറിയേണ്ടതുണ്ടെന്ന് ദേവസ്വം ബഞ്ച് പറഞ്ഞു. ഇവർക്ക് ബോർഡിനോട് ഉത്തരവാദിത്വമുണ്ടോ ? അല്ലാത്തപക്ഷം ബോർഡ് കുഴപ്പത്തിലാകില്ലേയെന്നും വാക്കാൽ ചോദിച്ചു.
ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി നേരത്തേ കീഴ് ശാന്തിയുടെ സഹായിയായി പ്രവർത്തിച്ചിരുന്നുവെന്ന വിവരം പുറത്തുവരുന്ന സാഹചര്യത്തിൽ കോടതിയുടെ നീക്കം നിർണായകമാണ്.
/filters:format(webp)/sathyam/media/media_files/2025/10/03/gold-plste-2025-10-03-15-55-26.jpg)
ദ്വാരപാലക ശിൽപ്പങ്ങളിലും ഇവയിലെ തെക്കും വടക്കും ഭാഗങ്ങളിലെ പില്ലറുകളിലും പൊതിഞ്ഞിട്ടുള്ള രണ്ടുകിലോ സ്വർണമാണ് പോറ്റിയുടെ നേതൃത്വത്തിൽ തട്ടിയെടുത്തത്. പാളികൾ അന്യസംസ്ഥാനങ്ങളിലെ സമ്പന്നർക്ക് മുറിച്ചുവിറ്റതായും സംശയമുണ്ട്.
ദേവസ്വം സ്വത്തുക്കൾ സംരക്ഷിക്കാൻ ബാദ്ധ്യതയുള്ള ഉദ്യോഗസ്ഥരുടെയടക്കം ഒത്താശയോടെ പോറ്റി ചതിയും വിശ്വാസവഞ്ചനയും കാട്ടി സ്വർണം തട്ടിയെടുത്തെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ.
സ്വർണപ്പാളികളിലുണ്ടായിരുന്ന സ്വർണം ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ വേർതിരിച്ച് അത് കൈക്കലാക്കിയ ശേഷം, ഇത് മറച്ചുവയ്ക്കാൻ 394.9 ഗ്രാം സ്വർണം പൂശി.
ഇതിനായി വിവിധ സ്പോൺസർമാരിൽ നിന്ന് വൻതോതിൽ സ്വർണം വാങ്ങി. ഇതും മുഴുവനായി ഉപയോഗിക്കാതെ കൈവശപ്പെടുത്തി. തട്ടിച്ചെടുത്ത സ്വർണവും ആരിൽ നിന്നൊക്കെ സംഭാവനകൾ വാങ്ങിയെന്നും കണ്ടെത്തേണ്ടതുണ്ട്.
ശ്രീകോവിലിൽ നിന്നുതന്നെ ക്ഷേത്രമുതൽ ദുരുപയോഗം ചെയ്ത് ലക്ഷക്കണക്കിന് ഭക്തരുടെ വിശ്വാസത്തെ വ്രണപ്പെടുത്തിയെന്നാണ് ക്രൈംബ്രാഞ്ച് കോടിതയിൽ നൽകിയ റിപ്പോർട്ടിലുള്ളത്.
പാളികൾ 2019 ജൂലായ് 19, 20 തീയതികളിൽ പാളികൾ ബംഗളുരുവിലും ഹൈദരാബാദിലുമെത്തിച്ച് വഞ്ചനാപരമായി ഉപയോഗിച്ച ശേഷം 2019 ആഗസ്റ്റ് 29നാണ് ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ചത്. 394.9 ഗ്രാം സ്വർണം മാത്രം പൂശിയശേഷം ബാക്കി സ്വർണം പോറ്റി കൈക്കലാക്കി.
42.8 കിലോഗ്രാം ഭാരമുള്ള തകിടുകൾ സ്വർണം പൂശിയെത്തിച്ചപ്പോൾ 32.26 കിലോയായി കുറഞ്ഞു. ബംഗളുരുവിലും ചെന്നൈയിലും കേരളത്തിലും വിവിധ വീടുകളിലും ക്ഷേത്രങ്ങളിലുമെത്തിച്ച് പൂജനടത്തിയും ലാഭമുണ്ടാക്കി. പോറ്റിയെ ചെന്നൈ, ബംഗളുരു, ഹൈദരാബാദ് എന്നിവിടങ്ങളിലെത്തിച്ച് തെളിവെടുക്കാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us