മന്ത്രിസഭാ ബഹിഷ്കരണം കൊണ്ട് ഫലമില്ലെങ്കിൽ 4 സിപിഐ മന്ത്രിമാർ രാജിക്ക്. ബുധനാഴ്ച വരെ കാത്തശേഷം ഫലമില്ലെങ്കിൽ കടുത്ത തീരുമാനം. പി.എം ശ്രീയെ എതിർക്കുന്ന സിപിഐയ്ക്ക് തിരിച്ചടിയായി കാർഷിക യൂണിവേഴ്സിറ്റിയിലെ കേന്ദ്രനയ സ്വീകരണം. കേന്ദ്രനയങ്ങൾ അതേപടി സ്വീകരിച്ച് നടപ്പാക്കിയത് ചർച്ചയാവുന്നു. പ്രൊഫസറല്ലാത്ത ഐഎഎസുകാരനെ വി.സിയാക്കിയതും വിവാദത്തിൽ

സംസ്ഥാനത്തെ മറ്റു സർവകലാശാലകളിൽ നിന്ന് വിഭിന്നമായി താത്കാലിക വൈസ് ചാൻസലറുടെ ഒഴിവ് വരുന്ന സമയത്ത് പ്രോ-ചാൻസലർ കൂടിയായിട്ടുള്ള കൃഷി വകുപ്പ് മന്ത്രിയുടെ അഭിപ്രായം കൂടി പരിഗണിച്ചുകൊണ്ടു മാത്രമേ താത്കാലിക വൈസ് ചാൻസലറെ കാർഷിക സർവകലാശാലയിൽ നിയമിക്കാൻ സാധിക്കൂ.

New Update
pinarai vijayan binoy viswam
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ വിവാദ വിദ്യാഭ്യാസ പരിഷ്ക്കരണപദ്ധതിയായ പി.എം ശ്രീയിൽ സി.പി.എമ്മുമായി ഉടക്കി നിൽക്കുന്ന സി.പി.ഐയെ തിരിച്ചടിച്ച് സ്വന്തം യൂണിവേഴ്സിറ്റിയിലെ കേന്ദ്രനയ സ്വീകരണം.  

Advertisment

സിപിഐയുടെ നിയന്ത്രണത്തിലുള്ള കൃഷി വകുപ്പിനു കീഴിലുള്ള കാർഷിക സർവകലാശാലയിൽ ദേശീയ വിദ്യാഭ്യാസ നയം അപ്പാടെ നടപ്പാക്കിയതാണ് ചർച്ചയാവുന്നത്.  


ഇടതുപക്ഷം ദേശീയ തലത്തിൽ ശക്തമായെതിർക്കുന്ന പ്രൊഫസർ ഓഫ് പ്രാക്ടീസ് എന്ന ആശയം സംസ്ഥാനത്ത് ആദ്യമായി നടപ്പിലാക്കിയത് കാർഷിക സർവകലാശാലയാണ്. ഇതടക്കം കേന്ദ്ര സർക്കാരിന്റെ പല പദ്ധതികളും യാതൊരു ചർച്ചകളും കൂടാതെ തന്നെ കൃഷി വകുപ്പിന്റെ കീഴിലുള്ള കാർഷിക സർവകലാശാലയിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്നുണ്ട്. കൃഷി മന്ത്രി പി.പ്രസാദാണ് യൂണിവേഴ്സിറ്റിയിലെ പ്രോ ചാൻസലർ.


സംസ്ഥാനത്തെ മറ്റു സർവകലാശാലകളിൽ നിന്ന് വിഭിന്നമായി താത്കാലിക വൈസ് ചാൻസലറുടെ ഒഴിവ് വരുന്ന സമയത്ത് പ്രോ-ചാൻസലർ കൂടിയായിട്ടുള്ള കൃഷി വകുപ്പ് മന്ത്രിയുടെ അഭിപ്രായം കൂടി പരിഗണിച്ചുകൊണ്ടു മാത്രമേ താത്കാലിക വൈസ് ചാൻസലറെ കാർഷിക സർവകലാശാലയിൽ നിയമിക്കാൻ സാധിക്കൂ.

p prasad.jpg

സിപിഐയുടെ നിയന്ത്രണത്തിലുള്ള വകുപ്പിനകത്ത് കാർഷിക സർവകലാശാലയിലെ നിരവധി അക്കാദമിക് വിദഗ്ധർ ഉണ്ടായിരിക്കുമ്പോഴും ഐ.എ.എസുകാരനായ ഡോ. ബി അശോകിനെ വൈസ് ചാൻസലറായി നിയമിച്ചതും ചർച്ചയാവുന്നുണ്ട്. യുജിസി വ്യവസ്ഥ പ്രകാരം 10 വർഷം പ്രൊഫസർ യോഗ്യത ഉള്ളവർക്ക് മാത്രമാണ് വൈസ് ചാൻസലറായിരിക്കുവാൻ അർഹതയുണ്ടായിരിക്കുക.  


സിവിൽ സർവീസ് ഉദ്യോഗസ്ഥനായിരിക്കുമ്പോൾ തന്നെയും ഇടതുപക്ഷത്തിനെതിരെയും ഇടതുപക്ഷ സംഘടനകൾക്കെതിരെയും പരസ്യമായ നിലപാട് ചാനലുകൾ വഴിയും പത്രങ്ങൾ വഴിയും ഉയർത്തിയിരുന്ന ഉദ്യോഗസ്ഥൻ കൂടിയാണ് ബി അശോക്. 


സംഘ പരിവാർ കേന്ദ്രങ്ങളുമായുള്ള അദ്ദേഹത്തിന്റെ ബന്ധവും പലപ്പോഴും ചർച്ചയായിട്ടുണ്ട്. ഇത്തരം പശ്ചാത്തലമുള്ള ഒരു വ്യക്തിയെ കാർഷിക സർവകലാശാലയിൽ മികച്ച അക്കാദമിക് വിദഗ്ദ്ധരും  അധ്യാപകരും ഉണ്ടായിരിക്കെത്തന്നെ വൈസ് ചാൻസലർ ആയി നിയമിച്ചതിനു പിന്നിൽ  സിപിഐ-സംഘ് പരിവാർ തമ്മിലുള്ള ബന്ധമാണെന്നുള്ള ആക്ഷേപവും ഇതിനോടകം ഉയർന്നിട്ടുണ്ട്. 

b.ashok-15-9-25

കാർഷിക സർവകലാശാലക്കകത്തെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ ജനാധിപത്യ സംവിധാനങ്ങളെല്ലാം അട്ടിമറിച്ചുകൊണ്ട് ഏകപക്ഷീയമായി ഭരണം നടത്തുന്ന വൈസ് ചാൻസലർക്ക് പരിപൂർണ പിന്തുണയാണ് കൃഷി വകുപ്പ് നൽകുന്നതെന്നും മന്ത്രിയുടെയും വകുപ്പിന്റെയും പിന്തുണയിലാണ് ഇത്തരം ഏകാധിപത്യപരമായ പ്രവണതകൾ വൈസ് ചാൻസലർ പിന്തുടരുന്നതെന്നും ആക്ഷേപമുണ്ട്.


അതേസമയം, മന്ത്രിസഭാ യോഗത്തിൽ ബഹിഷ്കരണമടക്കം ശക്തമായ നിലപാടിലാണ് സി.പി.ഐ. മുഖ്യമന്ത്രിയും ബിനോയി വിശ്വവും തമ്മിലുള്ള ചർച്ച പരാജയപ്പെട്ടു. പി.എം ശ്രീ പദ്ധതി വിവാദത്തിൽ സി.പി.എമ്മിന്റെ ധാർഷ്ട്യത്തിന് നിരുപാധികം കീഴടങ്ങേണ്ടതില്ലെന്ന നിലപാടാണ് സി.പി.ഐയ്ക്കുള്ളത്. 


പദ്ധതിയിൽ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എൽ.ഡി.എഫ് കൺവീനർക്ക് നൽകിയ കത്തിന് ഔദ്യോഗികമായി മറുപടി കൊടുത്തിട്ടില്ല. എന്നാൽ മന്ത്രിസഭാ ബഹിഷ്കരണത്തിനു ശേഷം രണ്ട് കൂട്ടർക്കും ക്ഷീണമുണ്ടാവാത്ത വിധമുള്ള ഒരു ഒത്തുതീർപ്പ് വ്യവസ്ഥ രൂപപ്പെടാൻ സാദ്ധ്യതയുണ്ടെന്നും സൂചനയുണ്ട്. 

binoy viswam

മന്ത്രിസഭാ ബഹിഷ്കരണ തീരുമാനം കൊണ്ട് ഫലമില്ലെങ്കിൽ സി.പി.ഐയുടെ നാല് മന്ത്രിമാർ രാജിവയ്ക്കുമെന്നാണ് നിലവിലെ തീരുമാനം. ബുധനാഴ്ച മന്ത്രിസഭാ യോഗത്തിന് ഒരു മണിക്കൂർ മുൻപ് സിപിഐ ഉന്നതതല യോഗം ചേരും. ഇതിൽ തീരുമാനമായില്ലെങ്കിൽ കൂടുതൽ കടുത്ത തീരുമാനങ്ങളുണ്ടാവും.


മുൻകാലങ്ങളിൽ ചില വിഷയങ്ങളിൽ ഇടയുകയും പിന്നീട് സി.പി.എമ്മിന് വഴിപ്പെടുകയും ചെയ്ത പേരുദോഷം സി.പി.ഐയ്ക്ക് മാറ്റിയേ തീരൂ. പ്രത്യേകിച്ച്, കഴിഞ്ഞ സംസ്ഥാന കൗൺസിൽ യോഗത്തിൽ പി.എം ശ്രീ വിഷയത്തിൽ രൂക്ഷമായ വിമർശനമാണ് ഉയർന്നത്. 


ആ വികാരം ഉൾക്കൊള്ളാത്ത ഒരു നിലപാട് സ്വീകരിച്ചാൽ സംസ്ഥാന സെക്രട്ടറിയാവും ക്രൂശിക്കപ്പെടുക. പദ്ധതിയിൽ ഒപ്പു വച്ചെങ്കിലും നിബന്ധനകളുമായി മുന്നോട്ടു പോകില്ലെന്ന നിലപാടാണ് മന്ത്രി വി.ശിവൻകുട്ടി ആവർത്തിക്കുന്നത്. 

പദ്ധതിയിൽ നിന്ന് പിന്നോട്ടു പോകില്ലെന്ന് അർത്ഥശങ്കയ്ക്കിടയില്ലാതെ സി.പി.എം പറയുമ്പോൾ, പിന്മാറണമെന്ന ആവശ്യത്തിൽ നിന്ന് മാറണമെന്ന നിലപാട് സി.പി.ഐയ്ക്കും വിഴുങ്ങാനാവില്ല. 

ഒരു മേൽനോട്ട സമിതിയെ നിയോഗിച്ച് പദ്ധതി വ്യവസ്ഥകളുടെ ഉള്ളടക്ക പരിശോധന നടത്തി എൽ.ഡി.എഫിൽ ചർച്ച ചെയ്യാമെന്ന അഭിപ്രായം ഉയർന്നതായും അറിയുന്നു.

Advertisment