സംസ്കൃതം അറിയാത്ത എസ്എഫ്ഐ നേതാവിന് സംസ്കൃതത്തിൽ പിഎച്ച്ഡി നൽകാൻ ശുപാർശ. ഓപ്പൺ ഡിഫൻസിൽ ചോദ്യങ്ങൾക്കൊന്നും മറുപടിയില്ലാതിരുന്നിട്ടും നേതാവിന് പിഎച്ച്ഡി സമ്മാനിക്കാൻ അദ്ധ്യാപകർക്ക് വെമ്പൽ. പിഎച്ച്ഡി നൽകുന്നതിനെ എതിർത്ത് ഡീൻ. വാഴക്കുല പ്രബന്ധത്തിന് പുറമെ വീണ്ടുമൊരു നേതാവിന്റെ ഗവേഷണ പ്രബന്ധം കുരുക്കിൽ. കേരളം ഇന്ത്യയുടെ ഉന്നതവിദ്യാഭ്യാസ ഹബെന്ന തള്ള് ഇനിയെങ്കിലും നിർത്തുമോ ?

സംസ്കൃത ഭാഷ അറിയാത്ത എസ്എഫ്ഐ നേതാവിന് സംസ്കൃതത്തിൽ പിഎച്ച്ഡി നൽകാനുള്ള ശുപാർശ തടയണമെന്ന് ആവശ്യപ്പെട്ട് കേരള സർവ്വകലാശാല ഓറിന്റൽ ഭാഷ ഡീൻ വിസിക്ക് കത്ത് നൽകി.  

New Update
kerala university
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ് ആക്കി കേരളത്തെ മാറ്റുമെന്ന സർക്കാരിന്റെ തള്ള് വെറും പൊള്ളയാണെന്ന് വ്യക്തമാവുന്നു. 

Advertisment

കേരള സർവകലാശാലയിൽ സംസ്കൃതം അറിയില്ലെങ്കിലും എസ്.എഫ്.ഐ നേതാവിന് സംസ്കൃതത്തിൽ ഡോക്ടറേറ്റ് നൽകാനുള്ള വഴിവിട്ട നീക്കമാണ് പുറത്തുവന്നത്. 


സംസ്കൃതഭാഷയിൽ യാതൊരു പ്രവീണ്യവുമില്ലെങ്കിലും എസ്എഫ്ഐ നേതാവിന് സംസ്കൃതത്തിൽ പി എച്ച് ഡി നൽകാനായിരുന്നു ശുപാർശ. കേരള സർവ്വകലാശാലയുടെ നവംബർ ഒന്നിന് ചേരുന്ന സിണ്ടിക്കേറ്റ് യോഗത്തിന്റെ പരിഗണയ്ക്ക് സമർപ്പിക്കാൻ മൂല്യനിർണ്ണയ ബോർഡിന്റെ ചെയർമാനാണ് ശുപാർശ ചെയ്തത്. ഇതിനെതിരേ വകുപ്പ് മേധാവി രംഗത്തെത്തിയതോടെയാണ് അട്ടിമറി പുറത്തറിഞ്ഞത്.


സംസ്കൃത ഭാഷ അറിയാത്ത എസ്എഫ്ഐ നേതാവിന് സംസ്കൃതത്തിൽ പിഎച്ച്ഡി നൽകാനുള്ള ശുപാർശ തടയണമെന്ന് ആവശ്യപ്പെട്ട് കേരള സർവ്വകലാശാല ഓറിന്റൽ ഭാഷ ഡീൻ വിസിക്ക് കത്ത് നൽകി.  

ഡോക്ടറേറ്റ് ബിരുദം നൽകുന്നതിന് മുന്നോടിയായി ഈ മാസം അഞ്ചിന് നടന്ന സംവാദസഭയിലാണ് (ഓപ്പൺ ഡിഫൻസ്) ഡോക്ടറേറ്റ് ബിരുദം നൽകുവാൻ പ്രബന്ധം മൂല്യനിർണയം നടത്തിയവർ ശുപാർശ ചെയ്തത്. 


യൂണിവേഴ്സിറ്റി ക്യാമ്പസിലെ എസ്.എഫ്.ഐ നേതാവായ വിപിൻ വിജയൻ എന്ന ഗവേഷക വിദ്യാർഥിക്ക് സംസ്കൃത ഭാഷ സംസാരിക്കാൻ പോലും അറിയില്ലെന്ന് സംവാദസഭയിൽ പങ്കെടുത്തവർക്ക് ബോധ്യപ്പെട്ടതായി ഓപ്പൺ ഡിഫൻസിൽ പങ്കെടുത്ത വകുപ്പ് മേധാവി കൂടിയായ ഡീൻ വിസി ക്ക് നൽകിയ കത്തിൽ പരാമർശിച്ചിട്ടുണ്ട്.  


ചട്ടമ്പിസ്വാമികളെ കുറിച്ച് 'സദ്ഗുരു സർവസ്വം - ഒരു പഠനം'  എന്ന വിഷയത്തെ ആസ്പദമാക്കി ഇംഗ്ലീഷ് ഭാഷയിലാണ് പ്രബന്ധം തയ്യാറാക്കിയിട്ടുള്ളത്.

ഓപ്പൺ ഡിഫൻസിൽ നേരിട്ടും ഓൺലൈനായും പങ്കെടുത്ത് ചോദ്യങ്ങൾ ചോദിച്ചവർക്ക് ഇംഗ്ലീഷിലോ സംസ്കൃതത്തിലോ മറുപടി പറയാനുള്ള  ഭാഷാ പരിജ്ഞാനം ഗവേഷക വിദ്യാർത്ഥിക്കില്ലെന്നും പ്രബന്ധത്തിൽ ഏറ്റവും സുപ്രധാനമായ റിസർച്ച് മെത്തഡോളജിയിലും (ഗവേഷണ രീതിശാസ്ത്രം) കണ്ടെത്തലുകളിലും ഉള്ള പിഴവുകൾ തിരുത്താതെ പി എച്ച്ഡി ബിരുദം നൽകരുതെന്നും ഡീൻ വിസിക്ക് നൽകിയ കത്തിൽ പറയുന്നു.

cn vijayakumari

2025 ലെ എൻ ഐആർഎഫ് റാങ്കിങ്ങിൽ രാജ്യത്ത് മികച്ച സ്ഥാനം കരസ്ഥമാക്കിയ കേരള സർവകലാശാല നിലവാരമില്ലാത്ത പ്രബന്ധങ്ങൾക്ക് പി എച്ച് ഡി നൽകുന്നത് അപമാനകരമാണെന്നും വകുപ്പ് മേധാവി കൂടിയായ ഡീൻ ഡോ. സി.എൻ. വിജയകുമാരി വ്യക്തമാക്കിയിട്ടുണ്ട്. 


കേരള സർവകലാശാല ഈയടുത്ത കാലത്ത്  നൽകിയ ചില പിഎച്ച്ഡി പ്രബന്ധങ്ങളെക്കുറിച്ച്  ബിരുദം നൽകിയ ശേഷമാണ് ആക്ഷേപങ്ങൾ വന്നിട്ടുള്ളതെങ്കിലും മൂല്യനിർണയം കഴിഞ്ഞു വരുന്ന പ്രബന്ധത്തിന് പിഎച്ച്ഡി നൽകുന്നത് തടയണമെന്നും വെബ്സൈറ്റിൽ അപ്‍ലോഡ് ചെയ്യുന്ന പ്രബന്ധത്തിലെ പിഴവുകൾ പൂർണ്ണമായും തിരുത്താതെ ബിരുദം നൽകരുതെന്നുമുള്ള ആവശ്യം ബന്ധപ്പെട്ട ഡീൻ തന്നെ ഉന്നയിക്കുന്നത് ആദ്യമായാണ്.


കേരള സർവ്വകലാശാലയിലെ ഗവേഷകന്റെ ഗൈഡും യൂണിവേഴ്സിറ്റിക്ക് പുറത്തുള്ള രണ്ട് പ്രൊഫസർമാരുമാണ്  പ്രബന്ധം മൂല്യനിർണ്ണയം നടത്തിയത്. വിദ്യാർഥി സംഘടനാ നേതാക്കൾ രാഷ്ട്രീയ സ്വാധീനത്തിന്റെ മറവിൽ ബിരുദങ്ങൾ നേടുന്നതായ ആക്ഷേപം വ്യാപകമായിരിക്കുന്ന സാഹചര്യത്തിൽ സർവ്വകലാശാലയുടെ പരമോന്നതമായ ബിരുദം അവാർഡ് ചെയ്യുന്നതിന് മുൻപ് ഡീൻ ചൂണ്ടിക്കാട്ടിയ പോരായ്മകൾ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് ആവശ്യമുയരുന്നത്.

Advertisment