/sathyam/media/media_files/2025/10/28/pinarai-vijayan-binoy-viswam-2-2025-10-28-18-34-32.jpg)
തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാൻ കേന്ദ്രവുമായി ഒപ്പിട്ട ധാരണാപത്രം മരവിപ്പിക്കാമെന്ന് സി.പി.എം സമ്മതിച്ചതോടെ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുൻപ് ഇടതു മുന്നണിയിലെ പൊട്ടിത്തെറി ഒഴിവായി.
എന്നാൽ പദ്ധതി നടപ്പാക്കാതെ മരവിപ്പിക്കാമെന്നും പഠിക്കാൻ സമിതിയെ നിയോഗിക്കാമെന്നുമുള്ള സി.പി.എം നിർദ്ദേശമാണ് ഇപ്പോൾ അനുനയം എന്ന് വ്യാഖ്യാനിക്കപ്പെടുന്നത്.
പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള തീരുമാനം വൈകിട്ടത്തെ മന്ത്രിസഭാ യോഗത്തിലുണ്ടാവണമെന്നും ഇത് ഉത്തരവാക്കി ഇറക്കി കേന്ദ്രത്തെ അറിയിക്കണമെന്നുമാണ് സി.പി.ഐയുടെ ആവശ്യം.
എന്നാൽ മന്ത്രിസഭാ ഉപസമിതിയുടെ പഠന റിപ്പോർട്ട് വരുന്നതു വരെ പദ്ധതി നടത്തിപ്പ് വൈകിപ്പിക്കാമെന്ന സമവായമാണ് ഇപ്പോൾ ഉരുത്തിരിഞ്ഞിരിക്കുന്നത്.
ഒപ്പിട്ട ധാരണാപത്രം റദ്ദാക്കാൻ കഴിയുമോയെന്ന് മന്ത്രിസഭായോഗത്തിൽ ചർച്ചയുണ്ടാവും. പിഎം ശ്രീയിൽ ഒപ്പിടാത്തതിനാൽ സർവശിക്ഷ കേരളയുടെ ഫണ്ട് തടഞ്ഞതുപോലെ, കരാർ പാലിക്കാതിരുന്നാൽ മറ്റു പദ്ധതികളിലെ പണം തടഞ്ഞുവയ്ക്കാൻ കേന്ദ്രത്തിനു കഴിയും.
മന്ത്രി വി.ശിവൻകുട്ടി പറയുന്നതു പോലെ കേന്ദ്ര ഫണ്ട് വാങ്ങി കേന്ദ്രനയം നടപ്പാക്കാതിരുന്നാൽ പണം തിരികെ ഈടാക്കാൻ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറയ്ക്കുന്നതടക്കം കേന്ദ്രത്തിന് വഴികളുണ്ട്.
കരാർ പ്രകാരം പിൻവാങ്ങാനുള്ള അധികാരം കേന്ദ്ര സർക്കാരിനു മാത്രമാണ്. അല്ലെങ്കിൽ കേന്ദ്രവും സംസ്ഥാനവും പിൻവാങ്ങാൻ ഒരുമിച്ചു തീരുമാനമെടുക്കണം.
പദ്ധതിയുടെ ധാരണാ പത്രം റദ്ദാക്കി ഉത്തരവിറക്കി കേന്ദ്രത്തെ അറിയിക്കണമെന്ന സി.പി.ഐയുടെ കർശന നിലപാടിലാണ് സി.പി.എം സമവായത്തിന് സമ്മതിച്ചത്.
രാവിലെ 10 ന് നടക്കേണ്ട മന്ത്രിസഭായോഗം ഉച്ചകഴിഞ്ഞ് മൂന്നരയിലേക്ക് മാറ്റിയതു തന്നെ സി.പി.ഐയെ അനുനയിപ്പിക്കാനാണ്. തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നവംബർ അഞ്ചിന് വരാനിരിക്കെ, പ്രശ്നം ഒത്തുതീർന്നില്ലെങ്കിൽ ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളും അവതാളത്തിലാവും. അതിനാലാണ് സി.പി.ഐയുടെ സമ്മർദ്ദത്തിന് സി.പി.എം വഴങ്ങിയത്.
തലസ്ഥാനത്തുണ്ടായിരുന്ന സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി , സി.പി.ഐ സെക്രട്ടറി ബിനോയ് വിശ്വവുമായി ഫോണിൽ ബന്ധപ്പെട്ടാണ് ഇന്നലെ മേൽനോട്ട സമതിയുടെ വ്യവസ്ഥ അറിയിച്ചത്.
രണ്ട് പ്രധാന തിരഞ്ഞെടുപ്പ് വരാനിരിക്കുകയും ഇടത്പക്ഷത്തിന് അനുകൂല കാലാവസ്ഥയുമുള്ളപ്പോൾ, മുന്നണിയെ പ്രതിസന്ധിയിലാക്കുന്ന തർക്കം നീട്ടേണ്ടെന്ന സി.പി.എം കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം കൂടിയാണ് നടപ്പാവുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us